Followers

Showing posts with label v dethan. Show all posts
Showing posts with label v dethan. Show all posts

Tuesday, November 30, 2010

ലേബല്‍ പതിയാത്ത പെണ്‍കരുത്ത്


v dethan
"ചപലകളായും അബലകളായു-
മപമാനം നമുക്കിയറ്റും തണ്ടപ്പേര്‍
നിഘണ്ടുവില്‍ പോലും സ്ഥലം പിടിയ്ക്കായ് വാ-
നകന്മഷം യത്നം തുടരണം നമ്മള്‍" എന്ന് സ്ത്രീ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത് ഇപ്പോഴത്തെ "പെണ്ണെ
ഴുത്ത്" ലേബല്‍ പേറുന്ന പുത്തന്‍ സാഹിത്യ സിംഹികളാരുമല്ല.സ്വന്തം സൃഷ്ടികളും ജീവിതവും കൊണ്ട് യ
ഥാര്‍ത്ഥ പെണ്‍ കരുത്ത് എന്തെന്ന് കാണിച്ച മുതുകുളം പാര്‍വ്വതി അമ്മയാണ്.ഇതു പോലെ കരുത്തുറ്റ ആഹ്വാ
നം ആധുനിക കാലത്തു പോലും ഒരു കവയിത്രിയും നടത്തിയിട്ടുമില്ല.

'അടിസ്ഥാനമെന്യേ പടുത്തു കെട്ടിയ
കരുത്തെഴും മാമൂല്‍ പ്പെരും മതിലിനെ
അടിച്ചുടയ്ക്കണം പരമ ധര്‍മ്മമാം
തടിച്ച ദണ്ഡിനാല്‍ നിരങ്കുശം' എന്ന് വീറോടെ ഉദ്ബോധനം ചെയ്യുന്ന കവയിത്രിയുടെ ധീരത ബോദ്ധ്യമാകണമെ
ങ്കില്‍ അവര്‍ ജീവിച്ച കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലം കൂടി അറിയണം."നരനു നരനശുദ്ധവസ്തുവാ
യി"കരുതിയിരുന്ന അന്ന് അധ:സ്ഥിതര്‍ക്കും പിന്നോക്കക്കാര്‍ക്കും വിദ്യാഭ്യാസം ലഭിക്കുക തന്നെ വളരെ പ്രയാ
സം.അപ്പോള്‍ ആ വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ? ഇത്തരം എണ്ണമറ്റ പ്രതികൂ
ല സാഹചര്യങ്ങളെ അതിജീവിച്ചാണ് മുതുകുളം പാര്‍വ്വതി അമ്മ പൊതു ജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ഹൈസ്കൂള്‍ വിഭ്യാസത്തിനു ശേഷം അദ്ധ്യാപികയായി ജോലി ലഭിച്ച അവര്‍ പ്രൈവറ്റായി പഠിച്ച് വിദ്വാന്‍ പരീക്ഷ പാസ്സായി.തുടര്‍ന്ന് ബിരുദവും നേടി.കവിതാ രചനയിലും പ്രസംഗത്തിലും ചെറുപ്പം മുതല്‍ മിടുക്കു കാണിച്ചിരുന്നു.

പതിനെട്ടാമത്തെ വയസ്സു മുതല്‍ പാര്‍വ്വതിഅമ്മ പ്രസംഗിക്കാന്‍ തുടങ്ങിയതാണ്.കേരളത്തില്‍ അവര്‍ പ്രസംഗി
ക്കാത്ത സ്ഥലങ്ങള്‍ ചുരുക്കമാണ്. സഹോദരന്‍ അയ്യപ്പന്‍,സ്വാമിആര്യഭടന്‍,മന്നത്തു പത്മനാഭന്‍,മൂര്‍ക്കോത്ത് കുമാരന്‍, കെ.പി.കേശവ മേനോന്‍,പ്രൊ.എന്‍.ഗോപാല പിള്ള, മഹാകവി ജി.ശങ്കരക്കുറുപ്പ് തുടങ്ങിയ അന്ന
ത്തെ മികച്ച പ്രഭാഷകരോടൊപ്പം പല വേദികളും അവര്‍ പങ്കിട്ടിട്ടുണ്ട്. പ്രഭാഷണത്തിലുള്ള കഴിവ് അവരെ കൂടുതല്‍ പ്രശസ്തയും പൊതുജന സ്വീകാര്യയും ആക്കി.പറയുന്നത് ശ്രോതാക്കളുടെ മനസ്സില്‍ ശക്തമായി പതി
ക്കണമെങ്കില്‍ ഭാഷ ലളിതമാകണമെന്ന് അവര്‍ തിരിച്ചറിഞ്ഞു.ആ അറിവ് അവരുടെ കവിതയേയും ലളിതവും മനോഹരവുമാക്കി മാറ്റി.അന്നു ജീവിച്ചിരുന്ന കവയിത്രികളില്‍ മുതുകുളം പാര്‍വ്വതി അമ്മയെ പ്പോലെ പ്രസംഗ ചാതുര്യമുള്ളവര്‍ ഇല്ലായിരുന്നു.ഈ പ്രഭാഷണ സാമര്‍ത്ഥ്യവും കവന ശേഷിയും സ്ത്രീകള്‍ ഉള്‍പ്പെടെ അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി അവര്‍ വിനിയോഗിച്ചു.

"കടുത്ത ദുര്‍മ്മാര്‍ഗ്ഗ നികൃഷ്ട ഭിത്തി-
യുടച്ചു മാമൂലുകള്‍ വെട്ടിനീക്കി
തടസ്സ മാറാലകള്‍ മാറ്റിയാര്‍ക്കും
പടുത്വമേറും പടയാളിയായി" മാറുവാന്‍ അവര്‍ മഹിളകളോട് അഭ്യര്‍ത്ഥിച്ചു.

സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും പെണ്ണെഴുത്തു സംഘങ്ങളും കേരളത്തില്‍ വേരുപിടിക്കുന്നതിനും വളരെ മുമ്പ്
അത്തരം ലേബലുകളും ഊന്നുവടികളും ഇല്ലാതെ സ്ത്രീകളുടെ പുരോഗതിയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച മുതുകുളം പാര്‍വ്വതി അമ്മയെ പുതിയ സ്ത്രീരക്ഷകര്‍ അറിയുന്നില്ല;അഥവാ അങ്ങനെ നടിയ്ക്കുന്നു."സാഹിത്യത്തിലെ പരമ്പരാഗതമായ വിലാപങ്ങള്‍ പുരുഷ പക്ഷത്തു നിന്നുള്ളതായിരുന്നല്ലോ" എന്നും "മലയാളത്തിലെ മുഴുവന്‍ വിലാപ കാവ്യങ്ങളും പുരുഷ നിര്‍മ്മിതമാണ്"എന്നും ആണ് അടുത്തകാലത്ത് പ്രമുഖ വാരികയില്‍ ഒരു പെണ്ണെഴുത്തു പുലി തട്ടി വിട്ടത്.കുമാരനാശാന്‍ മരിച്ചപ്പോള്‍ രചിക്കപ്പെട്ട "ഒരു വിലാപം" എന്ന വിലാപകാവ്യ
ത്തിന്റെ കര്‍ത്താവ് മുതുകുളം പാര്‍വ്വതി അമ്മയാണ്.

തന്റെ ഗുരുനാഥയായിരുന്ന മേരി.സി.കോശിയുടെ പത്തു വയസ്സുള്ള മകള്‍ മരിച്ചപ്പോള്‍ പാര്‍വ്വതി അമ്മ
എഴുതിയ വിലാപ കാവ്യമാണ് "മാതൃ വിലാപം".മലയാളത്തിലെ സകല വിലാപകാവ്യങ്ങളുടെയും രചനാകര്‍
ത്തൃത്വം പുരുഷന്മാരുടെ മേല്‍ കെട്ടി വയ്ക്കുന്നവര്‍ സ്വന്തം അജ്ഞത വെളിപ്പെടുത്തുക മാത്രമല്ല,തന്റെ നാ
വും പേനയും വനിതകളുടെ സ്വാതന്ത്ര്യത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ വിനിയോഗിച്ച
പ്രഗത്ഭയായ മഹിളയെ അവഹേളിക്കുകയും കൂടിയാണു ചെയ്യുന്നത്.

പുരുഷ വിദ്വേഷം പുതച്ച സ്ത്രീ ശാക്തീകരണമായിരുന്നില്ല മുതുകുളം പാര്‍വ്വതി അമ്മ ഉന്നമിട്ടിരുന്നത്.അതു
കൊണ്ടു കൂടിയാകാം ആധുനിക പെണ്ണെഴുത്തുകാര്‍ അവരെ കാണാതെ പോയത്.അത്തരക്കാര്‍ അവഗണി
ച്ചാലും തമസ്ക്കരിച്ചാലും "പൂവിലും പുഴുവിലും, പാവമാമജത്തിലും ജീവകാരുണ്യാമൃതം വര്‍ഷിച്ച " ഗുരു
വിന്റെയും ഗാന്ധിജിയുടെയും ആദര്‍ശങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്ത്തിച്ച പാര്‍വ്വതി അമ്മ
യുടെ പ്രഭ മങ്ങുകയില്ല.അവര്‍ മലയാളത്തിനു നല്‍കിയ സംഭാവനകളുടെ മാറ്റു കുറയുകയുമില്ല.

.............................

Monday, October 25, 2010

എരിഞ്ഞടങ്ങല്‍


v dethan

ചിതയില്‍ തീയുടെ ചുവന്ന നാവുകള്‍
ചികയുന്നമ്മ തന്‍ മൃത ശരീരത്തെ
നരക വേദന സഹിച്ചു നീറിയ
കരാള രാവുകള്‍ക്കറുതിയാകുന്നു;
പല ജന്മത്തിലെ പരമ ദു:ഖങ്ങ-
ളൊരുമിച്ചേകിയ വടുക്കള്‍ മായുന്നു.

അതുല സൗഭാഗ്യ പ്രഭ പരത്തിലു-
മൊളി കെടുത്തിയ പുലരി;യോര്‍ക്കാതെ-
യകാല വൈധവ്യ മിരുള്‍ പരത്തിയ
ചകിത മദ്ധ്യാഹ്നം;തനയര്‍ നീട്ടിയ
തരള ഹസ്തങ്ങള്‍ തനിക്കു വേണ്ടെന്നു
ശഠിച്ച സായാഹ്നം;കടുത്തൊരീ ജീവ-
കഥ കനലുകള്‍ കടിച്ചു തിന്നുന്നു;
കരിയായ്,ചാരമായ് പരിണമിക്കുന്നു.

സ്വയമുരുകിയും വെളിച്ചമേകുവാന്‍
മെഴുതിരിയായിട്ടുയര്‍ന്നു കത്തിയും
പെരും തണുപ്പിനെയകറ്റി നിര്‍ത്തുവാന്‍
നെരിപ്പോടായകമ മര്‍ന്നു നീറിയും
പുലര്‍ന്ന ത്യാഗത്തിന്‍ വിശിഷ്ട ജീവിതം
ചിതയിലെത്തീയില്‍ ദഹിച്ചു തീരുമ്പോള്‍,
കളങ്കമേശാതെ ചൊരിഞ്ഞ വാത്സല്യം
നുകര്‍ന്ന കൈശോര വ്യഥ,നിലയ്ക്കാത്ത
വിലാപമായിട്ടു വളര്‍ച്ച പ്രാപിക്കേ
ഉലയുന്നു തേങ്ങലടക്കി നില്പവര്‍.

മനുഷ്യ ജീവിത മഹാകഥയിലെ-
യവസാന കാണ്ഡമെഴുതും കാലത്തി-
ന്നനിവാര്യ കൃത്യമിതെന്നു ചിന്തിച്ചു
മനസ്സു ശാന്തത പുണരാന്‍ നോക്കിലും
നിറയും കണ്ണുനീര്‍ മറയ്ക്കുന്നൂകാഴ്ച;
വിറ കൊള്ളും നാവില്‍ മുറിയുന്നൂ വാക്കും.
......................