Followers

Saturday, December 12, 2009

moncy joseph

പുസ്തകനിരൂപണം
മനുഷ്യാംബരാന്തങ്ങൾ
എം.കെ.ഹരികുമാർ
മനസ്സിന്റെ രഹസ്യ തടങ്ങളിലൂടെ
മോൻസി ജോസഫ്‌

ഭാഷയുടെ പേരിലാണ്‌ എം.കെ.ഹരികുമാർ ഏറെയും വിമർശിക്കപ്പെട്ടിട്ടുള്ളത്‌. ഹരികുമാറിന്റെ ആദ്യപുസ്തകമായ 'ആത്മായനങ്ങളുടെ ഖസാക്ക്‌' തന്നെ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ടാക്കി. മനസ്സിലാവുന്നില്ല.
മനസ്സിലാവുന്നില്ലെന്ന്‌ പറഞ്ഞ്‌ ബഹളം വയ്ക്കുന്നവർക്കും ശ്രദ്ധിച്ച്‌ വായിച്ചാൽ ആ പുസ്തകത്തിന്റെ വ്യത്യസ്തവീക്ഷണം തിരിച്ചറിയാനാവും. സത്യം പറഞ്ഞാൽ ഭാഷയെച്ചൊല്ലിയുള്ള ഈ വിവാദം വളരെ പഴയ ഒന്നാണ്‌. എന്നാണ്‌. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറെ പുതിയതും സ്വന്തം അനുഭവങ്ങളോടും അന്വേഷണങ്ങളോടും ചേർത്തുവച്ചു അറിയേണ്ടതുമാണ്‌. ഒരു പക്ഷെ എല്ലാവരും തലയിലേറ്റുന്ന പതിവുഭാഷയുടെ രീതിയിൽ നിന്ന്‌ അൽപമൊന്ന്‌ വഴിമാറി നടക്കാൻ എഴുത്തുകാരൻ മോഹിച്ചുപോയെന്നിരിക്കും മനസ്സിലെ വ്യത്യസ്തമായ കത്തലുകൾ അതിനനുസരണമായ ഭാഷ കണ്ടെത്തുകയാണ്‌. ആ പുതിയ ഭാഷയിൽ ഹൃദയത്തിന്റെ ആവേശങ്ങളുടെ ഉയർച്ചയിൽ എഴുത്തുകാരൻ കുറച്ചൊന്ന്‌ ഭൂമിച്ചെന്നു വരാം അപ്പോഴേക്കും തെറ്റുപറ്റുന്നുണ്ടോ എന്നു നോക്കിയിരിക്കുന്ന റഫറിമാർക്ക്‌ ബഹളംവയ്ക്കാൻ കാരണമായിക്കഴിയും.
മലയാളത്തിലെ ആധുനിക എഴുത്തുകാരെല്ലാം തന്നെ ഉള്ളടക്കത്തിന്റെയും ഭാഷയുടെയും പേരിൽ ഇങ്ങനെ വലിയ വിവാദം ക്ഷണിച്ചുവരുത്തിയവരാണ്‌. പിന്നെ അതു കെട്ടടങ്ങുകയും അതിൽ അസാധാരണമായി യാതൊന്നുമില്ലെന്ന്‌ വായനക്കാരൻ അംഗീകരിക്കുകയും ചെയ്യും.
പുതിയ ചലനങ്ങളെ ഉൾക്കൊള്ളാൻ പലപ്പോഴും വായനക്കാരൻ ഉയർച്ച നേടിയിട്ടുള്ളവനാണ്‌. എന്നാൽ വായനക്കാരന്റെ പേരിൽ സംസാരിക്കാത്ത നിരൂപകനാണ്‌. സങ്കടം. കെ.പി.അപ്പന്റെയും ആഷാമേനോന്റെയും ഭാഷയെ സംബന്ധിച്ചും ആദ്യകാലത്ത്‌ ഇതേപോലെ കടുത്തവിമർശനങ്ങൾ ഉയർന്നിട്ടുണ്ട്‌. ഇപ്പോൾ സാഹിത്യവിമർശനത്തിലെ പുതിയ കഥാപാത്രം, എം.കെ.ഹരികുമാറാണ്‌. വ്യത്യസ്തമായി നടക്കാൻ വെമ്പുന്ന ഒരാവേശം ഹരികുമാറിൽ നിറയുന്നുണ്ട്‌. ഹരികുമാറിന്റെ പുതിയ പുസ്തകമായ 'മനുഷ്യാംബരാന്തങ്ങളി'ലും ഇത്‌ വ്യക്തമാണ്‌.
ചില പുതിയ വായനക്കാർ പോലും ഹരികുമാറിന്റെ ഭാഷ സഹിക്കാനും വയ്യ എന്ന്‌ പരാതി പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.
വാക്കുകൾ കുപ്പിച്ചില്ലുകൾ പോലെ ശരീരത്ത്‌ കുത്തിക്കയറുന്നതുപോലെ ഹരികുമാർ ഉദ്ദേശിക്കുന്നതെന്തെന്ന്‌ അറിയാൻ ആ ഭാഷ തന്നെ തടസ്സമാണെന്ന്‌ ചിലേടത്തൊക്കെ ഇത്‌ ശരിയാണുതാനും ഒരുപാട്‌ ബിംബങ്ങൾ കുത്തി നിറച്ച നീണ്ട വാക്യങ്ങൾ വായനക്കാരനെ കുഴയ്ക്കുക തന്നെ ചെയ്യുന്നു.
പക്ഷെ ഹരികുമാറിന്‌ ഹൃദയത്തിന്റെ പുതിയ ആവേശങ്ങൾ പിടിപ്പെടുത്തുകൊണ്ട്‌ സഫലമായി എഴുതാൻ കഴിയുമെന്ന്‌ ഈ പുസ്തകത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ വ്യക്തമാക്കുന്നു.
'കുരിശിന്റെ പ്രാചീനതയിൽ നിന്ന്‌ മനുഷ്യാർത്ഥങ്ങൾ' എന്ന ലേഖനം ഹൃദ്യമാണ്‌. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' വിമർശിക്കുകയാണ്‌ ഹരികുമാർ. ഇവിടെ ഭാഷ അനാവശ്യമായി സങ്കീർണ്ണതയിലും ബിംബങ്ങളുടെ ധൂർത്തിലും സ്വന്തം നിരീക്ഷണങ്ങൾ കരുത്തോടെ പറയാൻ കഴിയുന്നുണ്ട്‌ താനും. ഹരികുമാറിന്റെ ഈ നിരീക്ഷണം ശ്രദ്ധേയമാണ്‌ ചരിത്രവസ്തുതകളിൽ നിന്ന്‌ ആഖ്യാനം അകന്നുപോകുന്നില്ല. ചരിത്രത്തിന്റെ സൂക്ഷ്മമായ ആത്മാവുകളിൽ കാതുചേർക്കുകയാണ്‌ ആത്മാവുകളുടെ അനുസ്യൂതി എല്ലാത്തിലും പ്രധാനമായി തീരുന്നു. ചരിത്രസംഭവങ്ങളല്ല ആത്മാവുകളുടെ അനുസ്യൂതിയാണെന്ന ദർശനത്തിലേക്കാണ്‌ നോവലിസ്റ്റ്‌ നീങ്ങുന്നത്‌!
ഇത്തരമൊരു വായന ഹരികുമാറിന്‌ എപ്പോഴും അനുഗ്രഹമാവുന്നില്ല. ചിലപ്പോഴും ആവ്യക്തികളിൽ കുഴഞ്ഞുമറിഞ്ഞ്‌ ഒരു പർവതാരോഹകനെപ്പോലെ ക്ഷീണിച്ച്‌ ഹരികുമാർ മല കയറുന്നു. മലയുടെ മുകളിൽ നിന്ന്‌ താഴ്‌വരയിലെ മഞ്ഞും വെയിലും നോക്കി കിതയ്ക്കുന്നു.
എങ്കിലും ഹരികുമാറിൽ എനിക്കു പ്രതീക്ഷയുണ്ട്‌. പതിവു ഭാഷയിൽ നിന്നു വിട്ടുപോരുന്ന ഈ ഭാഷയിൽ സ്വകാര്യമായ പ്രാർത്ഥനയും ശരീരത്തിന്റെ നിലവിളിയും നിലാവും ഉണ്ട്‌. മനുഷ്യവംശത്തിന്റെ മഹായാത്രകൾക്കുമേൽ ഏകാകിയായി ചെവിയോർക്കുന്ന സ്വകാര്യതയുണ്ട്‌. എല്ലാ പുസ്തങ്ങളെയും സ്നേഹിക്കുന്ന മനസ്സുണ്ട്‌. പ്രപഞ്ച ദൃശ്യങ്ങൾക്കു നടുവിൽ ഏകാകിയായി നിന്ന്‌ ഒരാൾ സംസാരിക്കുന്നത്‌ മനുഷ്യാബരാന്തങ്ങളിൽ കേൾക്കാം. പക്ഷേ പടിഞ്ഞാറൻ പുസ്തകങ്ങളിൽ നിന്ന്‌ ഇങ്ങനെ കെട്ടുകണക്കിന്‌ ഉദ്ധരിക്കാതെതന്നെ നന്നായി എഴുതാവുന്നതേയുള്ളു. ഭാഷയിൽ സ്വയംമറന്ന്‌ രമിക്കുകയും ചെയ്യുന്നു. ഹരികുമാർ ഈ രമിക്കലിൽ ചിലപ്പോൾ വ്യക്തത്ത കൈമോശം വരുന്നു. വാക്കുകളുടെ അനേകം ശബ്ദങ്ങൾ വായിക്കുന്നവന്റെ ഏകാഗ്രത തകർത്തുകളയുന്നു.
ആ വിമർശനം നിലനിൽക്കെ തന്നെ ഈ പുസ്തകത്തിന്റെ മറ്റൊരാഹ്ലാദം ഞാൻ മറക്കുന്നില്ല മനസ്സിന്റെ രഹസ്യങ്ങളിലൂടെ ഒരുപാട്‌ കാഴ്ചകൾ കണ്ടു നടക്കുന്ന ആഹ്ലാദം. മനസ്സിനുള്ളിൽ തന്നെ പ്രകൃതിയുടെ ഒരായിരം ദൃശ്യങ്ങൾ.