Followers

Friday, September 30, 2011

കല്ലിന്മേൽ കല്ല്‌ ശേഷിക്കാതെ


സി. വി. വിജയകുമാർ

മനുഷ്യസ്വപ്നങ്ങളുടെ ഉയരം ആകാശത്തെക്കാളും അതിന്റെ വിധി ബാബേൽ ഗോപുരത്തിന്റേതുമാകുന്നു. കല്ലിന്മേൽ കല്ല്‌ ശേഷിക്കാതെ ഒക്കെയും തകർന്നടിയുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള കരാർ ലംഘനത്തിന്റെ ശിക്ഷയാണിതെന്ന്‌ ഗത്യന്തരമില്ലാതെ നാം വിശ്വസിക്കുന്നു. അതുകൊണ്ട്‌ ജീവിതത്തിനും മരണത്തിനും മദ്ധ്യേയുള്ള പെരുവഴിയിലൂടെ വൻ വീഴ്ചകളിലേക്ക്‌ തുടർച്ചയായും പലായനം ചെയ്യാൻ നിയോഗിക്കപ്പെടുന്നു. വീഴ്ചകളുടെ ആകെത്തുകയാണ്‌ അവന്റെ ജീവിതം. ജന്മാന്തരമായ ഓർമ്മപോലെ ഈ തിരിച്ചറിവ്‌ സിദ്ധിക്കുന്നവരാണ്‌ ജന്മദുഃഖങ്ങളുടെ കാരണം തേടി പോകുന്നത്‌. കാര്യത്തെയും കാരണത്തെയും അന്വേഷിച്ചുകൊണ്ടവർ സർവ്വസംഗങ്ങളും പരിത്യജിച്ചുപോകുന്നു. അവർ ജീവിതത്തെ ഇലത്തുമ്പിലെ മഞ്ഞുതുള്ളിപോലെ മാഞ്ഞുപോകുന്ന രൂപകമായി നിർവ്വഹിക്കും. പക്ഷേ, സാധാരണ മനുഷ്യനെ സംബന്ധിച്ച്‌ സ്വന്തം ജീവിതം തന്നെയാണ്‌ അവന്റെ സമസ്യ.


ജന്തുജീവിതസമരത്തിന്റെ ദുരന്തകഥയാണ്‌ അവന്റെ കഥ. എന്നും എഴുത്തുകാരൻ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നതും ഈ കഥ തന്നെയാകുന്നു. മാത്യു നെല്ലിക്കുന്നിന്റെ 'പ്രയാണം' എന്ന നോവലാണ്‌ എന്നെ ഇത്തരമൊരു തത്ത്വചിന്തയിലേക്ക്‌ നയിച്ചതു. കാരണം ജീവിതം ആത്യന്തികമായൊരു നഷ്ടക്കച്ചവടം മാത്രമാണെന്നും അതെന്നെ വീണ്ടും ബോദ്ധ്യപ്പെടുത്തുന്നു. ഉയരങ്ങളിലേക്ക്‌ പതിക്കുക എന്നു പറയുന്നത്‌ നമുക്കൊരുവൈരുദ്ധ്യമായി തോന്നിയേക്കാം. പക്ഷേ, അങ്ങനെയും സംഭവിക്കുന്നു. അതാണ്‌ പ്രയാണമെന്ന നോവലിൽ ജേക്കബ്ബിന്‌ സംഭവിക്കുന്നത്‌. അയാൾ ഉയരങ്ങളിലേക്ക്‌ നിപതിക്കുകയും താഴ്മയിലേക്ക്‌ ദയനീയമായി കൂപ്പുകുത്തുകയും ചെയ്യുന്നു. വേലിയിറക്കത്തിലേപ്പോലെ ഈ നോവലും അമേരിക്കൻ പശ്ചാത്തലത്തിലാണ്‌ കർമ്മയോഗം പൂർത്തീകരിക്കുന്നത്‌. കഥാപാത്രങ്ങളിലധികവും കേരളത്തിലെ മധ്യവർഗ്ഗ ക്രിസ്തീയ സമൂഹത്തിൽ നിന്നും സമൃദ്ധിയുടെ കാനാൻദേശമായ അമേരിക്കയിലേക്ക്‌ ചേക്കേറിയവരും. പണമെന്ന സർവ്വശക്തനായ മിശിഹ മനുഷ്യനെ ആത്മീയമായി വന്ധ്യംകരിക്കുന്നതിന്റെയും കുടുംബബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും അതുളവാക്കുന്ന ദുസ്വാധീനങ്ങളുടെയും പ്രത്യാഘാതങ്ങളാണ്‌ ഇവിടെ മാത്യു വരച്ചുകാട്ടുന്നത്‌. അതിനയാൾ ഉപയോഗിക്കുന്ന നിറങ്ങളാകട്ടെ കറുപ്പും വെളുപ്പും മാത്രം.

വേട്ടക്കാരനും ഇരയും
വേട്ട ഒരു പ്രതീകമാണ്‌. ജീവിതത്തിന്റെ പ്രതീകം. അഗാധമായ കാഴ്ചയിൽ വേട്ടക്കാരനിൽ ഇരയുടെ രൂപം കാണാൻ കഴിയും. വിദൂഷകനെയും കോമാളിയെയും പോലെയോ ജ്ഞാനവും ചിരിയുംപോലെയോ ഈ പ്രതീകങ്ങളിൽ വിരുദ്ധദൂരങ്ങളില്ല. ബലിയും കൊലയും പോലെയാണ്‌ അതൊന്നായിരിക്കുന്നത്‌. അത്‌, ദാർശനികതയുടെ രൂക്ഷനോട്ടംകൊണ്ടുമാത്രം തിരിച്ചറിയാൻ കഴിയുന്ന യാഥാർത്ഥ്യമാക്കുന്നു. പരിചിതനും തുടക്കക്കാരനുമായ രണ്ടു വേട്ടക്കാരിലൂടെയാണ്‌ നെല്ലിക്കുന്ന്‌ നോവൽ ആരംഭിക്കുന്നത്‌. യുവത്വത്തിലേക്കും വാർദ്ധക്യത്തിലേക്കും നോക്കി നിൽക്കുന്ന രണ്ടുപേർ. ഒരാൾ സൂക്ഷ്മദൃക്കും അപരൻ സ്വപ്നാടകനും. വാസ്തവത്തിൽ പ്രതിദൂരങ്ങളുടെ പാഠാന്തരങ്ങളിലേക്ക്‌ ഉന്നം പിടിക്കുന്നവനാണ്‌ പാപ്പച്ചൻ, ജേക്കബ്ബിനെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന്‌ ഞാൻ വിചാരിക്കുന്നു. പക്ഷേ ഉന്നം പിഴച്ചുപോയൊരു വെടിയുണ്ടപോലെ ജേക്കബ്ബിന്റെ ജീവിതം അയാളുടെ കൈവിട്ടുപോവുകയായിരുന്നു. പ്രതികൂലസാഹചര്യങ്ങളുടെ അടിയൊഴുക്കുകളിൽ പെട്ടയാൾ വളരെ ദൂരം ഒഴുകി ആത്മാവിൽ പ്രതിഷ്ഠിച്ച സ്നേഹദൂതികയായ സീമയിൽ നിന്നും അകലുന്നു, സൂസിയുടെ ഭർത്താവാകുന്നു. പിന്നെ ഭാര്യയും മക്കളുമൊക്കെയുണ്ടായിട്ടും അനാഥതയുടെ വിജനതയിൽ അയാൾ നിസ്സഹാനാവുന്നു. നാട്ടിലേക്ക്‌ മടങ്ങിയെത്തുമ്പോൾ നിസ്സഹായതയുടെ പരകോടിയിൽ വച്ചയാൾ സീമയെയും പാപ്പച്ചനെയും കാണുന്നു. സീമയോട്‌ മാപ്പിറക്കുന്നു. പാപ്പച്ചനാകട്ടെ തന്റെ പഴയ തോക്കയാൾക്ക്‌ നൽകുന്നു. അതുമായി അയാൾ ഇരുട്ടിലൂടെ മുന്നോട്ട്‌ നീങ്ങുമ്പോൾ നോവൽ അവസാനിക്കുന്നു. ഉന്നം പിഴച്ചുപോയ ജീവിതത്തിന്‌ നേർക്ക്‌ നിറയൊഴിക്കാനുള്ള സ്വാതന്ത്ര്യമായിരിക്കും ഈ തോക്ക്‌ കൈമാറ്റത്തിന്റെ വ്യംഗാർത്ഥം.

അതുകൊണ്ടാണ്‌ തുടക്കത്തിൽ സൂക്ഷ്മമായ വീക്ഷണത്തിൽ വേട്ടക്കാരനും ഇരയും ഒന്നാണെന്ന്‌ ഞാൻ ആദ്യം തന്നെ പറഞ്ഞത്‌. പരമമായ അർത്ഥത്തിൽ വ്യക്തി അവനെത്തന്നെയാണല്ലോ അനുഭവിക്കുന്നത്‌. അങ്ങനെയാണ്‌, ജീവിതത്തിലെ ഏറ്റവും പ്രസക്തമായ സന്ദർശകൻ പഴയ ആ രംഗബോധമില്ലാത്ത കോമാളി തന്നെയാണെന്ന്‌ നാം തിരിച്ചറിയുന്നത്‌.


മാംസനിബദ്ധമല്ല രാഗം
പ്രേമത്തിന്റെ ഏറ്റവും നിർമ്മലമായ അവസ്ഥയെയാണ്‌ ജഹമശ്​‍ിശര ഹീ​‍്ല എന്ന്‌ പറയുന്നത്‌. മാംസനിബദ്ധമല്ലാത്ത ഈ പരമപ്രേമത്തിന്റെ ദീർഘസാക്ഷാൽക്കാരം മാത്യു നെല്ലിക്കുന്നിന്റെ നോവലുകളിൽ പ്രത്യക്ഷപ്പെടുന്നു. സൂര്യവെളിച്ചത്തിലെപോലെ പ്രയാണത്തിലും നാമത്‌ കാണുന്നു. കുമാരനാശാന്റെ ലീലാകാവ്യത്തിൽ മദനന്റെ മടങ്ങിവരവിനായി കാത്തിരുന്ന ലീലയുടെ ആത്മീയ തലത്തിലല്ലെങ്കിലും സൂര്യവെളിച്ചത്തിലെ ശൈലജയും പ്രയാണത്തിലെ സീമയും സമാനഹൃദയരുടെ ആത്മമൈത്രിയുള്ളവരാണെന്ന്‌ പറയാം. അവർ രണ്ടുപേരും നഷ്ടപ്പെട്ടുപോയ ഏകധനത്തെപ്പറ്റിയോർത്ത്‌ സ്വജീവിതത്തിന്റെ ഇച്ഛകൾക്ക്‌ വഴങ്ങാൻ കൂട്ടാക്കാത്തവരായി മാറി. പ്രേമം അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ ന്യായമാവുന്നതിന്റെ തെളിവാണത്‌. മനസ്സിലുറച്ചുപോയ ഒരാൾക്ക്‌ വേണ്ടി കാത്തിരിക്കുന്ന പരിത്യാഗ നിർഭരമായ ഈ ഭ്രാന്തിന്റെ പേരാണ്‌ ദിവ്യപ്രേമം. ഉന്മാദത്തിന്റെ അബോധത്തിലൂടെ സഞ്ചരിച്ചപ്പോൾ മജുനു, ലൈലയെ തിരിച്ചറിഞ്ഞതും ജ്ഞാനസ്വരൂപമായൊരു ഭ്രാന്തിന്റെ കള്ളിയിൽവച്ച്‌ മദനൻ ലീലയെ ആലിംഗനം ചെയ്തതും ഈ ദിവ്യാനുരാഗത്തിന്റെ മൂന്നാംകണ്ണുകൊണ്ടാണ്‌. അങ്ങനെയൊരാധ്യാത്മിക തലം മാത്യുവിന്റെ ശൈലജക്കും സീമയ്ക്കുമില്ല. എങ്കിലും മാംസകാമനകൾക്കപ്പുറമുള്ളൊരു ദിവ്യതയുടെ വിശുദ്ധി ഇവരുടെ കാത്തിരുപ്പിൽ ഞാൻ കാണുന്നുണ്ട്‌. അതിലും മാംസനിബന്ധമല്ലാത്ത രാഗത്തിന്റെ ഉയർന്നതലമുണ്ട്‌. ഇത്‌ മാത്യു എന്ന എഴുത്തുകാരനായ മനുഷ്യന്റെ പ്രേമസങ്കൽപവുമായി ഇഴപിണഞ്ഞു നിൽക്കുകയും ചെയ്യുന്നു. അതിനെ രാധാകൃഷ്ണപ്രണയമെന്നൊന്നും വിളിക്കുന്നതിൽ അർത്ഥമില്ലെങ്കിലും.


പ്രയാണത്തിന്റെ ബാക്കിപത്രം
പ്രയാണം എന്ന വാക്കിന്റെ കേവല വിവക്ഷയല്ല മാത്യു നെല്ലിക്കുന്നിന്റെ ഈ നോവലിന്റെ ശീർഷകത്തിനുള്ളത്‌. സാധാരണമായൊരു ഓട്ടമല്ലത്‌, ജീവിതം ചുമന്നുകൊണ്ടുള്ള വ്യഗ്രമായ ഓട്ടമാണ്‌. അത്യാർത്തി പൂണ്ട ഈ ഓട്ടത്തിന്റെ വിപര്യാർത്ഥത്തെപ്പറ്റിയാണ്‌ ടോൾസ്റ്റോയി 'ഒരാൾക്ക്‌ എത്രഭൂമി വേണം' (How much land does a man needs) എന്ന കഥയിൽ പറയുന്നത്‌. കഥയിലെ നായകനായ പാഹോൻ ഓടി സ്വന്തമാക്കിയ ഭൂമിയൊന്നും മതിയാവാതെ വീണ്ടും വീണ്ടും ഓടി. ആ ഓട്ടം അനിവാര്യമായ വീഴ്ചയിൽ അവസാനിക്കുകയും ചെയ്തു. ഓടി നേടിയതെല്ലാം വ്യർത്ഥമായിപ്പോകുന്ന ഈ ഓട്ടമാണ്‌ മറ്റൊരു രൂപത്തിൽ പ്രയാണത്തിലെ നായകനായ ജേക്കബ്ബും നടത്തുന്നത്‌. നേടിയതെല്ലാം നഷ്ടമാണെന്ന്‌ ബോദ്ധ്യമായപ്പോൾ അയാൾ തുടങ്ങിയിടത്തേക്ക്‌ തന്നെ മടങ്ങുന്നു. അവിടെവച്ച്‌ അയാൾക്ക്‌ കിട്ടുന്നത്‌ തന്റെ പഴയ നായാട്ട്‌ ഗുരു നൽകുന്ന തോക്കാണ്‌. പ്രയാണത്തിന്റെ അർത്ഥം വെളിപ്പെടുത്തിക്കൊടുക്കാൻ ശേഷിയുള്ള അതിന്റെ കാഞ്ചി അതിനുണ്ടെന്ന്‌ അയാൾ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. അങ്ങനെ ഓരോ പ്രയാണവും ശൂന്യതയുടെ ബാക്കിപത്രത്തെയാണ്‌ സാക്ഷാൽക്കരിക്കുന്നതെന്നാണ്‌ ഈ നോവൽ നമ്മോട്‌ പറയാതെ പറയുന്നത്‌.