Followers

Thursday, January 2, 2014

ജീവന്റെ വില

ശ്രീദേവി നായർ


രാവിലെ സ്കൂളിലേയ്ക്ക് വരുന്ന വഴി നീളെ ചുമപ്പുനിറം.
രക്തത്തിന്റെചുമപ്പ്.
നഷ്ടപ്പെട്ട പെന്‍സിലിന്റെ നിറം ചുമപ്പ്.
മെടഞ്ഞിട്ട മുടിയിലെ റിബ്ബണും ചുമപ്പ്.
ഇന്നലെ അച്ചന്റെ കൈപ്പാടു പതിഞ്ഞ
അടിയുടെ പാടും ചുമപ്പ്.
വഴിയോരത്തു കണ്ട ഇറച്ചിക്കടയിലെ
പിടഞ്ഞുമരിക്കുന്ന വെള്ളക്കോഴിയുടെ
പുറം മറയ്ക്കുന്ന ചോരയുടെ നിറവും
ചുമപ്പ്.
വേദനിയ്ക്കുന്ന മനസ്സിനെ ചുമന്ന തൂവാലയില്‍
പൊതിഞ്ഞ് പെണ്‍കുട്ടി
ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നു.
വെള്ള യൂണിഫോമില്‍ പൊതിഞ്ഞ അവള്‍,
തളര്‍ന്ന് തിരിച്ചെത്തിയപ്പോള്‍
അവളറിയാതെ കോഴിയുടെ
ചോര യൂണിഫോമിനെ ചുമന്ന
നിറമാക്കിയിരുന്നു.
പിടയ്ക്കുന്ന കോഴി അവളുടെ
ഉള്ളില്‍ കേഴുകയായിരുന്നു.