Followers

Thursday, January 2, 2014

ശേഷിച്ചിട്ടുണ്ട്…..


  ഗീത മുന്നൂർക്കോട്

ഈയറയിൽ
ആദ്യരാവിന്റെ മുല്ല മണം

കിടക്കവിരിയുടെ മടക്കുകളിൽ
ഒളിച്ച് കളിക്കുന്നുണ്ട്….

പകുത്തു നുണഞ്ഞ പാൽമധുരം
പമ്മിപ്പതുങ്ങി
അറയുടെ ഏതോ മൂലയിൽ നിന്നും
ഉമിനീരു ചുരത്തുന്നുണ്ട്…
ഓർമ്മകൾ മധുരിച്ച്
തികട്ടുന്നുമുണ്ട്….

ഒന്നും തിരിയാ ലോകത്തു നിന്നും
പുത്തനറിവുകൾ
കണ്ടെടുത്ത വിസ്മയം
കണ്ണുകളിലേക്ക് ഒളിയമ്പെയ്യുന്നുണ്ട്…

പ്രാണനും പ്രാണനും
സൃഷ്ടിസംഗമസുഷുപ്തിയിൽ
ആലസ്യം കൊള്ളുന്നുമുണ്ട് !

പുനരാവർത്തിക്കുള്ള
മടക്കയാത്രകൾക്ക്
ഈ ചുമരുകൾ കണ്ണടക്കാമെന്ന്
ഇപ്പോഴും രഹസ്യം പറയുന്നുമുണ്ട് !

പരസ്പരം പകർന്ന ദാഹങ്ങൾ
ഊതിയാറ്റുമ്പോൾ
എന്നും മിച്ചം വച്ചിരുന്നോ
നൊമ്പരങ്ങൾക്ക് കുറുകെച്
ചാടുന്ന
ഒരു പിടി ആവേശം .?