മാത്യു നെല്ലിക്കുന്ന്
വന്യവും ക്രൂരവുമായ ഒരു കാലത്തിലാണല്ലൊ നാം ജീവിക്കുന്നത്.
എന്നാൽ ഇവിടെയും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചില പ്രഭാകിരണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
ആശ നശിച്ച നമുക്ക് അതു പിടിവള്ളിയാണ്.
നിർഭാഗ്യമെന്ന് പറയട്ടെ സമൂഹത്തിലെ ഏറെ മഹത്വവൽക്കരിക്കപ്പെട്ടവരിൽ നിന്നല്ല ഈ പ്രതീക്ഷാകിരണങ്ങൾ രൂപപ്പെടുന്നത്.വെറും സാധാരണക്കാരായ തൊഴിലാളികളാണ് നമ്മെ മോഹിപ്പിക്കുന്നത്.ഈയിടെ ആലുവയിൽ ലോട്ടറി കച്ചവടം നടത്തിവരുന്ന സുരേഷ് എന്ന ചെറുപ്പക്കാരൻ ഈ വിധം ഏറ്റവും മാന്യമായ ഒരു ജീവിതത്തിന്റെ ഉച്ചസ്ഥായിയിലുള്ള സംഗീതം കേൾപ്പിച്ചു.
സുരേഷിന്റെ കയ്യിൽ നിന്ന് ഒരാൾ ഒരു ടിക്കറ്റ് വാങ്ങി.
എന്നാൽ വാങ്ങിയ ആളുടെ പക്കൽ അപ്പോൾ പണം ഇല്ലായിരുന്നു. അയാൾ കടം പറഞ്ഞു.സുരേഷ് സമ്മതിക്കുകയും ചെയ്തു.
ഇനിയാണ് കാര്യങ്ങൾ ആകെ മാറുന്നത്.
ആ ടിക്കറ്റിനാണ് ഒരു കോടി രൂപ സമ്മാനത്തുകയുള്ള ബംബർ അടിച്ചത്.എന്നാൽ സുരേഷ് ആ ടിക്കറ്റ് പൂഴ്ത്തി വച്ച് രൂപ തട്ടാൻ ശ്രമിച്ചില്ല.
സുരേഷ് ആ ടിക്കറ്റുടമയെ തേടിച്ചെന്ന് വിവരം അറിയിച്ച് പരസ്യമായി തന്നെ ആ ടിക്കറ്റ് കൈമാറി.
സാധാരണഗതിയിൽ ഒരാളിൽ നിന്ന് പ്രതീക്ഷിക്കാൻ വയ്യാത്ത സത്യസന്ധതയാണിത്.
കാലം അതാണല്ലൊ.
എന്നാൽ സുരേഷിനെ ഈ കാലത്തിന്റെ മദം ബാധിച്ചിട്ടില്ല.
വലിയ കാര്യം.
നമ്മുടെയെല്ലാം ജീവിതത്തിനു അന്തസ്സ് ഉണ്ടാക്കിതന്നിരിക്കയാണ് ഈ യുവാവ്