എം.കെ.ഖരീം
അച്ചടിച്ചതത്രയും
കവിതയെന്നു വാദമില്ല.
അഹിംസക്കായി വാദിക്കുന്നു,
യുദ്ധം കൊണ്ട് സമാധാനം പ്രസംഗിക്കുന്നവരെ
തെറി പറയുകയും...
അലക്കി തേച്ച കുപ്പായക്കാരനല്ല,
ചെരിപ്പിടാറില്ല.
പ്രസംഗിക്കാന്‍ കവര്‍ തിരുകി
ആരുമെന്നെ ക്ഷണിക്കാറില്ല.
എന്റെ വസ്ത്രത്തില്‍ കിളി തൂറിയ അടയാളങ്ങള്‍ ...
എന്റെ പാദങ്ങളില്‍ വിയര്‍പ്പും ചേറും ...
ഞാന്‍ നിന്റെ കാര്‍പെറ്റില്‍
കാല്‍ കുത്താത്തത്
നിന്റെ മുഖം ചുളിയാതിരിക്കാന്‍ .
എന്റെ ഒസ്സ്യത്ത് ,
ചാവുമ്പോള്‍ എന്റെ ശവം
പ്രദര്‍ശിപ്പിക്കരുത്,
റീത്ത് വച്ച് മലിനമാക്കരുത്.
നിന്റെ നാറുന്ന ചുണ്ടുകള്‍
എന്നോട് ചേര്‍ക്കരുത്...
ആചാര വെടിയില്‍
എന്നെ ഹിംസിക്കരുത്....