Followers

Friday, September 30, 2011

പൂർണ്ണിമ


ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി
അദ്ധ്യായം - പതിനൊന്ന്‌
അവിനാശന്റെ നിർബന്ധംകൊണ്ട്‌ അവസാനം രാജ രാജേശ്വരിയുടെ വീട്ടിൽ പോകാമെന്ന്‌ രജനി സമ്മതിച്ചു എന്നാലും അയാൾ ഉപദേശിച്ചു. "എന്റെ ചങ്ങാതി, ഇത്‌ വിഷമം പിടിച്ച, ആപത്തിനെ ക്ഷണിച്ചുവരുത്തുന്ന ഒരു പരിപാടിയാണെന്നു വിചാരിച്ചോ പാപവിചാരത്തിന്‌ പുല്ലു വില കൽപിക്കാം. നീതിയുടെനേരെയും കണ്ണുരുട്ടിക്കാട്ടാം. എന്നാൽ ഒരു തവണത്തെ മാനസികാധഃപതനം പിന്നീടതിൽ നിന്നും കരകയറുക-അതിൽ-ആഴത്തിൽ നമ്മെ താഴ്ത്തിക്കളയും. മാനസിക ദൗർബല്യത്തിന്‌ നാം കീഴടങ്ങിയാൽ അത്‌ കാട്ടുതീപോലെ പടർന്ന്‌ പിടിച്ചു സർവ്വനാശം വരുത്തും.
അവിനാശന്‌ നാരായണിയെ ഓർമ്മവന്നു. ഒരുതവണ ഗണികാഗൃഹത്തിൽ പോയ അനുഭവവും മറക്കാനായില്ല. അയാളുടെ ഉള്ള്‌ വിറച്ചു. എന്നാലും അയാളുടെ ഹൃദയം ക്ഷണത്തിൽ ഉത്തേജിതമായിത്തീർന്നു. അയാൾ പറഞ്ഞു. "നിങ്ങളുടെ അയൽപക്കത്ത്‌ ആ കാട്ടുതീ പടർന്നു പിടിച്ചിട്ടുണ്ടല്ലോ. നിങ്ങൾക്കോ ആ കാട്ടുതീ കെടുത്താൻ കഴിയുമോ' അവരെ രക്ഷിക്കണമെങ്കിൽ തീയിൽ ചാടുകതന്നെവേണം.
"ചാടൂ അവിനാശ-ഒന്നു ചാടി നോക്കൂ"
രണ്ട്‌ പേരും രാജേശ്വരിയുടെ വീട്ടിലേക്കു പുറപ്പെടും മനുഷ്യരുടെ ദുർബല വശങ്ങളെക്കുറിച്ച്‌ നല്ല ബോധവാനാണ്‌ രജനി. അയാൾ വിചാരിച്ചു. ഇന്ന്‌ അയാൾ രാജേശ്വരിയുടെ വീട്ടിൽ ഖേദം പ്രകടിപ്പിക്കാൻ പോകും. രണ്ടാമതും അയാൾ പോകാൻ നിർബന്ധിതനായിത്തീരും അതെന്തിനാണ്‌? അവസാനം അയാൾ അവളുടെ നിത്യസന്ദർശകരുടെ പട്ടികയിൽപെടാതിരിക്കില്ല അതിൽ സംശയമില്ല.
കുറച്ചുദൂരം ചെന്നപ്പോൾ അവിനാശൻ പറഞ്ഞു "ഈ വഴിയേ പോകണം" അത്‌ കേട്ട്‌ രജനി അതിശയിച്ചു. കാരണം അത്‌ ഗണികകളുടെ വീടുകൾ നിറഞ്ഞിരിക്കുന്ന തെരുവാണ്‌.
"അതെന്തിന്‌'
"ഈ വഴിയിൽ എനിക്കൽപം കടമുണ്ട്‌'
"ഹാ കഷ്ടം! അപ്പോൾ കൊടുക്കൽ വാങ്ങൽവരെ എത്തിച്ചേർന്നു അല്ലേ. ആള്‌ വളരെ പുരോഗമിച്ചല്ലോ!
"ഇവിടെ അൽപം പൈസ കൊടുക്കണം
"പോകാം-കടം ചുമന്നുകൊണ്ട്‌ നടക്കുന്നത്‌ മോശമല്ലേ. പ്രത്യേകിച്ചും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ.
അവിനാശൻ ആദ്യം പോയ അതേ തെരുവ്‌. യാതൊരു വ്യത്യാസവുമില്ല. കണ്ണുകാട്ടി വിളിക്കൽ, കൈമാടി വിളിക്കൽ, കടലാസ്‌ ചുരുട്ടി എറിയൽ എല്ലാം പഴയപടിതന്നെ.
പലരും ആ വഴിയേ പോകുന്നുണ്ട്‌ എല്ലാവരും കള്ളന്മാരെപ്പോലെ തലകുനിച്ചു ഒളികണ്ണിട്ടു നോക്കിയുമാണ്‌ നടന്നു നീങ്ങുന്നത്‌ ആരെങ്കിലും കാണുന്നുണ്ടോ എന്ന്‌ ഒളികണ്ണിട്ടു നോക്കിക്കൊണ്ട്‌ ധൃതിയിൽ അകത്ത്‌ കയറും. എന്തനാണികൂട്ടർ ഇവിടെ വരുന്നതും വിവാഹം കഴിഞ്ഞ്‌ മധുവിധുതീരാത്തവർ-പിതാക്കന്മാർ, എന്തിനു മുത്തച്ഛന്മാർപോലും. ഇവരുടെ വീടുകളിലെ സ്ത്രീകൾ പോരെന്നുണ്ടോ എന്നിട്ട്‌ മറ്റുള്ളവരെ ദുർമ്മാർഗ്ഗികൾ എന്നു മുദ്രകുത്തുകയും ചെയ്യും.
"ആ പോകുന്ന ആളെ അവിനാശൻ അറിയുമോ"
'ജയന്തൻ, ഫിലോസഫി പ്രോഫസർ'
'അതെ. അദ്ദേഹം തന്നെ'
അൽപം കൂടി മുന്നോട്ട്‌ പോയപ്പോൾ രജനി വേറെ ഒരാളെ ചൂണ്ടികൊണ്ട്‌ ചോദിച്ചു "ആ പോകുന്ന ആളെയോ"
ഇല്ല.
എന്നാൽ ഞാൻ പറയാം. എന്റെ അയൽവാസി വിക്രമൻ.
രമയുടെ പ്രിയപ്പെട്ട ഗംഗച്ചേച്ചീടെ മഹാനായ ഭർത്താവ്‌ നാല്‌ കുട്ടികളുടെ പിതൃസ്ഥാനം വഹിക്കുന്ന യോഗ്യൻ. എന്താ ആള്‌ വിക്രമൻതന്നെയല്ലേ?'
രണ്ടു പേരും ഒരു വീടിന്റെ വാതുക്കൽ എത്തി. നാലഞ്ച്‌ വിദ്യാർത്ഥികൾ ആവീട്ടിൽ നിന്നിറങ്ങിപ്പോകുന്നുതവർ കണ്ടു. ബ്രഹ്മാനന്ദൻ, ധർമ്മദത്തൻ, വിപിനൻ, ശശിധരൻ മുതലായവർ.
ഇവരെയും അറിയുമായിരിക്കും അല്ലേ.
സംശയമെന്ത്‌, ബ്രഹ്മചര്യം എല്ലാവരും നിർബന്ധമായും അനുഷ്ഠിക്കേണ്ടതാണെന്നു ശഠിക്കുന്നവനാണ്‌ ബ്രഹ്മാനന്ദൻ. രജനി, നമുക്കീ വീട്ടിൽ കയറാം, ഈവീട്ടിലാണെനിക്ക്‌ കടമുള്ളത്‌.
രജനി ചിരിച്ചു. ദൗർബല്യം ഇല്ലാത്ത മനുഷ്യൻ ഭൂമിയിലുണ്ടോ. കാട്ടിൽ താമസിച്ച്‌ കായ്കനികളും പച്ചിലയും ശുദ്ധജലവും ആഹാരമായി സ്വീകരിച്ചും മുനിവൃത്തിയിൽ കഴിയുന്നവരുമായ താപസന്മാർപോലും സുന്ദരികളും യുവതികളുമായ സ്ത്രീകളെ കാണുമ്പോൾ വികാര വിജൃംഭിതരായിട്ടില്ലേ. വേദവ്യാസന്റെയും, ശകുന്തളയുടെയും ജനനം അത്തരത്തിലുണ്ടായതല്ലേ. അത്‌ സംഭവ്യമാണെങ്കിൽ നെല്ലരിച്ചോറ്‌, നെയ്യ്‌, പാല്‌, മുട്ട, ഇറച്ചി മുതലായവ പതിവായി ഉപയോഗിക്കുന്നവർ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്താതെ ജീവിക്കും എന്നു വാദിക്കുയാണെങ്കിൽ ഹിമാലയത്തിന്‌ ചിറകുവച്ചു പറക്കുമല്ലോ.
പ്രോഫസർ ജയന്തൻ മുതലായവർക്കിത്‌ ആവശ്യമാണെന്നു സമ്മതിക്കാം. നാലഞ്ചു കുട്ടികളുടെ പിതാവായ, ഉത്തരവാദിത്വമുള്ള വിക്രമനോ, അയാളെന്തിനു ഈ തെരുവുകളിലെ പൊടി അടിച്ചു നടക്കുന്നു. കുട്ടികൾ പട്ടിണിആകുന്നതിലശയിക്കാനെന്തിരിക്കുന്നു. അല്ലെങ്കിലും ദരിദ്രന്റെ ജീവിതം കള്ളിലും ഭാര്യയുടെ മാറത്തുമാണെന്നതു ആപ്തവാക്യംപോലെ പരമാർത്ഥമല്ലേ, രജനി ചിന്തിച്ചു.
എന്താണ്‌ ചിന്തിക്കുന്നത്‌. അവിനാശൻ ചോദിച്ചു.
" ഈ വീട്ടിലാണ്‌ കടമുള്ളതെന്ന്‌ കേട്ടിട്ടാണ്‌.
അവിനാശൻ അകത്ത്‌ കടന്നു, വരണം ബാബു, ഞാൻ അങ്ങയെ കാത്തിരിക്യ ആയിരുന്നു. മുണ്ടൻവടിക്കാരൻ തടിമാടൻ അവരെ സ്വാഗതം ചെയ്തു. ആദ്യ ദിവസം തിരിഞ്ഞു നോക്കാതെ ഓടിപ്പോയവർ, അയാൾ വീണ്ടും വരാതിരിയ്ക്കില്ലെന്നു അനുഭവസ്ഥനായ ആ കാവൽക്കാരനറിയാം. സ്വാഗതം വകവയ്ക്കാതെ അവിനാശൻ അകത്ത്‌ കടന്നു. രജനിപുറകിലും. ആദ്യദിവസംപോലെ അവിനാശന്‌ ഇന്നു പരിഭ്രമമില്ലായിരുന്നു. രാക്ഷസനെപ്പോലും പതിവായികണ്ടുകൊണ്ടിരിക്കുന്ന ആർക്കും ഭയം തോന്നുമോ.
അതേ യുവതികൾ തന്നെ അവരെ എതിരേറ്റുകൊണ്ടുപോയി. അന്നു അവിനാശന്റെ അടുത്തിരുന്നവൾ തന്നെ അയാളുടെ കൈപിടിച്ചു ഒരു കട്ടിലിൽ ഇരുത്തിക്കൊണ്ട്‌ പറഞ്ഞു ബാബു ഞാനങ്ങയെത്തന്നെ കാത്തിരിക്യേർന്നു.
ജിംജറിന്റെ പൈസതരാനാണ്‌ ഞാൻ വന്നത്‌" അവിനാശൻ പൈസ നീക്കിക്കാണിച്ചു.
"സാരമില്ല ബാബു.അതിലെന്തു നഷ്ടം വരാൻ, അവൾ അവിനാശന്റെ കഴുത്തിൽ കൈചുറ്റിപ്പിടിച്ചു. ഇത്തവണ അയാൾക്കു വെറുപ്പോ ഭയമോ അനുഭവപ്പെട്ടില്ല. അവൾ അയാളുടെ മുഖം സൂക്ഷിച്ചു നോക്കി.
"നിങ്ങളോടെനിക്ക്‌ ഒരു കാര്യം ചോദിക്കാനുണ്ട്‌" അവിനാശൻ.
ഒന്നല്ല, എത്രവേണങ്കിലും ചോദിക്കാല്ലോ. ആദ്യം അൽപം വിശ്രമിക്കണം. ചോദ്യങ്ങളൊക്കെ പിന്നീടാകാല്ലോ. ഞാൻ അങ്ങയുടെ സ്വന്തോല്ലേ. അവൾ അയാളെ പിടിച്ച്‌ ഒരു കട്ടിലിൽ കൊണ്ടിരുത്തി. രജനിയെ വേറൊരുത്തിയും പിടിച്ചുകൊണ്ടുപോയി.
എന്തു വേണം കുടിക്കാൻ. അവിനാശനോട്‌ യുവതി ചോദിച്ചു.
ഒന്നും വേണ്ട.
താങ്കൾക്കോ' രജനിയോട്‌ ചോദിച്ചു.
എനിക്കും ഒന്നും വേണ്ട. കുടിച്ചാൽ പിന്നെ ഉറങ്ങാൻ കഴിയില്ല.
രാത്രി ഇവിടെ വന്നിട്ട്‌ ഉറങ്ങുന്നവർ മണ്ടൂസുകളല്ലേ; രജനിയുടെ അടുത്തിരുന്നവൾ ചോദിച്ചു.
"സോദരീ, ലോകത്തിൽ മണ്ടന്മാർ കുറവാണോ"
ഇതു കേട്ട്‌ എല്ലാവരും കുടുകുടെ ചിരിച്ചു. അവരുടെ ചിരിയിൽ വിലാസ ഭാവം നൃത്തമാടിയിരുന്നു. അവിനാശന്റെ അടുത്തിരുന്നവൾ അയാളുടെ കൈപിടിച്ചൂഞ്ഞാലാട്ടിയിരുന്നു. അയാൾ മോഹാന്ധനായിത്തീർന്നു.
"നിങ്ങളുടെ പേരെന്താണ്‌.
'ലജ്ഞാവതി'
'ഞാനൊരു കാര്യം ചോദിക്കട്ടെ'
ഒന്നല്ല, നൂറ്‌ കാര്യം ചോദിക്കാല്ലോ, സ്നേഹം മാത്രം മതി എനിക്ക്‌"
നിങ്ങൾക്കീ പ്രവൃത്തി നല്ലതെന്നു തോന്നുന്നുണ്ടോ.
അവൾ അയാളുടെ കൈവിട്ട്‌ കുറച്ചുനേരം അയാളുടെ മുഖത്ത്‌ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അവസാനം അവൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. "നല്ലതല്ലെന്നു എന്തുകൊണ്ട്‌ തോന്നണം.
അയാൾ ശാന്തനായി കാണപ്പെട്ടു. എന്നാലും അയാളുടെ മുഖം, ചോദ്യങ്ങളെക്കൊണ്ട്‌ നിറഞ്ഞിരിക്കയാണെന്നവൾക്ക്‌ തോന്നി. അവൾ അടുത്തു കുറെക്കൂടെ ചേർന്നിരുന്നു. ഈ യുവാവിനോട്‌ പരാജിതയാകുകയോ, അതുപാടില്ല.
നോക്കൂ, നാലഞ്ചുപേർ ഇപ്പോളിവിടെ നിന്നിറങ്ങി പോയേയുള്ളു. എന്നിട്ടാണോ ഞങ്ങളോടിങ്ങനെ. അയാൾ വാചകം മുഴുമിപ്പിക്കുന്നതിനുമുമ്പേ പറഞ്ഞു"ഇനി ഒരു പന്ത്രണ്ട്‌ പേർ കൂടിവരും എന്താ". അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു. അവൾ അവിനാശനെ തിരസ്കാരദൃഷ്ടിയോടെ നോക്കി. അവളുടെ സ്വരം കഠിനമായിരുന്നു. മുഖത്ത്‌ തരെദ്ര ഭാവമായിരുന്നു കാണാൻ കഴിഞ്ഞത്‌. തീപ്പൊരി പാറുന്ന ഭീതിയിലാണ്‌ അവിനാശനെ അവൾ നോക്കിയത്‌. അവിനാശൻ എണീറ്റ്‌ രണ്ടടി പുറകോട്ട്‌ മാറി. ലജ്ജാവതി അത്‌ കണ്ട്‌ ചിരിച്ചു. അവൾ അയാളുടെ കൈകൾ കവർന്നുകൊണ്ട്‌ അയാളോടു ചോദിച്ചു. 'വേറെവല്ലതും അങ്ങേയ്ക്ക്‌ ചോദിക്കാനുണ്ടോ.'
'സത്യം പറയൂ, ഇഷ്ടമാണോ'
ഇഷ്ടപ്പെടാതിരിക്കാൻ കാരണം കാണുന്നില്ല.
എല്ലാത്തരം പുരുഷന്മാരെയും ഇഷ്ടമാണോ.
അത്‌ അങ്ങ്‌ തന്നെ ആലോചിച്ചു മനസ്സിലാക്കിയാൽ മതി. ഇവിടെ എല്ലാത്തരം പുരുഷന്മാർക്കും തടസ്സമില്ല. ആഫീസർമാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, കള്ളന്മാർ, റിക്ഷാവണ്ടിക്കാർ, കൂലിവേലക്കാർ, യുവാക്കൾ, വൃദ്ധന്മാർ എന്നു വേണ്ട പൈസയായിട്ടുവരുന്നവർക്കിവിടെ പ്രേവേശനമുണ്ട്‌. ഇവിടെ ഇവർ വരുന്നതെന്തിനാണെന്നു അങ്ങേയ്ക്കറിയാമോ'
ക്ഷമിക്കണം സഹോദരി, ഞാൻ നിങ്ങളെ അപമാനിക്കാൻ ചോദിച്ചതല്ല.
അവൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. 'അപമാനം' അത്‌ ഞങ്ങൾക്കില്ല. ഞങ്ങളുടെ അപമാനം തീർന്നു. ഇവിടെ വരുന്നവർക്കാണ്‌ അപമാനം, അങ്ങയ്ക്കാണ്‌.
"അതെങ്ങനെയെന്നു കൂടി പറയൂ'
"ഇനി ഞാനങ്ങയോടൊന്നു ചോദിച്ചോട്ടെ, അങ്ങയ്ക്കിതുയോജിച്ചതാണോ?"
ആ ചോദ്യം തന്നോട്‌ മാത്രമായുള്ളതല്ലെന്ന്‌ അവിനാശന്‌ തോന്നി. വേശ്യകളെ സൃഷ്ടിക്കുന്നത്‌ പുരുഷവർഗ്ഗമാണല്ലോ, ഒരു യജമാനൻ തന്റെ അടിമയോട്‌ ചോദിക്കുന്നു, നിനക്കു ആ തീക്കുണ്ടത്തിലൊന്നു ചാടാൻ കഴിയുമോ, നീഅതിഷ്ടപ്പെടുന്നുണ്ടോ" എന്ന്‌.
അപമാനം ആർക്കാണ്‌. സ്ത്രീക്കോ പുരുഷനോ ഇതാണ്‌ ചോദ്യം അയാൾ അൽപനേരം മുഖംതാഴ്ത്തി തലകുനിച്ചിരുന്നു. അയാളുടെ ഇരിപ്പുകണ്ടിട്ടവൾ ചോദിച്ചു. "എന്താ ഉത്തരം കിട്ടുന്നില്ല അല്ലേ".
എനിക്കൊന്നും പറയാൻ കിട്ടുന്നില്ല.
"ശരിയാണ്‌ അങ്ങയ്ക്കൊന്നും പറയാൻ തോന്നൂല്ല' ഓർത്തു നോക്കൂ, ഈ വേശ്യകളിൽ അങ്ങയുടെ സഹോദരിമാരുണ്ടാകില്ലേ, മക്കളുണ്ടാകില്ലേ ചിലപ്പോൾ അമ്മപോലുമുണ്ടാകില്ലേ?
അവളുടെ കണ്ണുകൾ ജ്വലിച്ചു. മുഖം തുടുത്തു. ശ്വസോച്ഛ്വാസം ധൃതഗതിയിലായി. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. രജനിയുടെ അടുത്തുണ്ടായിരുന്ന യുവതി പൊഴ്ക്കഴിഞ്ഞു.
ഇതിൽ കുറ്റക്കാർ പുരുഷവർഗ്ഗം തന്നെയാണ്‌. സംശയമില്ല. അവിനാശൻ പറഞ്ഞു.
പുരുഷന്മാർ സ്ത്രീകൾക്കു കൊടുത്തിട്ടുള്ള ജോലിതന്നെ ഇതല്ലേ? അവൾ സ്ത്രീകളെ ഒരു സമ്പാദ്യമായി കാണുന്നതിനുപകരം ഭാരമാക്കിത്തീർക്കുന്നു. ഒന്നുകിൽ ഭാര്യപദവികൊടുത്തു അവരുടെ കാമപൂർത്തി ഒറ്റയ്ക്കു തീർക്കുന്നു. അല്ലെങ്കിൽ വേശ്യയാക്കി മാറ്റി എല്ലാവർക്കും തുല്യപങ്കാളിത്വം നൽകുന്നു. ഒരിക്കലും അവളെ സഹധർമ്മിണിയാക്കി സുഖവും സന്തോഷവും പങ്കുവയ്ക്കുന്നില്ല. ചുരുക്കംപേർ മാത്രം അതിൽ നിന്നു വ്യത്യസ്ഥരുണ്ടെന്നു സമ്മതിക്കാം.
നിങ്ങൾക്ക്‌ പഠിപ്പുണ്ടല്ലോ
അതെ, അതിനും കുറവില്ലെന്നു കരുതിക്കോളൂ
എന്ത്‌ മാത്രം പഠിച്ചു.
അങ്ങയ്ക്ക്‌ അതറിഞ്ഞിട്ടെന്തു നേട്ടം ഉണ്ടാകും ഇപ്പോൾ ഇവിടെ വന്നത്‌ അൽപം രസിക്കാനല്ലേ? അത്‌ നടക്കട്ടെ ആദ്യം. വരൂ. അവൾ അവിനാശന്റെ കൈപിടിച്ചുവലിച്ചു ഒരു മുറിയിൽ കൊണ്ടുപോകാൻ ശ്രമിച്ചു. അവളുടെ മിഴികളിലും മുഖത്തും ശൃംഗാര വികാരം നൃത്തമാടാൻ തുടങ്ങി.
ഇത്രവേഗം ഭാവം മാറിയല്ലോ ഞാൻ വിചാരിച്ചു...
വാചകം മുഴുമിപ്പിക്കുന്നതിനുമുമ്പേ അവൾ പറഞ്ഞു.
പറഞ്ഞു തരാം-ഞ്ഞാൻ അങ്ങയെപ്പോലുള്ളവർക്ക്‌, മാന്യന്മാർക്കു ഈ ശരീരം വിൽക്കുമ്പോൾ ഉണ്ടല്ലോ അതിനകത്തിരിക്കുന്ന മനഃസാക്ഷിയില്ലേ അതാദ്യം എടുത്ത്‌ മാറ്റുന്നു. അവളുടെ മുഖം ഗൗരവപൂർണ്ണമായി, ഇത്ര ബുദ്ധിമതിയായ യുവതി വേശ്യയായതിൽ അയാൾക്കു ദുഃഖമുണ്ടായി. ഹൃദയം നീറി. നമുക്കു പോകാം രജനി.
എവിടെ പോകണം. ലജ്ജാവതി.
ഒരു സ്ഥലത്തു പോകണം. അവിനാശൻ .
പിന്നെയും അതേവാക്കുതന്നെ" ലജ്ജാവതി
ഞങ്ങൾക്ക്‌ പാട്ടുകേൾക്കണം" രജനി
അതിന്‌ ആരുടെ വീട്ടിൽ പോകും' ലജ്ജാവതി.
രാജേശ്വരിയുടെ വീട്ടിൽ പോകും.
"ഹാ-ഹാ-ഹാ. ഭംഗിയായി. അവൾ ചിരിച്ചു കൊണ്ട്‌ പറഞ്ഞു പാട്ടുകേൾക്കാൻ തിരഞ്ഞെടുത്ത ദിവസം നല്ല ഭേഷായി.
"മനസ്സിലായില്ല' അവിനാശൻ
ഇന്നുമുതൽ അവൾ പാടൂല്ല.
കാരണം.
"അവൾക്കു ചോറുറച്ചു"
എനിക്കൊന്നും മനസ്സിലായില്ല" അവിനാശൻ.
മണ്ടന്മാരെ, വേറെ വല്ലവരുമായിരുന്നെങ്കിൽ ഞാനൊരുന്ത്‌ തന്നേനെ' എന്ത്കൊണ്ടോ അങ്ങയോടെനിക്ക്‌ ബഹുമാനം തോന്നുന്നു. രാജേശ്വരി ഇന്നുമുതൽ ഒരാളുടെ വേപ്പാട്ടിയായിത്തീർന്നു.
എന്ത്‌, അവിനാശൻ ചാടിയെണീറ്റു അവളുടെ മുഖത്ത്‌ ഉദ്വോഗപൂർവ്വം നോക്കി ചോദിച്ചു.
"ആരാണ്‌ നിങ്ങളോടിതുപറഞ്ഞത്‌.
"രാജേശ്വരി എന്റെ അനുജത്തിയാണ്‌. അത്‌ കൊണ്ടാണ്‌. ഞാൻ പറഞ്ഞത്‌.
അവിനാശന്റെ ഹൃദയം കഠിനമായി വേദനിച്ചു. അയാൾ വാതുക്കലേക്ക്‌ ധൃതിയിൽ നടന്നു. രജനി പുറകേയും.
നമുക്കു പോകാം രജനീ, ഓടു, വേഗം വേഗം.
എന്താണിത്ര ധൃതി-എവിടെ പോകാനാണ്‌.
"രാജേശ്വരിയുടെ വീട്ടിൽ.
അവിടെ ചെന്നിട്ടെന്തു കാണാൻ.
അതവിടെ ചെന്നിട്ട്‌ തീരുമാനിക്കാം.
അയാളുടെ തല തിരിഞ്ഞുതുടങ്ങിയെന്ന്‌ രജനി ഊഹിച്ചു തടുത്തത്‌ കൊണ്ട്‌ പ്രയോജനമില്ല. രജനി അയാളെ കൂട്ടിക്കൊണ്ട്‌ നടന്നു. വേഗത്തിൽ നടന്ന അവർ രാജേശ്വരിയുടെ വീടിന്റെ മുന്നിലെത്തി. എന്നാൽ വരാന്തയിലിരിക്കുന്നതാരാണ്‌ തെരുവ്‌ വിളക്കിന്റെ പ്രകാശത്തിൽ അവർ കീകാസേട്ടുവിന്റെ മുഖം കണ്ട്‌ തിരിച്ചറിഞ്ഞു. ചാടിച്ചെന്നു കീകാസേട്ടുവിന്റെ കഴുത്തു പിടിച്ചു ഞെരിച്ചു ശ്വാസം മുട്ടിക്കാമെന്ന്‌ അവിനാശന്‌ തോന്നി എന്നാൽ ദ്വാരപാലകൻ തടുത്തുകൊണ്ട്‌ പറഞ്ഞു" ഇന്നു പാട്ടുണ്ടാകില്ല ദേഹസുഖമില്ല.
അകത്താളുണ്ടല്ലേ" സേട്ടുവിനെ ചൂണ്ടിക്കാണിച്ച്‌ അവിനാശൻ പറഞ്ഞു.
സേട്ടുവിനെപ്പോലാണോ നിങ്ങൾ.
അത്യാവശ്യമുണ്ട്‌. കാണാതെ നിവൃത്തിയില്ല.
ഒന്നുപോകാമോ സാറേ മുമ്പീന്ന്‌, വന്നിരിക്കുന്നു വക്കാണത്തിനും നാണമില്ലല്ലോ നിങ്ങൾക്ക്‌.
ദ്വാരപാലകൻ അവരുടെ മാന്യത ഓർത്തിട്ടുണ്ടാകാം.
അയാളുമായി ഒരു കൈ നോക്കിക്കളയാമെന്നു കരുതി മുന്നോട്ടാഞ്ഞ അവിനാശനെ രജനി തടുത്തുകൊണ്ട്‌ പറഞ്ഞു നോക്കു അവിനാശ ആ വരുന്ന ആളാരാണെന്ന്‌.
അവിനാശൻ വക്കീൽ പത്മനാഭനെ കണ്ടു.
കൂട്ടുകാർ ഒരു മറവിൽ നിന്നും ദ്വാരപാലകൻ നിവർന്നു നിന്നു. അരക്കെട്ടിൽ നിന്ന്‌ ഒരു കത്തി എടുത്തു കൈയിൽ പിടിച്ചു രജനിയും അവിനാശനും അത്‌ കണ്ടു.
വക്കീൽ ദൂരെനിന്നു തന്നെ തലയും താഴ്ത്തി മന്ദം മന്ദം വരികയായിരുന്നു. ദുഷിച്ച പ്രവൃത്തിക്ക്‌ ഒരുമ്പിടുമ്പോൾ മനസ്സ്‌ ലജ്ജിച്ചു പോകുമല്ലോ അതിൽ കൂടുതൽ ലജ്ജയുണ്ടാകും അന്യരറിഞ്ഞാൽ പത്മനാഭൻ പടിക്കൽ കാൽ വച്ചു. ദ്വാരപാലകൻ ഒരു കൈ വക്കീലിന്റെ കഴുത്തിലും മേറ്റ്‌ കയ്യിലുള്ള കത്തി മൂക്കിനു നേരെയും നീളുന്നതവർ കണ്ടു.