Followers

Saturday, December 12, 2009

ഞാൻ വീണ്ടും വിവാഹ വിപണിയിലെത്തിയതെങ്ങനെ?

g b c menon

എന്റെ പേര്‌ ജോൺപോൾ. വർഷം 1987. എസ്‌.ബി.ടിയിൽ പ്രോബേഷനറി ഓഫീസറായി ചേർന്നിട്ട്‌ ഒരു മാസം തികയുന്നത്‌ വീടിന്റെ പുറകിലുള്ള ലൂർദ്ദ്‌ പള്ളിയിലെ പെരുന്നാളിന്റെയന്ന്‌. എന്റെ ജന്മസ്ഥലം മീനച്ചിൽ താലൂക്കിലെ പ്രവിത്താനം. ഇപ്പോൾ താമസം ബാങ്കിന്റെ ഗസ്റ്റ്‌ ഹൗസിലാ. സൗകര്യമായത്‌ "ബെസ്റ്റ്‌ സ്റ്റാൻഡി"ന്‌ തൊട്ട്‌ മുന്നിൽത്തന്നെയാ ഈ ഗസ്റ്റ്‌ ഹൗസ്‌. കഥയുടെ ദിവസം തുടങ്ങുന്നത്‌ ബാങ്കിൽ പോകാൻ ഞാൻ 'ബസ്‌' കാത്ത്‌ നിന്നപ്പോഴായിരുന്നു. രാവിലെ ഏതാണ്ട്‌ 9 മണിയായെന്ന്‌ കൂട്ടിക്കോ. പെട്ടെന്നാണ്‌ നല്ല സ്മാർട്ടായി ഡ്രസ്സ്‌ ചെയ്ത്‌ ഒരു പെണ്ണ്‌ സ്കൂട്ടറിൽ വന്ന്‌ എന്റെയടുത്ത്‌ ചവിട്ടി നിർത്തിയത്‌. അവൾ ചോദിക്കുവാ "എന്നും കാണാറുണ്ട്‌. ബാങ്കിലാ ജോലി അല്ലേ? ഞാൻ ഡ്രോപ്പ്‌ ചെയ്യട്ടെ? കേറിക്കോ" ഞാൻ ആദ്യമൊന്ന്‌ മടിച്ചെങ്കിലും ഓഫീസിലെത്താനുള്ള തിടുക്കത്തിൽ സമ്മതിയ്ക്കുവായിരുന്നു.
ബാങ്കിന്റെ മുന്നേ വണ്ടി നിർത്തി അവൾ "ടേക്‌ കീയർ, സീയു" ഞാൻ താങ്ക്‌ യു -ബൈ".
അന്ന്‌ രാത്രിയിൽ അവൾ എന്റെ മനസ്സിൽ 'സ്ലോ മോഷനിൽ' വന്ന്‌ തുടങ്ങിയില്ല എന്ന്‌ പറഞ്ഞാൽ ഒടയതമ്പുരാൻ പോലും പൊറുക്കത്തില്ല, കേട്ടോ? ആ സ്വപ്നങ്ങളിൽപ്പോലും ജിമ്മിച്ചായൻ ഫ്ലോറിഡായിൽ നിന്ന്‌ അവധിയ്ക്ക്‌ വരുമ്പം കൊണ്ടു വരുന്ന 'ഷനേൽ' പെർഫ്യൂമിന്റെ ഒടുക്കത്തെ മണമുണ്ടായിരുന്നു. രാത്രിയിൽ ഞാൻ ഉറക്കത്തിൽ "അയ്യോ എന്തൊരു സുഖം" എന്ന്‌ വിളിച്ച്‌ കൂവിപ്പറഞ്ഞെന്ന്‌ സഹമുറിയൻ പുഞ്ഞാറ്റിക്കാരനായ ശരത്ചന്ദ്രൻ (മെഡിക്കൽ റപ്പായി) പിറ്റേന്ന്‌ പറഞ്ഞപ്പോൾ ചമ്മിപ്പോയി. ഒരാഴ്ച കഴിഞ്ഞു അവൾ പതിവ്‌ പോലെ വന്നു. ഞാൻ ഓർക്കുവായിരുന്നു"ഇതേൽ, 70 കിലോ മീറ്ററിൽ പ്പോണേൽ ഇവൾക്ക്‌ നല്ല ഊരായിരിക്കും."
"സായാഹ്നങ്ങളിൽ കാണണം" എന്ന അവളുടെ പിടിവാശിയിൽ ഞാൻ മലർന്നടിച്ച്‌ വീഴുകയാണുണ്ടായത്‌. മനസ്സിൽ ഇഷ്ടമായെങ്കിലും ആണിന്റെ "ഹിപ്പോക്രസി", ഉടനെ സമ്മതിച്ച്‌ വഴങ്ങിക്കൊടുക്കാൻ തരമാക്കിയില്ല. പക്ഷേ, ഏത്‌ ശ്വാനനും ഒരു ദിവസമുണ്ടല്ലോ എന്ന്‌ സണ്ടേ സ്കൂളിൽ വികാരിയച്ചൻ പറഞ്ഞതോർത്തു. എന്നാൽ, മുന്തിയ റസ്റ്റോറന്റിൽ തന്നെയാകട്ടെ കൂടിക്കാഴ്ച എന്ന്‌ ഞാനും തീരുമാനിച്ചു. (ക്ഷമിക്കണം, ഞങ്ങൾ അപ്പന്റെ വകേൽ പുളിക്കുന്നത്തുകാരാ! സെന്റ്‌ തോമസ്‌ ശ്ലിഹ നമ്പൂതിരിമാരായിരുന്ന എന്റെ പൂർവ്വികരെ നേരിൽ കണ്ട്‌ മാർഗ്ഗം കൂട്ടിയതാണത്രെ. ഒരു തലമുറയ്ക്കപ്പറുമുള്ള ആ വല്യപ്പച്ചന്റെ പതംവന്ന ഡയറിയിൽ കണ്ടതാണത്‌. 'സൗന്ദര്യലഹരി'യിലെ ശ്ലോകങ്ങൾ ചൊല്ലിക്കൊടുത്ത എന്റെ പൂർവ്വികരെ, പുഷ്പം പോലെ 'ഗിരിപ്രഭാഷണം' കേൾപ്പിച്ച്‌ മനം മാറ്റുകയാണത്രെയുണ്ടായത്‌ - അത്രേ എന്ന്‌ വള്ളുവനാട്ടിൽ പറയാറുണ്ട്‌.
ഞാനും അനുരാധയും (അതാ അവളുടെ സ്കൂളിലെ പേര്‌) മേലേപ്പറമ്പിൽ ആൺ വീട്ടിലെ പെണ്ണാ. പൂർവ്വികർ പൂവ്‌ കെട്ടിയ തഴമ്പ്‌, അവളുടെ കൈയ്യിലും കണ്ടു.) വാതാനുകൂലമായ റസ്റ്റോറന്റിൽ കയറി കൂടിയപ്പോൾ സന്തോഷം തോന്നി. കാരണം, ജോൺ എബ്രഹാമിന്റെയും ചിന്ത രവിയുടെയും അരവിന്ദന്റെയും സിനിമകൾ കളിയ്ക്കുന്ന കൊട്ടക പോലെ ആരും അവിടെ ഉണ്ടായിരുന്നില്ല. പരമ്പരാഗത കമിതാക്കളെപ്പോലെ ഏറ്റവും റൊമാന്റിക്‌ ആയ ഒരു പച്ചഗ്ലാസ്സ്‌ ടോപ്പ്‌ ഉള്ള മേശയിൽത്തന്നെ ഞങ്ങൾ സ്ഥലമുറപ്പിച്ചു. ഗ്ലാസ്സ്‌ ടോപ്പിൽ ഉഗ്രൻ ഒരു 'ഫ്ലവർവേയ്സ്‌' തഴച്ച്‌ പൂത്തുലഞ്ഞ്‌ വളഞ്ഞ്‌ നിന്നിരുന്നു. കുറച്ചു നേരം "കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ".... എന്ന ഇഷ്ടഗാനം പാടാൻ തോന്നി. അപ്പോഴേക്കും വെയ്റ്റർ വന്ന്‌ നിന്ന്‌ കഴിഞ്ഞ്‌ മൂന്നു മിനിറ്റായെന്ന്‌ പുള്ളി തന്നെ പറഞ്ഞപ്പോഴാണ്‌ മേൽപ്പറഞ്ഞ ഗാനം മനസ്സിൽ തീർന്നത്‌. " ഫുഡ്‌ ഓർഡർ ചെയ്യുന്ന പ്രത്യയശാസ്ത്രപരമായ കടമ്പയിലേക്ക്‌ കടന്നിരിക്കു"എന്ന്‌ വെയ്റ്റർ "കോളിറ്റിസ്‌" പിടിച്ച രോഗിയെപ്പോലെ കുനിഞ്ഞ്‌ ഭവ്യമായി പറഞ്ഞു. പതിവ്‌ പോലെ അവൾ ഇതിനു മുൻകൈ എടുത്തു എന്ന്‌ കണ്ടോണം. ഒരുപാട്‌ ഫ്രഞ്ച്‌ മട്ടിലുള്ള വിഭവങ്ങളുടെ പേരുകൾ അവൾ ഉരുക്കഴിച്ച്‌ ഒരു സൂപ്പർ സൂപ്പർ ബ്രേക്കിട്ടത്‌ "ചിക്കൻ - ഏ-ലാ-കീവ്‌" എന്ന ഐറ്റം നമ്പർ വന്നപ്പോഴാണ്‌. വെയ്റ്റർ അത്‌ എഴുതിയെടുത്ത്‌ 'കോളിറ്റിസ്‌' വിമുക്തനായി തന്ത്രപൂർവ്വം പിന്മാറി. ഞാൻ പോക്കറ്റിൽ എത്ര പണം ഉണ്ടെന്ന്‌ ഇരുത്തി ചിന്തിച്ചു. കാരണം, ജിമ്മിച്ചായന്റെ ആൻസി ചേടത്തി പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌ "ഇത്തരം ലോല സന്ദർശനങ്ങളിൽ ആൺ തരികളാണ്‌ ബില്ല്‌ കൊടുത്ത്‌ തെക്കൻ വീരഗാഥ രചിക്കേണ്ടതെന്നും മറ്റും....
വെയ്റ്റർ ഉടനെ രണ്ടാമതും രണ്ടാമൂഴം പാടി വരുന്നതിൽ വെല്ല്യ തെറ്റില്ല. പക്ഷേ വെറും കൈയ്യോടെയുള്ള ആ വരവ്‌ അത്ര പന്തിയായി തോന്നിയില്ല. വെയ്റ്റർ - മദാം ഓർഡർ ചെയ്ത കാവ്യം രചിയ്ക്കുവാൻ, ചെഫ്‌ ബ്രൊദ്രില്ലാദിന്‌ കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും വേണമത്രെ! മോശ്യേ, രണ്ടുപേരും ക്ഷമയുള്ള ഇനമാണെങ്കിൽ കഴിയുംവേഗം തരമാക്കാം."
ഞാൻ: കുഴപ്പമില്ലന്നേ, ജീപ്പ്സ്‌ ആന്ദ്രേയോട്‌ പറയൂ, ദെലൂസും ദെരീദയും മറ്റും ക്ഷമയോടെ ഇരുന്ന്‌ കഴിച്ച ഒരു വിഭവമാണ്‌ യുദ്ധാനന്തര കീവിലെ ചിക്കൻ" "ഇത്‌ എനിക്ക്‌ പറഞ്ഞ്‌ തന്നത്‌ വാഷിങ്ങ്ടൺ ഡി.സിയിലെ പ്രതാപിയായ രവീന്ദ്രനാഥനാണ്‌. ഞാൻ അനുരാധയോട്‌ വീരഗാഥയുടെ ഇടവേളയിൽ ബാബുവിനെപ്പോലെ പറഞ്ഞു.
പിന്നെയുള്ള സമയം പതിവ്‌ ചോദ്യങ്ങളുടെ ഒരു ടോക്‌-ഷോ ആയിരുന്നു.
ഞാൻ: വിളിപ്പേരെന്താ അനുരാധേ?
-"അനു"
"ഹാ, എത്ര നല്ല ചെറിയ പേര്‌! എന്റെ പേരെന്താ ചോദിക്കാത്തെ, പൈങ്കിളി" എന്ന്‌ മനസ്സിൽ വിചാരിക്കും മുമ്പ്‌, ഉതിർന്ന്‌ വീണു, "യുവർ നെയിം"? ജോൺപോൾ.
അനു: ജ്യേഷ്ഠൻ സ്വന്തം വിളിപ്പേരിന്റെ നാമം ജപം നടത്തിയില്ല, ഇത്‌ വരെ?
ഞാൻ : ജോപ്പോ ! ജർമ്മൻ ബുദ്ധിജീവിക്ക്‌ എന്നെ ഹൻസ്‌ എന്നാ വിളിക്കാറ്‌. അനു ഇത്‌ കേട്ട്‌ ചിരിച്ചെങ്കിലും ഒരു വടമിട്ട്‌ കെട്ടി അതിനെ വരുതിയിലാക്കുകയായിരുന്നു. എന്താണാവോ ഒരു സീനിൽ ചിരി? "അല്ലാ, ഞാൻ ഓർത്തത്‌ ഇത്‌ ഒരു നല്ല പട്ടിയുടെ പേര്‌ പോലെ സുന്ദരമായി തോന്നുന്നല്ലോ എന്നാണേ".
ഞാൻ: അനുവിന്റെ ഹ്യൂമർ എനിയ്ക്കിഷ്ടപ്പെട്ടു. കൊള്ളാം.
പിന്നെയുള്ള ഗാഥ ഗദ്യവൃത്തത്തിൽ, ഇതുപോലെ "ഞാൻ ഒറ്റ മകളാ... മറ്റുള്ളവർ നല്ല ആമ്പിള്ളേരാ. എന്റെ അച്ഛൻ ഒരു പ്രൈവറ്റ്‌ ബാങ്കിൽ നിന്ന്‌ മാനേജർ പദവിയിൽ നിന്നപ്പോൾ റിട്ടയർ ചെയ്യുകയായിരുന്നു. ഇപ്പോൾ വീട്ടിൽ പോയി പള്ള-കള എന്നിവ പറിച്ച്‌ കഴിയുന്നു. അമ്മ വീട്ടമ്മയായി സിനിമയിലെ സ്മിതാപാട്ടീലിനെപ്പോലെ കതകിനിടയിൽക്കൂടി പുറം ലോകം കണ്ട്‌ കൊണ്ടേയിരിക്കും. ചേച്ചി, അനുജത്തി, അളിയൻ തുടങ്ങിയ മാരക വസ്തുക്കളൊന്നും ഞങ്ങളുടെ പുരയിടത്തിലില്ല. വീട്‌ തുലോം സുരക്ഷിത മേഖലയാണെന്ന്‌ ഈയ്യിടെ ചിദംബരം ചെട്ട്യാർ സാർ പറഞ്ഞു. വീട്ടിൽ ഏറ്റവും പോഷ്‌ ആയ ർറൂം ഗ്ലാമർ ർറൂം തന്നെ"മൊത്തമായി പ്ലാൻ വരച്ചതു ആർക്കിടെക്റ്റ്‌ മാർക്ക്‌ പിൻഹൈറോ എന്ന ഗോവനാ വീട്‌ ഉണ്ടാക്കിയതിലും ദണ്ഡം അച്ഛന്‌, സ്ഥലത്തിന്റെ കാര്യത്തിലാ, ടി വസ്തു സർവ്വേനമ്പറിൽ മറ്റൊരാൾ പേർക്കു എഴുതിക്കൊടുത്ത്‌ കുറച്ച്‌ ലോൺ എടുക്കേണ്ടി വന്നു. പിന്നെ നശിക്കാൻ ഒടുക്കത്തെ ഒരു കുടികെടപ്പും പോക്കുവരവും. ഈ കക്ഷി ഇറങ്ങിത്തരണമട്ടൊന്നും ഗ്ലാസിന്റെ അടിയിൽ ഇപ്പോൾ ഞാൻ കാണുന്നില്ല. പിന്നെ ചേർത്തലയിലെ ആ ഗൗരിചേച്ചി ഞങ്ങൾക്കിട്ട്‌ തട്ട്‌ തട്ടിയേച്ചാ രാജിവെച്ച്‌ ഇറങ്ങിപോയതെന്ന്‌ ഓർക്കുന്നില്ലേ? ഭൂനിയമം കൊണ്ട്‌ കുടിയാന്മാർ ജന്മികളെ "ആൽക്കഹോളിക്ക്സ്‌ അനോണിമസി"ൽ ചേർത്തില്ലേ! (ഇത്രയും കേട്ടപ്പോൾ മനസ്സിലെ ഷറോൽ കർപ്പൂരം പോലെ മാഞ്ഞുപോയി) പെട്ടെന്നായിരുന്നു വെയ്റ്റർ ജീവ്സ്‌, കീവിലെ ചിക്കൻ പ്ലേറ്റിലൊതുക്കി വന്നത്‌. "മദാം അത്രേ ഇന്ന്‌ വളരെ ക്രിയേറ്റീവ്‌ ആയിരുന്നു. ഓർഡർ കേട്ടമാത്രയിൽത്തന്നെ ഒരു നല്ല ഫ്രണ്ട്‌ നോർമന്റി വൈൻ ആ വലിയ കണ്ഠത്തിലേക്ക്‌ ധാരകോരി ഒരു പിടിയായിരുന്നു. പെട്ടെന്ന്‌ കീവ്‌ നഗരത്തിലെ ചിക്കൻ മീനച്ചിലാറിനടുത്തെത്തി. ഗ്രീവത്തിൻ വെള്ളം പൊങ്ങി.
അനുവിന്‌ ചിക്കൻ വന്ന സന്തോഷം അടക്കാതെ ഗ്രേവി പോലെ തുളുമ്പി. "ഇനി ചേട്ടന്റെ തുടർക്കഥയുടെ രണ്ടാം ലക്കത്തിന്‌ ഞാൻ റെഡ്ഡി"! ഞാൻ കഥ പറയാൻ പോയപ്പോൾ, അനു വിഭവത്തിന്റെ അനുപല്ലവിയിലെത്തിയിരുന്നു. ശുദ്ധ പന്തുവരാളിയായിരുന്നു. രാഗമാലികയുടെ തുടക്കത്തിൽ. പിന്നെ മാലികയിലെ മറ്റു പുഷ്പങ്ങളും കൊഴിഞ്ഞുവീണു. ഞാനും വിട്ടില്ല. പുളിക്കുന്നേലുകാരും അത്ര മോശക്കാരല്ലല്ലോ, പക്ഷെ കിടപിടിക്കുവാൻ കഴിഞ്ഞില്ലെന്ന്‌ പറയാൻ മതിയല്ലോ. ഞാൻ പൂവരണി കഴിഞ്ഞപ്പോൾ അവൾ മൂന്നു ചുവടുകൾകൊണ്ട്‌ "കീവ്‌" കീഴടക്കിയിരുന്നു. ബില്ലു വന്നു, കള്ളനെപ്പോലെ.... നേർത്ത കടലാസ്‌ കൊണ്ട്‌ മുഖം നിർമ്മലമാക്കി അനു മരുവി ചിന്താവിഷ്ടയായി. എന്തോ പെട്ടെന്നവൾ ഖിന്നയായി. എന്നിട്ട്‌ കണ്ണുകൾ അസ്തമയ സൂര്യന്റെ നേർക്ക്‌ പായിച്ച്‌ വിഷാദവതിയായി. എനിയ്ക്ക്‌ ഇത്‌ ഇഷ്ടമായെന്ന്‌ പറയാൻ കാരണം. ടി.പത്മനാഭൻ സാറിന്റെ ഇഷ്ടരാഗമായ 'ദേശ്‌' ഈ നോട്ടത്തിൽ ഞാൻ കേട്ടു. കണ്ടു. പിന്നെയവളുടെ പ്രതികരണങ്ങൾ തുലോം ചടുലമാണെന്ന്‌ ഏത്‌ ഇന്ദ്രൻസ്‌ കഥാപാത്രത്തിനും മനസ്സിലാകും. അവൾ യാത്രയാകുകയാണ്‌ രണ്ടു മിനിറ്റുകൾക്കകം എന്റെ മുന്നിൽ ടേബിൾ + കോഫികപ്പുകൾ+ 20 ശതമാനം ടിപ്‌ മൈനസ്‌ അനു മാത്രം!
ഞാൻ നിരാശനായെന്ന്‌ അനുവാചകർ കരുതേണ്ട. അടുത്തുള്ള പ്രാപ്പള്ളിക്കാരുടെ ബാറിലേക്കാണ്‌ ഞാൻ പോയത്‌. വിത്തൻമല്ല്യയുടെ മോന്റെ കിങ്ങ്ഫിയർ ഇറങ്ങിക്കുടിച്ചപ്പോൾ ഞാനോർത്തു. അനു 'കക്ഷി' എന്ന അസ്ത്രീകരപദം ഉപയോഗിച്ചതു എന്നെ തളർത്തിയിരുന്നു.