സാജു പുല്ലൻ
കാഴ്ചകൾ തിങ്ങി കയറി
കണ്ണുകൾ
പുറത്തേക്ക് തൂങ്ങുന്നു
കേൾവികൾ
ചെവിക്കുള്ളിൽ കടന്ന്
പതുങ്ങിയിരുന്ന്
പിന്നിൽ നിന്ന് കുത്തുന്നു
ശബ്ദം
തൊണ്ടച്ചതുപ്പിൽ
കുതറി
കുഴഞ്ഞു
താണ് താണ് പോകുന്നു
ജല വഴിയിലേക്കിറങ്ങാനാഞ്ഞ
കൈകാലുകളുടെ താളം
വഴിതെറ്റി നിൽക്കുന്നു
നിറഞ്ഞ നദിയിൽ
ഇവയ്ക്കൊക്കെയും വേദിയായ
എന്നെയും ഏറ്റി
അഴിമുഖത്തേക്കു കുതിക്കുന്നു
ഒരു തോണി ...
ഏതെങ്കിലും ഒരു കരയിലേക്ക്
അടുപ്പിക്കൂ
തോണിക്കാരാ...
യാത്രയുടെ ഭാരം താങ്ങാതെ
തോണി ഉലയുന്നത്
കാണുന്നില്ലേ...