Followers

Friday, September 30, 2011

സ്വാതന്ത്ര്യത്തിന്റെ 60 വർഷങ്ങൾ ,ഗാന്ധിവധത്തിന്റെയും



ഇ.വാസു
ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ നൂറ്റമ്പത്‌ വയസ്സായി. സ്വതന്ത്ര ഇന്ത്യയ്ക്ക്‌ 60 വയസ്സും.
ഗാന്ധിജിയുടെ മരണവും ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യ ലബ്ധിയും അടുത്തടുത്താണ്‌ നടന്നത്‌. "ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ട ദുർദിനം" എന്ന്‌ ആഗസ്റ്റ്‌ 15 നെ വിശേഷിപ്പിക്കുന്നവർ ഇന്നുമുണ്ട്‌. ഗാന്ധിജി വളരെ വൈകിയവേളയിൽ ഒരു വെളിപാട്‌ പോലെ പറഞ്ഞ, ആദ്യത്തെ ഇന്ത്യാ പ്രധാനമന്ത്രി പദം ജിന്നയ്ക്കു നൽകുക എന്ന നിർദ്ദേശം നെഹ്‌റുവും പട്ടേലും ആശാദുമെല്ലാം നടപ്പാക്കിയിരുന്നെങ്കിൽ ലക്ഷങ്ങളുടെ രക്തച്ചൊരിച്ചിലിന്‌ ഇന്നും ഇടം നൽകുന്ന വിഭജനം ഒഴിവാക്കാമായിരുന്നു എന്ന്‌ കണക്കുകൂട്ടുന്നത്‌ മനപ്പായസം കുടിക്കലായിരുന്നു: പാകിസ്ഥാന്റെ ഗവർണ്ണർ-ജനറലായി ഒരുവർഷം കൊണ്ട്‌ എഴുപത്തിയാറുകാരനായ വൃദ്ധൻ ജിന്ന പരേതനായതുപോലെ, നെഹ്‌റുവിന്‌ സിംഹാസനം ഒഴിഞ്ഞുകൊടുത്ത്‌ തന്റെ മോഹം സാധിച്ച്‌ സംതൃപ്തിയിൽ ജിന്ന സിദ്ധിയാകുമായിരുന്നു എന്നത്‌ മോഹചിന്തമാത്രം. വ്യത്യസ്ത കാരണങ്ങളാൽ ഉഴലുന്ന പാകിസ്ഥാന്റെയും ഇന്ത്യയുടെയും ഇന്നുള്ള അവസ്ഥ ഹിന്ദുസ്ഥാൻ യാഥാർത്ഥ്യമായിരുന്നാലും അരാജകാവസ്ഥ മാറ്റമില്ലാതെ തുടരും എന്ന സൊ‍ാചനയാണ്‌ തരുന്നത്‌. നമ്മുടെ മോശപ്പെട്ട കൃഷിയും വിദ്യാഭ്യാസവും ആരോഗ്യവും പരമ്പരാഗത വ്യവസായവും ബ്രിട്ടൻ അവരുടെ സമ്പട്‌ വ്യവസ്ഥയ്ക്ക്‌ അടിമപ്പെടുത്തിയതിന്റെ ഫലമാണെന്ന വാദഗതിയാണ്‌ ദാദാബായ്‌ നവറോജിയും ആർ.സി.ദത്തും റാനഡെയുമെല്ലാം സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടക്കത്തിൽ ഉന്നയിച്ചുവന്നത്‌.


സ്വാതന്ത്ര്യം കിട്ടി നീണ്ട അറുപത്‌ വർഷം പിന്നിട്ട ഇന്ത്യയുടെ നില എന്താണ്‌?
ഒന്നായിരുന്ന ഇന്ത്യ 1947 ആഗസ്റ്റ്‌ മാസത്തിൽ ഉൾക്കൊണ്ടത്‌ 35 കോടിജനങ്ങളെയാണ്‌. അതിൽ പാവപ്പെട്ടവരും മധ്യവർത്തികളും ജന്മി-മുതലാളിമാരും പെടും.
ഇപ്പോൾ ജനസംഖ്യ 100 കോടിയായി വർദ്ധിച്ചപ്പോൾ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ എണ്ണം മാത്രം 35 കോടിയായി. ഇവരെ മൂന്നുനേരം ഭക്ഷണമെങ്കിലും നേരാവണ്ണം കിട്ടുന്നവരാക്കിമാറ്റാൻ സ്വാതന്ത്ര്യത്തിന്റെ എത്രവർഷംകൂടി വേണ്ടിവരും. ?
ഇപ്പോൾ നമ്മെ ചൂഷണം ചെയ്ത്‌ വിഭവശേഷി മുഴുവൻ തേംസ്‌ നദിക്കരയിലേക്ക്‌ ഊറ്റിക്കൊണ്ടുപോകാൻ ബ്രിട്ടൻ ഇല്ലല്ലോ. നവറോജി ഉയർത്തിയ മോഷണ സിദ്ധാന്തം ഇന്നാരുമുയർത്തുന്നില്ല.


സ്വാതന്ത്ര്യത്തിന്റെ പിറവിയോടനുബന്ധിച്ചുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ ഹിന്ദു-മുസ്ലീം രക്തച്ചൊരിച്ചിൽ കാരണം വിസമ്മതിച്ച ഗാന്ധിജി തന്റെ മുന്നിൽ നെഹ്‌റു അവതരിപ്പിച്ച ഭരണ പദ്ധതി വായിച്ച്‌ "ഇതിലെല്ലാവർക്കും തൊഴിൽ നൽകാനും, ഭക്ഷണം നൽകാനും ഒരു പരിപാടിയുമില്ലല്ലോ", എന്നു പറഞ്ഞ്‌ തിരസ്കരിക്കുകയായിരുന്നു. പാവപ്പെട്ടവരെച്ചൊല്ലി പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ ചെയ്ത വാചാലമായ പ്രസംഗം മുഴുവനും ഇംഗ്ലീഷിലായിരുന്നു. നെഹ്രു ദാരിദ്ര്യം തുടച്ചുനീക്കുമെന്നാണ്‌ പറഞ്ഞത്‌.


കൃഷിക്കാരുടെ ഭൂമിയാണ്‌ ഇന്ത്യ. ലേഖനങ്ങളെഴുതി ഇന്ത്യയിൽ കലാപം സൃഷ്ടിച്ചതിന്‌ അഹമ്മദാബാദ്‌ കോടതിയിൽ ജസ്റ്റിസ്‌ ബ്രൂസ്ഫീൽഡിന്റെ മുന്നിൽ ഹാജരായി തനിക്ക്‌ നിയമം അനുവദിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ നൽകണമെന്ന്‌ അഭ്യർത്ഥിച്ച ഗാന്ധിജി താൻ "കൃഷിക്കാരനും നെയ്ത്തുകാരനും" എന്നാണ്‌ തന്റെ ജോലിയെപ്പറ്റി പറഞ്ഞത്‌. സ്വന്തമായി ഒരുതുണ്ടു ഭൂമിപോലും ഗാന്ധിജിയ്ക്കുണ്ടായിരുന്നില്ല. തന്റെയും കുടുംബത്തിന്റെയും കാര്യം മാത്രം നോക്കിയാൽപ്പോരാ എന്ന ചിന്ത കാരണം ഇൻഷ്വറൻസ്‌ പോളിസിപോലും കീറിക്കളഞ്ഞ ഗാന്ധിജി മുന്നോട്ടു വച്ച 17 ഇന നിർമ്മാണ പരിപാടികളെല്ലാം സ്വാതന്ത്ര്യലബ്ധിയെ തുടർന്ന്‌ അധികാരത്തിലേറിയവർ ക്രമപ്രകാരം കശാപ്പുചെയ്തു. "കൈയ്യിലേന്തിയ വടിയുമായി ഗുജറാത്തിലെ പൊടിനിറഞ്ഞ റോഡിലൂടെ ഗാന്ധി അതാ പോകുന്നു, തെളിഞ്ഞ കണ്ണുകളോടെ, ഉറച്ച കാൽവയ്പുകളോടെ: വിശ്വസ്തരായ അനുയായിവൃന്ദം പിന്നിൽത്തന്നെയുണ്ട്‌" എന്ന ഗാന്ധി ശിഷ്യൻ പ്രധാനമന്ത്രിയായപ്പോൾ ചെയ്യുന്ന പ്രതിജ്ഞകളൊന്നും പാലിക്കാനുള്ളതല്ലെന്ന പാഠം ഉൾക്കൊണ്ടു. ഉപ്പുനികുതി എടുത്തു കളയാൻപോലും സ്വതന്ത്ര ഭാരതത്തിലെ ഭരണഘടനകൊണ്ടായില്ല. ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയ ഇന്ത്യയിൽ അഞ്ചരമാസം മാത്രം ജീവിച്ചിരുന്ന ഗാന്ധിജി രാഷ്ട്രത്തിനായി സമർപ്പിച്ച അജണ്ടയിലെ ഇനങ്ങൾ മുൻഗണനാക്രമത്തിൽ നോക്കുക. ദരിദ്രഗ്രാമീണന്റെ കണ്ണീർ തുടയ്ക്കാൻ പുറപ്പെട്ട നേതാവ്‌ ഹിന്ദു-മുസ്ലീം തർക്കത്തിലാണല്ലോ പുകയായത്‌.



സാമുദായിക ഐക്യം
രാമനും റഹീമും ഒന്നാവുക എന്നതാണ്‌ ഗാന്ധിയൻ നിർമ്മാണ പരിപാടികളിലെ ആദ്യത്തെ ഇനം. ചൗരി-ചൗരാ പ്രക്ഷോഭ കാലത്ത്‌ മതത്തിന്റെ ശാപമുദ്ര ഇല്ലാതാക്കാൻ ജാതിപ്പേരിനുപകരം പാൽക്കാരൻ കറവക്കാരൻ, ക്ഷുരകൻ, കിസാൻ, തയ്യൽക്കാരൻ എന്നിങ്ങനെ ജോലിപ്പേര്‌ സ്വീകരിച്ചാണ്‌ പലരും സമരം ചെയ്തത്‌. കേരളീയൻ, ഭാരതീയൻ തുടങ്ങിയ ജാതിവിളംബരം ചെയ്യാത്ത പേരുകൾ കേരളത്തിലും സ്വീകരിക്കപ്പെട്ടു. മന്നത്തു പത്മനാഭനും, കേളപ്പനും, മന്മഥനുമെല്ലാം ജാതിപ്പേർ ഉപേക്ഷിച്ചു. വട്ടമേശ സമ്മേളനത്തിൽ 'ഹിന്ദുക്കളെ, മുസൽമാന്മാരെ' എന്ന്‌ അഭിസംബോധന ചെയ്ത ബ്രട്ടീഷ്‌ ഭരണത്തലവനോട്‌ "ഞങ്ങൾ ഇന്ത്യാക്കാരാണ്‌" എന്ന്‌ എഴുന്നേറ്റുനിന്ന്‌ ഓർമ്മപ്പെടുത്താൻ ലണ്ടനിലെത്തിയ അർദ്ധനഗ്നൻ മടിച്ചില്ല.
ഒന്നാം ക്ലാസ്സ്‌ മുതൽ ഇംഗ്ലണ്ടിൽ പഠിച്ച പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ 'ദേശീയ'മായ സമുദായ ഐക്യം ഒടുവിൽ ഇംഗ്ലീഷ്‌ ഭാഷയും വേഷവുമാണ്‌ കൊണ്ടുവന്നത്‌. മതാന്ധത തർക്കമാക്കിയ മുണ്ട്‌ ഇടത്തോട്ടോ വലത്തോട്ടോ ഉടുക്കേണ്ടത്‌ എന്നത്‌ പാന്റ്സ്‌ അവസാനിപ്പിച്ചു! ഹരിജനങ്ങൾക്ക്‌ മൺപാത്രത്തിൽ ചായ എന്നത്‌ പ്ലാസ്റ്റിക്‌ പാത്രം വന്നതോടെ തീർന്നു.!


അയിത്തോച്ചാടനം
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ മന്നത്ത്‌ പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണ്ണജാഥ അയിത്തത്തിനെതിരെയായിരുന്നു. ഹിന്ദുമതത്തിൽ നിന്ന്‌ ഹരിജനങ്ങളെ വേർതിരിക്കുന്നതിനെതിരെ ഗാന്ധിജി നടത്തിയ ഐതിഹാസികമായ നിരാഹാരവും ഹരിജൻ ഫണ്ടുപിരിവിന്‌ കാശിയിൽ നിന്ന്‌ ആരംഭിച്ച മഹാജാഥയുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടു. ഇന്ന്‌ 'ഹരിജൻ' എന്ന ഗാന്ധിയൻ പദത്തിനും ഭരണഘടനാപരമായ അയിത്തമാണല്ലോ.


മദ്യനിരോധനം
സന്നദ്ധ സേവകർ അഹിംസാമാർഗ്ഗത്തിൽ മദ്യത്തിനെതിരെ പ്രവർത്തിക്കണം എന്ന ശുഭചിന്തയും സദാചാര വിരുദ്ധമായ നികുതിയിലൂടെ സർക്കാർ പണമുണ്ടാക്കരുത്‌ എന്ന ധർമ്മബോധവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഉൾക്കൊണ്ടില്ല. മദ്യ നിരോധനം ഒരു ദേശീയ നയമായില്ലെന്നതിനുപുറമേ ലോട്ടറി നടത്തിപ്പുപോലുള്ള ചൂതാട്ടം മറ്റു സ്റ്റേറ്റുകൾക്ക്‌ മാതൃകയാക്കാൻ ആരംഭിച്ച കേരളം 'അന്യ സംസ്ഥാന ലോട്ടറി'യ്ക്കെതിരെ നടപടിയുമായി നടക്കേണ്ട ഗതികേടിലുമായി.
ഉപ്പു നികുതി സാധാരണക്കാരനെ ബാധിക്കുന്നതുകൊണ്ട്‌ എടുത്തുകളയാൻ നടത്തിയ 1930ലെ സത്യാഗ്രഹക്കാലത്ത്‌ വൈസ്രോയ്‌ ഇർവ്വിൻ പ്രഭുവിന്നയച്ച 11 ആവശ്യങ്ങളിൽ മുൻപന്തിയിൽ നിന്നത്‌ മദ്യം നിരോധിക്കുക എന്നതായിരുന്നു. ദണ്ഡിയിലെ കടൽക്കര ടൂറിസ്റ്റ്‌ കേന്ദ്രമായതോടെ ചെറുപ്പക്കാർ അവിടെ ഇപ്പോൾ മദ്യപിക്കാനാണെത്തുന്നത്‌.


ഖാദി
കൃഷിക്കാരുടെ നാടായ ഇന്ത്യക്ക്‌ ലോകത്തിനു നൽകാൻ ഒരു സന്ദേശമുണ്ട്‌. ഗ്രാമീണർക്ക്‌ കുടുംബത്തിലിരുന്ന്‌ ആബാലവൃദ്ധം തൊഴിൽചെയ്ത്‌ വരുമാനമുണ്ടാക്കുകയും ആരും സ്വത്ത്‌ കൂട്ടിവെയ്ക്കാതെ സ്വയം സമ്പൂർണ്ണമായ ഗ്രാമസ്വരാജ്‌ സ്ഥാപിക്കുകയായിരുന്നു എന്നും തന്നത്താൻ ചർക്ക തിരിച്ച ഗാന്ധിജിയുടെ ജീവിതലക്ഷ്യം "എന്റെ ആത്മീയമായ മോക്ഷത്തിന്റെ കവാടം ചർക്കയാണ്‌" എന്ന ഗാന്ധിവചനത്തിന്റെ മറവിൽ ഖാദി രാഷ്ട്രീയക്കാരന്റെ കപടവേഷമായി ഓണക്കാല സബ്സിഡി വഴി ഖാദി ബോർഡും മന്ത്രിപദവിയിലുള്ള അതിന്റെ പാർട്ടി ചെയർമാനും നിലനിൽക്കുന്നു. സ്വന്തം കൈകൊണ്ട്‌ നിർമ്മിച്ച ഖദർമാത്രം ധരിക്കുന്ന ശിഷ്യന്മാരെയാണ്‌ ഗാന്ധിജി അംഗീകരിച്ചതു. മറവിരോഗം ബാധിച്ച രാഷ്ട്രീയക്കാർക്ക്‌ അതറിയേണ്ട.



മറ്റ്‌ ഗ്രാമവ്യവസായങ്ങൾ
രാഷ്ട്രീയ പ്രവർത്തനം ഗാന്ധിജിക്ക്‌ നിർമ്മാണ പ്രവർത്തനമായിരുന്നു. അത്‌ കൈ കോർക്കലോ മുഷ്ടി ചുരുട്ടലോ അല്ല. തേനീച്ച വളർത്തലും സോപ്പ്‌ -തുകൽ നിർമ്മാണവുമെല്ലാം യന്ത്ര നിർമ്മിതമായ കൃത്രിമവസ്തുക്കൾക്കെതിരെയുള്ള ക്രിയാത്മകതയായിരുന്നു. അമേരിക്കയിൽ വിദ്യ അഭ്യസിച്ച്‌ ജെ.സി.കുമരപ്പ വില്ലേജ്‌ ഇൻഡസ്ട്രീസ്‌ അസോസിയേഷൻ പ്രസിഡന്റായപ്പോൾ സ്വതന്ത്ര്യഇന്ത്യയുടെ പെർമിറ്റ്‌-ലൈസൻസ്‌ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയം ഗ്രാമവ്യവസായങ്ങളെ നശിപ്പിക്കുകയാണെന്ന്‌ പരാതിപ്പെട്ടു. ജയപ്രകാശ്‌ നാരായണന്റെ കൂടെ സാമ്പത്തികാസൂത്രണ സമിതിയിൽ അംഗമായ കുമരപ്പ "വില്ലേജ്‌ ഇഡിയറ്റ്സ്‌ അസോസിയേഷനെ"യാണ്‌ നയിക്കുന്നത്‌ എന്ന കളിയാക്കലാണ്‌ പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്‌. ആദർശന നിഷ്ഠയുള്ള ആരുംതന്നെ സ്വാതന്ത്ര്യാനന്തരം മന്ത്രിസഭയിലിരുന്നില്ല. 17 കൊല്ലമാണ്‌ ഗാന്ധിശിഷ്യൻ നെഹ്‌റു പ്രധാനമന്ത്രി പദവി അലങ്കരിച്ചതു.


ശുചീകരണം
ആറാമത്തെ നിർമ്മാണ പരിപാടി ഗ്രാമശുചീകരണമാണ്‌. ഒരുമുനിസിപ്പാലിറ്റി വിദ്യാഭ്യാസത്തെക്കാൾ മുൻഗണന നൽകേണ്ടത്‌ ശുചീകരണത്തിനാണ്‌ എന്ന്‌ സൂറത്തിൽ പ്ലേഗ്‌ പടർന്നു പിടിച്ചപ്പോൾ സ്വമേധയാ നിവാരണ പ്രവർത്തനത്തിലേർപ്പെട്ട ഗാന്ധിജി നിർദ്ദേശിച്ചതു ആസൂത്രകർ ചെവിക്കൊണ്ടില്ല. നെഹ്‌റു വിദേശ അതിഥികൾക്ക്‌ താമസസൗകര്യാർത്ഥം കെട്ടിടസമുച്ചയത്തിന്‌ പദ്ധതികൾ ആവിഷ്കരിച്ചപ്പോൾ പാവപ്പെട്ടവർക്കുചിതമായ ചിലവു കുറഞ്ഞ കക്കൂസ്‌ കെട്ടുന്നതിനാണ്‌ തന്റെ ആശ്രമത്തിൽ ഗാന്ധിജി ശ്രമിച്ചതു. മലം വളമാക്കി മാറ്റുന്നതിനുള്ള ശ്രമവും പ്രകൃതി ചികിത്സാ വ്യാപകമാക്കുന്നതിനുള്ള ആരോഗ്യ പരിപാടികളും ഏറ്റെടുക്കാൻ ആരും മുതർന്നില്ല. കുട്ടികൾക്ക്‌ ഏറ്റവും അപകടകരമായ ഔഷധവിപണിയുടെ കോൾ ഉള്ള കമ്പോളമാണിന്ന്‌ ഇന്ത്യ.
തൊഴിലധിഷ്ഠിതമായ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി(നയീംതാലിം) കുഴിച്ചുമൂടി സർവ്വകലാശാലയിലൂടെ പാശ്ചാത്യവൽക്കരണം വ്യാപിപ്പിച്ചതോടെ ഗാന്ധിജിയുടെ സ്വപ്നത്തിലുണ്ടായിരുന്ന ബദലുകളെല്ലാം അപ്രസക്തമായി. "നയീംതാലീ"മിന്റെ സക്കീർഹുസൈൻ പ്രസിഡന്റായി എന്ന "നേട്ടം" മാത്രം അവശേഷിച്ചു. നിർമ്മാണ പരിപാടികളുടെ പിൻബലമില്ലാത്ത രാഷ്ട്രീയ ജീവിതത്തെ തളർന്ന കൈകൊണ്ട്‌ കരണ്ടി ഉയർത്താൻ ശ്രമിക്കുന്നതിനോടാണ്‌ ഗാന്ധിജി ഉപമിച്ചതു. തന്റെ സങ്കേതത്തിൽ എത്തിച്ചേരുന്നവർക്കു നേരെ ചൂലെടുത്തുയർത്തി അവർക്കൊപ്പം താനും തൂപ്പു ജോലി ചെയ്താണ്‌ "എന്റെ ജീവിതമാണെന്റെ സന്ദേശം" എന്ന സ്വാഭിമാനം രാഷ്ട്രപിതാവ്‌ വളർത്തിയത്‌. "ദുർബ്ബലർക്ക്‌ മറ്റുള്ളവരുടെ സംരക്ഷണം ആവശ്യമില്ല.


അനവസരത്തിലുള്ള ഈ സൗജന്യം അവരെ കൂടുതൽ ദുർബ്ബലരാക്കും" എന്ന "ഹിണ്ട്‌ സ്വരാജി"ലെ ധാർമ്മിക ബോധം ഒരു സ്വയംപര്യാപ്ത രാഷ്ട്രത്തെ ലക്ഷ്യമാക്കി . ധീരനും വിശ്വാസിയുമായ ഒരു നെയ്ത്തുകാരനോ ചെരുപ്പുകുത്തിയോ നയിക്കുന്ന ഇന്ത്യയെ ഗാന്ധിജി ഭാവനയിൽ കണ്ടു. കേരളത്തിൽ ഒരു തയ്യൽതൊഴിൽ ചെയ്ത ആൾ മുഖ്യമന്ത്രിയായത്‌ തികച്ചും യാദൃശ്ചികം.
ഇന്ത്യൻ സ്വാതന്ത്രത്തിന്‌ ഷഷ്ഠിപൂർത്തിയായ ഈ സന്ദർഭത്തിൽ എല്ലാം പുതുക്കി പണിയേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ഉള്ള നമുക്ക്‌ ഐക്യരാഷ്ട്രസഭയുടെ വികസന റിപ്പോർട്ടനുസരിച്ച്‌ ലോകത്തിലെ 177 രാഷ്ട്രങ്ങൾക്കിടയിൽ 126-​‍ാംസ്ഥാനം ആണ്‌. ജനാധിപത്യത്തെ ചൊല്ലി ഊറ്റം കൊള്ളുന്ന നമുക്ക്‌ ശരിയായ നിലയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയില്ല. ലോകജനസംഖ്യയുടെ ആറിൽ ഒന്ന്‌ ഉള്ള ഇന്ത്യ ലോകത്താകമാനമുള്ള ദരിദ്രരരുടെ 36 ശതമാനം ഉൾക്കൊള്ളുന്നു. നോമിനേഷനും സ്പോൺസർഷിപ്പും അതു വളർത്തിയ അഴിമതിയും വഴി കമ്പോളത്തിൽ ഒരു കോമാളിയേപ്പോലെ തലഉയർത്തി നിൽക്കുന്ന ഇന്ത്യക്ക്‌ രാഷ്ട്രീയത്തെ സദാചാരം കൊണ്ട്‌ സമ്പന്നമാക്കിയ ഗാന്ധിജിയെപ്പറ്റി ശബ്ദിക്കാനർഹത ഇന്നില്ല. "ബ്രിട്ടൻ നമ്മെ കീഴടക്കിയതല്ല; നാം അവർക്ക്‌ കീഴടങ്ങിയതാണ്‌.' എന്ന ഗാന്ധിവചനമോർക്കാൻ നമ്മുടെ വിലയിടിഞ്ഞ കറൻസിയിലിരുന്ന്‌ പുഞ്ചിരിക്കുന്ന രൂപം നമ്മെ പര്യാപ്തരാക്കിയിട്ടുണ്ട്‌ എന്നുമാത്രം.