Followers

Thursday, January 2, 2014

ശരീരം

ശ്രീപാർവ്വതി

കണ്ണില്‍ കണ്ട വഴികളിലൊക്കെ തിരഞ്ഞു
എവിടെയാണ്, ശരീരം നഷ്ടപ്പെട്ടതെന്ന്.
കനവാണോ സത്യമാണോ
ഒരു രാത്രി അവളുടെ ശരീരം അപ്രത്യക്ഷമായി
നിലാവിന്‍റെ വെളിച്ചത്തില്‍
വെറുതേ കഥപറഞ്ഞിരുന്നപ്പോഴാണ്,
ചുവന്ന കണ്ണുള്ള ചെന്നായ വന്നത്.
അവന്‍റെ മൂര്‍ച്ചയുള്ള നഖങ്ങളില്‍
മാംസം പോറി പറ്റിയിരുന്നതും കണ്ടതാണ്
പിന്നീടെപ്പോഴോ നീണ്ട ഒരു ഉറക്കത്തിനൊടുവില്‍
അവളുടെ ശരീരം കാണാതെയായി.
പൊട്ടക്കിണറിലും സാരിത്തുമ്പിലും
സയനേഡ് കുപ്പിക്കരികിലും അവള്‍ സ്വയം തിരഞ്ഞു
ഒടുവില്‍ കണ്ടെത്തിയപ്പോള്‍
നഗ്നമായി കിടന്ന ശരീരത്തിനടുത്ത്
ഒട്ടിയ വയറുമായി ഒരു കുഞ്ഞു ശരീരം
തുറിച്ച കണ്ണില്‍ വിശപ്പിന്‍റെ നിലവിളി
അവളുടെ ശരീരത്തിന്, അപ്പോഴും ചൂടാറിയിരുന്നില്ല.
മുലപ്പാലിന്‍റെ മണം തിരഞ്ഞ് വിശപ്പിന്‍റെ
കൈകള്‍ അവളില്‍ അലഞ്ഞു കൊണ്ടേയിരുന്നു.
ശരീരമെന്നത് വിശപാറ്റുന്ന യന്ത്രമാണെന്ന് 
ആ തിരയിലിനൊടുവില്‍ അവള്‍ 
ഡയറിയുടെ അവസാന താളില്‍ കുറിച്ചു വച്ചു.
പിന്നെ ആത്മഹത്യ ചെയ്തു.