Followers

Friday, July 29, 2011

ദുഃഖക്കടലിന്റെ ശാന്തിതീരം തേടിയുള്ള ആത്മായനം

സി. വി. വിജയകുമാർ

കടൽ ഒരു പ്രതീക (ട്യായീഹ) മാണ്‌. ഒരേസമയം വിരുദ്ധഭാവങ്ങളിൽ നൃത്തം ചെയ്യുന്ന ജീവിതത്തിന്റെ പ്രതീകം. അതിന്റെ ലാസ്യതാണ്ഡവങ്ങളിൽ ജീവിതവും മരണവുമാണ്‌ പ്രതിബിംബിക്കുന്നത്‌. ഈ ജീവിതത്തിന്റെ കടൽ തന്നെയാണ്‌ എഴുത്തുകാരന്റെ മക്ഷിപാത്രവും. എന്നാൽ, ഈ ശോകസമുദ്രത്തിന്റെ പ്രക്ഷുബ്ധതീരങ്ങളിൽ ശാന്തിതേടുക എന്നു പറയുന്നത്‌ വെറും വിഭ്രമം മാത്രമായിരിക്കും. യഥാർത്ഥത്തിൽ ഓരോ മനുഷ്യനും തന്റെ ജീവിതം കൊണ്ടു വൃഥാ തേടിക്കൊണ്ടിരിക്കുന്നതും ഒരിക്കലും ലഭിക്കാത്ത ഈ ശാന്തിതന്നെയാണ്‌. മാത്യു നെല്ലിക്കുന്നിന്റെ 'സൂര്യവെളിച്ചം' എന്ന നോവലിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും ഈ സാങ്കൽപിക ശാന്തിയെ തന്നെയാണ്‌. ഒരിക്കലും ആർക്കും തൃപ്തികരമായി പൂരിപ്പിക്കാൻ കഴിയാത്ത ജീവിത സമസ്യയുടെ അകംപൊരുൾ തേടിയുള്ള എഴുത്തുകാരന്റെ തന്നെ ആത്മായനമാണിത്‌. മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും ബലിനിലങ്ങളിലൂടെ ചോര ചവിട്ടിക്കൊണ്ടുള്ള ഈ നടത്തത്തെയും വീണടിയലിനെയും യോഗാരൂഢമായൊരു നിർമ്മതയിൽ നോക്കുമ്പോഴാണ്‌ ഒരാൾ തന്റെ എഴുത്തിൽ, ദാർശനികതയുടെ മുത്തുകൾ തിളങ്ങുന്ന ആഴങ്ങൾ സൃഷ്ടിക്കുന്നത്‌.


'സൂര്യവെളിച്ചം ഒരു സാധാരണ മനുഷ്യന്റെ ഒഴുക്കുകളോട്‌ മല്ലടിച്ചുകൊണ്ടുള്ള വിജയത്തിന്റെ അല്ലെങ്കിൽ വിജയമെന്ന മിഥ്യക്കുള്ളിൽ ഒളിഞ്ഞിരുന്ന്‌ പൊട്ടിച്ചിരിക്കുന്ന പരാജയത്തിന്റെ കഥയാണെന്ന്‌ ചുരുക്കിപ്പറയാം. വിജയത്തിനുള്ളിൽ ഗോ‍ൂഢമായിരുന്ന്‌ ചിരിക്കുന്ന പരാജയമെന്ന്‌ പറയുമ്പോൾ അതൊരു ദൈവമായി തോന്നാം. എന്നാൽ ശരിക്കും അതുതന്നെ ജീവിതം. ജീവിതം ആയിരം അല്ലികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ശൂന്യതമാത്രമാണ്‌. എല്ലാവരും ഒടുക്കം എത്തിച്ചേരുന്നത്‌ ഇത്തരമൊരു വേദാന്തബോധ്യത്തിലായിരിക്കുമെന്നത്‌ മറ്റൊരു വസ്തുത. കഠിനാധ്വാനത്തിലൂടെ സമൃദ്ധിയുടെയും ആഡംബരത്തിന്റെയും ഗിരിസൗധത്തിലെത്തി നിൽക്കുമ്പോഴും സൂര്യവെളിച്ചത്തിലെ തോമയുടെ ചിന്തയിൽ വില്ലും കുലയ്ക്കുന്നതും ഇത്തരമൊരു വ്യർത്ഥബോധം തന്നെ. അയാളെ, അരനാഴിക നേരത്തിലെ കുഞ്ഞോനാച്ചന്റെയും ആയുസ്സിന്റെ പുസ്തകത്തിലെ യോഹന്നാന്റെയും ജാനസ്സിൽപ്പെടുത്തി വായിക്കുന്നതിലാണ്‌ എനിക്കിഷ്ടം.


പാറപ്പുറത്തിനെയും സി. വി. ബാലകൃഷ്ണനെയും പോലെ കുടിയേറ്റ ക്രിസ്ത്യാനികളുടെ പ്രതിസന്ധികളുടെയും സംഘർഷങ്ങളുടെയും പ്രണയബന്ധങ്ങളുടെയും കഥയല്ല മാത്യു നെല്ലിക്കുന്നിന്റെ സൂര്യവെളിച്ചം. അപമാനഭാരത്തിൽ നിന്നും ഉടലെടുത്ത രോഷജനകമായ പ്രതിജ്ഞയാണ്‌ തോമയെ മഞ്ഞൾപുരത്തു നിന്നും ബോംബെയിലും അവിടെനിന്നും ഏഴുകടലുകളുടെ മറുകരയിലേയ്ക്കും കൊണ്ടെത്തിച്ചതു. പിന്നീട്‌ ഭ്രാന്തമായൊരാവേശത്തിൽ അയാൾ എല്ലാം വെട്ടിപ്പിടിക്കുകയായിരുന്നു. ജീവിതത്തിൽ മാറ്റത്തിന്റെ ഉത്സവങ്ങൾ പൂത്തിരി കത്തിക്കുകയായിരുന്നു. പക്ഷേ, എല്ലാ ആഡംബരങ്ങൾക്കും വിലകൊടുത്തേ തീരു എന്ന ഒരു ഓർമ്മയുടെ അതീതകൽപന ഒരു കുറ്റബോധം കണക്കേ അയാളെ വേട്ടയാടുന്നുണ്ടായിരുന്നു. അതൊരു വിശുദ്ധമായ അശാന്തിയായി അയാൾ ഉള്ളിൽ സൂക്ഷിച്ചു. ഈ വിശുദ്ധമാകുന്ന അശാന്തിയെയാണ്‌ ഗൃഹാതുരതയെന്ന്‌ പറയുന്നത്‌. എന്നാൽ, സാഹചര്യങ്ങളുടെയും വിധിയുടെയും ഇര മാത്രമാണ്‌ താനെന്നും തനിക്കങ്ങനെയായതിന്‌ ഭാതികമായ സാധൂകരണങ്ങളുണ്ടെങ്കിലും മറ്റൊരു വഴിക്ക്‌ താനൊരു പരാജയമാണെന്നും തോമാ തിരിച്ചറിയുന്നു. അതുകൊണ്ടാണയാൾ ദേവദൂതന്മാരുടെ വിളി കേട്ടപോലെ നാട്ടിലേക്ക്‌ മടങ്ങുന്നത്‌. അത്‌ ദുഃഖക്കടലിന്റെ ശാന്തി തീരം തേടിയുള്ള ആത്മായനമായി പരിണമിക്കുകയും ചെയ്യുന്നു.


യാത്രയുടെ ഭാഷാന്തരങ്ങൾ
തോമയുടെ ജീവിതം സംഭവബഹുലമായൊരു യാത്രയാണ്‌. അത്‌, ആന്തരികവും ബാഹ്യവുമായ പലായനങ്ങളുടെ സങ്കീർണ്ണമായ സമന്വയമായിത്തീരുന്നു. അയാൾ ഒരേ സമയത്ത്‌ രണ്ട്‌ വിരുദ്ധ ദൂരങ്ങളിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഘടികാര കാലത്തിനൊപ്പം മുന്നോട്ടും മാനസിക കാലത്തിനൊപ്പം പിന്നിലേക്കും. യഥാർത്ഥത്തിൽ ഈ യാത്രകളുടെ ഭാഷാന്തരമാണ്‌ തോമയുടെ ജീവിതം. എവിടെ വച്ചാണ്‌ തനിക്ക്‌ ശാശ്വതമായ ആനന്ദത്തെ സാക്ഷാൽക്കരിക്കാൻ കഴിയുന്നത്‌. അമേരിക്കൻ ജീവിതവീക്ഷണത്തിൽ ഇല്ലാത്ത ഈ ചോദ്യത്തിന്റെ ഉത്തരം തീർച്ചയായും തന്റെ മഞ്ഞൾപുരത്തിന്റെ ഹൃദയത്തിൽ ഉണ്ടെന്നയാൾക്കറിയാം. അതുകൊണ്ടാണ്‌ അയാൾ അവിടേക്ക്‌ തന്നെ മടങ്ങാൻ തീരുമാനിക്കുന്നത്‌. (ശരിക്കും പറഞ്ഞാൽ മാത്യുനെല്ലിക്കുന്ന്‌ എന്ന പ്രവാസിയായ എഴുത്തുകാരൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആത്മസംഘർഷങ്ങളുടെ അധ്യാരോപമാണിത്‌. 'സൂര്യവെളിച്ച'ത്തിലെ സ്ഥലരാശികൾ സാങ്കൽപ്പികമാണെന്ന പ്രതീക്ഷയ്ക്കുള്ളിൽ മൂവാറ്റുപുഴയുടെയും വാഴക്കുളത്തിന്റെയുമൊക്കെ പരിസരകാന്തിതന്നെയാണുള്ളത്‌.) ഓർമ്മകളുടെ ദൂരദർശനിയിലൂടെ തോമാ അനുഭവങ്ങളെ കാണുകയാണ്‌. അതിൽ ഭഗ്നമായൊരു ഗ്രാമീണ പ്രണയത്തിന്റെ നൊമ്പരമുണ്ട്‌. പർവ്വതങ്ങളെ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതുപോലെ ആ ഓർമ്മയുടെ പിടി ഒരിക്കലും അയാളെ സ്വതന്ത്രനാക്കുന്നില്ല. ഒടുവിൽ ലീലാമദനന്മാരുടെ പുനഃസമാഗമം പോലെ തോമാ - ശൈലജന്മാർ പരസ്പരം സംഗമിക്കുകയും ചെയ്യുന്നു. ഇവിടെ തോമയുടെ ജീവിതത്തെ ബഹുതലസ്പർശിയായ സന്ദേശമാക്കി മാറ്റുകയാണ്‌ നോവലിസ്റ്റ്‌.


ലൗകികതയുടെ സന്ദേഹങ്ങളെ ഒടുക്കിക്കളയുന്ന സനാതനമായ ഉത്തരങ്ങൾ ആത്മീയതയിലുണ്ടെന്ന്‌ തോമ നമ്മോട്‌ പറയുമ്പോഴും വാസനാബന്ധങ്ങളുടെ ഉടൽപ്രേരണകൾക്ക്‌ അയാൾ വശംവദനാവുകയും ചെയ്യുന്നു. തോമയുടെ ശൈലജാ സംഗമത്തിലൂടെ നമുക്കങ്ങനെയാവും തോന്നുക. എന്നാൽ, ആദ്ധ്യാത്മികമായൊരു ബോധനിലയിൽ അതിന്‌ വ്യത്യസ്തമായൊരർത്ഥ തലമാണുള്ളത്‌. മസ്തിഷ്കത്തിൽ വിളങ്ങുന്ന പരമശാന്തിയുടെ സൂര്യവെളിച്ചം തന്നെയാണെന്ന്‌ അപ്പോൾ നാം തിരിച്ചറിയുകയും ചെയ്യും.


ഭാഷയുടെ ലാവണ്യമാനങ്ങൾ
ഭാഷയുടെ അനാദിയായ ശക്തിചൈതന്യത്തെപ്പറ്റിയുള്ള അതിസൂക്ഷ്മമായ അറിവാണ്‌ എഴുത്തുകാരന്റെ വിജയമന്ത്രം. സ്വന്തം ലാവണ്യബോധത്തിലെ വർണ്ണരാജികളെ വാക്കുകളിൽ ചാലിച്ചാണയാൽ സ്വന്തം ഭാഷ രൂപപ്പെടുത്തുന്നത്‌. അങ്ങനെ ഭാഷയ്ക്കുള്ളിൽ നിഗോ‍ൂഡമായൊരാന്തരഭാഷയെ പ്രതിഷ്ഠിച്ചുകൊണ്ട്‌ അയാൾ വായനക്കാരനെ അതിലേക്ക്‌ സമാകർഷിക്കുകയാണ്‌ ചെയ്യുന്നത്‌. അതിൽ ഉദാത്തമായ സൗന്ദര്യവിസ്ഫോടനങ്ങളും ധൈഷണിക ധിക്കാരങ്ങളും സഹവർത്തിച്ചുകൊണ്ട്‌ സംവേദനത്തെ സാന്ദ്രാനുഭവമാക്കും. ഇത്തരമൊരു ലാവണ്യഭാഷ രൂപപ്പെടുത്തുമ്പോൾ മാത്രമാണ്‌ എഴുത്തുകാരന്റെ മൗലികതയുടെ അശോകസ്തംഭങ്ങൾ വരും കാലത്തിന്റെ ഓർമ്മയിൽ സ്ഥാപിക്കുന്നത്‌.


അതുകൊണ്ടാണ്‌ നാം ബഷീറിന്റെ ഭാഷ, വിജയന്റെ ഭാഷ, വി. കെ. എന്നിന്റെ ഭാഷ എന്നൊക്കെ ആദരവോടെ പറയുന്നത്‌. ഈ അർത്ഥത്തിൽ വിലയിരുത്തുമ്പോൾ മാത്യു നെല്ലിക്കുന്നും തനതായൊരു എഴുത്തുഭാഷയുടെ വള്ളവും വലയും സ്വന്തമായുള്ള എഴുത്തുകാരനാണെന്ന്‌ പറയാം. കാരണം ഇത്തരിപ്പോന്ന കടലിൽ നീന്തുന്നവന്റെ അനുഭവങ്ങളെയല്ല അദ്ദേഹം ആവിഷ്ക്കരിച്ചിരിക്കുന്നത്‌ എന്നാണ്‌. ഒരു ധ്യാനസ്ഥിതന്റെ ഉൺമയിൽ മാത്രം ഉണരുന്ന അതീന്ദ്രിയത്തിന്റെ സംവാദ ഭാഷകൊണ്ടുള്ള ആഖ്യാനമാണ്‌ 'സൂര്യവെളിച്ചം' എന്ന നോവൽ. അതുകൊണ്ടുതന്നെയാണ്‌ ഭാഷകൊണ്ട്‌ ബഹുലമായ സൗന്ദര്യമാനങ്ങൾ ഉൽപാദിപ്പിക്കുകയും വായനയുടെ ഏകാഗ്രതയിൽ അനുഭൂതികളെ ലയിപ്പിക്കുകയും ചെയ്യുന്നു.

അർത്ഥാന്തരം
ദുഃഖക്കടലിന്റെ ശാന്തിതീരം തേടിയുള്ള അന്വേഷണമാണ്‌ ജീവിതമെന്നാണ്‌ സൂര്യവെളിച്ചം എന്ന നോവൽ നമുക്ക്‌ നൽകുന്ന ആത്യന്തികമായ സന്ദേശം. സുഖഭോഗങ്ങളുടെ പറുദീസയിൽ നിന്നുമുള്ള തോമയുടെ മടക്കയാത്ര അതാണ്‌ സൂചിപ്പിക്കുന്നത്‌. എല്ലാം നേടിയിട്ടും ഒന്നും നേടാൻ കഴിഞ്ഞില്ല എന്നയാൾ സ്വന്തം അനുഭവങ്ങൾകൊണ്ടാണ്‌ തിരിച്ചറിയുന്നത്‌. ശിഥിലബന്ധങ്ങളുടെ സ്നേഹരാഹിത്യം അയാളെ മടക്കയാത്രയ്ക്ക്‌ പ്രേരിപ്പിക്കുന്നു. ഇവിടെ രണ്ടുതരം മൂല്യബോധങ്ങളുടെ ഏറ്റുമുട്ടലാണ്‌ സംഭവിക്കുന്നത്‌. പാശ്ചാത്യവും പൗരസ്ത്യവും പശ്ചാത്താപത്തിന്റെ അക്കൽദാമയിലൂടെ അയാൾ ആർഷശാന്തിയുടെ തീരത്തണയുകയാണ്‌. അങ്ങനെ ആസക്തികളുടെ ജ്വരവേഗത്തിൽ നിന്നും അയാൾ ഇന്ദ്രിയങ്ങളുടെ കുതിരകളെ പിൻവലിക്കുകയും ജീവിതത്തിന്റെ പരമമായ അർത്ഥാന്തരം സാക്ഷാൽക്കരിക്കുകയും ചെയ്യുന്നു. മായകളുടെ ക്ഷണികതയും നിത്യസത്യങ്ങളുടെ പൊരുളും മനസ്സിലാക്കി തോമ ആത്യന്തികമായ സത്യദർശനത്തിന്‌ സ്വയം സജ്ജനാവുന്നു. അങ്ങനെ, ആസക്തിയുടെ വൻകടലിന്‌ മുകളിൽ വിരക്തിയുടെ സൂര്യവെളിച്ചം പകരുന്നതോടെ നോവൽ അവസാനിക്കുകയും ചെയ്യുന്നു.


"ക്രമം മരണമാണ്‌, കോപവും ദുഃഖവും അതിന്‌ വേഗതകൂട്ടും. ഒരു ദുരന്തത്തിന്റെ ബാക്കിവെളിച്ചമാണ്‌ ജീവിതം. അതിന്റെ മുന്നിലെ ഇരുട്ടാണ്‌ മരണം. ഒട്ടിയ പാശങ്ങൾ അറുത്തെറിയുമ്പോൾ മരണത്തിന്റെ ചിറകൊടിയും. വിരക്തിയുടെ നിർവൃതി നേടും. ശാന്തി തീരങ്ങൾ കണ്ടെത്തും." തോമയെ വെളിപാടിലേക്ക്‌ നയിച്ച ഈ ഉപദേശം എല്ലാവർക്കും ബാധകമാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു.