റിട്ടയർ ചെയ്തു കഴിഞ്ഞപ്പോൾ പ്രതാപന്റെ രചനാകൗതുകം പതുജീവൻ നേടി. പേരച്ചടിച്ചു കാണുക ആനന്ദം മാത്രമല്ല, ആർത്തിയുമായി. ഇങ്ങനെ വല്ലപ്പോഴും പേരച്ചടിച്ചു വന്നാൽപോരാ, ആഴ്ചതോറും അച്ചടിച്ചു കാണണം എന്നൊരു മോഹം അയാൾക്കുണ്ടായി. ജീവിതാന്ത്യം വരെ അതങ്ങനെ തുടരണം. കഴിയുമെങ്കിൽ ജീവിതമവസാനിച്ചാലും തന്റെ രചന വാരികകളിൽ തുടർന്നുകൊണ്ടിരിക്കണം. ഈ ആഗ്രഹം സാധിക്കാനെന്തുണ്ട് മാർഗ്ഗം എന്ന് അയാൾ തലപുകഞ്ഞാലോചിച്ചു.
ഒട്ടു നട്ടപ്പാതിരയ്ക്ക് അയാളുടെ മുറിക്കുള്ളിൽ നിന്ന് 'യുറേക്കാ' എന്ന വിളികേട്ട് സമീപവാസികൾ ഞെട്ടിയുണർന്നു. ഓടിക്കൂടി. അമ്പരന്നുപോയ അയൽവാസികൾക്ക് അയാൾ ഇങ്ങനെ വിശദീകരണം നൽകി: "എന്റെ ജീവിതലക്ഷ്യം നേടാനുള്ള മാർഗ്ഗം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഞാൻ അനശ്വരനായ ഒരെഴുത്തുകാരനാവാൻ പോകുകയാണ്."
പ്രതാപചന്ദ്രൻ അനശ്വരനായ എഴുത്തുകാരനാവാൻ വേണ്ടി കണ്ടെത്തിയ മാർഗ്ഗം ഇതായിരുന്നു. ഒരു വാരികയിൽ സ്ഥിരം പംക്തി തുടങ്ങുക. ഒരിക്കലും അവസാനിക്കാൻ പാടില്ലാത്തത്തായിരിക്കണം വിഷയം. തന്റെ മരണശേഷവും പംക്തി തുടർന്നുകൊണ്ടുപോകുവാൻ കഴിയണം. പ്രതാപചന്ദ്രൻ അതിനുപറ്റിയ ഒരു വിഷയവും കണ്ടെത്തി. "ജീവിതം എനിക്ക് എന്തു തന്നു?" എന്നാണ് പംക്തിയുടെ ശീർഷകം. പംക്തിയിൽ പ്രതാപചന്ദ്രന്റെ ആകെക്കൂടെയുള്ള എഴുത്തും ഈ ചോദ്യത്തിലൊതുങ്ങുന്നു. അതെ. 'ജീവിതം എനിക്ക് എന്തു തന്നു?' എന്നു മാത്രമേ പ്രതാപചന്ദ്രൻ എഴുതുന്നുള്ളു. ബാക്കിയെല്ലാം ഈ ചോദ്യത്തിനു മറുപടി പറയാൻ തിരഞ്ഞെടുക്കപ്പെടുന്നയാളിന്റെ രചനാ സാമാർത്ഥ്യമാണ്. ചിലർ പൊടിപ്പും തൊങ്ങലും വച്ച് ജീവിതം തങ്ങൾക്കു തന്ന കാര്യങ്ങളെപ്പറ്റി എഴുതും. ആർ എന്തെഴുതിയാലും പംക്തി പ്രതാപചന്ദ്രന്റെ പേരിൽ തന്നെ അച്ചടിച്ചുവരും. ജീവിതത്തിന്റെ ഏതു തുറയിൽപ്പെട്ടവരേയും പംക്തിയിൽ ഉൾപ്പെടുത്താമെന്നതിനാൽ പംക്തിക്ക് വിഷയദാരിദ്ര്യമില്ല. ലോകമുള്ള കാലത്തോളം പംക്തി തുടർന്നു പോകുകയും ചെയ്യാം.
'നവകേരള സംസ്കാരം' വാരികയാണ് പ്രതാപചന്ദ്രന്റെ പംക്തിക്ക് പച്ചക്കൊടി കാട്ടിയത്. പത്രാധിപരുടെ അച്ഛന്റെ അനുഭവത്തോടെയാണ് പംക്തി പ്രസിദ്ധീകരണമാരംഭിച്ചതു. ഇടമുറിയാതെ പംക്തി പ്രസിദ്ധീകരിക്കപ്പെട്ടുപോന്നു. വളരെ യാദൃശ്ചികമായി പേരച്ചടിച്ചു കണ്ട് ആനന്ദം കൊള്ളുന്നതിനുപരിയായി പംക്തിക്ക് ഒരു പ്രയോജനമുണ്ടെന്ന് പ്രതാപചന്ദ്രൻ കണ്ടെത്തി. ഒരയൽക്കാരനുമായി ചില്ലറ കശപിശയുണ്ടായിരുന്നു അയാൾക്ക്. അയൽക്കാരനെ ഒതുക്കാൻ പോലീസിന്റെ സഹായം അഭ്യർത്ഥിച്ചിട്ട് കിട്ടിയിരുന്നില്ല. പെട്ടെന്ന് പ്രതാപചന്ദ്രനൊരു വെളിപാടുണ്ടായി. സ്ഥലം സർക്കിൾ ഇൻസ്പെക്ടറെ തന്റെ പംക്തി വഴി ഒന്നു സുഖിപ്പിച്ചാലോ എന്ന്. അങ്ങനെ ഒരു രാഷ്ട്രീയ നേതാവിനെ തല്ലാൻ തനിക്കവസരം ലഭിച്ചതാണ് ജീവിതം തനിക്കു നൽകിയനേട്ടമെന്ന് വിവരിച്ചെഴുതിയ സി.ഐ.യുടെ ലേഖനവും ഫോട്ടോയും 'നവകേരള സംസ്കാര'ത്തിൽ അച്ചടിച്ചു വന്നു. പത്രസമ്മേളനം നടത്തി പബ്ലിസിറ്റി നേടുന്ന പോലീസ് ആഫീസർമാരേക്കാൾ സംതൃപ്തി ഈ പംക്തി സി.ഐക്കു നൽകി. അതിന്റെ ഫലമായി, പ്രതാപചന്ദ്രന്റെ അയൽക്കാരൻ സാമാന്യം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഈ സംഭവം പ്രതാപചന്ദ്രന് ആഹ്ലാദത്തോടൊപ്പം അനുഭവപാഠവും നൽകി. ഭാര്യയ്ക്ക് ഓപ്പറേഷൻ നടത്തിയ ഡോക്ടറെയും മകന് മാർക്കിട്ട പരീക്ഷകനെയും പംക്തിയിൽ ഉൾപ്പെടുത്തി അയാൾ നേട്ടങ്ങളുണ്ടാക്കി. സാംസ്കാരിക മന്ത്രിയെ പംക്തിയിൽ കൊണ്ടുവന്നതിന്റെ ഫലമായി ഒരു അക്കാദമി അംഗത്വം തരപ്പെട്ടു. തുടർന്നങ്ങോട്ട് ഈ വിധത്തിൽപ്പെട്ട പല നേട്ടങ്ങളും 'ജീവിതം എനിക്ക് എന്തു തന്നു? എന്ന പംക്തി പ്രതാപചന്ദ്രനുണ്ടാക്കിക്കൊടുത്
തന്റെ പംക്തിയിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രധാനികളായ  ആയിരത്തിയൊന്നുപേരുടെ മറുപടിക്കുറിപ്പുകളടങ്ങിയ ഒരു പുസ്തകം 'ജീവിതം  എനിക്ക് എന്തുതന്നു' എന്ന പേരിൽത്തന്നെ പ്രതാപചന്ദ്രൻ പ്രസിദ്ധം ചെയ്തു.  അപ്പോഴാണ് അയാളിൽ ഒരു പുതിയ മോഹത്തിന്റെ വിത്ത് വീണത്. ഇത്രയുമൊക്കെയായ  സ്ഥിതിക്ക് തനിക്ക് ഒരവാർഡ് കൂടി കിട്ടേണ്ടതല്ലേ? 
പയ്യെപ്പയ്യെ അവാർഡ്മോഹം അയാളിൽ ഒരാക്രാന്തമായി വളർന്നു. ഏതെങ്കിലും  അവാർഡ് കിട്ടിയിട്ടുകാര്യമില്ല. മലയാള സാഹിത്യത്തിലെ ഏറ്റവും  പ്രെസ്റ്റീജിയസ് എന്നു വിശ്വസിക്കപ്പെടുന്ന ഇല്ലിക്കാടൻ അവാർഡ് തന്നെ  കിട്ടണം. അന്തരിച്ച നോവലിസ്റ്റ് ഇല്ലിക്കാടന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ  ഈ അവാർഡിന് ഭൈമീകാമുകന്മാരുടെ നീണ്ടനിരയുണ്ടെന്നകാര്യം പ്രതാപചന്ദ്രന്  അറിയാതെയല്ല. പക്ഷേ, എന്തു ചെയ്യാം? മോഹിച്ചുപോയി. മോഹം നാമ്പെടുത്ത  മുതലയ്ക്ക് പ്രതാപചന്ദ്രൻ കരുനീക്കവും തുടങ്ങി. 
ഇല്ലിക്കാടൻ അവാർഡിന് അഞ്ച് സ്ഥിരം കമ്മിറ്റിയംഗങ്ങളുണ്ട്. ഇവരാണ്  സാധാരണയായി തീരുമാനങ്ങളെടുക്കാറ്. ആയിരം വായനക്കാരുടെ ഒരു പാനലുമുണ്ട്. ഈ  വായനക്കാരുടെ നിർദ്ദേശങ്ങളും പരിഗണനയ്ക്കു വരും. ഇല്ലിക്കാടൻ അവാർഡിനുള്ള  ഒരു സവിശേഷനിയമം എന്താണെന്നു വച്ചാൽ ആയിരം വായനക്കാരും ഒരേ പേരു  നിർദ്ദേശിക്കുകയാണെങ്കിൽ ജഡ്ജിംഗ് കമ്മിറ്റി അതു സ്വീകരിക്കണമെന്നാണ്.  'ഭിന്നരുചിർഹിലോകാ:' എന്ന് പ്രമാണമുള്ളതുകൊണ്ട് അങ്ങനെയൊന്ന് ഒരിക്കലും  സംഭവിക്കുകയില്ലല്ലോ.
കരുനീക്കം തുടങ്ങിയ വേളയിൽത്തന്നെ പ്രതാപചന്ദ്രൻ കണ്ടെത്തിയ സന്തോഷകരമായ  വസ്തുത കമ്മിറ്റിയിലെ അഞ്ചുപേരിൽ രണ്ടുപേരെ താൻ ഇതിനകം തന്നെ 'ജീവിതം  എനിക്ക് എന്തുതന്നു?' പംക്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്.  കമ്മിറ്റിയുടെ സ്ഥിരം പ്രസിഡന്റായ സാഹിത്യകുലപതിയാവട്ടെ തന്റെ  ഗ്രന്ഥത്തിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു! ആ നിലയ്ക്ക് അഞ്ചിൽ  രണ്ടുപേർ തനിക്കനുകൂലമായി കഴിഞ്ഞിരിക്കുന്നു എന്ന സംഗതി പ്രതാപചന്ദ്രന്റെ  ലക്ഷ്യപ്രാപ്തിക്കുള്ള മാർഗ്ഗക്ലേശം ലഘുവാക്കി. ബാക്കി മൂന്നുപേരെക്കൂടി  പംക്തിയിൽ കയറ്റുകയെന്നതായി അയാളുടെ അടുത്തയത്നം. മറ്റുള്ളവർക്കയച്ച പോലെ  കത്തുകളയച്ചല്ല അയാൾ അവരുമായി ബന്ധപ്പെട്ടത്. തന്റെ ചോദ്യവുമായി അവരെ  നേരിട്ടു തന്നെ കാണുകയാണു ചെയ്തത്. മറ്റുള്ളവരോട് തപാലിൽ പാസ്പോർട്ട്  സൈസ് ഫോട്ടോകൾ അയച്ചുകൊടുക്കാനാവശ്യപ്പെടുകയാ
മൂന്നുപേരുടെയും കുറിപ്പുകൾ ഒരുമിച്ചുകൊടുത്താൽ കള്ളി വെളിച്ചതാവുമെന്നു  ഭയന്ന പ്രതാപചന്ദ്രൻ മൂന്നുമാസത്തിനുള്ളിൽ പല സമയത്തായിട്ടാണു  പ്രസിദ്ധീകരണത്തിന് കൊടുത്തത്. എല്ലാം അച്ചടിച്ചു പുറത്തു  വന്നു  കഴിഞ്ഞപ്പോൾ അയാൾ അഞ്ചംഗങ്ങളേയും വെവ്വേറെ കണ്ടു തന്റെ ഇംഗിതമറിയിച്ചു.
ഇല്ലിക്കാടൻ അവാർഡിന്റെ അടുത്ത കമ്മിറ്റിയോഗം ചർച്ചയ്ക്കെടുത്ത വിഷയം  പ്രതാപചന്ദ്രന് അവാർഡ് നൽകണോ എന്നതായിരുന്നു. പ്രശസ്തരായ നിരവധി  സാഹിത്യകാരന്മാരുടെ പേരുകൾ അവർക്കു മുന്നിൽ കലപിലകൂട്ടിക്കൊണ്ടിരുന്നു.  വായനക്കാരുടെ പാനൽ അയച്ച അസംഖ്യം പേരുകൾ വേറെയും.
കമ്മിറ്റിയിൽ അദ്ധ്യക്ഷനുൾപ്പെടെ രണ്ടുപേർ പ്രതാപചന്ദ്രന് അവാർഡ്  കൊടുക്കണം എന്ന അഭിപ്രായക്കാരായിരുന്നു. ഒരാൾ അവാർഡ് കൊടുക്കാം പക്ഷേ  വേണ്ട എന്നൊരഭിപ്രായം കാച്ചി. ശേഷിച്ച രണ്ടുപേർ അവാർഡ് കിട്ടാനുള്ള യോഗ്യത  പ്രതാപചന്ദ്രനില്ല എന്നഭിപ്രായപ്പെട്ടു. ചില സ്വകാര്യമായ അസ്വസ്ഥതകൾ  ഇപ്പറഞ്ഞ ഇരുവർക്കുമുണ്ടായിരുന്നു. അതിലൊരാൾക്ക് സമാഹാരഗ്രന്ഥത്തിൽ തന്റെ  എൻട്രി ഇല്ലാതെപോയതിന്റെ വിഷമമായിരുന്നുവേങ്കിൽ അപരന് പ്രതാപചന്ദ്രന്റെ  പംക്തിയിൽ തന്നെ ഉൾപ്പെടുത്തിയത് തന്നെക്കാൾ പ്രശസ്തികുറഞ്ഞ പലർക്കും  ശേഷമാണ് എന്നതിന്റെ ചൊരുക്കായിരുന്നു. അദ്ധ്യക്ഷൻ പ്രതാപചന്ദ്രനെ  സ്വകാര്യമായി വിളിച്ച് കാര്യം പറഞ്ഞു. പ്രതാപചന്ദ്രന് അവാർഡ്  നൽകാമെന്ന് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ അടുത്ത 15  വർഷങ്ങൾക്കു ശേഷം പ്രതാപചന്ദ്രന് ഇല്ലിക്കാടൻ അവാർഡ്  ലഭിക്കുന്നതായിരിക്കും. 
കമ്മിറ്റിയുടെ ഈ തീരുമാനം കേട്ട പ്രതാപചന്ദ്രൻ ഞെട്ടി. നീണ്ട 15 വർഷങ്ങൾ!  അതു കഴിയുമ്പോൾ താൻ ജീവിച്ചിരിക്കുമെന്ന് ആരറിഞ്ഞു? ഗതികെട്ട് അയാൾ  അധ്യക്ഷനു മുന്നിൽ നിന്നു വിതുമ്പി. ഗദ്ഗദാക്ഷരങ്ങളിൽ അയാൾ പറഞ്ഞു. "എന്റെ  മനസ്സിൽ ഒരു സ്വപ്നമുണ്ടായിരുന്നു. 'ജീവിതം എനിക്ക് എന്തു തന്നു?'  പംക്തിയിൽ മരിക്കും മുമ്പ് എന്റെ മറുപടിയും ഒന്നെഴുതണം. എന്റെ മറുപടി  ഇതായിരിക്കും. ' ജീവിതം എനിക്ക് ഇല്ലിക്കാടൻ അവാർഡ് തന്നു.' ആ  സ്വപ്നമാണ് ഇപ്പോൾ തകർന്നുവീഴുന്നത്.' പ്രതാപചന്ദ്രൻ തേങ്ങൽ  തുടർന്നുകൊണ്ടേയിരുന്നു.
അധ്യക്ഷന് കഠിനമായ സഹതാപം തോന്നി. പ്രതാപചന്ദ്രനെ എങ്ങനെ  ആശ്വസിപ്പിക്കേണ്ടു എന്നറിയാതെ അദ്ദേഹം കുഴങ്ങി. ഒടുവിൽ അദ്ദേഹം തന്നെ ഒരു  പോംവഴി കണ്ടെത്തി. ഏങ്ങലടിക്കുന്ന പ്രതാപചന്ദ്രനോട് അദ്ദേഹം പറഞ്ഞു.
"ഒരു വഴിയുണ്ട്. ഒരേ ഒരു പോംവഴി".
പ്രതാപചന്ദ്രൻ പ്രത്യാശയോടെ ചെവികൂർപ്പിച്ചു നിന്നു. 
" ഇല്ലിക്കാടൻ  അവാർഡിന്റെ ആയിരംപേരടങ്ങുന്ന വായനക്കാരുടെ പാനൽ ഒന്നടങ്കം ഒരു പേര്  നിർദ്ദേശിച്ചാൽ ആ വ്യക്തിക്കു തന്നെ അവാർഡ് നൽകണമെന്നാണു നിയമം. പക്ഷേ,  ആയിരത്തിൽ ഒന്നുപോലും കുറയാൻ പാടില്ല. ആ വഴിക്കൊന്നു നോക്കിക്കൂടേ?"
നിശ്ചയദാർഢ്യത്തോടെ പ്രതാപചന്ദ്രൻ അധ്യക്ഷന്റെ മുറി വിട്ടിറങ്ങി.
അതുകൊണ്ട്  വായനക്കാരാ, ഇല്ലിക്കാടൻ അവാർഡിന്റെ പാനലിൽപ്പെട്ട വ്യക്തിയാണു  നിങ്ങളെങ്കിൽ പ്രതാപചന്ദ്രനെ നോമിനേറ്റ് ചെയ്യാൻ മറക്കാതിരിക്കുക.