Followers

Wednesday, February 29, 2012

ആരു നീ(അല്ല ഞാനാരാ..?)


എൻ.ബി.സുരേഷ്


പൂവിതളാണ് നീ
കൊതിപ്പിക്കുന്ന നിമിഷം
അറ്റ് വീഴുന്നത്.
മേഘസഞ്ചാരമാണ് നീ
കണ്ടുകണ്ടങ്ങിരിക്കെ
കാറ്റ് കൊണ്ടുപോകുന്നത്.
കടല്‍ത്തിരയാണ് നീ
കാല്‍ നനയ്ക്കും മുൻ‌പേ
പിന്‍മടങ്ങുന്നത്.
വേനല്‍മഴയാണ് നീ
നനയാന്‍ തുടങ്ങവേ
പെയ്തുതീരുന്നത്.
കാലടികളാണ് നീ.
പിൻ‌തുടരുന്നതിൻ മുൻപ്
കാറ്റിൽ മായുന്നത്.
കിനാവാണ് നീ
തുടങ്ങുന്നതിന്‍മുന്‍പ്
പൊലിയുന്നത്.
വാക്കാണ്‌ നീ
പറഞ്ഞു തുടങ്ങവേ
തെറ്റുന്നത്.
മരീചികയാണ് നീ
സദാ മുന്നിലെത്തി
വലയ്ക്കുന്നത്.
ദാഹമാണ് നീ
എത്ര മോന്തിയാലും
അടങ്ങാത്തത്.
എങ്കിലും,
തടവറയാണ് നീ
കുതറിയാലും
ഭേടിക്കനാവാത്തത്.
കൊടും യാതനയാണ് നീ
ഒടുവിലത്തെ മിടിപ്പിലും
പതറാതെ,
ചിരിതൂകി
പ്രലോഭിപ്പിക്കുന്നത്,
പിന്‍വിളി വിളിക്കുന്നത്‌.
നിന്റെ വിളികേട്ട് ഞാൻ

ഒരു നീലത്തടാകത്തെ
സ്വപ്നം കാണുന്നു.
അറ്റമില്ലാത്ത ആ നീലിമയിൽ
ഒരു തൂവൽക്കൊതുമ്പിനാൽ
നിർമ്മിച്ച തോണിയിൽ
മയിൽ‌പ്പീലിത്തണ്ടിന്റെ തുഴയാൽ
മഴവില്ലിന്റെ കൊട്ടാരത്തിലേക്ക്
നാമങ്ങനെ തുഴഞ്ഞ് തുഴഞ്ഞ്..
പക്ഷേ,.
പ്രിയപ്പെട്ടവളെ
ഞാനെപ്പോഴും പാതിയിൽ
ഞെട്ടിയുണരുന്നു..
എപ്പോഴും.