Followers

Saturday, December 12, 2009

എഡിറ്റോറിയൽ-നമുക്കൊരു തിരിച്ചുവരവ്‌ വേണ്ടേ?-







mathew nellickunnu




ആധുനിക മലയാളി സമൂഹം ഭൗതികമായും ആത്മീയമായും ഒരുപാടുമാറിപ്പോയി. മൂല്യബോധവും സദാചാരബോധവും സൂക്ഷിക്കുന്ന ജനതയാണെന്ന നാട്യം ഒരുവശത്ത്‌. രാഷ്ട്രീയവും സാമൂഹ്യവുമായ അരാജകവാദത്തിന്റെ ഫലമായ സംസ്കാരലോപം മറുവശത്ത്‌. കുടുംബബന്ധങ്ങളെക്കുറിച്ചും മതസഹിഷ്ണുതയെക്കുറിച്ചും പൊതുവേദികളിൽ ഘോരഘോരം പ്രസംഗിക്കുന്നവർ തന്നെ ഇരുട്ടിന്റെ മറവിൽ തലയിൽ മുണ്ടിട്ട്‌ ഒളിച്ചും പാത്തും തന്തോന്നി ജീവിതം തുടരുന്നു. സ്ത്രീസ്വാതന്ത്ര്യം പ്രസംഗിക്കാൻമാത്രം കൊള്ളാവുന്ന വിഷയമായി മലയാളി കണ്ടെത്തിയിട്ടുണ്ട്‌. പട്ടാപ്പകൽപോലും ഒറ്റയ്ക്ക്‌ യാത്രചെയ്യാൻ പെണ്ണുങ്ങൾക്ക്‌ ഭയമാണിപ്പോൾ കേരളത്തിൽ. ഒന്നരവയസ്സുള്ള പെൺകുഞ്ഞും എൺപതുവയസ്സുള്ള മുത്തശ്ശിയും ഭയപ്പാടിന്റെ പരിധിയിൽനിന്ന്‌ അകലെയല്ല. കേരളത്തിലെ ഏറ്റവും ലാഭകരമായ വ്യവസായമായി പെൺവാണിഭം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. സൂര്യനെല്ലി, വിതുര, കൊട്ടിയം, തോപ്പുംപടി, പന്തളം, കോഴിക്കോട്‌ ഐസ്ക്രീം പാർലർ... ബ്രാൻഡ്ചെയ്ത എത്രയെത്ര സ്ത്രീ വ്യവസായങ്ങളാണ്‌ ഇവിടെ തഴച്ചുവളരുന്നത്‌!
മദ്യവും മയക്കുമരുന്നും കേരളീയജീവിതത്തെ കാർന്നുതിന്നുന്ന അർബുദമായി മാറിക്കഴിഞ്ഞു. മിക്ക കുടുംബങ്ങളിലും ആഘോഷവേളകളിൽ മദ്യം ഒരു പ്രധാന വിഭവമാണ്‌. ഇത്‌ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്നു. സ്ത്രീകളും കുട്ടികളുമാണ്‌ ഇതിന്റെ ദുരന്തഫലമനുഭവിക്കുന്നത്‌. അമേരിക്കൻ രാജ്യങ്ങളിൽ മദ്യം വാരാന്ത്യദിനങ്ങളിൽ മാത്രം ഉപയോഗിക്കുമ്പോൾ ഇവിടുള്ളവർ മദ്യപിച്ച്‌ വാഹനമോടിക്കുകയും ജോലിസ്ഥലങ്ങളിൽപോലും മദ്യപിച്ചെത്തി ഉത്തരവാദിത്വമില്ലാതെ പെരുമാറുകയും ചെയ്യുന്നു.
പണ്ടത്തെ തെങ്ങും പനയും ചെത്തിയെടുക്കുന്ന ശുദ്ധമായ കള്ളിന്റെ സ്ഥാനത്ത്‌ ഇന്ന്‌ പലവിധ രാസവസ്തുക്കളും കലർത്തി വിഷമയമായ കൃത്രിമക്കള്ളാണ്‌ നിർമ്മിക്കുന്നത്‌. കേരളീയരുടെ മദ്യപാനശീലം സകല അതിർവരുമ്പുകളും ഭേദിച്ച്‌ മുന്നേറുന്നു.
കേരളത്തിലെ കത്തോലിക്കസഭ ഒരിക്കൽ പുറത്തിറക്കിയ ഒരു പഠനറിപ്പോർട്ടിൽ പറയുന്നത്‌ കേരളത്തിൽ ഏറ്റവുമധികം മദ്യ ഉപഭോഗം നടക്കുന്നത്‌ കത്തോലിക്കരുടെ ഇടയിലാണെന്നാണ്‌. വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ, കുടുംബത്തകർച്ച, ഒറ്റയ്ക്കും കൂട്ടായുമുള്ള ആത്മഹത്യകൾ ഒക്കെ മദ്യോപഭോഗത്തിന്റെ ദുരന്തഫമാണ്‌.
സ്കൂൾ കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത്‌ ഒരു ഫാഷനാണ്‌. മിഠായിയിലും ച്യൂയിംഗത്തിലും കോളയിലും ലഹരി! ടെലിവിഷന്റെ ദുസ്വാധീനം വേറെ. പണമുണ്ടാക്കുക - അതിനുവേണ്ടി എന്തു കുറുക്കുവഴി സ്വീകരിക്കാനും തയ്യാർ എന്നതാണ്‌ ഓരോ ചെറുപ്പക്കാരുടേയും ജീവിത വീക്ഷണം. പണത്തിലൂടെ മാന്യതയടക്കം എന്തും നേടാമെന്ന ബോധ്യംതന്നെയാണിതിനു പിന്നിലുള്ളത്‌.
പണ്ട്‌, വിവാഹക്കമ്പോളത്തിൽ ചെറുക്കന്‌ ഭക്ഷണത്തിന്‌ വകയുണ്ടോ എന്നും, എത്ര പറയ്ക്ക്‌ നിലവും സ്ഥലവുമുണ്ട്‌ എന്നും അന്വേഷിച്ചിരുന്ന മാതാപിതാക്കൾ, അറുപതുകളിൽ ഗൾഫ്‌ പണത്തിന്റെ വരവോടെ ഗൾഫിൽ ജോലിയെന്നു കേട്ടാൽ മറ്റൊന്നും ചിന്തിക്കാൻ മെനക്കെടാതായി. പിന്നീട്‌ റബർവില വർദ്ധിച്ചപ്പോൾ റബർകൃഷിക്കാർക്കും കിമ്പളംവാങ്ങുന്ന സർക്കാർ ജോലിക്കാർക്കുമായി ഡിമാന്റ്‌. ഇപ്പോൾ അമേരിക്ക, ലണ്ടൻ, സ്വിറ്റ്സർലാന്റ്‌ എന്നിവിടങ്ങളിൽ ജോലിയുള്ളവർക്കാണ്‌ മുൻഗണന. പണത്തെ മാത്രം കേന്ദ്രീകരിച്ചുള്ള വിവാഹബന്ധങ്ങൾ ധാരാളം പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും സ്വപ്നങ്ങളെ തല്ലിയുടച്ചു. വിവാഹം കഴിഞ്ഞാൽ പിറ്റേന്നുതന്നെ വരൻ വിമാനം കയറുന്ന പ്രവണത കൂടിവരുന്നു. പണ്ടൊക്കെ പള്ളിയിൽ മൂന്നു ഞായറാഴ്ച വിളിച്ചുചൊല്ലി നടത്തിയിരുന്ന കല്യാണം ഇന്ന്‌ 24 മണിക്കൂറിനുള്ളിൽ മനസമ്മതവും വിവാഹവും കൂടി നടക്കുന്നു. ഇത്തരം വിവാഹങ്ങളിൽ പകുതിപ്പേരും അസ്വസ്ഥരും ദുഃഖിതരുമാണ്‌.
സ്ത്രീധനം എന്ന വ്യാധിയെ കോടതി പണ്ടേ വിലക്കിയതാണ്‌. സമ്പന്നൻ കോടികൾ സ്ത്രീധനംകൊടുത്ത്‌ പെൺമക്കളെ കെട്ടിക്കുമ്പോൾ ഇടത്തരക്കാരും സാധാരണക്കാരും നിരാശയും അപകർതയുംപേറി അതു കണ്ടുനിൽക്കുന്ന വിവാഹമാമാങ്കം നടത്തി മുടിയുന്ന മലയാളികുടുംബങ്ങൾ എത്രയാണ്‌! പണംകൊണ്ട്‌ മനസ്സുകളെ തുന്നിച്ചേർക്കാനാവില്ലെന്ന്‌ ആരും അറിയുന്നുമില്ല.
പഠിച്ചുജയിച്ചിട്ടും തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വൻസമൂഹംതന്നെ കേരളത്തിലുണ്ട്‌. മാന്യമായ മാർഗ്ഗങ്ങളിലൂടെയുള്ള പണസമ്പാദനംകൊണ്ട്‌ എങ്ങുമെത്താത്ത തൊഴിലാളി സമൂഹവുമുണ്ട്‌. ദുരയും ആർത്തിയും അപകർഷതയും നിറഞ്ഞ മനസ്സോടെ ഇവരിലൊരുഭാഗം സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിലേർപ്പെട്ട്‌ പണം നേടുന്നു.
ക്രിസ്തുവും കൃഷ്ണനും ഗാന്ധിജിയും ടാഗോറും വിവേകാനന്ദനും ശങ്കരാചാര്യരും ആദരിക്കപ്പെട്ട സ്ഥാനത്ത്‌ ഇന്ന്‌ പണക്കൊഴുപ്പിനും ബാഹ്യസൗന്ദര്യത്തിലുമാണ്‌ താരമൂല്യം. മിമിക്രിപ്പിള്ളേർക്ക്‌ തട്ടിക്കളിക്കാനുള്ള ഗോലികളാണിന്ന്‌ നമ്മുടെ രാഷ്ട്രീയ നേതാക്കൾ. ദൃശ്യമാധ്യമരംഗത്തോട്‌ അതിരുകവിഞ്ഞ അടിമത്വവും വിധേയത്വവും പുലർത്തുന്ന ചെറുപ്പക്കാർക്ക്‌ പണക്കൊഴുപ്പും നിറക്കൊഴുപ്പുമുള്ള സിനിമാ-സ്പോർട്ട്സ്‌ താരങ്ങളാണ്‌ റോൾ മോഡലുകൾ.
മഹാരഥന്മാരെ ആദരിച്ചിരുന്ന സമൂഹത്തിന്‌ ഇന്ന്‌ ക്രിക്കറ്റു കളിക്കാരാണ്‌ ആരാധനാപാത്രങ്ങൾ. എവിടെയും ക്രിക്കറ്റ്‌ ജ്വരമാണ്‌. നാടൻപന്തുകളിയും, മറ്റു കളികളും ക്രിക്കറ്റിന്‌ വഴിമാറിക്കൊടുത്തിരിക്കുന്നു.
പരമ്പരാഗത നാടൻ വ്യവസായങ്ങളായ കയർ, കുട്ടനെയ്ത്ത്‌, മൺപാത്രനിർമ്മാണം എന്നീ ജോലികൾ അറിയാവുന്നവർ ഇന്ന്‌ വിരളമാണ്‌. റബർതോട്ടങ്ങളുടെ വരവോടെ തെങ്ങുകൃഷി നാമശേഷമായിത്തുടങ്ങി. പണ്ട്‌ കൃഷിക്കാർ സ്വന്തം പുരയിടത്തിലുള്ള മാവുകളേയും പ്ലാവുകളേയും കുട്ടികൾക്കുള്ളതുപോലെ പേരുചൊല്ലി വിളിച്ചിരുന്നു. (തേന്മാവ്‌, ചക്കരമാവ്‌, ഉണ്ടപ്ലാവ്‌, കൂനൻപ്ലാവ്‌, കിഴക്കേപ്ലാവ്‌). ഇന്നത്തെ കുട്ടികൾക്കിതെല്ലാം അമ്മൂമ്മക്കഥയായിത്തോന്നാം.
കേരളത്തിലെ സ്ത്രീകളിൽ 25 ശതമാനത്തോളം പേർ അതിക്രമങ്ങൾക്ക്‌ ഇരയാവുന്നതായി അടുത്തിടെ ഒരു പത്രത്തിൽ വായിച്ചു. ആൺകുട്ടികൾക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ ആഗ്രഹവും പെൺകുട്ടികളോട്‌ സമൂഹത്തിലുള്ള അവജ്ഞയും പെൺഭ്രൂണഹത്യയുംമൂലം സ്ത്രീപുരുഷാനുപാതത്തിൽ വ്യത്യാസം വന്നിരിക്കുന്നു. പണ്ട്‌ സ്ത്രീകൾ എണ്ണത്തിൽ മുൻപിലായിരുന്നത്‌ ഇന്ന്‌ പുരുഷന്മാരാണ്‌ മുൻപിൽ. ആത്മഹത്യാവാർത്തകളില്ലാത്ത ദിവസങ്ങളില്ലാതായി. അത്യാഗ്രഹങ്ങളും, അനുകരണങ്ങളും, ആഢംബരവസ്തുക്കളോടുള്ള ഭ്രമവുംമൂലം ചെലവുകൾ വരവിനേക്കാൾ വളരെയധികമാവുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളും ആത്മഹത്യനിരക്കു കൂട്ടുന്നു.
മറ്റ്‌ സംസ്ഥാനങ്ങളിൽ വൈദ്യുതിയ്ക്കുവേണ്ടി ആണവനിലയങ്ങളും തെർമൽപ്ലാന്റുകളും നിർമ്മിച്ചപ്പോൾ കേരളം ജലവൈദ്യുതിപദ്ധതിയെ മാത്രം ആശ്രയിച്ച്‌ മുന്നോട്ടുപോയതാണ്‌. കേരളത്തിലെ പുഴകളേയും മലകളേയും വനങ്ങളേയും നശിപ്പിക്കാൻ കാരണം. ഓരോദിവസം കഴിയുംന്തോറും കേരളത്തിലെ വനഭൂമികൾ കുറഞ്ഞുവരുന്നു. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ എന്റെ നാട്ടിലുണ്ടായിരുന്ന മിക്ക വനങ്ങളും പ്രകൃതിസമ്പത്തുകളും ഇല്ലാതായി. (ഉദാഹരണമായി മണിയന്ത്രം, നെടുമല മുതലായ വനങ്ങൾ).
സമത്വം, സ്വാശ്രയത്വം, സ്വാതന്ത്രം തുടങ്ങിയ പദങ്ങളൊക്കെ ഉപയോഗിച്ചുതേഞ്ഞ ചില അവ്യയശബ്ദങ്ങളാണിന്ന്‌. എങ്കിലും സ്വന്തം നിലപാടുകളിൽനിന്ന്‌ വ്യതിചലിക്കാത്ത ദേശസ്നേഹികളും മനുഷ്യസ്നേഹികളും കലാസ്വാദകരും ഇനിയുമീ നാട്ടിൽ അവശേഷിക്കുന്നുവേന്ന്‌ ഞാൻ വിചാരിക്കുന്നു. അവരുള്ളടത്തോളം നന്മയുടെ ഇത്തിരിനാളം ഇവിടെ കെടാതെ നിൽക്കും. പ്രകൃതി തന്റെ അവസാനശ്വാസം അവർക്കായി നീക്കിവയ്ക്കും. മലയാളഭാഷയും മലയാളിത്തവും കടലിനപ്പുറത്തിരിക്കുന്ന എന്നെ വ്യാമോഹിപ്പിച്ചുകൊണ്ടേയിരിക്കും. എങ്കിലും ഒരു ചോദ്യം ചോദിക്കാൻ ഞാനാഗ്രഹിക്കുന്നു. "നമുക്കൊരു തിരിച്ചുവരവ്‌ വേണ്ടേ?....."
വേണം എന്നു പറയാൻ ഒരുപാടു നാവുകൾ ചലിക്കുന്നതും ഞാൻ കാണുന്നു.