Followers

Showing posts with label sudhakaran chanthavila. Show all posts
Showing posts with label sudhakaran chanthavila. Show all posts

Saturday, March 2, 2013

ആഗോളവിപണിയും കുടുംബവും



സുധാകരൻ ചന്തവിള




കാലാനുസൃതമായി മാറാത്തതെന്തുണ്ട്‌ ലോകത്തിൽ? കുടുംബം എന്ന സങ്കൽപത്തിനും
യാഥാർത്ഥ്യത്തിനും വളരെയധികം മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. സ്വാശ്രയവും
സ്വതന്ത്രവുമായ വിക്തിജീവിതങ്ങൾ കൂട്ടിയോജിപ്പിക്കപ്പെടുന്ന
'സെറ്റില്‍മന്റു'കൾ മാത്രമായി കുടുംബം മാറി. ആരും ആർക്കും വിധേയരാകാത്ത
വിപണി മൂല്യാധിഷ്ഠിത ബന്ധങ്ങളുടെ ഏച്ചുകെട്ടലുകൾ മാത്രം.
ആഗോളമൂലധനത്തിന്റെ സ്വാധീനത്താൽ നിയന്ത്രിക്കപ്പെടുന്ന ജീവിതമാണ്‌
എവിടെയും കാണാൻ കഴിയുന്നത്‌.  ഏതുതരം ആഗ്രഹങ്ങളിലും ചിന്തയിലും
വർത്തമാനത്തിലും ഒളിഞ്ഞിരിക്കുന്നത്‌ വിപണി മൂല്യങ്ങളാണ്‌.  നമ്മുടെ
വിവാഹങ്ങൾതന്നെ ഏറ്റവും വലിയ വിപണിയായി മാറിയിട്ടുണ്ട്‌. വിലയ്ക്കു
വാങ്ങാൻ കഴിയുന്നതിനപ്പുറമെന്ത്‌ എന്ന ചിന്ത!  പണംപോലെ
ഭർത്താക്കന്മാരെയും ഭാര്യമാരെയും വിലക്കുവാങ്ങാൻ കഴിയുന്ന സ്ഥിതി!
അങ്ങനെയല്ലാതെ ചിന്തിക്കുവാൻ ആളില്ലാതായി.


       പ്രേമവിവാഹങ്ങൾ ചിലപ്പോഴൊക്കെ ഇതിനപവാദമായി  സംഭവിക്കാറുണ്ടെങ്കിലും
ഭൂരിഭാഗം വിവാഹങ്ങളും പണത്തെ ആശ്രയിച്ചുതന്നെയാണ്‌ നിലനിൽക്കുന്നത്‌.
കുടുംബം, കുലമഹിമ, ആഭിജാത്യം എന്നിവയെല്ലാം ഇന്ന്‌ വലിയ
ഗുണങ്ങളല്ലാതാവുകയും ഇവയെയെല്ലാം നിയന്ത്രിക്കപ്പെടുകയോ
അപ്രസക്തങ്ങളാക്കുകയോ ചെയ്യുന്നത്‌ പണമായിത്തീരുകയും ചെയ്തു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന നിയമം
നിലവിലുള്ളപ്പോൾ തന്നെ അത്‌ യഥേഷ്ടം നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നു.
മനുഷ്യബന്ധങ്ങളുടെ കൂട്ടായ്മയ്ക്കുപകരം കമ്പോളലാഭത്തിന്റെ കൂട്ടായ്മകൾ
സ്ഥാനം പിടിച്ചു. പണംകൊടുത്തുവാങ്ങുന്ന ഭർത്താവിന്റെ  അഭിപ്രായങ്ങൾക്ക്‌
എന്തുപ്രസക്തി എന്ന ചോദ്യം യാഥാർത്ഥ്യമായിത്തീർന്നു. വികാരവിചാരങ്ങളുടെ
ബന്ധത്തിനപ്പുറം വിനിമയം ചെയ്യപ്പെടുന്നത്‌ ക്യാപിറ്റലിസ്റ്റ്‌
മോഹങ്ങളാണ്‌. കുട്ടികളുണ്ടാകുന്നതും വളർത്തുന്നതുമെല്ലാം
കുലംനിലനിർത്താൻ, തലമുറകളുടെ ആവശ്യങ്ങൾക്ക്‌ എന്നതിനപ്പുറം ഒരു തരം
സൗന്ദര്യാത്മക പ്രവർത്തനമായിമാറി. കുട്ടികളുണ്ടാകുന്നത്‌ ഒരു കുറ്റമായി
കരുതുന്ന ദമ്പതികളും ഇല്ലാതില്ല.  അച്ഛനമ്മമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും
സ്വാതന്ത്ര്യത്തിനും കുട്ടികൾ വിഘാതമായിമാറുന്നതാതി അവർ വിശ്വസിക്കുന്നു.
വിവാഹാലോചനകൾ, പെണ്ണുകാണൽ, നിശ്ചയിച്ചുറപ്പിക്കൽ തുടങ്ങിയവയിലെല്ലാം ഏറെ
മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. 'പെണ്ണുകാണൽ' എന്ന പദംതന്നെ മാറി ഇനി
'ആണുകാണൽ' എന്നപദം സ്ഥാനം നേടുമോ എന്ന ആശങ്ക നിലനിൽക്കുന്നു. മുൻപെല്ലാം
പെണ്ണിനെ കാണാൻ പുരുഷനെത്തുമ്പോൾ പെണ്ണ്‌ ലജ്ജാവിവശയായി പുരുഷന്റെ
മുഖത്തുപോലും നോക്കാതെ നിൽക്കുമായിരുന്നെങ്കിൽ ഇപ്പോൾ പുരുഷൻ പെണ്ണിനെ
കാണാൻപോകുന്നത്‌ അൽപം പരുങ്ങലോടെയാണെന്നു പറയാം. പെണ്ണ്‌ മുന്നോട്ടു
വയ്ക്കുന്ന പല അഭിപ്രായങ്ങളും പുരുഷനെ തെല്ല്‌ ആശങ്കപ്പെടുത്തിയേയ്ക്കാം.
പുരുഷൻ ഏതുതരം വസ്ത്രം ധരിക്കണം എന്തെല്ലാം ശീലങ്ങൾ സ്വീകരിക്കണം,
എന്തെല്ലാം ശീലങ്ങൾ വെടിയണം എന്നെല്ലാം കൽപിക്കുവാൻ ധൈര്യമുള്ളവളാണ്‌
ഇന്നത്തെ സ്ത്രീ. അതുപോലെ ഏതുതരം സൗന്ദര്യവർദ്ധകവസ്തു അണിഞ്ഞാലാണ്‌
സ്ത്രീ കൂടുതൽ സുന്ദരിയാകുന്നതെന്ന അഭിപ്രായങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ
മിടുക്കന്മാരായ യുവാക്കന്മാരും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.


       വിദ്യാഭ്യാസവും സംസ്കാരവും നാഗരികതയുമെല്ലാം ഒരുപോലെ സ്വാധീനിക്കപ്പെട്ട
പുതുതലമുറയ്ക്ക്‌ സങ്കോചമില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ്‌
കൂടുതലാണെന്നു സമ്മതിച്ചേ തീരൂ. അച്ഛനമ്മമാരുടെയോ കാരണവന്മാരുടെയോ
അഭിപ്രായം കാത്തിരിക്കുന്ന കാലം കഴിഞ്ഞുപോയി. സ്വന്തം കാലിൽ നിന്നു
പറയാനും പ്രവർത്തിക്കാനുമുള്ള ശക്തി വേഗത്തിൽ സമ്പാദിക്കുന്നവരായി അവർ
മാറപ്പെട്ടു. അതിന്റെ ഫലമായി ഞാൻ എന്ന ചിന്തയും സ്വയം എന്ന ബോധവും
കൂടുതലായിത്തീർന്നു.

ഇതിന്റെ ഫലമായി സാമൂഹ്യബോധം തീരെ മുറിഞ്ഞ്‌ 'വ്യക്തി' എന്ന സങ്കൽപം
മാത്രം ശ്രദ്ധിക്കപ്പെട്ട ഒരവസ്ഥ ജീവിതത്തിന്‌ കൈവന്നു. വലിയ ശംമ്പളം
കിട്ടുന്ന ജോലിയും ഉന്നതനിലവാരത്തിലുള്ള ജീവിതരീതികളും ആധുനിക ഫാഷൻ
ജീവിതമോഹങ്ങളുമെല്ലാം യുവത്വത്തെ പാരമ്പര്യനിഷേധികളാക്കിമാറ്റുവാൻ
പര്യാപ്തമാക്കിത്തീർന്നു.


അൽപസുഖത്തിനുവേണ്ടിയുള്ള അമിതാവേശം പോലെ പാഞ്ഞുപോകുന്ന
ആധുനികജീവിതംക്ഷമയോ സഹിഷ്ണുതയോ ഇല്ലാത്തവരുടെ കൂത്തരങ്ങായി മാറപ്പെട്ടു.
കമ്പോളത്തിലെ ഉൽപന്നങ്ങൾ എന്നതിനപ്പുറം ജീവിതത്തിന്‌ അർത്ഥമില്ലാതായി.
ഒരു പക്ഷേ ഇതാണ്‌ ഇന്നത്തെ ജീവിതം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ
പ്രശ്നമെന്ന്‌ സമ്മതിച്ചേ പററൂ. വേഗത്തിൽ തകരുന്ന കുടുംബ-ദാമ്പത്യ
ബന്ധങ്ങുളുടെ പട്ടിക പരിശോധിച്ചാൽ  അവയുടെ 'വിപണി മൂല്യസംസ്കാരം'
വ്യക്തമാകും.

Thursday, December 1, 2011

വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം



സുധാകരൻ ചന്തവിള

ആഗോളവൽക്കരണവും കമ്പോളവൽക്കരണവും വഴി ഏറെ വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വംത്‌ സ്ത്രീകളാണ്‌. സ്ത്രീ എല്ലാക്കാലത്തും പുരുഷന്റെ ദൗർബല്യങ്ങളിൽ പ്രധാനപ്പെട്ടതാണെങ്കിലും, സ്ത്രീ കമ്പോളാധിഷ്ഠിത ഉൽപന്നമായി മാറപ്പെട്ടത്‌ ആധുനികകാലഘട്ടത്തിലാണ്‌.
'ആരാകിലെന്ത്‌ മിഴിയുള്ളവർ നോക്കിനിന്നിരിക്കാം'-എന്ന്‌ നൂറുവർഷം മുമ്പ്‌ കുമാരനാശാൻ 'വീണപൂവി'ലൂടെ പറഞ്ഞപ്പോഴും അതിനുമുമ്പ്‌ വേണ്മണിക്കവികളും ചമ്പൂകാരന്മാരും എന്തിന്‌ കാളിദാസൻ വരെ സ്ത്രീകളുടെ സൗന്ദര്യസൗഷ്ഠവങ്ങളെ വർണ്ണിച്ചപ്പോഴും സ്ത്രീ കമ്പോളോൽപന്നമാണെന്ന ഉദ്ദേശമുണ്ടായിരുന്നില്ല.


ഇപ്പോൾ തൊഴിൽശാലകളിലും വ്യവസായശാലകളിലും കച്ചവടസ്ഥാപനങ്ങളിലുമെല്ലാം പണിയെടുക്കപ്പെടുന്ന സ്ത്രീകൾക്ക്‌ ണല്ലോരളവോളം 'ഉൽപന്ന'മെന്ന അവസ്ഥ നേരിടേണ്ടിവരുന്നു. വലിയ വലിയ സ്വർണ്ണമാളികകളും വസ്ത്രമാളികകളും മറ്റു ആഢംബരകച്ചവടശാലകളുമെല്ലാം സുന്ദരികളായ സ്ത്രീകളെ പ്രദർശിപ്പിച്ച്‌ പരോക്ഷമായി കമ്പോളം ചെയ്യപ്പെടുന്നു. അവിടങ്ങളിൽ സ്ത്രീകൾ കഴിവുള്ളതുകൊണ്ടുമാത്രം അംഗീകരിക്കപ്പെടുന്നില്ല. അതിനനുസരിച്ച്‌ അവർക്ക്‌ സൗന്ദര്യവുമുണ്ടാകണം.
കഴിവിനെ ചൂഷണം ചെയ്യപ്പെടുന്നതിനെക്കാൾ ശരീരസൗന്ദര്യത്തെ ചൂഷണം ചെയ്യപ്പെടുക എന്ന തന്ത്രമാണ്‌ മുതലാളിത്വം സ്വീകരിക്കുന്നത്‌. ഒരു സ്ത്രീക്കുനൽകുന്ന വേതനം (രൂപ) പോലും അവൾ ചെയ്യുന്ന ജോലിക്കല്ല, മറിച്ച്‌ ആ സ്ത്രീയുടെ സൗന്ദര്യത്തിനാണെന്നും വരുത്തിതീർക്കുന്നു. സൗന്ദര്യത്തെ പ്രദർശിപ്പിക്കുന്നതിനും അതുവഴി കമ്പോളം വർദ്ധിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള വേഷമണിയുന്നതിനും സംസാരിക്കുന്നതിനുമെല്ലാം സ്ത്രീകളെ പരിശീലിപ്പിക്കപ്പെടുന്നു.

പല ആശ്രമങ്ങളിലേയും ആരാധാനാലയങ്ങളിലേയും പരിചാരികമാരുടെയും അവസ്ഥയും ഇതിൽ നിന്ന്‌ വ്യത്യസ്തമല്ല. സ്വാമിമാർക്കോ ആൾദൈവങ്ങൾക്കോ സേവകരായി നിയമിക്കപ്പെടുന്നതും ഏറ്റവുമധികം സൗന്ദര്യമുള്ള സ്ത്രീകളെയാണ്‌. അവിടെയെല്ലാം എത്തിച്ചേരുന്ന മറ്റു ഭക്തജനങ്ങൾക്ക്‌ നയനാനന്ദകരവും ആത്മാനന്ദകരവുമായ ആമോദമുണ്ടാകണമെങ്കിൽ ശരീരസൗന്ദര്യം പ്രദർശിപ്പിച്ചേ മതിയാകൂ എന്ന മനഃശ്ശാസ്ത്രം ഇവിടെ വിനിയോഗിക്കപ്പെടുന്നു.

മാധ്യമങ്ങളുടെ കവർ പേജുമുതൽ അവസാനപേജുവരെ സ്ത്രീശരീരപ്രദർശനവേദിയായി മാറുന്നു. നമ്മുടെ മുഖ്യധാരാപ്രസിദ്ധീകരണങ്ങളുടെ വിശേഷാൽപ്പതിപ്പുകൾപോലും 'ലൈംഗികപ്പതിപ്പു'കളാക്കി മാറ്റുന്നു. സാഹിത്യത്തിനോ സംസ്കാരത്തിനോ സമകാലികവിഷയങ്ങൾക്കോ പ്രാധാന്യം നൽകാത്ത സ്ഥിതിയാണുള്ളത്‌. ഏതെങ്കിലും സ്ത്രീകളുടെ പൂർവ്വജീവിതകഥകൾ വർണ്ണിച്ചോ വിസ്തരിച്ചോ സ്ത്രീസമൂഹത്തെതന്നെ കമ്പോളവൽക്കരിക്കപ്പെടുന്നു. എന്തിനേറെപ്പറയുന്നു, നമ്മുടെ നാട്ടിൽ ഇപ്പോൾ ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആരോഗ്യമാസികകൾപോലും ചിന്തിക്കുന്നത്‌ ആ വഴിക്കാണെന്നു കാണാം. സ്ത്രീരോഗങ്ങളെയും ചികിത്സകളെയുംക്കുറിച്ച്‌ പ്രതിപാദിക്കുന്ന അവസരത്തിൽ സ്ത്രീകളുടെ സെക്സ്‌ എങ്ങനെ വൈറ്റ്ഴിക്കപ്പെടാം എന്നതാണ്‌ അവിടെ വിജയിച്ചുകാണുന്നത്‌. അതുവഴി സെക്സ്‌ വായനയാണ്‌ ഏറ്റവുമധികം റീഡബിലിറ്റിയുള്ള വായന എന്നു വരുത്തുകയും മറ്റുള്ള പ്രസാധകർക്കുപോലും അങ്ങനെ ചെയ്യാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.
സിനിമയുടെ അവസ്ഥ ചർച്ചചെയ്യാതിരിക്കുകയാണ്‌ നല്ലത്‌. കാരണം അത്രയ്ക്കാണ്‌ അവിടെ ശരീരം കച്ചവടം ചെയ്യപ്പെടുന്നത്‌. ലൈംഗികത പഠിക്കപ്പെടേണ്ടുന്ന വിഷയം എന്നതിനപ്പുറം കമ്പോളം ചെയ്യപ്പെടേണ്ടുന്ന ഒന്നായിമാത്രം വാഴ്ത്തുന്നത്‌ ഏറ്റവും കൂടുതൽ സിനിമയിലാണ്‌. ഇവിടെയും ഭരിക്കപ്പെടുന്നത്‌ മുതലാളിത്തത്തിന്റെ സ്വാർത്ഥതത്തന്നെയെന്ന്‌ സൂക്ഷ്മമായ ചിന്തയിൽ ബോധ്യപ്പെടും.

നമ്മുടെ നാട്ടിൽ ആവശ്യത്തിലധികം സ്ത്രീസംഘടനകളും പ്രവർത്തകരുമുണ്ട്‌. എന്നാൽ യഥാർത്ഥ സ്ത്രീവിഷയങ്ങളിൽ നിന്നും പിന്മാറിപ്പോകുന്ന സ്ത്രീവിമോചന സംഘടനകളെയാണ്‌ കാണാൻ കഴിയുന്നത്‌. ഇത്രമാത്രം സ്ത്രീവിമോചനസംഘനകൾ ഇല്ലാത്ത നാട്ടിൽ സ്ത്രീകൾ രാത്രിസമയങ്ങളിൽപ്പോലും ഒറ്റയ്ക്ക്‌ സഞ്ചരിക്കുകയും സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നു. ഇവിടെ സ്ത്രീത്വം വൈറ്റ്ഴിക്കപ്പെടുന്നതിൽ പുരുഷന്മാർക്കുള്ള വിഷമംപോലും സ്ത്രീസംഘടനകൾ പ്രകടിപ്പിക്കുന്നില്ലല്ലോ?