ആരാണു നീയെന്നറിയില്ലയെങ്കിലും
ഒന്നെനിയ്ക്കറിയുവാനാകുന്നു നിത്യവും
തെരുവോരങ്ങളിൽ കടലോരങ്ങളിൽ
വഴിയമ്പലങ്ങളിൽ ക്ഷേത്രാങ്കണങ്ങളിൽ
വാക്കുറപ്പിക്കുന്നു വസ്ത്രമഴിക്കുവാൻ
ചില്ലികളെങ്കിലും കയ്യിൽ തടയുവാൻ
നിന്നെ പണയപ്പെടുത്തിയോർ പിന്നെയും
നിർഭയരായ്ച്ചതിതീർക്കുന്നു
വാഴുന്നു കാടിനെ കൊള്ള ചെയ്തും പിന്നെ
നാടിന്റെ രോദനം നാണയമാക്കിയും
ഉണരുക ദയതേ നീയറിയുക നിന്നിലെ
ശക്തിയാം ഭദ്രയെ തൊട്ടുണർത്തിടുക
നെഞ്ചിൽ വിരലുന്നിതിട്ടപ്പെടുത്തുക
നിന്നിലെ ശക്തിയെ മൂർച്ചപ്പെടുത്തുക
സ്നേഹവും ത്യാഗവും മാതൃത്വവും
മുലക്കാമ്പിൽ ചുരത്തുന്ന മാധുര്യമാവുക
സംഹാരമൂർത്തിയാം ഹിമശൈലനാഥന്റെ
നെഞ്ചിൽ ചവിട്ടിനിൽക്കും ദുർഗ്ഗയാകുക
ദുഷ്ടരെ കോർക്കുക മാലയായ് നെഞ്ചിലണിയുക
തൃഷ്ണയായിറ്റു വീഴും ചുടുചോരയെ
ഒട്ടും കളയാതെ പാത്രത്തിലാക്കുക
നൽകുകയോരോരൊതുള്ളിയും ദുർബ്ബല-
ചിത്തരായുള്ളൊരാനാരികൾക്കൊക്കെ
ഉദ്ബുദ്ധരാക്കുക ദേവികേ നിന്നുടെ
ശക്തിയും സത്യവും സംഹാര തൃഷ്ണയും
നൽകുക നിന്നുടെ സർവ്വചരാചര-
നന്മയെകാക്കുന്ന ശക്തിസ്വരൂപവും.