രാജനന്ദിനി
ഇന്നു നീ പതിവില്ലാതെയെന്തിനോ
വന്നു നിൽക്കുന്നെന്നോർമ്മയിൽ സഖേ
നാമൊരുമിച്ചു തീർത്തൊരു ബാല്യവും
പാതിയോളം നടന്ന കൗമാരവും
പിന്നെയച്ഛന്റെ നാട്ടിലേയ്ക്കായി നീ
യാത്രചൊല്ലി നടന്നുമറഞ്ഞതും
ഓർക്കുകയില്ലയെന്നോർത്തുപോകിലും
ഓർത്തുപോകുന്നതെന്തിനാണിങ്ങനെ
പുഞ്ചപ്പാടത്തിന്നക്കരെയുള്ളൊരു
പള്ളിക്കൂടത്തിലൊന്നിച്ചു പോകുവാൻ
തോളിലേറ്റിയ പുസ്തകക്കെട്ടുമായ്
ഓടിയെത്തി നീയെന്നെ വിളിച്ചതും
ശങ്കയോടെയിറങ്ങിവരുമന്റെ
മിന്നും പുള്ളിയുടുപ്പിന്റെ കീശയിൽ
തപ്പിനോക്കീ നീ കണ്ണുരുട്ടിക്കൊണ്ടു
തട്ടിക്കേറിയ രംഗമോർക്കുന്നു ഞാൻ
പെണ്ണെ, മിഠായി വാങ്ങുവാനായി നീ
തുട്ടു വല്ലതും കൊണ്ടുവന്നില്ലെങ്കിൽ
കിട്ടുകില്ലെന്നെ കൂട്ടിനായെന്നു ഞാൻ
കട്ടായം ചൊന്നത്തെന്തെ നീയോർത്തില്ല?
നീ പിണങ്ങിപ്പറഞ്ഞതാണെങ്കിലും
കൂട്ടുകൂടുവാനായടുത്തെത്തവെ
കള്ളിമുള്ളിൻ പടർപ്പിലേയ്ക്കെന്നെ നീ
തള്ളിയിട്ടതുമോടി മറഞ്ഞതും
ഇന്നലെയെന്ന പോലെന്റെയോർമ്മയിൽ
എത്തി നോക്കുന്നതെന്തിനാണിന്നഹൊ-
മണ്ണിൽ തീർത്തൊരു പുത്തൻ കളിവീടും
പൂക്കളും മയിൽപ്പീലിയും തന്നു നീ
ഇനിയൊരുനാളും നോവിയ്ക്കയില്ലയെ-
ന്നാണയിട്ടതുമോർക്കുന്നു ഞാൻ സഖേ-
വാഴപ്പോളകൾ ചേലയായ് ചുറ്റിയും
വാടാമല്ലിപ്പൂമാലകൾ ചൂടിയും
ഏറെ സ്നേഹമോടെൻ കളിവീട്ടിലെ
നാഥനാണു നീയെന്നുഞ്ഞാൻ ചൊല്ലവെ
'എൻ സഖി'യാണു നീയെന്നുരച്ചുനീ
എന്നെ ചാരത്തിരുത്തിയതോർക്കുന്നു.
ആമ്പൽപൂ തണ്ടൊടിച്ചുനീ തീർത്തൊരു
താലിമാലകഴുത്തിലണിയിച്ചി-
ട്ടെൻ മണവാട്ടിയെന്നെന്റെ കാതിലെ
മന്ത്രണം പോലുമെത്ര മധുരമായ്
എന്നും കാത്തിടാം നിന്നെയെൻ ജീവനായ്
എന്നു നിന്റെയക്കൊഞ്ചലെൻ നെഞ്ചിലെ
നേർമയാമൊരു ഗാനമായ് പ്രാണനിൽ
ചേർന്നിറങ്ങിയതോർക്കുന്നു ഞാൻ വൃഥാ
കാലമെത്ര കഴിഞ്ഞുപോയ് യൗവ്വന-
ച്ചേലെഴുംപൂക്കളെത്ര കൊഴിഞ്ഞുപോയ്
സ്നേഹമെ! നീയെന്നുള്ളിലെ നൊമ്പര-
പ്പൂക്കളായ് വിരിയുന്നതിന്നെന്തിനോ?
നീറുമാത്മവിലാരുമറിയാതെ
തേങ്ങലായ് പുണരുന്നതിന്നെന്തിനോ?