ജയിംസ് ബ്രൈറ്റ്
മഞ്ചൌസന്‍ സിണ്ട്രോം എന്ന അസുഖത്തെപ്പറ്റി നിങ്ങള്‍ക്കറിയുമോ? നമുക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഉണ്ടെന്ന് ഭാവിച്ച് അതിനു വേണ്ടി അനാവശ്യമായി ടെസ്റ്റുകള്‍ നടത്തുകയും ചികിത്സകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. ഇതുള്ളവര്‍ ചിലപ്പോള്‍ അനാവശ്യമായി ഓപ്പറേഷന് വിധേയരായി എന്ന് പോലും വരാം. ഈ അപൂര്‍വ മാനസിക രോഗത്തിന്റെ ഓണ്‍ലൈന്‍ രൂപം ഉണ്ടെന്ന് മാനസിക ചികിത്സകര്‍ ഈയിടെ കണ്ടുപിടിച്ചു. അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ചില ആളുകള്‍ മാരകങ്ങളായ ക്യാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ബ്ലോഗു ചെയ്യുവാന്‍ തുടങ്ങിയതായി കണ്ടെത്തി. ഇത്തരത്തിലുള്ള പല ബ്ലോഗുകളും കണ്ടെത്തുകയുണ്ടായി.
വാലറി എന്ന ബ്ലോഗര്‍ തനിക്കു വന്ന സ്തനാര്‍ബുദത്തെപ്പറ്റി ആയിരുന്നു എഴുതിയിരുന്നത്. നല്ലവരായ ഓണ്‍ലൈന്‍ സുഹൃത്തുക്കളില്‍ നിന്നും മാനസികമായി ഉള്ള സംരക്ഷണം ആയിരുന്നു തനിക്ക് വേണ്ടിയിരുന്നത് എന്ന് അവര്‍ അവകാശപ്പെട്ടു. ഏതാണ്ട് ഒരു വര്‍ഷത്തോളം ചികിത്സയുടെ വിശദാംശങ്ങളും മറ്റും പ്രതിപാദിക്കുന്ന വിശദങ്ങളായ പോസ്റ്റുകള്‍ ഇവര്‍ എഴുതുകയുണ്ടായി. അവരുടെ മുറിച്ചു മാറ്റപ്പെട്ട സ്തനങ്ങളുടെ അന്ത്യകൂദാശ വരെ ഇവര്‍ നടത്തി.
ബെത്ത് എന്ന മറ്റൊരു യുവതി തനിക്ക് ലിംഫോമ എന്ന ക്യാന്‍സര്‍ ഉണ്ടെന്നു പറഞ്ഞാണ് ബ്ലോഗു ചെയ്യാന്‍ തുടങ്ങിയത്. അവരുടെ അമ്മാവന്‍ തന്നെ ഈ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കുമ്പോള്‍ തന്നെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണി ആക്കി എന്നും ഇവര്‍ അവകാശപ്പെട്ടു. അനേകം വായനക്കാരെ വിഷമത്തില്‍ ആഴ്തുവാന്‍ ഇതില്‍ കൂടുതല്‍ ആയി എന്തെങ്കിലും ആവശ്യമുണ്ടോ?
ഇത്തരത്തിലുള്ള മറ്റനേകം ബ്ലോഗുകളും ഒരു ഇന്റെനെറ്റ് സെര്‍ച്ച് നടത്തിയാല്‍ നിങ്ങള്ക്ക് ലഭിക്കുന്നതാണ്.
ഈ അസുഖത്തെ ഇന്റര്‍നെറ്റ് മഞ്ചൌസന്‍സ് എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ള യുവതികളില്‍ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇവര്‍ക്ക് സ്വഭാവ വൈകല്യം ഉണ്ടാവും. മെഡിക്കല്‍ പ്രൊഫഷനില്‍ ജോലി ചെയ്യുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നുണ്ട്.