ശ്രീജിത്ത് മൂത്തേടത്ത്
ഇതുവരെ ചാഞ്ഞിരുന്ന് വിശ്രമിച്ചിരുന്ന മതിൽ പെട്ടന്ന് പൊളിഞ്ഞു വീണപോലെ
ഒരു നിരാശ്രയത്വം തോന്നി ചന്ദ്രദാസിന്. വസുമതി ഏതോ വലിയ തമാശ
കേട്ടതുപോലെ പൊട്ടി പൊട്ടി ചിരിക്കുകയാണ്. ഇങ്ങനെയൊന്നുമല്ല
വിചാരിച്ചിരുന്നത്. ഇന്നു പുലർച്ചേ കണ്ട സ്വപ്നത്തെയും തുടർന്നുണ്ടായ
സംഭവവികാസങ്ങളെയും ചന്ദ്രദാസ് ഓർത്തു. സ്വപ്നമിതായിരുന്നു. ജോലിക്ക്
പോകുമ്പോൾ താൻ ഓടിച്ചുകൊണ്ടിരുന്ന സ്കൂട്ടർ എതിരെവന്ന ഒരു കാറിലിടിച്ച്
തെറിച്ച് റോഡിൽ വീഴുന്നു. ചീറിപ്പാഞ്ഞുവന്ന ഒരു ലോറിയുടെ അടിയിൽ പെട്ട്
തന്റെ തല പൊട്ടി തലച്ചോറ് റോഡിൽ ചിതറിത്തെറിച്ച്.....! ഹൗ..!
അപ്പോഴേക്കും ഞെട്ടിയുണർന്നത് ഭാഗ്യം. ഞെട്ടിപ്പിടഞ്ഞെഴുനേറ്റ്
കിടക്കയിലങ്ങിനെ കുറെ നേരമിരുന്നുപോയിട്ടുണ്ട്. ഒടുവിൽ സ്വബോധം
വീണ്ടുകിട്ടിയപ്പോൾ ഓ.. സ്വപ്നമല്ലേ..? സാരമില്ല. എന്നു
പറഞ്ഞെഴുനേറ്റെങ്കിലും വെളുപ്പിനു കാണുന്ന സ്വപ്നം
ഫലിച്ചേക്കാനിടയുണ്ടെന്നൊരു ഭയം മനസ്സിന്റെ കോണിലെവിടെയോ തങ്ങി നിന്നു.
ജോലി സൗകര്യത്തിന് സ്വന്തം വീട്ടിൽ നിന്നും വളരെ അകന്ന് വാടകയ്ക്ക്
ഒറ്റയ്ക്ക് താമസിക്കുകയാണ് ചന്ദ്രദാസ്. ഭാര്യയും രണ്ടുകുട്ടികളും
അടങ്ങുന്ന കുടുംബം അകലെ തറവാടുവീട്ടിൽ. ഇവിടെ ജോലി ചെയ്യുന്ന ബാങ്കിൽ
നിന്നും വളരെയകലെയല്ലാതെ സൗകര്യത്തിനു കിട്ടിയ വാടകവീട്ടിൽ സ്വയം പാചകവും
അലക്കും മറ്റുമായി കഴിയുമ്പോൾ എപ്പോഴും ഓർക്കുന്നത് വീക്കെന്റിൽ ഒരു
ദിവസത്തെ ലീവിന് വീട്ടിൽ പോവുന്നതിനെ പറ്റിയും, ഭാര്യക്കും മക്കൾക്കും
ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചുമൊക്കെയായിരുന്നു.
ചന്ദ്രദാസ് മടുപ്പോടെ അടുക്കളയിലേക്ക് കടന്നു. തലേന്ന് രാത്രി
കഴിച്ചുവച്ച എച്ചിൽ പാത്രങ്ങൾ അതേപടി കഴുകാതെ കിടക്കുന്നു. എല്ലാം
പെറുക്കിയെടുത്ത് വാഷ് ബേസിനിലിട്ട് പൈപ്പ് തുറന്നുവച്ച്,
സ്റ്റൗവിനടുത്തുവന്ന് പ്രഭാതഭക്ഷണം തയ്യാറാക്കാൻ തുടങ്ങി.
നൊടിയിടകൊണ്ട് ഭക്ഷണം പാചകം ചെയ്യാനും അതിനിടയ്‌ല് കുളി അടക്കമുള്ള
പ്രഭാത കൃത്യങ്ങൾ നിർവഹിക്കാനുമുള്ള പ്രാവീണ്യം നീണ്ട ഇരുപത്തി അഞ്ച്
വർഷക്കാലത്തെ ജോലി ജീവിതം കൊണ്ട് ചന്ദ്രദാസ് നേടിയിരുന്നു. ഇനി അഞ്ചു
വർഷം കൂടിയെ ഉള്ളൂ എന്നതാണ് ഒരു സമാധാനം. ശേഷം വിശ്രമ ജീവിതം. സുഖം
സുന്ദരം. ഭാര്യക്കും മക്കൾക്കുമൊത്ത്.
ഭക്ഷണം തയ്യാറാക്കുമ്പോഴേക്ക് ഗ്യാസ് തീർന്ന് പോയിരിക്കുന്നു. നാശം.
പാതിവെന്ത ദോശ കല്ലിൻമേൽ കിടന്നു കളിയാക്കി ചിരിക്കുന്നു. ഇന്ന് ഹോട്ടൽ
തന്നെ ശരണം. കുളിച്ച് ഡ്രസ്സുമാറി ധൃതിയിൽ സ്കൂട്ടറിൽ ബാങ്കിലേക്ക്
തിരിക്കുമ്പോൾ രാവിലെ കണ്ട സ്വപ്നം ചന്ദ്രദാസിന്റെ മനസ്സിൽ വീണ്ടും
മുളച്ചുപൊന്തി. ഹൗ.!. അയാൾ തലകുടഞ്ഞു. അങ്ങനെയൊന്നും
സംഭവിക്കാതിരിക്കട്ടെ. ഉച്ചത്തിലുള്ള ഹോൺ മുഴക്കം ചന്ദ്രദാസിനെ
ഞെട്ടിച്ചു. പെട്ടന്നയാൾ സ്കൂട്ടർ വെട്ടിച്ചു. ഒരു ചുവന്ന കാർ തൊട്ടു
തൊട്ടില്ലായെന്ന മട്ടിൽ കടന്നുപോയി. സ്വപ്നം ഫലിക്കുകയാണോ ?. ചന്ദ്രദാസ്
വിയർത്തു. ബാങ്കിലെത്തി സീറ്റിലിരുന്നിട്ടും ചന്ദ്രദാസിന്റെ നടുക്കം
മാറിയിരുന്നില്ല.
ഇനിയെങ്ങാനും അതുപോലെ സംഭവിച്ചാലോ. തന്റെ ഭാര്യ, കുട്ടികൾ.. തന്നെ
മാത്രം ആശ്രയിച്ചു ജീവിക്കുന്നഅവരെങ്ങനെ ജീവിക്കും. വെള്ളത്തുണിയിൽ
പൊതിഞ്ഞ് കത്തിച്ചുവച്ച നിലവിളക്കിന്റെ അടുത്ത് കിടത്തിയിരിക്കുന്ന
തന്റെ ഭൗതികശരീരത്തിന്നടുത്തിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയേയും
മക്കളെയും ഓർത്ത് ചന്ദ്രദാസിന് സങ്കടം വന്നു. മുറിയിൽ
ചന്ദനത്തിരിയുടെയും സാമ്പ്രാണിയുടെയും മണം പടരുന്നതുപോലെ തോന്നി. അയാൾ
ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.
?സാർ.... എന്തുപറ്റി സാർ..??
പ്യൂൺ നാരായണൻ വന്നു തട്ടിവിളിച്ചപ്പോഴാണ് സ്വബോധം വന്നത്. ടൗവ്വൽ
കൊണ്ട് കണ്ണീരൊപ്പി, ?ഒന്നുമില്ല.. ചെറിയൊരു തലവേദന..? എന്നും പറഞ്ഞ്
നാരായണനെ ഒഴിവാക്കി ചന്ദ്രദാസ് സീറ്റിൽ കുന്തിച്ചിരുന്നു. ഇതു
ശരിയാവില്ല. വസുമതിയെയും മക്കളെയും ഉടനെ കാണണം. എന്നാലെ സമാധാനമാവൂ.
ഒരാഴ്ചത്തെ ലീവെഴുതി മാനേജർക്ക് കൊടുത്ത് വീട്ടിലേക്ക് തിരിച്ചു.
ട്രയിനിലിരിക്കുമ്പോഴും അതു തന്നെയായിരുന്നു ചിന്ത. തനിക്കെന്തെങ്കിലും
സംഭവിച്ചാൽ പാവം വസുമതിയും മക്കളും എന്തു ചെയ്യും. മൂത്തവൻ ഗോകുൽ പ്ലസ്
വണ്ണിൽ പഠിക്കുന്നു. ഇളയവൻ നകുൽ അഞ്ചാം ക്ലാസ്സിലും. പറക്കമുറ്റാത്ത
കുഞ്ഞുങ്ങൾ. സങ്കടം സഹിക്കവയ്യാതെ അയാൾ കയ്യിലുണ്ടായിരുന്ന
കർച്ചീഫെടുത്ത് കടിച്ചു പിടിച്ചു. കണ്ണീർ ചാലുകളായി ഒഴുകി.
അടുത്തിരിക്കുന്നവർ ശ്രദ്ധിക്കുന്നുണ്ട് എന്നുമനസ്സിലായപ്പോൾ മുഖം
തുടച്ച് കണ്ണുകളടച്ച് ചാരിക്കിടന്നു. അപ്പോഴും കണ്ണീർ
പൊടിയുന്നുണ്ടായിരുന്നു. സന്ധ്യാവുമ്പോഴേക്കും വീട്ടിലെത്തി, കുളിച്ച്
മക്കളെ അടുത്ത് വിളിച്ച് തലയിൽ തഴുകി, രാത്രി ഒരുമിച്ചിരുന്ന് അത്താഴം
കഴിച്ചപ്പോഴേക്കും ഏകദേശം മനസ്സൺനടങ്ങിയിരുന്നു. അപ്പുറത്തെ മുറിയിൽ
വിളക്കണഞ്ഞ് മക്കളുറക്കമായി എന്ന് ഉറപ്പായപ്പോഴാണ് ചന്ദ്രദാസ്
ഭാര്യയുടെ മുന്നിൽ കാര്യങ്ങളുടെ കെട്ടഴിച്ചതു. ഒരു
പൊട്ടിക്കരച്ചിൽപ്രതീക്ഷിച്ച ചന്ദ്രദാസിന് കേൾക്കേണ്ടിവന്നതൊരു
പൊട്ടിച്ചിരിയാണ്. ഇതാ വസുമതി നിർത്താതെ ചിരിക്കുകയാണ്.
?ഇതിനാണോ ചേട്ടൻ കുറ്റിയും പറിച്ചിങ്ങോട്ടോടി പോന്നത് ?. അങ്ങനെ
വല്ലതും സംഭവിച്ചാൽ തന്നെയെന്താ ?. ഞങ്ങൾക്ക് ചേട്ടന്റെ പെൻഷൻ
കിട്ടില്ലേ. പിന്നെന്താ പേടിക്കാൻ ?.?
വസുമതി ചിരിച്ചുകൊണ്ടേയിരുന്നു. അവസാനത്തെ അത്താണിയും നഷ്ടപ്പെട്ടവനെ
പോലെ ഇളിഭ്യനായി നിന്ന ചന്ദ്രദാസിനപ്പോൾ ചിരിക്കണമോ കരയണമോ എന്നു
നിശ്ചയമുണ്ടായിരുന്നില്ല. വല്ലാത്തൊരാശാഭംഗം വന്നുപെട്ടപോലെ. ഈ കാര്യങ്ങൾ
കേട്ടാൽ വസുമതി വിങ്ങിക്കരയും കെട്ടിപ്പിടിക്കും, സമാധാനിപ്പിക്കും
എന്നൊക്കെയായിരുന്നു അയാൾ കരുതിയിരുന്നത്. പകരം അവൾ തന്നെ കളിയാക്കി
ചിരിക്കുന്നു. ഫാമിലി പെൻഷൻ കൊണ്ട് ജീവിക്കാൻ പറ്റുമെന്ന് അവൾ പറഞ്ഞത്
ഒരുപക്ഷെ തമാശയായിട്ടായിരിക്കും. ചന്ദ്രദാസ് സമാധാനിക്കാൻ ശ്രമിച്ചു.
ഒരാഴ്ച കഴിഞ്ഞേ തിരിച്ചു പോവുന്നുള്ളൂ എന്ന് കരുത്തിയ ചന്ദ്രദാസ്
പിറ്റേന്ന് രാവിലെ തന്നെ കുളിച്ച് ജോലിസ്ഥലത്തേക്ക് പുറപ്പെട്ടു.
റയിൽവേ സ്റ്റേഷനിൽ വച്ചിരുന്ന സ്കൂട്ടറുമെടുത്ത് ബാങ്കിലേക്ക്
പോകുമ്പോൾ മനസ്സിൽ നിറയെ വസുമതിയുടെ വാക്കുകളായിരുന്നു. ?താനില്ലെങ്കിലും
തന്റെ പേരിലുള്ള ഫാമിലി പെൻഷൻ കൊണ്ടവർക്ക് ജീവിക്കാമല്ലോ?. ഈ ഒരാശയം
തനിക്കെന്തുകൊണ്ടു തോന്നിയില്ല ?. എന്നാലും വസുമതിയങ്ങിനെ പറഞ്ഞുവല്ലോ.
കടുത്ത നിരാശ കയ്പ്പുനീരായി തൊണ്ടയിലൂടെ കിനിഞ്ഞിറങ്ങുന്നതയാളറിഞ്ഞു.
ചിലപ്പോളവൾ തമാശ പറഞ്ഞതാവും. തമാശയോ കാര്യമോ എന്ന് അവളുടെ ചിരിയിൽ
നിന്നും വേർതിരിക്കാൻ കഴിഞ്ഞില്ല.
പെട്ടന്ന് കാതടപ്പിക്കുന്ന ഹോൺ. ഇത്തവണ ചന്ദ്രദാസിന് സ്കൂട്ടർ
വെട്ടിക്കാൻ കഴിഞ്ഞില്ല. എതിരെവന്ന കാറിൽ തട്ടിത്തെറിച്ച് അയാൾ
റോഡിലേക്ക് വീണു. ആ നിമിഷം പൊടുന്നനെ എങ്ങുനിന്നോ ചീറിപ്പാഞ്ഞുവന്ന ഒരു
ലോറിയുടെ അടിയിൽ പെട്ട് തലയോട്ടി പൊട്ടി തലച്ചോറും ചോരയും
കൂടിക്കുഴഞ്ഞ് റോഡിൽ ചിതറിത്തെറിച്ചു !.