Followers

Friday, September 30, 2011

ക്ഷൗരക്കത്തി
സണ്ണി തായങ്കരി

മധ്യതിരുവതാംകൂറിലെ ഒട്ടുമിക്ക ഗ്രാമങ്ങൾക്കും ഉണ്ടായതുപോലെ വലിയ മാറ്റങ്ങളാണ്‌ ഞങ്ങളുടെ ഗ്രാമത്തിലും സംഭവിച്ചതു. ഇന്ന്‌ മറ്റേതൊരു ചെറുപട്ടണത്തിലേയും ആധുനികതയുടെ ആഡംബരക്കാഴ്ചകളെ ഈ കുട്ടനാടൻ ഗ്രാമവും ആർജിച്ചെടുത്തിരിക്കുന്നു. വീതിയേറിയ റോഡുകൾ, ചീറിപ്പായുന്ന വിലകൂടിയ കാറുകൾ, ഓട്ടോറിക്ഷകൾ, ചെത്തുബൈക്കുകൾ, ടിപ്പറുകൾ, ലോറികൾ, പ്രൈവറ്റ്‌ ബസ്സുകൾ, സർക്കാർ ബസ്സുകൾ എന്നിവ നിരന്തരം റോഡുകളെ സജീവമാക്കുന്നു. കുട്ടനാടൻ പെരുമയുടെ അടയാളമായ നെൽപ്പാടങ്ങൾ നികത്തി ആധുനികതയുടെ പ്രൗഢിയോടെ ഉയർന്നുനിൽക്കുന്ന ബഹുനില കോൺക്രീറ്റുസൗധങ്ങളും ടൂറിസത്തിന്റെ ചിഹ്നമായ റിസോർട്ടുകളും പാരിസ്ഥിതിയിലും ഗ്രാമലാളിത്യത്തിലും നിഴൽ വീഴ്ത്തിയെങ്കിലും അത്‌ ആഗോളവത്ക്കരണ-കമ്പോളവ്യവസ്ഥിതിക്ക്‌ മുഖശോഭയേകുന്നുണ്ട്‌.


മനുഷ്യൻ പുരോഗമിക്കുമ്പോൾ അവന്റെ ആവശ്യങ്ങളും വളരുക സ്വാഭാവികം. ഗൾഫ്‌ പണത്തിന്റെ അതിപ്രസരം അതിനുള്ള സാധ്യതയ്ക്ക്‌ ന്യായീകരണമാണ്‌. ഇന്ന്‌ ഉപഭോഗസംസ്കാരം നഗരങ്ങളിൽമാത്രം ഒതുങ്ങുന്നതല്ലല്ലോ. അതിനാൽ വാങ്ങൽശേഷി വർധിച്ചവർക്കായി വലിയ സൂപ്പർമാർക്കറ്റുകൾ മൂന്നാണ്‌ ഇവിടെ ഉയർന്നിരിക്കുന്നത്‌. റെസ്റ്റോറന്റുകൾ, സ്റ്റാർപദവി ഭാവിയിലെങ്കിലും അവകാശപ്പെടാവുന്ന ഹോട്ടലുകൾ, ബാങ്കുകൾ, ഏറ്റിയെമ്മുകൾ, നാടൻ കള്ള്‌ കൂടാതെ വിദേശമദ്യം സുലഭമായതും സാങ്കേതികമായി കള്ളുഷാപ്പുകളെന്ന്‌ അറിയപ്പെടുന്നതുമായ സെമിബാറുകൾ തുടങ്ങിയവ ഒന്നിലേറെ. എടുത്തുപറയേണ്ട മറ്റൊന്ന്‌ സ്ത്രീകൾക്കും പുരുഷന്മാർക്കുംവേണ്ടി പ്രവർത്തനമാരംഭിച്ച ബ്യൂട്ടി പാർലറുകളാണ്‌. അവിടെ യുവത്വം കൂടിയവിലയ്ക്ക്‌ വിൽപനയ്ക്കുവച്ചിരിക്കുന്നു! ബ്യൂട്ടിപാർലറുകൾ വന്നതിനുശേഷം വെളുത്ത തലകൾ ഈ ഗ്രാമത്തിൽനിന്ന്‌ അപ്രത്യക്ഷമായിട്ടുണ്ട്‌. തൊണ്ണൂറുകഴിഞ്ഞവർപോലും പുതുയുവത്വം മനസ്സിലേറ്റി കറുത്ത തല ഉയർത്തിപ്പിടിച്ച്‌ നടക്കുന്നു!


ഒരു ബൈക്ക്‌ പാഞ്ഞുവന്നു. സഡൻബ്രേക്കോടെ ഉയരംകൂടിയ മതിൽക്കെട്ടിന്‌ മധ്യത്തിലെ ആകാശത്തേയ്ക്ക്‌ കൂപ്പുകൈയോടെ നിൽക്കുന്ന വലിയഗേറ്റിനുമുമ്പിൽ അത്‌ ചലനമറ്റു.ജൂവൽബോക്സുപോലെ തോന്നിച്ച ചെറിയ ഒരുപെട്ടിയുമായി ഇടംവലം നോക്കാതെ അയാൾ ഗേത്തള്ളിത്തുറന്ന്‌ അകത്തേക്കുപോയി.തുടർന്ന്‌ ഒരാൾപ്പൊക്കമുള്ള രണ്ട്‌ ജർമൻ ഷെപ്പേഡുകളുടെ ഡ്യൂട്ടിയായിരുന്നു.ഏട്ടിലെ പശുപുല്ലുതിന്നില്ലെന്ന്‌ ആഗതന്‌ നിശ്ചയമുള്ളതുകൊണ്ടാവണം നായ്ക്കൂട്ടിലെ പരാക്രമം അയാൾ ഗൗനിച്ചതേയില്ല.നാലുകെട്ടിനെ അനുസ്മരിപ്പിക്കുന്ന,ആധുനികതയുടെ മുഖവും മുദ്രയുമുള്ള ആ വലിയ ബംഗ്ലാവിന്റെ വിശാലമായ പൂമുഖത്ത്‌ ചാരുകസേരയിൽ നീണ്ടുനിവർന്ന്‌ കിടക്കുകയാണ്‌ കൃഷ്ണൻമൂപ്പൻ. അകലെനിന്ന്‌ നോക്കിയാൽ ഒരു ഉണങ്ങിയ ചുള്ളിക്കമ്പാണെന്നേ തോന്നു.നരച്ച കുറ്റിത്താടിയിൽ ഇടയ്ക്കിടയ്ക്ക്തടവി ആരോടെന്നില്ലാതെ പിറുപിറുക്കുന്നുണ്ടായിരുന്നു അയാൾ. യുവാവ്‌ അടുത്തെത്തുംതോറും മുറുമുറുപ്പിന്റെ സ്വരംഉയർന്നു. അതവഗണിച്ച്‌ അയാൾ അടുത്തെത്തി ജൂവൽബോക്സ്‌ തുറന്നു. അതിൽനിന്ന്‌ പുറത്തെടുത്തത്‌ ഏതാനും ക്ഷൗരോപകരണങ്ങൾ!
ഈ കഥയുടെ ഇതൾ വിരിയാൻ കാൽനൂറ്റാണ്ടുവരെ പിറകിലുള്ള ഞങ്ങളുടെ ഗ്രാമചരിത്രത്തിലേക്കൊന്ന്‌ കണ്ണോടിക്കേണ്ടതുണ്ട്‌. അന്നിവിടം കേവലമൊരു കുഗ്രാമമായിരുന്നു. റോഡോ വണ്ടിയോ മാർക്കെറ്റോ ഒന്നുമില്ലാത്തയിടം. എങ്ങോട്ടുനോക്കിയാലും വിശാലമായ നെൽപ്പാടങ്ങൾമാത്രം. ചിലപ്പോളത്‌ ഐശ്വര്യസമൃദ്ധിയുടെ അടയാളം തീർക്കും. മറ്റുചിലപ്പോൾ ഭീതിദമായ ദുരന്തക്കാഴ്ചയായി, പ്രളയജലആസുരതയായി വളരും. വാർക്കവീടുകൾ ഇല്ലേയില്ല. ഓടിട്ടത്‌ വിരളം. ഉള്ളതാകട്ടെ, ജന്മിമാരായ കർഷകരുടേത്‌. ബാക്കിയെല്ലാം ഓലയും പനമ്പും കുത്തിമുറുക്കിയ ചെറ്റപ്പുരകൾ. കാൽനൂറ്റാണ്ടിനപ്പുറത്തേയ്ക്ക്‌ തുറക്കുന്ന കോൺക്രീറ്റ്‌ കൊട്ടാരങ്ങളുടെ ചൂടിനെ വിച്ഛിന്നമാക്കുന്ന ഗ്ലാസിട്ട ജാലകക്കണ്ണുകൾക്ക്‌ തിരിച്ചറിയാനാവാത്ത ഓലപ്പുരകൾക്ക്‌ ചരിത്രത്തിൽപ്പോലും പ്രസക്തി നഷ്ടപ്പെടുന്നു!പൊതുഇടങ്ങൾ മനുഷ്യന്റെ ആവശ്യങ്ങൾപോലെത്തന്നെ നന്നേശുഷ്കം. ആയിരത്തിനും രണ്ടായിരത്തി നും ഇടയിൽമാത്രം പുസ്തകശേഖരമുള്ള വിജ്ഞാനപ്രദായനി വായനശാലയാണ്‌ അതിലൊന്ന്‌. പത്രങ്ങൾ രണ്ടെണ്ണമേയുള്ളു. ഒന്നോ രണ്ടോ ആനുകാലികങ്ങളും. ലോകവിവരങ്ങൾ അറിയുന്നതിന്‌ താത്പര്യമുള്ളവർ രാവിലെത്തന്നെ ഘടികാരസൂചിയുടെ കൃത്യതയോടെ ഹാജരാകുമെങ്കിലും പത്രമെത്തുന്നതും കാത്ത്‌ മണിക്കൂറുകൾ ഇരിക്കണം. പത്രം ഏജന്റ്‌ കാൽനടയായി കിലോമീറ്റുകൾതാണ്ടി കൃത്യം അറുപത്തിമൂന്നുപത്രം രണ്ടുഗ്രാമങ്ങളിലായി വിതരണംചെയ്ത്‌ എത്തുമ്പോൾ ഉച്ചയെങ്കിലുമാകും. പത്രമെത്തിക്കഴിഞ്ഞാൽ പിന്നൊരുപിടിച്ചുപറിയാണ്‌. പിടിവലിക്കിടയിൽ കീറിയോ കീറാതെയോ കൈയിൽ കിട്ടുന്നവർ ഓരോ ഷീറ്റുമായി മാറിയിരിക്കും. അന്ന്‌ പത്രങ്ങൾക്ക്‌ പേജുകൾ കുറവാണ്‌. ഒരു വാർത്ത മുഴുവൻ അതേ ഷീറ്റിലുണ്ടാവില്ല. ഒരാൾ വായിച്ചതിന്റെ ബാക്കി മറ്റൊരാളിന്റെ കൈയിലെ ഷീറ്റിലാവും. അതു കിട്ടാൻ മുറുമറുപ്പോടെയുള്ള കാത്തിരിപ്പാണ്‌ പിന്നെ. വൈകുന്നേരങ്ങളിൽ ലൈബ്രറിയിൽനിന്ന്‌ പുസ്തകമെടുക്കാൻ കുട്ടികളുടെയും യുവാക്കളുടെയും തിരക്കുണ്ടാകുമെന്നത്‌ മറ്റൊരു സവിശേഷതയാണ്‌. തകഴിയും ബഷീറും പാറപ്പുറവും മുട്ടത്തുവർക്കിയുമെല്ലാം ഗ്രാമീണയുവതയുടെ ആരാധ്യപുരുഷന്മാർ!


ഔതമാപ്ലയുടെ പലചരക്കുകട മറ്റൊരു കേന്ദ്രമാണ്‌. ഗ്രാമത്തിലെ ജനങ്ങളെ പശിയറിയിക്കാതെ ഫീഡ്‌ ചെയ്യുകയെന്നതാണ്‌ അയാളുടെ ധർമം. പലകക്കഷണത്തിൽ ചോക്കുകൊണ്ട്‌ ഇന്ന്‌ രൊക്കം നാളെ കടമെന്ന്‌(ഏതോ കുബുദ്ധി 'ക'യ്ക്ക്‌ കുനിപ്പിട്ടിരിക്കുന്നു) വടിവില്ലാത്ത അക്ഷരത്തിൽ എഴുതി തൂക്കിയിട്ടുണ്ടെങ്കിലും ആവശ്യക്കാർക്കുണ്ടോ ഔചിത്യം? അയാളുടെ കണക്കുബുക്കിലെ മുഷിഞ്ഞ പേജുകളിൽ പേരുകളുടെ നേർക്കുള്ള അക്കങ്ങൾക്ക്‌ ഏക്കാളവും പെരുക്കം ഉണ്ടായിട്ടേയുള്ളു. ഉള്ളതുപറയണമല്ലോ. ഇല്ലായ്മയെ കണ്ണീരുകൊണ്ട്‌ വരച്ചിടുന്ന ഒരാളെയും ഔതമാപ്ല വെറും സഞ്ചിയോടെ പറഞ്ഞയച്ചിട്ടില്ല.ഗോപാലവിലാസം ചായക്കട മികച്ച ഒരു പൊതുഇടമായി കരുതപ്പെടുന്നു. ഓലമേഞ്ഞ ഷെഡിന്‌ പഴക്കമേറെയുണ്ട്‌.ഓലമേഞ്ഞിട്ടും ഏറെക്കാലമായി. മഴക്കാലമായാൽ ചോരുന്നിടത്ത്‌ ഓലതിരുകുകയാണ്‌ പതിവ്‌. ഗോപാലപിള്ളയുടെ മുത്തശ്ശൻ വാങ്ങി സ്ഥാപിച്ച മർഫിറേഡിയോ അവിടുത്തെ മുഖ്യആകർഷണമാണ്‌. ഇടയ്ക്കിടയ്ക്ക്‌ ശബ്ദത്തിന്‌ ഒരു പറുപറുപ്പ്‌ ഉണ്ടെന്നല്ലാതെ ഒരിക്കലുമത്‌ കേടായിട്ടില്ല. നേരം പരപരായെന്ന്‌ വെളുക്കുമ്പോൾ ഗോപാലപിള്ള കണ്ണുതിരുമ്മി എഴുന്നേൽക്കുന്നതോടെ മർഫി റേഡിയോയും ആകാശവാണി തിരുവനന്തപുരം,തൃശ്ശൂർ,ആലപ്പുഴയുമായി ഉണരും.പിന്നീട്‌ റേഡിയോ മുത്തശ്ശിയുടെവായ്‌ അടയണമെങ്കിൽ പിറ്റേദിവസത്തേയ്ക്കുള്ള ദോശയ്ക്കും ഇഡ്ഡലിക്കുമുള്ള അരിയും ഉഴുന്നും ആട്ടി ക്ഷീണിച്ച്‌ മൂപ്പീന്ന്‌ ബഞ്ചിലേക്ക്‌ ചെരിയണം.അതിനോടകം വാർത്താവായനക്കാരും ഗായകരും മറ്റ്‌ പുകൾപെറ്റ കലാകാരന്മാരും പലതവണ സ്റ്റേഷൻവഴി റേഡിയോയിലെത്തി ചായക്കടയെ ജീവസ്സുറ്റതാക്കി മടങ്ങിയിരിക്കും.
ഗോപാലപിള്ളയുടെ ചായ മുതലാളി-തൊഴിലാളി വ്യത്യാസമില്ലാതെ ഏവർക്കുംജീവനും ഉണർവുമേകുന്ന മൃതസഞ്ജീവനിയാണ്‌. പാൽചായ കൃത്യമായി ലഭിക്കുക രാവിലെമാത്രം. മുന്നൂറ്റി അറുപത്തിയഞ്ചുദിവസവും കാലിൽ വാതനീരുള്ള നാറാപിള്ളയാണ്‌ രാവിലെത്തെ പാൽ വിതരണക്കാരൻ. വാതനീര്‌ കൊടുമ്പിരികൊള്ളുന്ന ദിവസങ്ങളിൽമാത്രം ഭാര്യ ലക്ഷ്മിയമ്മയോ പേരക്കുട്ടിയോ പാലെത്തിക്കും.


ഒറ്റക്കണ്ണൻ പപ്പുവിന്റെ ഡ്യൂട്ടി ഉച്ചയ്ക്കുശേഷമാണ്‌. പപ്പുവിന്റെ പകുതിയിൽ താഴെമാത്രം പ്രായമുള്ളവളും ആലില വയറിന്റെ മാദകത്വവും നിതംബവിശാലതയും പ്രദർശിപ്പിക്കാൻ പുക്കിളിന്‌ രണ്ടിഞ്ചുതാഴെവെച്ച്‌ മുണ്ടുടുക്കുന്നവളും നല്ല തുടമുള്ളതും മക്കൾ കുടിക്കാത്തതുമായ മുലകളുള്ളവളുമായ ഭാര്യ കനകമ്മയ്ക്ക്‌ 'വയറുവേദന'ഉത്ഭവച്ചിട്ടില്ലെങ്കിൽ പശുവിനെ കൃത്യമായി കറക്കും. കനകമ്മയെപ്പോലെത്തന്നെ കനകമ്മയുടെ പശുവിനും പപ്പു അകിടിൽ പിടിക്കുന്നത്‌ അലർജിയാണ്‌.അത്‌ മനസ്സിലാക്കാതെ ഒരിക്കൽ കറക്കാൻശ്രമിച്ചപ്പോൾ പശുകാലുപൊക്കി തൊഴിക്കുകയും കുളമ്പുകൊണ്ട്‌ ഇടതുകണ്ണ്‌ നഷ്ടപ്പെടുകയും ചെയ്തു. കനകമ്മ നിത്യവയറുവേദനക്കാരിയാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. കരുവാറ്റയിലുള്ള'അകന്നബന്ധു'വായ എസ്‌.ഐ.സോമശേഖരൻ കനകമ്മയെ കാണാനെത്തുന്ന ദിവസങ്ങളിൽമാത്രമേ വയറുവേദനയുണ്ടാകു.എസ്‌.ഐ.യുടെ തല ദൂരെക്കാണുമ്പോഴേ പോലീസിനെ പേടിയുള്ള പപ്പു സ്ഥലംകാലിയാക്കി കമലമ്മയുടെ വയറുവേദനക്കാര്യം ഗോപാലപിള്ളയെ അറിയിക്കും.
ഇവർ കുപ്പിയിൽ വെള്ളമൊഴിച്ചിട്ടാണോ പാലൊഴിക്കുക, അതോ പാലൊഴിച്ചിട്ടാണോ വെള്ളമൊഴിക്കുക എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ ഗോപാലപിള്ളയ്ക്കോ സ്ഥിരം ചായമോന്തികൾക്കോ കഴിഞ്ഞിട്ടില്ല. ഏതായാലും പാലിന്റെ വില വർധിപ്പിക്കുന്നതനുസരിച്ച്‌ വെള്ളത്തിന്റെ അളവും ഇരുവരും കൂട്ടിക്കൊണ്ടിരുന്നു എന്നതാണ്‌ വസ്തുത.ഗോപാലവിലാസത്തിലെ ദോശ, ഇഡ്ഡലി, ഇന്നത്തെപ്പോലെ അന്നും ഫ്രീയായികിട്ടുന്ന തേങ്ങാചമ്മന്തി,പുട്ട്‌,കടലക്കറി, ശുദ്ധവെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ബോണ്ട, പരിപ്പുവട, പഴംപൊരി, സുഖിയൻ, മടക്കുകേക്ക്‌ എന്നീ ബ്രാണ്ടുകളുടെ രുചി മറക്കാവതല്ലെന്ന്‌ ഗ്രാമീണർ പറയും. രാഷ്ട്രീയചർച്ച, വള്ളംകളിചർച്ച എന്നിവ പാടില്ലെന്ന്‌ എഴുതിവച്ചിട്ടുണ്ടെങ്കിലും ഗ്രാമത്തിലെ രാഷ്ട്രീയക്കാരുടെയും അനുഭാവികളുടെയും കൂത്തരങ്ങാണവിടം. വള്ളംകളി സീസണായാൽ ചർച്ച നതോന്നതയുടെ താളാത്മകത വെടിഞ്ഞ്‌ അയ്യോപോയേയെന്ന പിരിമുറുക്കത്തിലേക്ക്‌ നയമ്പെറിയും. വള്ളംകളി കുട്ടനാടിന്റെ തനതുസംസ്കാരത്തിൽ പെടുന്ന വകുപ്പായതിനാൽ ചർച്ചയ്ക്ക്‌ ലഹരികൂടുക സ്വാഭാവികം. ഒരേ കരക്കാരാണെങ്കിലും ക്ലബുകൾ രണ്ടുള്ളതാണ്‌ പ്രശ്നം.വെള്ളത്തിലും കരയിലുമിരുന്ന്‌ വള്ളം തുഴയുന്നവരും രാഷ്ട്രീയത്തിൽ തുഴയാത്തവരും ചേരിതിരിഞ്ഞ്‌ പൊരിഞ്ഞ അടിവരെ നടത്തിയത്‌ ഗ്രാമത്തിന്റെ പൂർവകാലചരിത്രം.


എടുത്തുപറയേണ്ട മറ്റൊരു പൊതുഇടം ടി.എസ്‌. 62-​‍ാംനമ്പറ്‌ കള്ളുഷാപ്പാണ്‌. ചാത്തുണ്ണി ചാന്ദാനാണ്‌ ലൈസൻസി. ചാന്ദാന്റെ മൂന്നാം കെട്ടിയോളായ ലീലാമണിയുടെ നഗ്നമായ വയറും നേർത്ത അരമുഴം തുണിയിൽ മറയ്ക്കാതെമറച്ച നിറമാറും കുടിയന്മാരുടെ ലഹരികൂട്ടാൻ പര്യാപ്തമായ ടച്ചിംഗ്സാണ്‌. ഇളംപുലരിമുതൽ മൂപ്പേറിയ അന്തിവരെ തരാതരത്തിന്‌ കിട്ടുമവിടെ. കപ്പകുഴച്ചതും നാണാത്തരം മത്സ്യങ്ങൾ നല്ല എരിവും പുളിയും ലീലാമണിയുടെ വിയർപ്പും കൈപ്പുണ്യവും സമംചേർത്ത്‌ ഉണ്ടാക്കുന്നതും ലീലാമണിയോളംതന്നെ ലഹരിക്ക്‌ മാറ്റുകൂട്ടുമെന്ന്‌ കുടിയന്മാർ സാക്ഷ്യപ്പെടുത്തുന്നു!കിണ്ണൻമൂപ്പർ അമ്പതുകൾ പിന്നിട്ടകാലം. മൂപ്പര്‌ കിഴക്ക്‌ വെള്ളകീറുന്നതിനുമുമ്പ്‌ ഉണരും. കടുപ്പത്തിലൊരു ചക്കരക്കാപ്പിമോന്തി കുടിലിന്റെ കഴുക്കോലിൽ തൂങ്ങിയാടുന്ന കൈപ്പെട്ടി കക്ഷത്തിലിടുക്കി, ഒറ്റ മുണ്ടും തോർത്തുമായി ഒരു മൊബെയിൽ ക്ഷൗരവണ്ടിയായി ഗ്രാമവീഥിയിലേക്കിറങ്ങും. ഗ്രാമത്തിലെ ബഹുഭൂരിപക്ഷത്തെയുംപോലെ കിണ്ണൻ മൂപ്പരും ചെരുപ്പ്‌ ധരിക്കില്ല. അത്തരം ആർഭാടങ്ങൾ ശുദ്ധഗ്രാമീണർക്ക്‌(ഗ്രാമീണവിശുദ്ധിയെന്ന്‌ സാഹിത്യകാരന്മാർ കാച്ചും)അന്യമാണല്ലോ. തലയുംതാടിയും ഓഫർ ചെയ്തവരുടെ ലിസ്റ്റ്‌ മൂപ്പരുടെ ഓർമയിൽ ചുരുൾനിവരും.മുൻഗണന എഴുത്താശാന്റെ കളരിയിലും സർക്കാർവക പ്രൈമറിയിലും പഠിക്കുന്ന കുട്ടികൾക്കാണ്‌. പറമ്പുകളും പാടത്തിന്റെ പുറംബണ്ടുകളും കടന്ന്‌ മെയിലുകൾ താണ്ടിയാലേ കുട്ടികൾക്ക്‌ എഴുത്താശാൻ കളരിയിലും സ്കൂളിലും എത്താനാവു. അതിന്‌ മണിക്കൂറുകൾമുമ്പേ പുറപ്പെടണം. കൈയിൽ ചോറ്റുപാത്രവും ആശാന്റെ നാരായത്തിന്റെ കിഴുക്കേറ്റ്‌ തുളഞ്ഞ, അക്ഷരങ്ങൾ പതിഞ്ഞ ഓലയുമായി ഒരു ഘോഷയാത്രപോലെയാണ്‌ പോക്ക്‌! പോകുന്ന പോക്കിൽ ബാല്യചപലതയെ ആകർഷിക്കുന്ന എന്തൊക്കെ വഴിയോരക്കാഴ്ചകളെയാണ്‌ അവർക്ക്‌ തരണംചെയ്യാനുള്ളത്‌! പോത്തിന്റെകഴുത്തിൽ കലപ്പവച്ചുപൂട്ടി നിലമുഴുന്നത്കണ്ടുനിൽക്കുക ഒരുഹരമാണ്‌.


പുഞ്ചയിലെ മോട്ടോർ ചാലുകൾ വറ്റുമ്പോൾ കോരുവലയും മുപ്പല്ലിയും കൂടയുമായി മത്സ്യം പിടിക്കാനിറങ്ങുന്ന കിടാങ്ങളുടെകൂടെ ചെളിനിറഞ്ഞ വരമ്പിലൂടെ എത്ര നടന്നാലും മതിവരില്ല. കൂടകളിൽ പിടയുന്ന വരാലും കരിമീനും നീളമേറിയമുഷിയും നീണ്ടകാലുകൾകൊണ്ട്‌ ഇറുക്കുന്ന കുട്ടനാടൻകൊഞ്ചും! മോട്ടോർ ചാലിന്റെ വരമ്പിന്റെ അള്ളകളിൽ കൈയിട്ട്‌ വഴുവഴുപ്പുള്ള വലിയവരാലിന്റെ തലയിൽ പിടിച്ച്‌ കീഴ്പ്പെടുത്താൻ നല്ല ആരോഗ്യം വേണം. മടവല മറ്റൊരാകർഷണമാണ്‌. അമ്പതും അറുപതും കുതിരശക്തിയുള്ള മോട്ടോറും പെട്ടിയും പറയും പറയ്ക്കുള്ളിലെ പങ്കയും ഉപയോഗിച്ചാണ്‌ വെള്ളം ആറ്റിലേക്ക്‌ തള്ളുക. പെട്ടിക്ക്‌ മുമ്പിൽകെട്ടുന്ന വലയിൽ നാണാത്തരം മത്സ്യങ്ങൾ നിറയും. അതൊരു ഉത്സവക്കാഴ്ചയാണ്‌. അവിടെനിന്ന്‌ വല്ലവിധേനയും പൈന്തിരിഞ്ഞാൽ വഴിവക്കിൽ കാണുന്ന പൂത്തമാവും പുളിമരവുമുണ്ടോ കുട്ടികളെ വെറുതെ വിടുന്നു!


താമസിച്ചെത്തിയാൽ ആശാന്റെ കഠിനശിക്ഷ ഉറപ്പാണ്‌. കുഞ്ഞുചെവി നാരായത്തിനും ആശാന്റെ വിരലുകൾക്കുമിടയിൽ ഞെരിഞ്ഞമരുമ്പോൾ പ്രാണൻപോകും. പ്രൈമറിക്കാർക്ക്‌ സാറന്മാരുടെ ചൂരൽകഷായത്തിന്റെകൂടെ ബഞ്ചിൽ കയറ്റിനിർത്തലോ ക്ലാസിന്‌ പുറത്ത്‌ നിർത്തലോ ആണ്‌ ശിക്ഷ.
ഒരു രൂപയാണ്‌ മുടിവെട്ടുകൂലി. ക്ഷൗരത്തിന്‌ അമ്പതുപൈസയും. രണ്ടും മൂന്നും മാസം കൂടുമ്പോഴേ കുട്ടികളുടെ മുടിവെട്ടിക്കു. അത്‌ ഇരട്ടിപ്പണിയാണെന്ന്‌ കിണ്ണൻമൂപ്പർ ശബ്ദമടക്കി പിറുപിറുക്കും. അൽപം സാമ്പത്തികമുള്ളവരുടെ വീട്ടിലാണ്‌ ആദ്യവെട്ടോ വടിയോ ആരംഭിക്കുക. അത്‌ കൈനീട്ട ശാസ്ത്രമാണെന്ന്‌ മൂപ്പർക്കറിയാം. തലേന്ന്‌ പറഞ്ഞുറപ്പിച്ച വീട്ടിലെത്തി കതകിൽ മുട്ടുന്നതോടെ മൂപ്പരുടെ കൃത്യാന്തരബാഹുല്യലിസ്റ്റിൽ ആദ്യത്തെ ടിക്‌വീഴും. ഉറക്കച്ചടവോടെ കണ്ണുതിരുമ്മി ഇറങ്ങിവരുന്ന കുട്ടി യമരാജനെ നേരിൽകണ്ടപോലെ അലറിക്കരയും. മൂപ്പരുടെ കൈയിൽ കുട്ടിയെ ഏൽപ്പിക്കാൻ ഭഗീരഥപ്രയത്നംതന്നെവേണം. ഇരയെ കൈയിൽ കിട്ടിയാൽ മുറ്റത്തിന്റെ അറ്റത്തേയ്ക്ക്‌ ആഞ്ഞൊരുനടത്തമാണ്‌.ക്ഷൗരക്കത്തികൊണ്ട്‌ മുറിവേൽക്കുന്നതിനേക്കാൾ വേദനയുണ്ട്‌ മൂപ്പരുടെ കനത്ത തഴമ്പുള്ള കരം സ്പർശിക്കുമ്പോൾ!പിടുത്തം മുറുകുമ്പോൾ വേദന പതിന്മടങ്ങ്‌ വർധിക്കും.


വീടിന്റെ അടുക്കളവശമാണ്‌ കിണ്ണൻമൂപ്പരുടെ കത്രിക-കത്തിപ്പണിയുടെ സ്ഥാനം. അവിടെയിരുന്നാൽ അടുക്കളയിലെ വർത്തമാനവും പെരുമാറ്റവും ശ്രദ്ധിക്കാം. കുടുംബകലഹങ്ങൾ പലതും ഗ്രാമീണരുടെ ചെവിയിലെത്തുക മൂപ്പർ മുഖാന്തിരമാണെന്ന്‌ ദോഷൈകദൃക്കുകൾ പറയും. ഏതു പലഹാരത്തിന്റെയും മണം മൂപ്പർക്ക്‌ പെരുത്ത ഇഷ്ടമാണ്‌. ഭക്ഷണസമയത്ത്‌ കിണ്ണൻ മൂപ്പർ മനുഷ്യപ്പറ്റുള്ളവരുടെ വീട്ടിലായിരിക്കുമെന്ന്‌ നാട്ടുകാർ പറയും.ഭക്ഷണത്തിന്‌ ക്ഷണിക്കുമ്പോൾ അഭിമാനിയായ മൂപ്പർ ആദ്യമൊരുനമ്പരിടും. എന്നാൽ രണ്ടാമതൊന്ന്‌ വിളിക്കേണ്ട താമസം, ചമ്രംപടഞ്ഞ്‌ അടുക്കളവരാന്തയിൽ ഇരുന്നുകഴിഞ്ഞിരിക്കും.ഒറ്റവിളിയിൽ കാര്യമൊതുക്കുന്നവരെ കക്ഷിക്കറിയാം.അവരോട്‌ ഔചിത്യമൊന്നും പ്രകടിപ്പിക്കില്ല. കൈ കഴുകിയോയെന്ന്‌ ഏതെങ്കിലും വീട്ടമ്മ ചോദിച്ചാൽ മൂപ്പർ പറയും.


"തമ്പ്രാട്ടി... എനക്ക ചോറാമുടിവെട്ടും ക്ഷെവരോം. അപ്പണിക്കേ ശുത്തോം അശ്ശുത്തോംന്നൂല്യാന്നാ ഞാമ്പടിച്ചേ... വെശപ്പന്‌ വല്ലോം അകത്താക്കാണ്‌ കയ്കളികേയേല്‌ തമ്പ്‌രാൻ അടിയാന്റെ ചോറങ്ങെട്ക്കും..."
മുറ്റത്തിന്റെ കോണിൽ, ഏതെങ്കിലും മരത്തിന്റെ ചുവട്ടിലോ മറ്റോ കൈപ്പെട്ടിവച്ച്‌ വലിച്ചിഴച്ചുകൊണ്ടുവന്ന ബാലനെ ബലമായിപിടിച്ചിരുത്തി മൂപ്പർ അഭിമുഖമായി കുന്തിച്ചിരിക്കും.പിന്നെ പെട്ടിതുറന്ന്‌ കത്രിക, കത്തി, ചീപ്പുകൾ, ആലംകല്ല്‌, കത്തി മൂർച്ചകൂട്ടാനുള്ള ലെത്തർ കഷണം, ഇത്യാദികളിൽ ആവശ്യമുള്ളവ പേപ്പർ വിരിച്ച്‌ പ്രതിഷ്ഠിക്കും. ക്ഷൗരക്കത്തി താഴെവയ്ക്കുംമുമ്പ്‌ കത്തിയിലേക്കും മുമ്പിൽ പേടിച്ചുവിറച്ച്‌ പതുങ്ങിയിരിക്കുന്ന ഇരയുടെ മുഖത്തേയ്ക്കും തറപ്പിച്ചൊരുനോട്ടമുണ്ട്‌.അതൊരു മൂന്നാര്റിയിപ്പാണ്‌.മുടിവെട്ടുകഴിയുംവരെ അനങ്ങരുതെന്ന കാർക്കശ്യംകലർന്ന മൂന്നാര്റിയിപ്പ്‌! കത്തികൊണ്ട്‌ സൈഡ്‌ വടിക്കുമ്പോൾ കുട്ടികൾ ഇക്കിളികൊണ്ട്പുളയും. അത്‌ മൂപ്പർക്ക്‌ ഇഷ്ടമല്ല. കത്തിപാളിയാൽ ആര്‌ സമാധാനം പറയുമെന്നചോദ്യം ന്യായവുമാണല്ലോ. കുഞ്ഞുങ്ങളുടെ ഉണർവിലും ഉറക്കത്തിലുമുള്ള പേടിസ്വപ്നങ്ങളാണ്‌ എഴുത്താശാന്റെ നാരായവും കിണ്ണൻമൂപ്പരുടെ കത്തിയും! അതുകേട്ടാൽ കുട്ടികൾ നിക്കറിൽ മൂത്രമൊഴിക്കും.ദുശ്ശാഠ്യത്തോടെ കരയുന്ന കുഞ്ഞുങ്ങളെ ഉറക്കാൻ അമ്മമാർ കിണ്ണൻമൂപ്പരെയൊന്ന്‌ വിളിച്ചാൽമതി.പണി ആരംഭിക്കുംമുമ്പ്‌ ആയുധങ്ങൾക്ക്‌ മൂർച്ചകൂട്ടണം. ലെത്തർ കഷണത്തിന്റെ ഒരറ്റം കാലിന്റെ തള്ളവിരൽകൊണ്ടും മറ്റേയറ്റം ഇടതുകൈപ്പത്തികൊണ്ടും അമർത്തിപ്പിടിച്ച്‌ അതിൽ കത്തിചേർത്ത്‌ മുകളിലേക്കും താഴേയ്ക്കും ഉരച്ച്‌ മൂർച്ചകൂട്ടുമ്പോൾ കിണ്ണൻമൂപ്പരുടെ കണ്ണ്‌ ഇരയുടെ മുഖത്തായിരിക്കും. മാംസം വലിഞ്ഞമുഖത്തെ കുഴികളിൽ കണ്ണുകൾ വികസിക്കുമ്പോൾ കുട്ടി ഇരിക്കുന്നയിടം നനഞ്ഞൊഴുകും. മൂർച്ചയായെന്ന്‌ ഉറപ്പുവരുത്തിയശേഷം കുട്ടിയുടെ തലപിടിച്ച്‌ എല്ലുംതോലുമായ കാൽമുട്ടിനുള്ളിൽവച്ച്‌ അമർത്തിപ്പിടിക്കും. അതാണ്‌ കത്രികപ്പൂട്ട്‌! മൂപ്പരുടെ കൃശഗാത്രത്തിൽനിന്നും വസ്ത്രത്തിൽനിന്നും പുറപ്പെടുന്ന രൂക്ഷഗന്ധം മനംപുരട്ടൽ ഉണ്ടാക്കുമെങ്കിലും സഹിക്കുകയേ നിർവാഹമുള്ളു. പിന്നീട്‌ ആ തലയൊന്നിളക്കണമെങ്കിൽ കത്രികപ്പണി കഴിയണം. മൂപ്പരുടെ കൈയിലും കൈയെത്തും ദൂരത്തുമിരിക്കുന്ന മൂർച്ചയുള്ള ആയുധമോർത്ത്‌ ശ്വാസമടക്കിയിരിക്കും. കത്രിക ചലിക്കുമ്പോഴുള്ള താളാത്മകസ്വരമാണ്‌ ഒരാശ്വാസം.


മേപ്രം ഇല്ലത്തെ രാമൻനമ്പൂതിരിയുടെ മകൻ ഹരിയുടെ ഊഴമെത്തി. കൃത്യമായി എല്ലാ മാസവും മുടിവെട്ടാൻ കിണ്ണൻമൂപ്പരെത്തും. ദിവസം തെറ്റിയാൽ നമ്പൂരിച്ചൻ കാട്ടാളനാകുമെന്ന്‌ മൂപ്പർക്കറിയാം. കൂടുതൽ കൂലിയും പ്രഭാതഭക്ഷണവും ഉറപ്പായതിനാൽ മൂപ്പർക്കും താത്പര്യമാണ്‌. സ്വാഭാവിക മുശുക്കുമണം ശേഷിക്കുമെങ്കിലും കുളിച്ചുവൃത്തിയായി മുഷിഞ്ഞ വസ്ത്രംമാറി ചെല്ലുന്ന ഏകവീട്‌ അതുമാത്രമാണ്‌.
രാമൻനമ്പൂതിരി ഏറെ വിഷമിച്ചാണ്‌ മകനെ മൂപ്പരുടെ കൈയിൽ ഏൽപിച്ചതു. കിണ്ണൻ മൂപ്പർക്ക്‌ കോച്ചുവാതത്തിന്റെ ശല്യംതുടങ്ങിയ മേടമാസക്കാലം.രണ്ടുകാലിൽ കുന്തിച്ചിരിക്കുമ്പോൾ ചിലപ്പോഴൊക്കെ ബാലൻസുതെറ്റും. ഹരിയുടെ തല കാൽമുട്ടുകൾകൊണ്ട്പൂട്ടി കത്രിക ചലിപ്പിച്ചുതുടങ്ങിയപ്പോൾ നേരിയ തോതിൽ കോച്ചാൻതുടങ്ങി. ഒരുവിധം മുടിവെട്ടിതീർത്തു. കോച്ചിവലിക്കൽ അപ്പോഴേയ്ക്കും രൂക്ഷമായി. എങ്കിലും'രാമേശ്വരത്തെചെര'യെന്ന ഒരപഖ്യാതി മൂപ്പർക്ക്‌ കൽപിച്ചുകൊടുത്തിട്ടുള്ളതിനാലും നമ്പൂതിരിയെ ഭയമായതിനാലും വയ്യായ്മവകവയ്ക്കാതെ കത്തിയെടുത്ത്‌ സൈഡ്‌വടിക്കുമ്പോൾ ഇക്കിളിയോടെ കുട്ടിയൊൻഞ്ചലിച്ചു. ക്ഷൗരക്കത്തിപാളി. കിണ്ണൻമൂപ്പർ ബാലൻസുതെറ്റി പിറകിൽകിടന്ന മുള്ളുമുരിക്കിന്മേൽ മലർന്നടിച്ചുവീണു.ചോരയൊലിക്കുന്ന ചെവിപൊത്തിപ്പിടിച്ച്‌ അലറിക്കരഞ്ഞുകൊണ്ട്‌ കുട്ടി ഓടുമ്പോൾ ഉറക്കെ പിരാകിക്കൊണ്ട്‌ മൂപ്പർ എഴുന്നേൽക്കാൻ ശ്രമിക്കുകയായിരുന്നു. മൂപ്പരുടെ മുതുകിൽനിന്ന്‌ ഒലിച്ചചോര കൗപീനംനനച്ച്‌ താഴേയ്ക്ക്‌ ഇറ്റുവീണു.നമ്പൂതിരിയിൽനിന്ന്‌ പ്രഭാതഭക്ഷണവും വെട്ടുകൂലിയും കിട്ടിയില്ലെന്നുമാത്രമല്ല, തെറിയഭിഷേകം ചെയ്താണ്‌ മൂപ്പരെ അവിടെനിന്ന്‌ ആട്ടിപ്പായിച്ചതു. അന്ന്‌ കിണ്ണൻ മൂപ്പർ ശപഥമെടുത്തു.ഈ നമ്പൂരിച്ചെക്കനെക്കൊണ്ട്‌ ക്ഷൗരക്കത്തി എടുപ്പിക്കുമെന്ന്‌! കോച്ചുവാതം കലശലാകുംവരെ മൂപ്പർ നമ്പൂരിച്ചന്റെ വീട്ടിലൊഴികെ മറ്റെല്ലായിടത്തും മുടിവെട്ടുകയും താടിവടിക്കുകയും ബാലൻസുതെറ്റി പലവട്ടം വീഴുകയുംചെയ്തു.മൂപ്പര്‌ ക്ഷൗരപ്പെട്ടി കുടിലിന്റെമൂലയിലുള്ള വീഞ്ഞപ്പെട്ടിയിൽ സ്ഥിരമായി സ്ഥാപിക്കുംമുമ്പ്‌ പരമ്പരാഗതതൊഴിൽ പഠിച്ച മക്കൾ രണ്ടുപേരും കടൽകടന്ന്‌ ദുബായിലെത്തിയിരുന്നു.


വൈകാതെ അറബിയുടെ സ്പോൺസർഷിപ്പിൽ ബ്യൂട്ടിപാർലർ തുറന്നു.അതൊരു കയറ്റത്തിന്റെ തുടക്കമായിരുന്നു.
രാമൻനമ്പൂതിരിയുടെ കഷ്ടകാലമെത്തിയത്‌ പലവിധ രോഗങ്ങളുമായാണ്‌. ക്ഷേത്രത്തിലെ പൂജാദികർമങ്ങൾക്ക്‌ സ്ഥിരമായിപോകാൻ സാധിക്കാതെയായി. ക്ഷേത്രത്തിൽനിന്നുള്ള വരുമാനം നിലച്ചപ്പോൾ ഇല്ലത്തെ കാര്യങ്ങൾ കഷ്ടത്തിലായി. കഴകക്കാരന്റെ നിർബന്ധംമൂലമാണ്‌ മടിയോടെയാണെങ്കിലും അയാൾ കൃഷ്ണൻ മൂപ്പന്റെ ബംഗ്ലാവിലേക്ക്‌ കയറിച്ചെന്നത്‌. ഗേറ്റുകടന്ന്‌ നമ്പൂരിച്ചൻ വരുന്നത്‌ മൂപ്പൻകണ്ടു.പക്ഷേ,അത്‌ കണ്ടതായി നടിക്കാതെ അയാൾ കണ്ണടച്ചുകിടന്നു. അന്നത്തെ അവഹേളനത്തിന്റെ ഓർമ അയാളുടെ ഞരമ്പുകളെ ത്രസിപ്പിച്ചു. രാമൻനമ്പൂതിരി മൂപ്പന്റെ കസേരയ്ക്കരുകിൽ പരുങ്ങിനിന്നു. പിന്നീടെപ്പോഴോ അയാൾ കണ്ണുതുറന്ന്നോക്കി. കോളാമ്പിയെടുത്ത്‌ തുപ്പി, കിടന്ന കിടപ്പിൽ ആഗമനോദ്ദേശം ആരാഞ്ഞു.


"ഇല്ലത്തെ കാര്യങ്ങള്‌ ശ്ശി കുഴപ്പാണെന്നു കൂട്ടിക്കോളി. രോഗോം ആകുലതേം കാരണം പൂജക്കൊന്നും വയ്യാണ്ടായി. കഴിഞ്ഞതൊക്കെ മൂപ്പര്‌ അങ്ങട്‌ മറക്ക്വാ... ഹരിനമ്പൂരി തെണ്ടിനടക്ക്വാണേ... പറ്റ്വാല്‌ ഒന്നങ്ങട്‌ അക്കരക്കൊണ്ട്വോയ്‌ കരകേറ്റാൻ മക്കളോട്‌ പറയ്‌വാ..." രാമൻ നമ്പൂതിരി കൈകൂപ്പി അപേക്ഷിച്ചു. കിടന്നകിടപ്പിൽ മൂപ്പർ കനത്തിലൊന്നുമൂളി. പിന്നെ നിർദേശിച്ചു-
"വെക്കം പേസ്പ്പാർട്ട്‌ എടത്തോളാൻ നമ്പൂരിച്ചൻ മഹനോട്‌ പറയ്‌."
വലിയൊരു ഭാരം നെഞ്ചിൽനിന്ന്‌ ഇറക്കിവച്ച ആശ്വാസത്തിൽ രാമൻ നമ്പൂതിരി മടങ്ങുമ്പോൾ കൃഷ്ണൻ മൂപ്പന്റെ കുഴിയിൽപോയ കണ്ണുകൾ ജ്വലിച്ചു.


ഹരിനമ്പൂതിരി വൈകാതെ ദുബായിലേക്ക്‌ പറന്നു. അതൊരു കെണിയാണെന്ന്‌ അയാൾ അറിഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയൊന്നും തരപ്പെട്ടില്ല. ദിവസങ്ങൾ പട്ടിണികിടന്നു. അവസാനം പോലീസിന്റെ കൈയിൽ അകപ്പെടുമെന്നായപ്പോൾ കിണ്ണൻമൂപ്പരുടെ മക്കളുടെ ബ്യൂട്ടിപാർലറിൽ ചെന്നു. കട്ടിങ്ങും ഷേവിങ്ങും ഉപരിപഠനവിഷയമാക്കി. പിന്നീട്‌ അവിടെത്തന്നെ പണിയും ആരംഭിച്ചു. വൈകാതെ ഒരു ഉടമ്പടിയുടെ ഭാഗമായി ഞങ്ങളുടെ ഗ്രാമത്തിൽ ബ്യൂട്ടിപാർലർ പ്രവർത്തനം തുടങ്ങി.