Followers

Wednesday, February 1, 2012

പെരുവഴിയിൽ രണ്ടുകാലുകൾസാജു പുല്ലൻ

കൂരക്ക്‌ മുമ്പിലൂടെ
വളഞ്ഞ്‌ പുളഞ്ഞ്‌
മാളിക കയറുന്ന ഇടവഴി
ഇടവഴി
പെരുവഴിയാക്കുന്നതിന്റെ
ഉദ്ഘാടനത്തിനു വന്നു
പിക്കാസ്‌ തൂമ്പ
വാച്ചാത്ത്‌ കമ്പിപ്പാര
തുടങ്ങിയവകൾ

കാര്യക്കാരായി നിന്നു

വെള്ളമുണ്ടുകൾ
ഷർട്ടുകൾ
മടക്കിക്കുത്തിയ കള്ളിമുണ്ടുകളും

വിരുന്നു വന്ന കരങ്ങളിൽ

വിലയുള്ള സമ്മാനങ്ങൾ

സമ്മാനങ്ങൾ

വില കുറഞ്ഞതാവാനോക്കില്ലല്ലോ...
ഉദ്ഘാടനത്തിനു ക്ഷണിച്ചതു
മാളികയിലെ
ജോസ്‌ കുഞ്ഞ്‌ മുതലാളിയാവുമ്പോൾ...!

വേലികൾ തകർന്നിടവഴി

പെരുവഴിയായി തുറന്ന്‌...

ഉദ്ഘാടനം കേമമായെങ്കിലും...


കൂരയുടെ

ഓടും കഴുക്കോലും
ചെമ്മണ്ണ്‌ ഭിത്തിയും
ഇത്തിരി മുറ്റവും
മുറ്റത്ത്‌ നിന്ന രണ്ട്‌ കാലുകളും
(വീട്ടുകാരിയേയും
അവളുടെ മുലയിൽ നിന്നും
മാറാത്ത കുഞ്ഞിനേയും
തിമിരം കണ്ണെഴുതിയ അമ്മയേയും
ചുമലിൽ വച്ച്‌
ഉറയ്ക്കാതെ നിന്ന രണ്ട്‌ കാലുകൾ)
പെരുവഴിയിലായി.