Followers

Wednesday, February 29, 2012

സെക്സ് എന്ന ഷര്‍ട്ടിനെപ്പറ്റി രജനീഷ്


രാംമോഹൻ പാലിയത്ത്


അല്ല, സെക്സ് ആത്മാവിന്റെ അടിവസ്ത്രമല്ല. അടിവസ്ത്രമിടാതെ എത്ര പേര്‍ നടക്കുന്നു, ആര്‍ക്കറിയാം? എന്നാല്‍ ഷര്‍ട്ടിടാത്ത ഒരുത്തനുമില്ല.

അടിവസ്ത്രത്തെപ്പറ്റിപ്പറഞ്ഞപ്പഴാണ്, മിലാന്‍ കുന്ദേരയുടെ ജീവിതം മറ്റെങ്ങോ (Life is Elsewhere) എന്ന തകര്‍പ്പന്‍ നോവലില്‍ ഒരു രംഗമുണ്ട്. നായകരിലൊരാള്‍ ഒരു പെണ്ണിനെ വളയ്ക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ഒരു ദിവസം പെണ്ണിനെ വളഞ്ഞുകിട്ടുന്നു. ഒരു വീടും ഒത്തുകിട്ടുന്നു. പക്ഷേ അന്നിട്ട അടിവസ്ത്രം കീറിയതാ. അതുകൊണ്ട് ഒരു പാര്‍ക്കിലോ മറ്റോ പോയി തട്ടലിലും മുട്ടലിലും അവസാനിപ്പിക്കുന്നു. ദീര്‍ഘനാള്‍ കൊണ്ട് വളച്ചെടുത്ത ഒരുത്തിയെ കീറിപ്പിന്നിയ അടിവസ്ത്രം കാട്ടുന്നതെങ്ങനെ?

രജനീഷ് പറഞ്ഞത് ഷര്‍ട്ടിനെപ്പറ്റിയാ.

സമ്പന്നനായ ഒരാള്‍ ഒരു ദീര്‍ഘയാത്രയ്ക്കായി വീടു പൂട്ടി ഇറങ്ങുകയാണ്. അപ്പോള്‍ അയാളുടെ ഒരു പഴയ സുഹൃത്ത് ഗേറ്റ് കടന്ന് അകത്തുവരുന്നു. സമ്പന്നന് യാത്ര നീട്ടിവെയ്ക്കാന്‍ വയ്യ. എന്നാല്‍ വളരെ നാള്‍ കൂടി കാണുന്ന സുഹൃത്തിനെ തിരിച്ചയയ്ക്കാനും വയ്യ. അങ്ങനെ അയാള്‍ ആ പഴയ കൂട്ടുകാരനേയും കൂട്ടി യാത്ര തുടരാന്‍ തീരുമാനിച്ചു. പക്ഷേ ഒരു പ്രശ്നം - പഴയ ചങ്ങാതി ദരിദ്രനാണ്. അതുകൊണ്ട് ഷര്‍ട്ടും പഴയതുതന്നെ. പഴയത് മാത്രമല്ല മുഷിഞ്ഞത്, കീറിയതും. അതുമിട്ട് വരുന്ന ഒരാളെ എങ്ങനെ കൂടെക്കൂട്ടും? ഒടുവില്‍ തന്റെ ഒരു നല്ല ഷര്‍ട്ട് അയാള്‍ക്ക് ഇടാന്‍ കൊടുത്ത് പ്രശ്നം സോള്‍വ് ചെയ്തു. ഉടനെ യാത്രയുമാരംഭിച്ചു.

എതിരെ വന്ന ആദ്യത്തെ പരിചയക്കാരന് സമ്പന്നന്‍ തന്റെ കൂട്ടുകാരനെ ഇങ്ങനെ പരിചയപ്പെടുത്തി. 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് എന്റെ ഷര്‍ട്ടാണിട്ടിരിക്കുന്നത്'. ശ്ശെ, കൂട്ടുകാരന്‍ ചമ്മിപ്പോയി. പരിചയക്കാരന്‍ പോയ്മറഞ്ഞപ്പോള്‍ പഴയ ചങ്ങാതി പരിഭവിച്ചു - 'എന്താ കൂട്ടുകാരാ, നിങ്ങളുടെ ഷര്‍ട്ടാണ് ഞാനിട്ടിരിക്കുന്നതെന്ന് പറഞ്ഞത്? അങ്ങനെ പറയല്ലേ പ്ലീസ്'. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.

രണ്ടാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് എന്റെ ഷര്‍ട്ടല്ല ഇട്ടിരിക്കുന്നത്'. പരിചയക്കാരന്‍ പോയപ്പോള്‍ ചങ്ങാതി: 'എന്താ കൂട്ടുകാരാ അങ്ങനെ പറഞ്ഞത്. ഞാനെന്റെ ഷര്‍ട്ടല്ലേ ഇടൂ'. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.

മൂന്നാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് ഇങ്ങേരുടെ ഷര്‍ട്ടാണ് ഇട്ടിരിക്കുന്നത്'. പരിചയക്കാരന്‍ പോയപ്പോള്‍ ചങ്ങാതി: 'എന്താ കൂട്ടുകാരാ അങ്ങനെ പറഞ്ഞത്. ഷര്‍ട്ടിനെപ്പറ്റി പറയേണ്ട കാര്യമുണ്ടോ?. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.

നാലാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേരുടെ ഷര്‍ട്ടിനെപ്പറ്റി പറയേണ്ട കാര്യമില്ലല്ലൊ!.

അവര്‍ പിന്നെയും ഒരുമിച്ചുതന്നെ യാത്ര തുടര്‍ന്നോ ആവോ? From Sex to Super Consciousness എന്ന കിത്താബിലാണ് രജനീശന്‍ ഈ കഥ പറയുന്നത്. (പ്രീഡിഗ്രിക്കാലത്ത് വായിച്ച ഓര്‍മയില്‍ നിന്ന്. 'പ്രീഡിഗ്രിക്കാലത്തേ ഓഷോവിനെ വായിച്ചു, അപ്പോള്‍ അതാണ് കുഴപ്പം അല്ലേ' എന്ന് ചോദിക്കല്ലേ കിനാവേ!).

സെക്സ് ഷര്‍ട്ട് പോലെയാണ് എന്നാണ് രജനീശന്റെ തിയറി. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അത് വിഷയമാവും.

ഈ കഥ ഒന്നിന്റെയും ന്യായീകരണമല്ല. എങ്കില്‍ നിങ്ങള്‍ ഷര്‍ട്ടൂരി ഒരു മുളയിന്മേല്‍ കൊളുത്തി അതും പിടിച്ച് പുരപ്പുറത്തു കയറി നില്ലെടോ എന്നു പറഞ്ഞാല്‍ കുഴങ്ങിപ്പോകത്തേ ഉള്ളു.