അമ്പാട്ട് സുകുമാരൻനായർ
8943875081
8943875081
ഓണത്തെപ്പറ്റി
പറയുമ്പോഴൊക്കെ മഹാബലിയുടെയും വാമനന്റെയും കഥയാണ് ഓർമ്മയിലെത്തുക. ഇത്
വെറുമൊരുകഥയാണ്. സത്യവുമായി ഒരു ബന്ധവുമില്ല. മഹാബലിയും വാമനനുമൊക്കെ
വെറും കഥാപാത്രങ്ങൾ മാത്രമാണ്. പ്രജാക്ഷേമതൽപ്പരനായ ഒരു രാജാവ്
സത്യധർമ്മാദികൾ കൈവെടിയാതെ ഭരണംനടത്തി. അദ്ദേഹം അസുരകുലത്തിൽപെട്ട
ആളായതുകൊണ്ട് അന്നത്തെ വരേണ്യവർഗമായ ദേവന്മാർക്കത് സാഹിച്ചില്ല. അവർ
മഹാവിഷ്ണുവിനെചെന്നുകണ്ട് സങ്കടമുണർത്തിക്കുന്നു. ദേവപക്ഷപാതിയായ
മഹാവിഷ്ണു വാമനന്റെ വേഷമെടുത്ത് മഹാബലിയോട് മൂന്നടി സ്ഥലം (നിന്നുകൊണ്ട്
തപസ്സുചെയ്യാൻ വേണ്ടിയായിരിക്കും)യായിക്കുന്നു . ദാനശീലനായ മഹാബലി
മൂന്നടിസ്ഥലം അളന്നെടുത്തു കൊള്ളാൻ സമ്മതിക്കുന്നു. രണ്ടുചുവടുകൊണ്ട്
ഭൂമിയും ആകാശവും വാമനൻ അളന്നെടുത്തു. മൂന്നാമത്തെ ചുവടുവയ്ക്കാൻ
സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി തന്റെ ശിരസുകാണിച്ചുകൊടുത്തെന്നും
മൂന്നാമത്തെചുവട് ആ ശിരസിൽ വച്ച് മഹാബലിയെ പാതാളത്തിലേക്കു
ചവിട്ടിത്താഴ്ത്തിയെന്നുമാണ് കഥ. ആണ്ടിലൊരിക്കൽ ചിങ്ങമാസത്തിൽ
തിരുവോണത്തിന് നാടുകാണാൻ അനുവാദവും നൽകി. നൂറ്റാണ്ടുകളായി കേരളത്തിലെ
ജനങ്ങൾ ഈ കഥ വിശ്വസിച്ചുപോരുന്നു. ഇതുപോലെ, അവർണരായ അറിവില്ലാത്ത ആളുകളെ
ഇത്തരം എത്രയോ കള്ളക്കഥകൾ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതൊക്കെ
കള്ളക്കഥകളാണെന്നു പറഞ്ഞാൽ രോഷം കൊള്ളുന്നവർ ഇന്നുമുണ്ട്.
വിളവെടുപ്പിന്റെ
ആഘോഷമാണ് ഓണാഘോഷമെന്നു പറയുന്നതിനോട് വിയോജിക്കേണ്ടകാര്യമൊന്നുമില്ല.
കേരളത്തിൽ പലഭാഗത്തും പല രീതിയിലാണ് ഓണം ആഘോഷിക്കുന്നത്.
ഓണത്തെക്കുറിച്ച് പറഞ്ഞു വിശ്വസിപ്പിച്ച കഥകളെന്തായാലും കേരളസർക്കാർ
1961-ൽ ഓണം കേരളത്തിന്റെ ദേശീയാഘോഷമായി കൊണ്ടാടാൻ തീരുമാനിച്ചു.
അത്തം മുതൽ ഹിന്ദുക്കൾ
വീട്ടുമുറ്റത്ത് തൃക്കാക്കരപ്പന്റെ മൺപ്രതിമവച്ച് പൂവിടുന്ന
ഒരാചാരമുണ്ട്. മുറ്റത്ത് ചാണകം മെഴുകി ശുദ്ധമാക്കി ഓണത്തപ്പന്റെ മൺ
പ്രതിമവച്ച് പൂജിച്ച് സ്ത്രീകൾ പൂക്കളം തീർക്കുന്നു. അകന്നു
താമസിക്കുന്നബന്ധുക്കളെല്ലാം ഓണത്തിന് തറവാട്ടിൽ ഒത്തുകൂടുന്നു.
കുടുംബക്കാരണവർ വീട്ടിലുള്ള എല്ലാവർക്കും ഓണക്കോടി നൽകുന്നത്
തിരുവോണനാളിലാണ്.
ഓണത്തോടനുബന്ധിച്ച്
വിവിധതരം കളികളും വിനോദങ്ങളും നാട്ടിൽ അരങ്ങേറും. പ്രാദേശികരീതിയനുസരിച്ച്
ഓരോ പ്രദേശത്ത് ഓരോ തരത്തിലുള്ള കളികളും വിനോദങ്ങളുമാണുള്ളത്. ഇവിടെ
അതൊന്നും വിസ്തരിച്ചു പറയേണ്ട കാര്യമില്ല. പകിടകളിയും കിളികളിയും
തലപ്പന്തുകളിയും പൊതുവേ എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നതാണ്. ചില
പ്രദേശങ്ങളിൽ സംഘംചേർന്ന് ഓണത്തല്ല് നടത്തും. ചിലർ കായികാഭ്യാസപ്രകടനങ്ങൾ
നടത്തും. പുലികളിയും കരടികളിയും ചെറുപ്പക്കാരുടെ ഒരിഷ്ടവിനോദമാണ്.
തുമ്പിതുള്ളലും മുടിയാട്ടവും തിരുവാതിരകളിയും സ്ത്രീകളുടെ
ഇഷ്ടവിനോദങ്ങളാണ്.
എന്റെ നാട്ടിൻപുറത്ത് വള്ളംകളി ഒരു പ്രധാനപ്പെട്ട വിനോദമായി കൊണ്ടാടപ്പെടുന്നു. കിഴക്കുനിന്നൊഴുകിയെത്തുന്നമീ നച്ചിലാറ്
നാഗമ്പടത്തെത്തും മുമ്പ് രണ്ട് കൈവഴികളായി പിരിഞ്ഞ് വീണ്ടും അവ
കൈകോർക്കുന്നു. അങ്ങനെരൂപം പ്രാപിച്ച വിശാലമായ ഒരുതുരുത്തിൽ പെട്ടതാണ്
കുമാരണല്ലോൂർ ദേവീക്ഷേത്രം. കുമാരണല്ലോൂർ, നട്ടാശേരിയുടെ ഒരുഭാഗം.
കുടമാളൂർ, മര്യാത്തുരുത്ത്, അയ്മനം എന്നീ കരകൾകൂടിച്ചേർന്നാണ് ഈ
വലിയതുരുത്ത്. നാൽചുറ്റും നദികളുള്ളതുകൊണ്ട് വള്ളംകളിക്ക് ഏറ്റവും
പറ്റിയസ്ഥലമാണിവിടം. ചിങ്ങമാസത്തിൽ ഉത്രട്ടാതിനാളിൽ കുമാരണല്ലോൂർ ഭഗവതി
ഊരുചുറ്റുന്നത് ഈ നദിയിലൂടെയാണ്. ഞങ്ങളെസംബന്ധിച്ച് ഉത്രാട്ടാതിക്ക്
തിരുവോണത്തിന്റെ അത്രതന്നെ പ്രാധാന്യമുണ്ട്. കരക്കാർക്കും അപൂർവ്വം ചില
കുടുംബങ്ങൾക്കും കൂടി ഇരുപത്തെട്ടോളം കളിവള്ളങ്ങൾ അന്നുണ്ടായിരുന്നു. ഈ
വള്ളങ്ങളെല്ലാം നന്നായി അലങ്കരിച്ച് ഒന്നിച്ചുചേർന്ന് ജലോത്സവം
നടത്തുന്നത് ഉത്രട്ടാതി നാളിലാണ്. അന്നാണ് കുമാരണല്ലോൂർ ഭഗവതി
ഊരുചുറ്റുന്നത്. ഊരുചുറ്റുവള്ളം കളിയിൽ പങ്കുചേരാൻ ഈ ഇരുപത്തെട്ടു
വള്ളങ്ങൾക്കു പുറമേ വേറെയും കളിവള്ളങ്ങൾ വാടകയ്ക്കെടുത്തുകൊണ്ടുംവരും.
രാവിലെ പത്തുമണിയോടെ പലഭാഗത്തുനിന്നുള്ള വള്ളങ്ങൾ കുമാരണല്ലോൂർ
അമ്പലക്കടവിൽ എത്തിച്ചേരും. അവിടെ ദേവിക്ക് ഊരുചുറ്റാൻ അമ്പലം വക ഒരു
ചുണ്ടൻവള്ളം തയ്യാറാക്കിയിട്ടുണ്ടാകും. കരക്കാരെയും കളിവള്ളങ്ങളുമായി
എത്തിച്ചേരുമ്പോൾ അമ്പലത്തിൽ നിന്ന് ദേവിയുടെ ചൈതന്യം ആവാഹിച്ച ഒരു
വിഗ്രഹം ഭക്തജനങ്ങളുടെ അകമ്പടിയോടെ വഞ്ചിപ്പാട്ടും പാടി താളമേളങ്ങളോടെ
വള്ളത്തിലേക്കെഴുന്നള്ളിക്കും. പ്രമുഖവള്ളങ്ങൾക്കെല്ലാം ഒന്നും രണ്ടും
മുത്തുക്കുടയുണ്ടായിരിക്കും. എല്ലാവള്ളങ്ങളും പൂമാലയും ചാർത്തി അമരത്ത്
വലിയകൊടിയും കെട്ടി അണിഞ്ഞൊരുങ്ങിയാണെത്തിയിട്ടുള് ളത്. അമ്പലവക
ചുണ്ടൻവള്ളമാണ് ഏറ്റവും മുമ്പിൽ. അതിന്റെ ഇരുവശങ്ങളിലുമായി രണ്ടു വലിയ
വള്ളങ്ങൾ. അവയ്ക്കു പിന്നിലായി ബാക്കിയുള്ള വള്ളങ്ങളെല്ലാം അണിനിരക്കും.
വഞ്ചിപ്പാട്ടുപാടാൻ അന്ന് പ്രസിദ്ധരായ ഏതാനും ഗായകരുണ്ടായിരുന്നു. അവരിൽ
പ്രമുഖൻ മങ്ങാട്ട് ഭട്ടതിരിയാണ്. എട്ടുനാടും മുഴങ്ങുന്ന ഘനഗംഭീരമായ
ശബ്ദമാണദ്ദേഹത്തിന്റേത്. എടാട്ടു കുട്ടൻപിള്ളയും ഒട്ടും മോശക്കാരനല്ല.
ആകാരം കൊണ്ടും രണ്ടുപേരും ഒപ്പത്തിനൊപ്പം നിൽക്കും. അവർ വള്ളത്തിൽ കയറി
നിൽക്കുന്നതുതന്നെ ഒരരങ്ങാണ്.
ഘോഷയാത്ര പുറപ്പെടും
മുമ്പ് കാഴ്ചക്കാരായി എത്തിയിട്ടുള്ള ഭക്തജനങ്ങൾ ആർപ്പും കുരവയുമിട്ട്
യാത്രയാകും. തകിലിന്റെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ വഞ്ചിപ്പാട്ടും
പാടിയുള്ള ആയാത്ര അത്യപൂർവ്വമായ ഒരു കാഴ്ച തന്നെയാണ്. ആറ് നിറയെ
കളിവള്ളങ്ങൾ വഞ്ചിപ്പാട്ടും പാടി താളമേളങ്ങളോടെ വരുമ്പോൾ ഇരുകരകളിലും
നൂറുകണക്കിന് സ്ത്രീ-പുരുഷന്മാരും കുട്ടികളുമൊക്കെ ഓണക്കോടിയും ധരിച്ച്
ആർപ്പും കുരവയുമായാണ് ഈ വള്ളങ്ങളെ എതിരേൽക്കുന്നത്. ഒരേരീതിയിൽ
ഒരേതാളത്തിൽ തുഴയിട്ടുവരുന്ന ഈ ഘോഷയാത്ര അങ്ങകലെ നിന്നേ കാണാൻ
നൂറുകണക്കിനാളുകൾ നാഗമ്പടം പാലത്തിൽ കയറിതിങ്ങി നിൽക്കും.
ദേവി ഊരുചുറ്റി
പോകുന്നതിനിടയ്ക്ക് ചില വീട്ടുകാർ പറവയ്ക്കും. ഭാരിച്ച ചെലവുള്ള
ഏർപ്പാടാണിത്. പറവയ്ക്കുന്ന വീട്ടിലേക്ക് വള്ളക്കാരെല്ലാവരും കരവഞ്ചിയായി
ചെല്ലും. പറയെടുത്തു കഴിഞ്ഞാൽ എല്ലാ വള്ളക്കാർക്കും ഗൃഹനാഥൻ പുകയില നൽകണം.
അതിനുശേഷം ചിലർ തുഴക്കാർക്കെല്ലാം കാപ്പിയും പലഹാരങ്ങളും നൽകും. ചിലർ
പായസം നൽകും. ഇങ്ങനെ ഊരുചുറ്റി എല്ലാ വള്ളങ്ങളും അമ്പലക്കടവിലെത്തുമ്പോൾ
സന്ധ്യകഴിയും. എല്ലാവരും വള്ളത്തിൽ നിന്നിറങ്ങി ഘോഷയാത്രയായി അമ്പലത്തിൽ
ചെന്ന് തൊഴുത് വഴിപാടും കഴിച്ച് തിരികെ പോരും. അതോടെ ഞങ്ങളുടെ
പ്രദേശത്തെ ഓണാഘോഷം അവസാനിക്കും.
മറ്റുപ്രദേശങ്ങളിലെല്ലാം
അവിടത്തെരീതിയനുസരിച്ച് എത്രയോ വ്യത്യസ്തങ്ങളും വിചിത്രങ്ങളുമായ
ആഘോഷപരിപാടികളാണ് നടത്തുന്നത്. ആ ആചാരങ്ങൾ പലതും ഇന്നസ്തമിച്ചു തുടങ്ങി.
ഞങ്ങളുടെ നാട്ടിലും ഇന്ന് പേരിന് വള്ളംകളി നടത്തുന്നുണ്ട്. പക്ഷേ, ആ
വള്ളംകളി കാണാൻ ഇന്ന് ആളുകൾ തിങ്ങിക്കൂടാറില്ല. കളിവള്ളങ്ങളുടെ എണ്ണം
ഇന്ന് വളരെക്കുറഞ്ഞു. ഊരുചുറ്റിന് അകമ്പടി സേവിക്കാൻ രണ്ടോ മൂന്നോ
വള്ളങ്ങളുണ്ടെങ്കിലായി. വേറെചില അലവലാതി വള്ളങ്ങളും പിന്നാലേകൂടും.
മദ്യംകഴിച്ച് സമനില തെറ്റിയ കുറെ ചെറുപ്പക്കാർ ആ വള്ളങ്ങളിലും
ബോട്ടുകളിലും കയറിക്കൂടി അശ്ലീലപാട്ടുകളും പാടി കരയിൽ നിൽക്കുന്ന
പെണ്ണുങ്ങളോട് ആഭാസകരമായി പെരുമാറിയും ചിതറി നടക്കും. ചിലപ്പോൾ കരയ്ക്കു
നിൽക്കുന്നവർ അവരെ കല്ലെറിഞ്ഞുപായിക്കും. ഇന്ന് ഓണാഘോഷത്തിന്റെ പരിസമാപ്തി
ഇങ്ങനെയൊക്കെയാണ്.
ഇനി ഓണസദ്യയുടെ
കാര്യത്തിലേക്കു കടന്നാലോ? ബന്ധുക്കളുടെ ഒത്തുചേരലൊന്നും അന്നത്തേതുപോലെ
ഇന്നില്ല. ഓണത്തിനും വിഷുവിനുമൊക്കെ പണ്ട് പെണ്ണുങ്ങളെല്ലാവരും ചേർന്ന്
എത്ര ആഹ്ലാദത്തോടെയാണ് സദ്യയൊരുക്കാറുള്ളത്. അന്നതൊന്നും ഒരു കഷ്ടപ്പാടേ
ആയിരുന്നില്ല. കുടുംബത്തിൽ എല്ലാവരും ഒന്നിച്ചിരുന്നാണ്
ഓണസദ്യയുണ്ണുന്നത്. അമ്മയും അമ്മായിയും സഹോദരിമാരുമൊക്കെ ചേർന്ന്
സന്തോഷത്തോടെ അതൊക്കെ വിളമ്പിത്തരുമ്പോൾ അതെത്ര അനുഭൂതിദായകമായിരുന്നു.
ഇന്ന് അണുകുടുംബങ്ങളാണ്. ഭാര്യയും ഭർത്താവും ഒന്നോ രണ്ടോ
കുട്ടികളുമൊത്ത് ഫ്ലാറ്റിലോ ഒരു വീട്ടിലോ ഒതുങ്ങിക്കൂടി കഴിയാൻ
ശ്രമിക്കുന്നതല്ലാതെ തറവാട്ടിൽ ചെന്ന് എല്ലാവരും ഒന്നിച്ചിരുന്ന്
ഭക്ഷണം കഴിക്കാൻ ആർക്കും താൽപര്യമില്ലാതായി. രക്തബന്ധങ്ങൾക്കൊന്നും
ഇന്നാരും പഴയകാലത്തേതുപോലെ മഹിമ കൽപ്പിക്കുന്നില്ല. സ്വന്തം സഹോദരങ്ങളുടെ
മക്കൾ തമ്മിൽപോലും തിരിച്ചറിയാൻ വയ്യാത്തകാലമാണിത്. സ്വന്തം ഭാര്യ,
ഭർത്താവ്, കുട്ടികൾ. അതിനപ്പുറം ഒരു ബന്ധത്തിനും ഇന്ന് ഏറെപ്പേരും
പവിത്രത കൽപ്പിക്കുന്നില്ല. സ്വന്തം മാതാപിതാക്കളെപ്പോലും വൃദ്ധമന്ദിരത്തിൽ
പാർപ്പിക്കാനാണവർക്ക് താൽപര്യം. സ്വന്തമെന്ന പദത്തിനിന്നൊരർത്ഥവുമില്ല
എന്നേ പറയാനാകൂ.
ഇന്ന് വീട്ടിൽ
അന്നന്നുള്ള ആഹാരം പാകം ചെയ്യാൻ പോലും പലർക്കും മടുപ്പായിത്തുടങ്ങി. അപ്പോൾ
സദ്യ ഒരുക്കാൻ ആർക്കാ നേരം? ഹോട്ടലിൽ നിന്നാഹാരം വരുത്തി കഴിച്ചാൽ ഒരു
ബദ്ധപ്പാടുമില്ല. രണ്ടോ മൂന്നോ പേർക്കാണെങ്കിൽ പോലും ഓണസദ്യ ഒരുക്കാൻ വലിയ
ബദ്ധപ്പാട് തന്നെയാണ്. ആറു മാസം മുമ്പേ ഒരൂണിന് അഞ്ഞൂറോ അറന്നൂറോ രൂപ
മുടക്കി ഹോട്ടലിൽ ബുക്ക് ചെയ്താൽ മതി. തിരുവോണദിവസം വെളുപ്പിനുണർന്ന്
അടുക്കളയിൽ കയറി ബദ്ധപ്പെടേണ്ട ഒരു കാര്യവുമില്ല. ആ ദിവസം
അടിച്ചുപൊളിക്കാനുള്ളതാണ്. നേരം പുലരുവോളം കിടന്നുറങ്ങാം. രാവിലെ
കുളികഴിഞ്ഞ് അണിഞ്ഞൊരുങ്ങി എവിടേക്കെങ്കിലും ഒരുല്ലാസയാത്ര. പ്രഭാതഭക്ഷണം
ഏതെങ്കിലും നല്ല ഹോട്ടലിൽ. നഗരത്തിൽ ചുറ്റി നടന്ന് കാഴ്ചകൾ കാണാം.
ഉച്ചഭക്ഷണത്തിനുള്ള സമയമാകുമ്പോൾ നേരത്തെ ബുക്ക് ചെയ്തിട്ടുള്ള
ഹോട്ടലിലേക്കു ചെന്നാൽ മതി. എല്ലാവിധ സജ്ജീകരണങ്ങളും അവിടെയുണ്ട്.
ഹോട്ടലും പരിസരവുമൊക്കെ അലങ്കരിച്ച് മോടിപിടിപ്പിച്ചിട്ടുണ്ട്.
സമൂഹത്തിലെ പ്രമാണികളെന്നു കരുതുന്ന ധാരാളം ആളുകൾ സകുടുംബം അവിടെ
എത്തിച്ചേർന്നിട്ടുണ്ട്. വിലകൂടിയ ആടയാഭരണങ്ങളണിഞ്ഞ് സ്ത്രീകളും
കുട്ടികളും വർണച്ചിറകുള്ള പൂമ്പാറ്റകളെപ്പോലെ അവിടെല്ലാം പാറിനടക്കുന്നതു
കാണാം.
കമനീയമായി അലങ്കരിച്ച
വിശാലമായ ഹാൾ. ശ്രുതിമധുരമായ ഓണപ്പാട്ടുകൾ നേർത്ത ശബ്ദത്തിൽ അവിടെ
അലയടിച്ചുകൊണ്ടിരിക്കും. നിലവിളക്കുംനിറപറയും അഷ്ടമംഗല്യവുമൊക്കെ
വച്ചലങ്കരിച്ച വേദി. കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും സൗമ്യമായ
ഗന്ധം. ആ അന്തരീക്ഷത്തിലേക്കാണ് സദ്യയുണ്ണാൻ ക്ഷണിക്കുന്നത്.
കഴുകിത്തുടച്ച് വൃത്തിയാക്കിയിട്ടുള്ള തളിരിലകളിലാണ് ചോറുവിളമ്പുന്നത്.
വിളമ്പുന്നതോ? തനി കേരളീയ വേഷമണിഞ്ഞ അതിസുന്ദരികളായ തരുണിമണികൾ. സ്വന്തം
കൂടെപ്പിറപ്പുകളെപ്പോലെ സ്നേഹമസൃണമായ വാക്കുകൾ പറഞ്ഞ് പുഞ്ചിരി
സമ്മാനിച്ചുകൊണ്ടാണ് ചോറും കറികളും വിളമ്പുന്നത്. തുമ്പപ്പൂപോലുള്ള
ചോറ്. എന്തെന്ത് സ്വാദിഷ്ഠമായ വിഭവങ്ങൾ! അതിഗംഭീരമായ ഓണസദ്യ.
വീട്ടിൽ
എത്രകഷ്ടപ്പെട്ടാലും ഇതുപോലൊരു സദ്യയൊരുക്കാൻ കഴിയുമോ? ഇവിടെ ഹോട്ടലിൽ ഈ
കഷ്ടപ്പാടൊന്നുമില്ല. വന്നിരുന്നാൽ മാത്രം മതി. ഇന്നത്തെ ഓണാഘോഷം
ഇങ്ങനെയാണ്. പണ്ടൊക്കെ എന്നും പുതുവസ്ത്രങ്ങൾ വാങ്ങുന്ന പതിവില്ല.
ആണ്ടിലൊരിക്കൽ ഓണത്തിനാണ് കോടിവസ്ത്രങ്ങൾ വാങ്ങുക. അന്ന്
ഓണക്കോടിയുടുക്കാൻ എന്താകാംക്ഷയായിരുന്നു. ഓണക്കോടികിട്ടുമ്പോഴുള്ള സന്തോഷം
ഒന്നുവേറെ തന്നെ. ഇന്ന് ഇങ്ങനെയൊന്നുമില്ല. ആവശ്യമെന്നുതോന്നുമ്പോൾ കടയിൽ
പോയി റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങാം. ഒരു തയ്യൽക്കടയുടെയും മുമ്പിൽ
ചെന്ന് ആവലാതിപ്പെടേണ്ടകാര്യമില്ല.
സമൂഹത്തിൽ ഇങ്ങനെയൊരു
മാറ്റം സംഭവിച്ചതു മോശമായി എന്നു പറയാനാവില്ല. ആ പഴയ കാലത്തെ കഷ്ടപ്പാടുകൾ
നിറഞ്ഞ ജീവിതത്തിലേക്കു തിരിച്ചു പോകാൻ ആരും ആഗ്രഹിക്കുന്നില്ല. കൂടുതൽ
കൂടുതൽ സൗകര്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമമാണ്. പക്ഷേ, ഒരു കുഴപ്പമുണ്ട്.
വെളിച്ചത്തിനൊപ്പം നിഴലുമുണ്ടെന്നതുപോലെ ഈ സുഖസൗകര്യങ്ങൾക്കു പിന്നാലെ
ഒരുപാട് ദുഃഖങ്ങളും നമ്മെ പൈന്തുടരും. മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധങ്ങൾ
ഒരു പഴയകാല സങ്കൽപമായി മാറും. മനുഷ്യരിൽ നിന്നു മാത്രമല്ല, പ്രകൃതിയിൽ
നിന്നും നാം അകന്നകന്നുപോകും. അപ്പോൾ പ്രകൃതി നമ്മെയും കൈവെടിയും.
മഹാരോഗങ്ങൾ, മാനസികസംഘർഷങ്ങൾ, പ്രകൃതിദുരന്തങ്ങൾ, ഭൗതികസുഖങ്ങൾക്കുവേണ്ടി
മനുഷ്യർ തമ്മിലുള്ള പോരാട്ടങ്ങൾ ഇവയെല്ലാം തന്നെ മനുഷ്യരാശിയുടെ
സർവ്വനാശത്തിനുകാരണമാകും.
ഓണത്തെപ്പറ്റി
പറഞ്ഞുപറഞ്ഞ് ഇങ്ങനെ ഈ ലേഖനം കലാശിക്കുമെന്നു ഞാൻ കരുതിയില്ല.
മനപ്പൂർവ്വമല്ല. ഇങ്ങനെയങ്ങെഴുതിപ്പോയതാണ്. എന്തൊക്കെ സുഖസൗകര്യങ്ങൾ ഇന്നു
നാം നേടിയെടുത്തുവേന്നു പറഞ്ഞാലും അതിലൊന്നും ആത്മാർത്ഥമായ ഒരു സുഖവും
സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ കഴിയുന്നില്ല. പ്രകൃതിയും മനുഷ്യരും
തമ്മിൽ ഇണങ്ങിച്ചേർന്നുള്ള ആ ജീവിതസൗഭാഗ്യം എത്രവിലകൊടുത്താലും വാങ്ങാൻ
കഴിയുമെന്നുതോന്നുന്നില്ല. കാര്യമൊക്കെ ശരിയാണ്. ആ പഴയകാല
ജീവിതത്തിലേക്ക് മടങ്ങിപ്പോകാമെന്നു പറഞ്ഞാൽ ഒരാളുപോലും
അംഗീകരിക്കാനുണ്ടാവില്ല.
കടിഞ്ഞാണില്ലാത്ത
കുതിരകളെ പൂട്ടിയിരിക്കുന്ന കുതിരവണ്ടികളിലാണ് നാമിന്നു
യാത്രചെയ്യുന്നത്. ആ കുതിരകൾകുതിച്ചുപായുകയാണ്. നമുക്കതിലിരുന്ന്
സുഖമായി യാത്ര ചെയ്യാം. പുരോഗതിയിലേക്ക്...