Followers

Friday, July 29, 2011

പൂർണ്ണിമ-9


ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക.
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - ഒമ്പത്‌
ഇന്നു കീകാസേട്ടുവിന്റെ ജന്മദിനമാണ്‌. ഏത്‌ വ്യക്തിക്കും അവരവരുടെ ജന്മദിനം വിശേഷദിവസമായിതോന്നും. കീകാസേട്ടുവിനും ഈ ദിനം വളരെ പ്രധാനമാണ്‌. സേട്ടു ഒരു സാധാരണവ്യക്തിയല്ല. ഒരു മഹത്‌ സ്ഥാപനമെന്നു പറയണം.


അദ്ദേഹം പേരും പെരുമയും ഒത്തിണങ്ങിയ ഒരു വ്യവസായ സാമ്രാട്ടാണ്‌. കോടിക്കണക്കിനുള്ള വ്യവസായമാണ്‌ ഒരു വർഷത്തിൽ സേട്ടു നടത്തിവരുന്നതും ധനികകുടുംബത്തിലല്ല ജനിച്ചതു. അക്ഷീണമായ സ്ഥിര പരിശ്രമം കൊണ്ടാണീ നിലയിൽ അദ്ദേഹം എത്തിയതും ആദ്യം കണക്കെടുത്ത്‌ ജോലിയിൽ പ്രവേശിച്ചും പിന്നെ ദല്ലാലായി, പങ്കുകച്ചവടം നടത്തി. മില്ലുടമസ്ഥൻ ഫാക്റ്ററി ഉടമസ്ഥൻ ഇങ്ങനെ വളർന്ന അവസാനം സേട്ടു എന്ന സ്ഥാനത്തെത്തിച്ചേർന്നു. അങ്ങനത്തെ ഒരാളുടെ ജന്മദിനം സമുചിതമായി കൊണ്ടാടേണ്ടതു ആവശ്യമല്ലേ.


പഠിപ്പിന്റെ കാര്യം പറയാതിരിക്കുന്നതാണ്‌ ഉചിതം. താൻ മെട്രിക്‌ പാസ്സായി എന്നാണ്‌ എല്ലാവരോടും പറയാറ്‌. എന്നാൽ 'മെ'ഉപേക്ഷിച്ചാൽ ബാക്കി ഉള്ളത്‌ കൊണ്ടാണ്‌ അദ്ദേഹം വിജയിച്ചതെന്നതാണ്‌ പരമാർത്ഥം. പരീക്ഷാ യോഗ്യതയിലെന്തിരിക്കുന്നു. കാര്യത്രാണിയുടെ വശമാണു വേണ്ടത്‌. അതിൽ അദ്ദേഹത്തെ കവർച്ചവയ്ക്കാൻ ആരും ഇതുവരെ ആപ്രദേശത്തില്ലതന്നെ. ബി.എക്കാർ ജോലി അന്വേഷിച്ചു അദ്ദേഹത്തെ സമീപിച്ചാൽ പറയും നിങ്ങൾ സ്കൂളിൽ പോയന്വേഷിക്കു-നിങ്ങൾക്കു യോജിച്ച ജോലി സ്കൂളിലാണ്‌. ഇവിടെ ജോലിചെയ്യണമെങ്കിൽ യോഗ്യത വേറെ തന്നെ വേണം. എന്നു പറഞ്ഞു വിടുകപതിവാണ്‌. തന്റെ കീഴിൽ ജോലി നോക്കുന്ന അഭ്യസ്ഥവിദ്യരെ, അറിവില്ലാത്തവരെന്ന്‌ മുദ്രകുത്തി തന്റെ യോഗ്യതകളെ വർത്തിച്ചു കേൾപ്പിച്ചു അവരെ വിഢ്ഢികളാക്കി ചിത്രീകരിക്കുന്നത്‌ സേട്ടുവിന്‌ കൗതുകവും വിനോദവും നൽകുന്ന ഒരു പരിപാടിയായിത്തീർന്നിട്ടുണ്ട്‌.
സേട്ടുവിന്റെ ആഫീസിലാണ്‌ രജനീകാന്തൻ ജോലിചെയ്യുന്നത്‌. ജോലിസ്ഥിരതയും കൂടുതൽ ധനവും വേണമെങ്കിൽ സേട്ടുവിനെ വലിയവനാക്കിപ്പുകഴ്ത്തണമെന്ന സത്യം അൽപദിനം കൊണ്ടയാൾ മനസ്സിലാക്കി. വ്യവസായസംബന്ധമായി സേട്ടുവിന്‌ ആരോടെങ്കിലും ഇടപെടേണ്ടിവന്നാൽ സേട്ടുവിന്റെ 'ചെടിക്കി'നുവാതപ്പനിവന്നുകൂടും
. 'എസ്സ്‌.നോ-താങ്‌ൿയൂ' മുതലായ ചുരുക്കെഴുത്ത്‌ രൂപത്തിലുള്ള മറുപടികൊണ്ട്‌ അർത്ഥവത്തായ രീതിയിൽ സേട്ടുകാര്യം നേടും. വിവരമുള്ളവർ അധികം സംസാരിക്കില്ല എന്ന്‌ ഇപ്പറഞ്ഞതിനർത്ഥമില്ല. നിഘണ്ടുവിലെ മിക്കവാക്കുകളോടും അദ്ദേഹത്തിന്‌ മമതാബന്ധമില്ലായിരുന്നു.


ഒരിക്കൽ രജനികാന്തൻ അദ്ദേഹത്തെ ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ ശ്രമിച്ചു. സ്പെല്ലിങ്ങും അവകൂട്ടിയുള്ള ഉച്ചാരണങ്ങളും പൊരുത്തപ്പെടുന്നില്ല എന്നു സേട്ടു മനസ്സിലാക്കി. Put പുട്ട്‌ എന്നുച്ചരിക്കുമ്പോൾ Cut കുട്ട്‌ എന്നല്ലേ ഉച്ചരിക്കേണ്ടത്‌ എന്നും Girl എന്നത്‌ ഗേൾ എന്നല്ല ഗേർള്‌ എന്നാണുച്ചരിക്കേണ്ടതെന്നും
Knowlege എന്നത്‌ നോളേജ്‌ എന്നല്ല ക്നോളേജ്‌ എന്നാണുച്ചരിക്കേണ്ടതെന്നും സേട്ടുവാദിച്ചു നോക്കി അവസാനം ഈനെറിവില്ലാത്ത ഭാഷ നമുക്കു വേണ്ട രാജ്‌ എന്നു പറഞ്ഞു സേട്ട്‌ ആ പരിപാടി ഉപേക്ഷിച്ചു. 'രാജ' എന്ന്‌ ബഹുമാനസൊ‍ാചകമായുപയോഗിച്ചിരുന്ന സംബോധനാപദം സേട്ടുവിന്റെ ഗാംഭീര്യത്തിന്‌ യോജിച്ച വിധത്തിൽ 'രൂ'യ്ക്ക്‌ ദ്വിത്വം കൊടുത്തു 'രാജു' എന്ന പ്രയോഗിക്കയാൽ ജനങ്ങൾ അദ്ദേഹത്തെ "രാജു സേട്ടു എന്നു വിളിക്കാറുണ്ട്‌. എന്നാൽ അദ്ദേഹം കേൾക്കാതെ.
അങ്ങനെ ഇംഗ്ലീഷ്‌ ഭാഷയെ അദ്ദേഹം തന്റെ ഭാഷാപരിജ്ഞാന സാമ്രാജ്യത്തിൽ നിന്ന്‌ ജീവപര്യന്തം നാടുകടത്തി എന്നു ചുരുക്കിപ്പറയാം. അത്യാവശ്യകാര്യത്തിന്‌ സേട്ടു രജനിയുടെ സഹായം തേടുകയും അക്കാര്യത്തിൽ അയാൾ സേട്ടുവിനെ ആത്മാർത്ഥമായി സഹായിക്കുകയും ചെയ്തു പോന്നതിനാൽ രജനി സേട്ടുവിന്റെ പ്രതീക്ക്‌ പാത്രമായി. ആശ്രിതവത്സലനായ സേട്ടു രജനിയെ കാര്യമായി ധനംകൊണ്ട്‌ സഹായിക്കുകയും ചെയ്തുവന്നു.


സേട്ടുവിന്റെ മേൽ രജനി ക്രമേണ നല്ല സ്വാധീനം ചെലുത്തിത്തുടങ്ങി. മറ്റുള്ള ബി.എ ക്കാരെക്കാൾ സേട്ടുവിന്റെ ഹൃദയത്തിൽ സമുന്നതമായ സ്ഥാനം പ്രതിഷ്ഠിച്ചു. രജനിക്കു അടുപ്പമുള്ള ഒരു പത്രാധിപരുണ്ടായിരുന്നു. സേട്ടുവിന്‌ പ്രശസ്തി ഉണ്ടാകത്തക്ക വാർത്തകൾ ആ പത്രത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. സേട്ടു ഇന്ത്യാഗവണ്‍മന്റുമായി ഒരു വാണിജ്യക്കരാറിൽ ഒപ്പുവയ്ക്കാൻ ഇന്നും സിംലയ്ക്കുപോയി. കീകാസേട്ടു ഒരു പഞ്ചകല്യാണിക്കുതിരയെ വാങ്ങി. ഒരനാഥാലയത്തിന്റെ നടത്തിപ്പിന്‌ വേണ്ടി ഒരു നല്ല തുക സംഭാവന ചെയ്തു. മുതലായ വാർത്തകളോടൊപ്പം സേട്ടുവിന്റെ ചെറുപ്പത്തിലുള്ള ഒരു ഫോട്ടോയും പത്രത്തിൽ വന്നതു സേട്ടുവിനെ കാണിച്ചുകൊടുത്തതു, സേട്ടു കണ്ടപ്പോൾ വാസ്തവത്തിൽസേട്ടു പരമാനന്ദപ്പാൽക്കടലിൽ നീന്തിക്കുളിക്കുന്നതു കാണേണ്ട കാഴ്ചതന്നെയായിരുന്നു.


കീകാസേട്ടു ഒരു വ്യവസായി മാത്രമല്ല, ഒരു രസികനായ കലാസ്വാദകൻ കൂടിയാണ്‌. സംഗീതം സാഹിത്യം നൃത്തം മുതലായവയിൽ അദ്ദേഹത്തിന്‌ അതിയായ താൽപര്യമുണ്ടായിരുന്നു. കവികൾക്ക്‌ ധനസഹായം ചെയ്യാൻ മടിച്ചിരുന്നില്ല. താനെഴുതിയ ഒരു കവിതാപുസ്തകം അദ്ദേഹത്തെ പാടികേൾപ്പിച്ചാൽ ഇത്‌ വേഗം അച്ചടിപ്പിച്ചുവിടൂ രാജു' എന്നു പറയൂം. അച്ചടിപ്പിക്കാൻ പണമില്ല' എന്നു കവി പറഞ്ഞാൽ പിന്നെ ഞാനെന്തിനിവിടിരിക്കുന്നു ഇതാപിടിച്ചോ" എന്നു പറഞ്ഞ്‌ ആവശ്യത്തിൽ കൂടുതൽ പണം കവിക്കും കൊടുക്കും അതിന്റെ സമർപ്പണം 'രാജു' സേട്ടുവിനായിരിക്കണം എന്ന നിർബന്ധം മാത്രമേ സേട്ടുവിനുള്ളു.


ഗായികാ ഗായകന്മാരെ വീട്ടിൽ വരുത്തി പാടിപ്പിക്കുന്നതും, അവരുടെ വീടുകളിൽ പോയി പാട്ടു കേൾക്കുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. സ്ഥലത്തുവന്നു കളിക്കുന്ന നാടകസംഘം സർക്കസ്‌ കമ്പനി നർത്തകസംഘം ഇവരെ വേണ്ടവിധത്തിൽ സഹായിക്കുകയും അഭിനന്ദിച്ചു പ്രശംസിക്കുകയും ചെയ്യുക ഇങ്ങനത്തെ കാര്യങ്ങൾ കൊണ്ട്‌ അവർക്ക്‌ സേട്ടു എന്ന പേര്‌ കേട്ടാൽ സ്വർഗ്ഗം കണ്ട ആനന്ദമാണുണ്ടാകുക. ഇതൊക്കെക്കൊണ്ട്‌ നാടകക്കമ്പനികളിൽ അണിയറകളിൽ പോലും പ്രവേശിച്ചും നടികളുമായി ശൃംഗരിച്ചു രസിക്കുന്നതിന്‌ അദ്ദേഹത്തിനു സ്വാതന്ത്ര്യം ലഭിച്ചിരുന്നു. പുറമേ കാണുമ്പോൾ അദ്ദേഹം ഒരു കലാപ്രേമി എന്നാണ്‌ പരക്കെ ആളുകൾ ധരിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം അധികമാരും മനസ്സിലാക്കിയിരുന്നില്ല.


സിനിമാക്കമ്പനികളിൽ അദ്ദേഹത്തിന്‌ ഷെയറുണ്ടായിരുന്നു. പ്രവർത്തന ധനമില്ലാതെ വിഷമിക്കുന്ന കമ്പനികളെ സ്വയം ഏറ്റെടുത്തു സഹായിക്കാനും അദ്ദേഹം ഔദാര്യം കാണിച്ചിരുന്നു. ഇന്നു കലാവതിയെ വീട്ടിൽ വരുത്തി സൽക്കരിച്ചാൽ നാളെ മീനയെ ആയിരിക്കും അനുഗ്രഹിക്കുക. പിന്നീടൊരിക്കൽ വാസന്തിയെ കാറിൽ കയറ്റി പലേടങ്ങളിലും കൊണ്ടുപോയാനന്ദിപ്പിക്കും, ആരെയും നിരാശപ്പെടുത്തുന്ന സ്വഭാവം അദ്ദേഹത്തിനില്ല.


തന്റെ ജന്മദിനം സമുചിതമായി കൊണ്ടാടണമെന്നുള്ള സ്നേഹിതന്മാരുടെ താൽപര്യം സ്വീകരിച്ചു ഒരു ഗാനമേള തന്നെ അതിനായി സേട്ടു ഒരുക്കി. അദ്ദേഹത്തിന്റെ അതിഥിഗൃഹം സന്ദർശകരെക്കൊണ്ട്‌ നിറഞ്ഞു. നടുക്ക്‌ ഉയർന്ന ഒരു സ്റ്റേജിൽ രണ്ട്‌ സ്ത്രീകളിരിപ്പുണ്ട്‌. പുറകിൽ മൃദംഗം, ഫിഡിൽ, ഹാർമോണിയം മുതലായ സംഗീതോപകരണങ്ങളോടെ മേളക്കാർ ഇരിപ്പുറപ്പിച്ചു. അവർ ടും.ടും. പീ.പീ.ടി.ടി എന്നിങ്ങനെയുള്ള സ്വരങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്‌. സ്റ്റേജിലിരിക്കുന്ന ഒരുവൾ മദ്ധ്യവയസ്കയാണ്‌. അപറയാകട്ടെ യുവതിയും. ഒരപ്സര കന്യയുടെ പ്രതീതിജനിപ്പിക്കുന്നവിധം അഴകുള്ളവളാണ്‌ യുവതി. സാധാരണ വസ്ത്രങ്ങളാണ്‌ ഇരുവരും ധരിച്ചിരുന്നത്‌. യുവതിയുടെ മിഴികളിൽ നക്ഷത്രം വാസമുറപ്പിച്ചിട്ടുണ്ടോ എന്നു സംശയിക്കത്തക്കവിധം പ്രകാശമാനമാണ്‌. ആ മിഴികളുടെ പ്രകാശരശ്മി ആരുടെ മുഖത്ത്‌ പതിക്കുന്നുവോ അവരുടെ ഹൃദയത്തിൽ തീപ്പൊള്ളലിന്റെ നീറ്റം അനുഭവപ്പെടാം വിടർന്ന റോസാപ്പൂപോലാണ്‌ ആ മുഖം.


മൃദുലമായ നേരിയ പട്ടുവസ്ത്രം അവളുടെ അംഗലാവണ്യം പതിന്മടങ്ങ്‌ വർദ്ധിപ്പിച്ചു. ഇടയ്ക്കിടെ അവളുടെ ശിരസ്സിൽ നിന്നൂര്ർന്നിറങ്ങുന്ന ചേലാഞ്ചലം തൽസ്ഥാനത്ത്‌ സ്ഥാപിക്കാൻ അവൾ കാണിക്കുന്ന കലാപാടവം കാണികളുടെ മനംകുളിർപ്പിച്ചു. ഭംഗിയും ജീവനുമുള്ള ഒരു പാവപോലിരുന്നു അവൾ. താൻ എല്ലാവരുടെയും ആകർഷണപാത്രമായി വിലസുന്നു എന്ന വിചാരം അവളുടെ മുഖത്ത്‌ കാണുന്നില്ല.


വാദ്യോപകരണങ്ങൾ സ്വരംമേളിപ്പിച്ചു. ഗാനം ആലപിക്കേണ്ട സമയമായി. അപ്പോഴേയ്ക്കും "വരണം, വക്കീൽ സാറെ ഇരിക്കണം. എന്തേ ഇത്ര വൈകിയത്‌. എന്നുള്ള എരുമയുടേതുപോലുള്ള സ്വരം കേട്ടു രജനിയും അവിനാശനും തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത്‌ വക്കീൽ പത്മനാഭനെയാണ്‌.
സേട്ടുവിന്റെ അരികിൽ തന്നെ വക്കീൽ സ്ഥാനം പിടിച്ചു. ഇത്ര താമസിച്ചതെന്തേ രാജു" പത്മനാഭൻ മറുപടിപറയുംമുമ്പേ ഗാനം ആരംഭിച്ചു. കടിഞ്ഞാണിട്ടപോലെ എല്ലാവരും സ്റ്റേജിലേക്ക്‌ നോട്ടംപായിച്ചു. "കാണുക സഖീ എൻ കണ്ണനെ നീലക്കാർവർണ്ണനെ നികടേ" എന്നു പാടിയപ്പോഴേക്കും എല്ലാവരും ശ്വാസമടക്കി ചെവി കൂർപ്പിച്ചു ഏകാഗ്രതയോടെയിരുന്നു.


അമാവാസി ദിവസത്തിൽ അർദ്ധരാത്രിയിൽ പൂർണ്ണചന്ദ്രനെ കണ്ടാൽപോലും ജനങ്ങൾ ഇത്രയ്ക്കതിശയിക്കില്ല "നമ്മുടെ നാട്ടിൽ ഇത്ര കണ്ഠമാധുര്യമുള്ള സ്ത്രീകളുണ്ടോ' എല്ലാവരും ഇങ്ങനെ ചിന്തിച്ചുപോയി. ജനങ്ങളുടെ നയനങ്ങൾക്കു അമൃത്‌ വർഷിക്കുന്നതാണല്ലോ സ്ത്രീ സൗന്ദര്യം. അവർക്ക്‌ സ്വരമാധുര്യവുംകൂടി ഒത്തുചേർന്നാൽ അതിശയമല്ലേ.
ഗാനം എല്ലാവരെയും ആനന്ദലഹരിയിൽ ആറാടിച്ചു കൊണ്ടിരിക്കെ"ഇനി ഒന്ന്‌ ഭാവവും കാണിക്കട്ടെ" എന്ന പരുപരുത്ത ഒരു സ്വരം പുറകിൽ നിന്നും കേട്ടു. എല്ലാവരും അങ്ങോട്ടു തിരിഞ്ഞുനോക്കി. തക്കസമയത്തുതന്നെയാണ്‌ പറഞ്ഞത്‌ രാജു' എന്ന അഭിനന്ദവും തുടർന്ന്‌ സേട്ടുവിൽ നിന്ന്‌ കേട്ടപ്പോൾ ആ സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ ആരും പിന്നെ ശ്രദ്ധിച്ചില്ല.


ഗായിക തന്റെ ചുറ്റുവശവും സൗന്ദര്യാന്തരീക്ഷം സൃഷ്ടിച്ചുവരികയായിരുന്നു. സ്വരമാധുര്യം അന്തരീക്ഷത്തെ വളരെ തന്മയത്വമാക്കിത്തീർത്തു സൗന്ദര്യദേവതമൂർത്തി ഭാവം പൂണ്ട അവളുടെ കൈകളും കാലുകളും വിരലുകളും ഗീതത്തിന്റെ ഭാവം പ്രകടിപ്പിക്കാൻ തുടങ്ങി. അവളുടെ മുഖസൗന്ദര്യവും കടാക്ഷവിക്ഷേപങ്ങളും പ്രേക്ഷകരിൽ അനുകൂലവികാരം അങ്കുരിപ്പിച്ചു. ഗാനാലാപത്തോടൊപ്പം ഗാനത്തിലടങ്ങിയിരിക്കുന്ന മനോവികാരം ഒരു മുഗ്ദ്ധ, പ്രൗഡം ഇവർ എങ്ങനെ പ്രകടമാക്കുന്നു എന്നും ആ രീതി സ്വകീയചേഷ്ട, പരകീയചേഷ്ട, സാമാന്യ ചേഷ്ട ഇവയിൽ കൂടെ പ്രകടമാക്കിയതിനുശേഷം ഒരു സ്വാധീനപതിയായ വനിതയുടെ ഭാവവും കൂടെ അവസാനം പ്രകടമാക്കി കാണികളെ രസാർണവത്തിൽ ആമഗ്നരാക്കി.


രാസക്രീഡയിൽ രാധ ശ്രീകൃഷ്ണന്റെ പാണി എത്ര കൗശലത്തോടെയും കലാപരമായും പിടിച്ചു മറ്റു ഗോപാംഗനമാരിൽ നിന്നും അകറ്റി കൊണ്ടുപോയ ഭാഗം തന്മയത്വത്തോടെ അഭിനയിച്ച പ്രേക്ഷകരെ ആനന്ദസ്മിത നേത്രരാക്കി. അതോടൊപ്പം ഗാനവും കൂടി മേളിച്ചപ്പോൾ ആനന്ദലഹരിയിൽ ആറാടിയ ജനങ്ങൾ "ബലേ ഭേഷ്‌, ശബാശ്‌ എന്നീ അഭിനന്ദനങ്ങളെക്കൊണ്ട്‌ അന്തരീക്ഷം ശബ്ദായമാനമാക്കി.
"രജനീകാന്തൻ വന്നിട്ടുണ്ടോ" സേട്ടുതലയുയർത്തി ചുറ്റും നോക്കി.


ഇവിടെയുണ്ട്‌ സേട്ട്ജി" പുറകിൽ നിന്നൊരു ശബ്ദം കേട്ടു. എനിക്കറിയാം. താൻ വരാതിരിക്കില്ലെന്നും ആൾ രസികക്കുട്ടനല്ലേ, അവസരം പാഴാക്കുമോ, അല്ലങ്കിലേ ആളൊരു പുള്ളിയാണല്ലോ.
ഇല്ല സേട്ട്‌ ജി, ഞാനൊരു പാവമാണേ, കണ്ണുചിമ്മിക്കൊണ്ടാണിരിക്കുന്
നത്‌.
സേട്ടുവിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഗാനമേളകളിൽ ഇടയ്ക്കിടയ്ക്ക്‌ ഇങ്ങനത്തെ തമാശകളുണ്ടാകും. സേട്ടുവിന്റെ ശ്രദ്ധ എല്ലാവരിലും പതിയുന്നുണ്ടെന്നകാര്യവും. രജനിയുടെ മറുപടി കേട്ട എല്ലാവരും ഊറി ഊറിച്ചിരിച്ചു.


ഗാനം വീണ്ടും ആരംഭിച്ചു. രാസക്രീഡാ വേളയിൽ ശ്രീകൃഷ്ണൻ രാധയുമൊത്ത്‌ എങ്ങോ മറഞ്ഞുകളഞ്ഞു. ഗോപാംഗനകൾക്ക്‌ വിരഹദുഃഖം സഹിക്കാൻ കഴിഞ്ഞില്ല. അഭിമാനഭംഗം അവരെ കൂടുതൽ വിഷണ്ണകളാക്കി. അവർ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട്‌ ശ്രീകൃഷ്ണൻ മുമ്പിലുണ്ടെന്ന ഭാവത്തിൽ കൈകൾ മുന്നോട്ട്‌ നീട്ടിവലയം ചെയ്തു പുറകോട്ടായുന്ന ഭാഗം പാടി അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ മനസ്സ്‌ കിടന്നു പിടയാൻ തുടങ്ങി. അരസികർപോലും രസാർണ്ണവർണ്ണത്തിൽ നീന്തിത്തുടിക്കുന്ന രംഗം. അപ്പോൾ ഒരിടത്ത്‌ നിന്ന്‌ ഒരാൾ അയ്യോടി മോളേ എന്ന ശബ്ദം. അവിനാശനെന്നേ പല്ലുഞ്ഞെരിക്കുന്നതു, പാട്ടും നൃത്തവും രസിച്ചില്ലെന്നുണ്ടോ എന്ന രജനിയുടെ ചോദ്യവും. മിണ്ടാതിരിയെടാ മണ്ടശ്ശിരോമണി എന്ന സേട്ടുവിന്റെ എരുമനാഭത്തിലുള്ള ശാസനയും കേട്ടപ്പോൾ എല്ലാവരും നിശ്ശബ്ദരായി.


ആരാണീ ചിരിക്കുന്നത്‌.
ആലം മിയ ഒരുവന്റെ മറുപടി.
അതേ രാജു, അങ്ങോർക്ക്‌ ഇവിടെ ഇരിക്കാൻ വയ്യെങ്കിൽ ഓടട്ടെ ഏതെങ്കിലും വണ്ടിക്കു കുതിരയായിട്ട്‌, അരസികൻ. എന്താ രഘുനാഥ്‌, അങ്ങനെയല്ലേ.
കലാസ്വാദന വിഷയത്തിൽ തനിക്ക്‌ എത്രമാത്രം ശ്രദ്ധയും താൽപര്യവുമാണുള്ളതെന്ന്‌ അന്യർ മനസ്സിലാക്കണമെന്ന്‌ സേട്ടുവിന്‌ നിർബന്ധമുണ്ട്‌.
ആലംമിയ ഒരു നവാബിന്റെ പൂന്തോട്ടത്തിലെ മാനേജരാണ്‌. ജോലിയിൽ നിന്നും വിരമിച്ചശേഷം സേട്ടുവിന്റെ അതിഥിയായി ഒന്നു രണ്ട്‌ മാസം സേട്ടുവൊന്നിച്ചു താമസിക്കുക പതിവാണ്‌. രഘുനാഥ്‌ ദക്ഷിണേന്ത്യക്കാരനാണ്‌. ഗുജറാത്തിൽ ഒരു സ്റ്റേഷൻമാസ്റ്ററും സംഗീതജ്ഞനും സേട്ടുവിന്റെ മാന്യമിത്രങ്ങളിൽ പ്രഥമഗണനീയനുമാണ്‌. തലകുലുക്കിക്കൊണ്ടദ്ദേഹം പ്രതിവചിച്ചു. "ഒന്നാന്തരം, അല്ലെങ്കിലും സേട്ട്‌ ജി ഒരുക്കുന്ന പാട്ടുകച്ചേരി ഏതെങ്കിലും മോശമായിട്ടുണ്ടോ. ബഹുരസം".
അവിനാശൻ ആരുടെയും ശ്രദ്ധയിൽപെടാതെ ഇടയ്ക്കിടയ്ക്കു പല്ലു ഞെരിച്ചുകൊണ്ടിരുന്നു. രജനി ചോദിച്ചു. എന്തിനാണ്‌ കോപിക്കുന്നത്‌.
ഈ ഏഭ്യന്മാരെ ചാട്ടവാറുകൊണ്ടടിക്കേണ്ടതാണ്‌.
നല്ല പാട്ടും നൃത്തവും ആസ്വദിക്കാനിടവന്നതു കൊണ്ടോ.
ഇത്‌ കാണാനും കേൾപ്പിക്കാനും എന്നെ എന്തിന്‌ കൂട്ടിക്കൊണ്ടുവന്നു. എല്ലായിടത്തും സ്ഥിതി ഇങ്ങനെയാണോ?


സംഗീതത്തോടൊപ്പം ഭാവപ്രകടനവും കൂടിയാകുമ്പോൾ സദസ്യർ വികാരാവേശംകൊണ്ട്‌ അനിയന്ത്രിതാവസ്ഥയിലായിപ്പോകും. ഭാവപ്രകടനത്തിലെ വിലാസചേഷ്ട പ്രേക്ഷകരുടെ മനസ്സിലെ വിഷയവാഞ്ഛ മൂലം ദുഷിക്കുമ്പോൾ സദസ്യരെ അത്‌ ബാധിച്ചെന്നുവരും. ഒരു സുപരിത്രയായ വിരഹിണിയുടെ ഭാവംപോലും വാക്കു ദൃഷ്ടിപാതം ഇവ കൊണ്ട്‌ തന്മയത്വത്തോടെ അഭിനയിക്കുമ്പോൾ പ്രേക്ഷകരുടെ അസംതൃപ്തവും അസംസ്കൃതവുമായ ഹൃദയങ്ങളിൽ അശ്ലീലവിചാരങ്ങൾ അംഗരിച്ചുപോകും. അതനുസരിച്ച്‌ ചിലർ വിലാസചേഷ്ടകളും പ്രകടിപ്പിച്ചെന്നുവരും. സൗന്ദര്യം പ്രഭുത്വമാണു എന്നാൽ സാക്ഷാൽ ലക്ഷ്മി ഭഗവതി മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴും അവരുടെ മുമ്പിൽ ഭക്തജനങ്ങൾ കുത്സിതചേഷ്ടകൾ പ്രകടിപ്പിക്കുന്നത്‌ ശരിയാണോ? അവിനാശനു വേറുപ്പുണ്ടാക്കാൻ കാരണമതാണ്‌.


ഗായിക സദസ്യർക്ക്‌ താംബൂലദാനത്തിനിറങ്ങി ഓരോരുത്തർക്കും താംബൂലം നൽകി മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരുന്നു. അവിനാശന്റെ മുമ്പിൽ ചെന്നു കൊണ്ട്‌ താംബൂലം നീട്ടി. അയാൾ വാങ്ങാൻ മടിച്ചും എടുക്കണം, താംബൂലമാണ്‌. അയാൾ താംബൂലം വാങ്ങി അവൾ ചീറിച്ചുകൊണ്ട്‌ മുമ്പോട്ട്‌ നീങ്ങി.
നിങ്ങൾക്ക്‌ ആളെമനസ്സിലായോ" രജനി.
കണ്ടിട്ടുള്ളത്പോലെ തോന്നുന്നു.
ഒന്നോ രണ്ടോ രൂപ ആ കൈയിൽ വച്ചു കൊടുക്കേണ്ടതായിരുന്നു. രജനി.
എന്തിന്‌?
സംഗീതസദസ്സുകളിൽ അത്‌ പതിവാണ്‌.
എനിക്കാസമ്പടായം ഇഷ്ടമല്ല.


ഒരു ശബ്ദം കേട്ട്‌, എല്ലാവരും ആ വശത്തേയ്ക്കു തിരിഞ്ഞു നോക്കി. കീകാസേട്ടുവിന്റെ കൈ വിടുവിക്കാൻ ഗായിക പാടുപെടുകയാണ്‌. കീകാ സേട്ടുവിന്‌ താബൂലം നീട്ടിയപ്പോൾ നീട്ടിയ കൈയിൽ രസികശിരോമണിയായ 'രാജു' സേട്ടു പിടിച്ചു കളഞ്ഞു സദസ്സാകെ ചിരികൊണ്ട്‌ മുഖരിതമായി. ഗായികയുടെ മുഖം ചെമ്പരത്തിപ്പൂപോലെ ചുവന്നും കണ്ണുകൾ തീക്ഷ്ണങ്ങളായി.
രാജേശ്വരിയെന്നേ ആ തടിയൻ മാക്രിക്കു മുഖത്തുതന്നെ ഒരു ചവിട്ട്‌ സമ്മാനമായി കൊടുത്തില്ല. അവിനാശൻ കൂറച്ച്‌ ഉറക്കെത്തന്നെ പറഞ്ഞു. രാജേശ്വരിയാണ്‌ ഗായിക. തീവണ്ടിയിൽ വച്ചു മുറിഞ്ഞ കൈവിരലിൽ ശീലചുറ്റിക്കൊടുത്ത അതേ രാജേശ്വരി. തീവണ്ടിയാൽ വച്ചു താംബൂലം കൊടുത്തവൾ.
"അങ്ങനെ ചെയ്താൽ അവൾക്ക്‌ 500 രൂപ നഷ്ടപ്പെടും.


ഈ 500 രൂപയ്ക്ക്‌ വേണ്ടി ഇത്രത്തോളം അവമാനം സഹിക്കണേ"
ചങ്ങാതി ഇതൊരു വിനോദമല്ലേ, എല്ലാവരുടെയും മുമ്പിൽവച്ച്‌ ഇങ്ങനെ ഒരു പിടിയും വലിയും നടക്കുന്നത്‌ അവർക്കും ഒരഭിമാനമാണ്‌. സേട്ടുവിനെ അവർക്കു നല്ല പരിചയമാണ്‌. ഞാൻ മുമ്പൊരിക്കൽ പറഞ്ഞതോർക്കുന്നുണ്ടോ വക്കീൽ പത്മനാഭൻ ഒരു വീട്ടിൽ പോകാറുണ്ടെന്ന്‌. അതിവരുടെ വീട്ടിലേക്കാണ്‌.


സേട്ടുവിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട രാജേശ്വരി സ്വസ്ഥാനത്ത്‌ ചെന്നിരുന്നു. ആനന്ദസാഗരത്തിൽ നീന്തിതുടിച്ചസേട്ടു തന്റെ വിരലിൽ കിടന്നിരുന്ന രത്നാംഗുലീയം ഊരി രാജേശ്വരിയുടെ മുമ്പിൽ എറിഞ്ഞുകൊടുത്തു. സദസ്യർ ചിരിയും അട്ടഹാസവും മുഴക്കിക്കൊണ്ടിരുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീ മോതിരമെടുത്തു സൂക്ഷിച്ചു വച്ചു.
വക്കീൽ സാറിന്‌ താംബൂലം കൊടുത്തില്ലല്ലോ?
ഇനി ആർക്കും കൊടുത്തില്ലെങ്കിലെന്താ
മുഖം മറച്ചുവച്ചു കൊണ്ട്‌ കൊടുത്താൽ മതി.
ആലം മിയ തൊടുത്തുവിട്ടു. സദസ്സാകെ ചിരിയും ഹസ്തത്താദ്ധവും തുടങ്ങി. ബലേഭേഷും പൊടിപൊടിച്ചു. ആലംമിയയുടെ പരിഹാസം കേട്ടു രാജേശ്വരിയുടെ മുഖം ചുമന്നു. അവളുടെ മാതാവ്‌ ജാനകി ആലംമിയയെ നോക്കി തൊഴുതുകൊണ്ട്‌ പറഞ്ഞു" അവിടുത്തെപ്പോലുള്ളവരുടെ ഔദാര്യം കൊണ്ടാണ്‌ ഞങ്ങൾ ജീവിക്കുന്നത്‌. എങ്ങനെ പറഞ്ഞോ അങ്ങനെ ചെയ്യാം. ഇതൊന്നും കൂട്ടാക്കാതെ രാജേശ്വരി വേറെ ഗാനം തുടങ്ങി.