എബ്രഹാം ജോസഫ്
മഞ്ഞു നിറഞ്ഞ തണുപ്പുള്ള
രാത്രിയില്‍ വിഷത്തിനു
കാഠിന്യമേറി.
ഒരു ഫണം വിടര്‍ന്നാടി.
വിഷം തുപ്പുന്നതിനിടയില്‍
ഗതിമാറിയത് ഉള്ളിലെത്തി.
വിഷമേറ്റ മാംസം ഭയന്നു.
പിന്നെയും കൊത്തി,
വിഷം പിന്നെയും ഗതി മാറി
സഞ്ചരിച്ചുകൊണ്ടിരുന്നു.
മുന്‍പ്,
മുറതെറ്റുന്നതില്‍ ഭയന്നിരുന്നവര്‍ക്ക്
ഇന്ന മുറ തെറ്റാതിരിക്കാന്‍
പുതിയ മുറകള്‍
മരുന്നു പീടികയില്‍ നിന്ന്
അവള്‍, കാമുകി
’അണ്‍വാണ്ടഡ് 72’
വാങ്ങി ബാഗിലൊളിപ്പിക്കുമ്പോള്‍
പത്തിതാഴ്ത്തി,
പീടികക്കു മുന്നിലെ ആല്‍മരത്തിന്‍
വേരുകളില്‍ നൂണ്ടിറങ്ങി ഒളിച്ചു
അവന്‍, കാമുകന്‍,
സര്‍പ്പങ്ങള്‍ കരഞ്ഞിരുന്നതായി
ആരും പറഞ്ഞു കേട്ടിരുന്നില്ല.
ഒരു പിറക്കാത്ത കുഞ്ഞിന്‍റെ
നല്കാത്ത പേരത്രെ
’അണ്‍വാണ്ടഡ് 72’
മുറ തെറ്റാത്ത പെണ്ണിന്‍റെ
കവചം, മുറതെറ്റിയ
ആണിന്‍റെ നഗ്നത, എന്നിവയത്രെ
’അണ്‍വാണ്ടഡ് 72’