Followers

Saturday, December 12, 2009

അമേരിക്കൻ ഐക്യനാടുകളിലൂടെ - 2

a q mahdi
എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങും സ്വാതന്ത്ര്യകായപ്രതിമയും
എമ്പയർ സ്റ്റേറ്റ്‌ ബിൽഡിംഗ്‌. പുറത്തുനിന്നും ഈ കെട്ടിടത്തിന്റെ ഉയരം നോക്കാൻ ശ്രമിച്ചാൽ കഴുത്ത്‌ തരിച്ചുപോകും. 102 നിലകളിലുള്ള ഈ മന്ദിരത്തിന്‌ 381 മീറ്റർ പൊക്കമുണ്ട്‌, ഏകദേശം 1250 അടി. 1931 ൽ നിർമ്മിക്കപ്പെട്ട ഈ വമ്പൻകെട്ടിടത്തേക്കാൾ ഉയരമുണ്ടായിരുന്നു ന്യൂയോർക്കിൽ തകർക്കപ്പെട്ട വേൾഡ്‌ ട്രേഡ്‌ സെന്റർ ടവറുകൾക്ക്‌, 110 നിലയും 1420 അടിയും. ഇവയെക്കാൾ അൽപ്പം കൂടി പൊക്കമുള്ള ഒരു ടവർ കൂടിയുണ്ട്‌ അമേരിക്കയിൽ, അതു ചിക്കാഗോയിലെ സിയേഴ്സ്‌ ടവർ ആണ്‌. 1974 ൽ നിർമ്മിച്ച സിയേഴ്സ്‌ ടവറിന്‌ 110 നിലകളേ ഉള്ളുവേങ്കിലും ഉയരം 1450 അടിയാണ്‌.
എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങിന്റെ 86-​‍ാം നിലവരെ ഞങ്ങൾ കയറി. അവിടെവരെയേ സന്ദർശകർക്ക്‌ പ്രവേശനമുള്ളൂ. നിമിഷവേഗത്തിൽ ചലിക്കുന്ന സൂപ്പർ സ്പീഡ്‌ ലിഫ്റ്റാണ്‌; കണ്ണടച്ചുതുറക്കുംമുമ്പ്‌ ഉയരത്തിലതെത്തിയിരിക്കും.
വിമാനം ടേക്‌ൿഓഫ്‌ ചെയ്തുതുടങ്ങുമ്പോഴുള്ളതുമാതിരി, ഒരുതരം അസ്വാസ്ഥ്യം, കാതുകൾ അടഞ്ഞുപോകുന്ന അവസ്ഥ, ലിഫ്‌ററിലൂടെ ആകാശത്തേക്ക്‌ ഉയർന്നപ്പോഴുണ്ടായി.
ഈ 86-​‍ാം നിലയിൽ നിന്ന്‌ താഴേയ്ക്കുള്ള കാഴ്ച അത്ഭുതകരമാണ്‌, അവിസ്മരണീയവും. ന്യൂയോർക്കിലെ പടുകൂറ്റൻ അംബരചുംബികൾ മുഴുവൻ തീരെച്ചെറിയ കെട്ടിടങ്ങളായി ചുറ്റും ചിതറിക്കിടക്കുന്നു. താഴെ, വാഹനങ്ങളൊക്കെ കൊച്ചുകൊച്ചു കളിക്കാറുകളുടെ രൂപത്തിൽ ചലിക്കുന്നു. മനുഷ്യരാകട്ടെ എറുമ്പുകളെപോലെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതുപോലെയും. ഈ ആകാശഗോപുരത്തിൽ നിന്നു ചുറ്റും നോക്കിയാൽ ലോകം മുഴുവൻ അവിടെ നിന്നുകൊണ്ടുതന്നെ കാണാമെന്നു തോന്നിപ്പോയി.
ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഒരു മലയാളി കുടുംബം കൂടി ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്രീ.മധുസൂദനനും, ഭാര്യ ഷൈലയും. അവരും യാത്രാഭ്രമക്കാരാണ്‌; നിരവധി രാജ്യങ്ങൾ ഇതിനകം അവർ കണ്ടു കഴിഞ്ഞിരിക്കുന്നു.
പുറംകാഴ്ചകൾ കാണാൻ പോകുമ്പോൾ ഗ്രൂപ്പിലുള്ളവർ ഒരിക്കലും കൂട്ടംവിട്ട്‌ പോകരുതെന്നും, എപ്പോഴും ഒരു സംഘമായിതന്നെ നീങ്ങണമെന്നും ടൂർ മാനേജർ ആഷിക്‌ ശക്തമായ നിർദ്ദേശം നൽകിയിരുന്നു. സന്ദർഭം കിട്ടുമ്പോഴൊക്കെ അദ്ദേഹം ഈ മൂന്നാര്റിയിപ്പ്‌ ആവർത്തിക്കുകയും ചെയ്യാറുണ്ട്‌.
എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങിന്റെ മുകൾനിലയിലേയ്ക്കുള്ള ടിക്കറ്റുകൾ തന്നിട്ട്‌, രണ്ടുമണിക്കൂറിനകം താഴെ, മൂന്നാം കവാടത്തിനരികിൽ (4 ഗേറ്റുകളുണ്ട്‌ ആകെ) കൃത്യം 7 മണിക്ക്‌ എല്ലാവരും എത്തിച്ചേരണമെന്നും, അവിടെ ബസ്സ്‌ പാർക്ക്‌ ചെയ്ത്‌ താൻ കാത്തുനിൽപ്പുണ്ടാവുമെന്നും ആഷിക്‌ പറഞ്ഞു. എന്നാൽ പതിവിൽക്കവിഞ്ഞ തിരക്കും ക്യൂവും ഉണ്ടായിരുന്നതിനാൽ, ഒരു മണിക്കൂറിലേറെ ഞങ്ങൾക്ക്‌ വരിയിൽ നിൽക്കേണ്ടിവന്നു. ഞങ്ങൾ നാലുപേരും എപ്പോഴും ഒരുമിച്ചാണ്‌ നീങ്ങിയിരുന്നത്‌; ഞങ്ങളൊഴികെ ഈ യാത്രാസംഘത്തിലെ മറ്റു 36 പേരും വടക്കേ ഇൻഡ്യക്കാരായിരുന്നു.
ടവറിന്റെ 86-​‍ാം നിലയിൽ നിന്നുകൊണ്ട്‌ താഴെ പുറമെയുള്ള ലോകം ശരിക്കും ആസ്വദിക്കുന്നതിനിടയിൽ ഞങ്ങൾ, ആഷിക്‌ നിർദ്ദേശിച്ച സമയം പാലിക്കാൻ ഓർക്കാതെ പോയി. സാധാരണഗതിയിൽ എനിക്കൊരിക്കലും അങ്ങനെ സംഭവിക്കാറുള്ളതല്ല, സമയനിഷ്ഠയുടെ കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്താറുണ്ട്‌ ഞാൻ.
സമയം ഏഴേമുക്കാൽ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പകൽ വെളിച്ചമുണ്ട്‌, എട്ടരമണിക്കാണ്‌ ന്യൂയോർക്കിലെ സൂര്യാസ്തമനം.
ഞങ്ങൾ ധൃതിപിടിച്ച്‌ താഴേയ്ക്ക്‌ ഇറങ്ങാൻ തുടങ്ങി. ലിഫ്റ്റിൽ വല്ലാത്ത തിരക്ക്‌. കൂട്ടത്തിൽ വന്ന ആരെയും എങ്ങും കാണുന്നുമില്ല.
നിലത്തിറങ്ങിയപ്പോൾ 8 മണികഴിഞ്ഞിരുന്നു. നാലു ഗേറ്റിനടുത്തും തെരഞ്ഞു, ബസ്സോ സഹയാത്രികരോ താഴെയെങ്ങുമില്ല. അവർ പുറപ്പെട്ടുപോയിരിക്കണം. ഒരു കുടുംബത്തിനു വേണ്ടിമാത്രം കാത്തുനിന്നാൽ ബാക്കിയുള്ളവർക്കൊക്കെ സമയനഷ്ടമുണ്ടാകും. അതുകൊണ്ട്‌ ഒരു പക്ഷേ തെല്ലുനേരം കാത്തുനിന്നിട്ട്‌ ആഷിക്‌ എല്ലാവരുമായി തിരികെ പുറപ്പെട്ടിട്ടുണ്ടാവും.
തികച്ചും നിർഭാഗ്യം, ഹോട്ടലിന്റെ അഡ്രസ്സ്‌ കാർഡ്‌ ഞാനോ മധുസൂദനനോ വാങ്ങിവച്ചിട്ടില്ല. കൈയ്യിലുള്ള ർറൂമിന്റെ കമ്പ്യൂട്ടർ താക്കോൽകാർഡിൽ ഹോട്ടലിന്റെ പേരെയുള്ളൂ, വിലാസമോ ഫോൺ നമ്പരോ ഇല്ല. മുന്തിയ ഹോട്ടലുകളിൽ ർറൂമിനു കമ്പ്യൂട്ടർ കീ ആണ്‌ തരിക. വിസിറ്റിങ്ങ്‌ കാർഡിന്റെ വലിപ്പമുള്ള ഒരു പ്ലാസ്റ്റിക്‌ കാർഡ്‌. മുറിയുടെ വാതിലിൽ, കാർഡ്‌ ഇടാനുള്ള ഒരു ദ്വാരമുണ്ട്‌. ആ വിടവിലൂടെ കാർഡ്‌ നിക്ഷേപിച്ചാൽ ഡോർ തനിയേ തുറന്നു വരും.
എല്ലാ യാത്രകളിലും ഹോട്ടലിനു പുറത്തുപോവുമ്പോൾ ഞാൻ ഹോട്ടലിന്റെ അഡ്രസ്സ്‌ കാർഡ്‌ വാങ്ങി കൈയ്യിൽ സൂക്ഷിക്കാറുണ്ട്‌. ഇക്കുറി അതും മറന്നു.
ഇവിടെനിന്നും ബസ്സ്‌ നേരെ ഹോട്ടലിലേയ്ക്കല്ല പോവുകയെന്നും, ഡിന്നറിനായി ഒരു ഇൻഡ്യൻ റസ്റ്ററന്റിലേയ്ക്കാവുമെന്നും ടൂർമാനേജർ പറഞ്ഞിരുന്നു. ആ റസ്റ്ററന്റ്‌ ഏതെന്നും, എവിടെയെന്നും അറിയില്ല.
ഇന്നത്തെ അത്താഴം മുടങ്ങിയോ.........?
എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റ്‌ മാത്രമാണ്‌ താമസിക്കുന്ന ഹോട്ടലിൽ നിന്നും കഴിക്കുക. ഉച്ചഭക്ഷണവും, അത്താഴവും ഏതെങ്കിലും ഇൻഡ്യൻ റസ്റ്ററന്റിൽ നിന്നാണു ഏർപ്പാടു ചെയ്യുക. മൂന്നുനേരവും പാശ്ചാത്യഭക്ഷണമാണെങ്കിൽ, നമുക്കത്‌ ചിന്തിക്കാൻ കൂടി പറ്റില്ല, ഇൻഡ്യക്കാർക്ക്‌.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും, അമേരിക്കയിലെ എല്ലാ നഗരങ്ങളിലും ഉണ്ട്‌ ഭാരതീയ ഭക്ഷണശാലകൾ. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇവിടെ ലഭ്യമാണ്‌. ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ ഞാൻ നമ്മുടെ നാടൻ തട്ടുകടകൾ കണ്ടിരുന്നു.
വിദേശത്ത്‌ ഇൻഡ്യൻ ഭക്ഷണത്തിന്‌, അതു സസ്യാഹാരമാണെങ്കിലും, സസ്യേതരമാണെങ്കിലും താരതമ്യേന വിലയേറും.
കഴിഞ്ഞ യൂറോപ്പ്‌ യാത്രയിലെ ഒരനുഭവം ഓർമ്മവരുന്നു. 10 യൂറോപ്യൻ രാജ്യങ്ങൾ പിന്നിട്ട്‌, അവസാനരാജ്യമായ യു.കെ.യിലേയ്ക്ക്‌ ഞങ്ങൾ, ഞാനും ഭാര്യയും സഞ്ചരിക്കുകയായിരുന്നു, ഒരു യൂറോറെയ്‌ലിൽ. ഈ ട്രെയിൻ, ഫ്രാൻസിൽ നിന്നും ലണ്ടനിലേയ്ക്ക്‌ വരികയായിരുന്നു. തീവണ്ടിപ്പാത, കുറേഭാഗം സമുദ്രത്തിനടിയിൽ കൂടിയാണ്‌. ഇംഗ്ലീഷ്‌ ചാനലിനു കീഴിൽ ഒരു തുരങ്കം വഴി. ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറിൽ 300 കി.മീറ്റർ.
ട്രെയിനോ, വേഗതയോ അല്ല ഇവിടെ വിഷയം, ഒരു സൗത്തിൻഡ്യൻ ഭക്ഷണത്തെപ്പറ്റി പറയുവാൻ പോവുകയാണ്‌. തീവണ്ടിയാത്രയ്ക്കിടെ, ഒരൊഴിവുവേളയിൽ അന്നത്തെ ടൂർ മാനേജർ മി.റോണി പാലിയോ, ഞങ്ങൾക്ക്‌ ഒരു ഓഫർ നൽകുന്നു, ലണ്ടനിൽ ഞങ്ങൾ താമസിക്കുവാൻ പോകുന്ന ഹോട്ടലിനടുത്തുള്ള ഒരു സൗത്തിൻഡ്യൻ ഭക്ഷണശാല പരിചയപ്പെടുത്താം. ആവശ്യക്കാർക്ക്‌ അവിടെപോയി ഇഡ്ഢലി സാമ്പാർ കഴിക്കാം, മസാല ദോശ തിന്നാം, ചൂടു പരിപ്പുവട വാങ്ങി കരുമുരാ കടിച്ചു തിന്നാം.
ഇതു കേട്ടപ്പോൾതന്നെ ഞങ്ങളിൽ ചിലരുടെ വായിൽ വെള്ളമൂറി, എന്റെയും.
ടൂർ മാനേജർ ഞങ്ങളെ കൊതിപ്പിച്ചുകൊണ്ട്‌ പറഞ്ഞ വാക്കുകൾക്കിടയിൽ ചെറിയൊരു മൂന്നാര്റിയിപ്പും ഉണ്ടായിരുന്നു.
"വില അൽപ്പം ഏറും, ഒരു ഇഡ്ഢലിക്ക്‌ 65 രൂപ കൊടുക്കേണ്ടി വരും......"
തുറന്നുപറഞ്ഞില്ലെങ്കിലും ഞാൻ മനസ്സിൽ ഓർക്കുകയും ഭാര്യയുടെ ചെവിയിൽ മെല്ലെ മന്ത്രിക്കുകയും ചെയ്തു, അയാൾക്ക്‌ തെറ്റുപറ്റിയതാവും, ഒരു പ്ലേറ്റിനായിരിക്കും 65 രൂപ, മൂന്നോ നാലോ എണ്ണമുള്ള ഒരു പ്ലേറ്റിന്‌, ഒരിക്കലും ഒരു ഇഡ്ഢലിക്കാവില്ല.
ലണ്ടനിൽ എത്തിയപ്പോൾതന്നെ ഞാനും ഭാര്യയും ടൂർമാനേജർ പറഞ്ഞ 'ഹോട്ടൽ ചെട്ടിനാട്‌' എന്ന ലണ്ടൻ റസ്റ്ററന്റിലേയ്ക്ക്‌ പാഞ്ഞു.
ഭക്ഷണത്തിന്‌ ഓർഡർ ചെയ്തു, ഇഡ്ഢലിയും സാമ്പാറും. ആർത്തിയോടെ കഴിക്കുകയും ചെയ്തു.
ഞങ്ങളുടെ ടൂർ മാനേജർക്ക്‌ തീർച്ചയായും തെറ്റുപറ്റിയിരിക്കുന്നു, ബിൽ വന്നപ്പോൾ അതു മനസ്സിലായി. ഞങ്ങൾ കഴിച്ച ഓരോ ഇഡ്ഢലിക്കും ഓരോ പൗണ്ട്‌ വീതമാണു ബിൽചെയ്യപ്പെട്ടിരിക്കുന്നത്‌. ഒരു പൗണ്ടിന്‌ അന്നത്തെ വില 75 രൂപ. ഞങ്ങൾ എക്സ്ട്രാ വാങ്ങിയ അൽപ്പം സാമ്പാറിനും ഉണ്ട്‌ വില, 75 രൂപ. മൊത്തം 22 പൗണ്ടിന്റെ ബില്ലും കൊടുത്താണ്‌ ഞങ്ങൾ മടങ്ങിയത്‌, 1650 രൂപ. എന്നിട്ടും പൂർണ്ണമായി വയർ നിറഞ്ഞോ എന്നൊന്നും ചോദിക്കരുത്‌.
കാണാത്ത ബസ്സിനെയും സഹയാത്രികരെയും തേടി, നേരിയ ഒരുൾപ്രതീക്ഷയോടെ പരിസരമൊക്കെ വീണ്ടും ഒരിക്കൽക്കൂടി തെരഞ്ഞു നടന്നു, ഫലമുണ്ടായില്ല.
എന്റെയും മധുസൂദനന്റെയും പക്കൽ മൊബെയിൽ ഫോണുകളുണ്ട്‌. രണ്ടിനും ബിഎസ്‌എൻഎൽ- ന്റെ ഇന്റർനാഷണൽ റോമിങ്ങിനായി തുക ഡെപ്പോസിറ്റ്‌ ചെയ്തിട്ടാണ്‌ നാട്ടിൽ നിന്നും പോന്നത്‌. പക്ഷേ, എത്ര ശ്രമിച്ചിട്ടും ഇവിടെനിന്നും റോമിങ്ങ്‌ കിട്ടാതെ വന്നപ്പോൾ, ടെലിഫോൺ കമ്പനിയെ മനസ്സറിയാതെ ശപിച്ചുപോയി.
പരിചയമില്ലാത്ത ഒരു വൻനഗരത്തിൽ, രണ്ടു ഇൻഡ്യൻ കുടുംബങ്ങൾ നിരാലംബരായി നിൽക്കുന്നു. എന്തുചെയ്യണം. പോലീസ്‌ സഹായം തേടാൻ തീരുമാനമായി. പതിനായിരക്കണക്കിന്‌ ഹോട്ടലുകളുള്ള ഈ വൻനഗരത്തിൽ ഹോട്ടൽ എഡിസൻ എവിടെയാണെന്ന്‌ ആർക്കും അറിയില്ല.
മെല്ലെ നടന്ന്‌ ഞങ്ങൾ അടുത്ത തെരുവിലെത്തി. സിറ്റിയിൽ എവിടെയും അത്യധികമായ തിരക്കാണ്‌. ഒരു പോലീസ്‌ വാഹനം കണ്ടു. അരയിൽ ഇരുഭാഗത്തുമായി രണ്ടു പിസ്റ്റളുകൾ ധരിച്ച ഒരു പോലീസ്​‍്‌ ഓഫീസർ, വാഹനത്തിന്റെയടുത്ത്‌ നിൽക്കുന്നു. സുന്ദരനായ ഒരു യുവ ഓഫീസർ.
അദ്ദേഹത്തോടു വിഷയം പറഞ്ഞു. കൈയ്യിലിരുന്ന വയർലസ്‌ ഹാൻഡ്‌ സെറ്റിലൂടെ ആരോടോ എന്തോ സംസാരിച്ചിട്ട്‌ അദ്ദേഹമൊരു ടെലിഫോൺ നമ്പർ കുറിച്ചുതന്നു. ഏതെങ്കിലും ഫോണിൽ നിന്ന്‌ ഈ നമ്പരിൽ വിളിച്ചാൽ ഹോട്ടലിന്റെ വിലാസം ലഭിക്കും, പോലീസ്‌ ഓഫീസർ അറിയിച്ചു.
വഴിവക്കുകളിലൊക്കെ ടെലിഫോൺ കോയ്ൻ ബോക്സുകളുണ്ട്‌. ഒരു ഡോളറിന്റെ നാണയമിട്ട്‌ ഓഫീസർ പറഞ്ഞ നമ്പരിൽ ഞാൻ വിളിച്ചു. അമേരിക്കൻ ശൈലിയിൽ തീരെ പിടികിട്ടാത്ത ഭാഷയിൽ റെക്കോർഡ്‌ ചെയ്തു വച്ച ഒരു മെസേജ്‌ ആണ്‌ മറുപടിയായി കേട്ടത്‌. വീണ്ടും വീണ്ടുമായി 4 ഡോളർ കൂടി മുടക്കിയപ്പോൾ ഏകദേശം കാര്യം പിടികിട്ടി. 'നിങ്ങൾ ഇപ്പോൾ സിറ്റിയിൽ എവിടെ ഏതു ഭാഗത്താണ്‌ നിൽക്കുന്നതെന്ന്‌ പറയുക. സ്ട്രീറ്റ്‌ നമ്പർ സഹിതം'. ഇതാണ്‌ കിട്ടിയ മെസേജ്‌. അഞ്ചാമത്തെ ഡോളർ മുടക്കിയിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല. സ്ട്രീറ്റ്നമ്പർ പറഞ്ഞപ്പോൾ മറ്റുചില വിവരങ്ങൾകൂടി കമ്പ്യൂട്ടർ ആവശ്യപ്പെടുകയായിരുന്നു.
നമുക്കീ വിഷയത്തിൽ മുൻപരിചയമില്ലാത്തുകൊണ്ടു മാത്രമാണിത്‌. ഇല്ലെങ്കിൽ ആദ്യഫോൺവിളിയിൽതന്നെ എല്ലാം ശരിയാകുമായിരുന്നിരിക്കണം. 5 ഡോളർ പോയതു തന്നെ മിച്ചം. വിഷണ്ണരായി ഞങ്ങൾ നാലുപേരും ആ വഴിവക്കിൽ നിൽക്കുമ്പോൾ എന്റെ ഭാര്യയ്ക്കൊരു ബുദ്ധിതോന്നി, ആ പെൺബുദ്ധിയാണ്‌ രക്ഷിച്ചതു. എത്രയോ കാൽനടയാത്രക്കാർ പോകുന്നു, അവരിലാരോടെങ്കിലും സഹായം അഭ്യർത്ഥിച്ചുകൂടെ.
മൂക്കുപതിഞ്ഞ ഒരു ഏഷ്യൻ വംശജ നടന്നുവരുന്നു. യുവതിയാണ്‌. ഏതോ ഓഫീസ്‌ ജോലി കഴിഞ്ഞ്‌ മടങ്ങുന്നവളെപോലെ തോന്നി.
ഞങ്ങൾ ഇൻഡ്യാക്കാരാണെന്നുകൂടി കേട്ടപ്പോൾ അവൾക്ക്‌ അതിയായ സന്തോഷം.
തന്റെ വാനിറ്റി ബാഗിൽ നിന്നും സ്വന്തം മൊബെയിൽ ഫോണെടുത്ത്‌ അവൾ ഏതോ നമ്പർ കറക്കി. ആരോടോ ചില ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെകഴിഞ്ഞ്‌ ഒരു കടലാസ്സിൽ ഞങ്ങളുടെ ഹോട്ടലിന്റെ ലൊക്കേഷൻ, സ്ട്രീറ്റ്‌ നമ്പർ ഇവ കുറിച്ചു തന്നു.
ഞങ്ങൾ നന്ദിപറഞ്ഞു; ഒരു പുഞ്ചിരി സമ്മാനിച്ചിട്ട്‌ അവൾ നടന്നുപോയി.
അടുത്തത്‌ ഒരു ടാക്സി പിടിക്കലാണ്‌. അതിനും കുറേ കാത്തുനിൽക്കേണ്ടി വന്നു. എല്ലാം യാത്രക്കാരുമായാണ്‌ നീങ്ങുന്നത്‌.
ഒരു ടാക്സി വന്നുനിന്നു. മഞ്ഞനിറം പൂശിയവയാണ്‌ ന്യൂയോർക്കിലെ ടാക്സിക്കാറുകൾ. വളരെ വലിപ്പമുള്ള കാറുകൾ. നാട്ടിൽ എന്റെ കാറിന്റെ അതേ കമ്പനിയുടേത്‌, ഫോർഡ്‌.
വിലാസമെഴുതിയ കടലാസ്സ്​‍്‌ മുൻസീറ്റിലിരുന്ന മധുസൂദനനാണ്‌ ഡ്രൈവർക്ക്‌ നേരേ നീട്ടിയത്‌. കാർ മറ്റൊരു വഴിക്ക്‌ തിരിച്ച്‌ വിട്ടു. കാറിലെ സ്റ്റീരിയോയിൽ നിന്ന്‌ നേർത്ത ശബ്ദത്തിൽ ഉറുടു ഗസലുകൾ കേട്ടുകൊണ്ടിരുന്നു. ഒരു ഇൻഡ്യക്കാരനെപ്പോലെ തോന്നിയ ആ ഡ്രൈവറോട്‌ പിൻസീറ്റിലിരുന്ന ഞാൻ ചോദിച്ചു.
" താങ്കളൊരു ഇൻഡ്യക്കാരനാണോ.................?"
"NO SIR...." അയാൾ പറഞ്ഞു" സർ, ഞാൻ പാകിസ്ഥാൻകാരനാണ്‌. ലാഹോർ ആണ്‌ എന്റെ സ്വദേശം..................."
ഒരു നല്ല അയൽക്കാരനെപ്പോലെ ഹൃദ്യഭാവത്തിൽ അയാൾ പുഞ്ചിരിച്ചു. അടുത്ത സംഭാഷണത്തിനു തിരികൊളുത്താൻ തുടങ്ങും മുമ്പ്‌ ഹോട്ടലിനു മുമ്പിൽ കാർ എത്തിക്കഴിഞ്ഞിരുന്നു. 19.5 ഡോളർ. 50 സെന്റിന്റെ ഒരു നാണയം അയാൾ മടക്കിത്തന്നു.
ഞങ്ങൾ നാലുപേർക്കും നന്നേവിശപ്പുണ്ട്‌.
നമ്മുടെ ആൾക്കാർ അപ്പോഴും മടങ്ങി എത്തിയിട്ടില്ല. തൊട്ടടുത്ത ഒരു ഗഎഇയിൽ കയറി ഭക്ഷണം കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
എന്താണീ KFC....?
കെ.എഫ്‌.സി എന്നത്‌ 'കെന്റക്കി ഫ്രൈഡ്‌ ചിക്കൻ' എന്നതിന്റെ ചുരുക്കപ്പേരാണ്‌, അതീവ രുചികരമായ കോഴിപൊരിച്ചതിന്റെ വ്യാപാരനാമം.
തെക്കുകിഴക്കൻ മദ്ധ്യഅമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തുകാരനാണ്‌ കേണൽ ഹാർലമന്റ്‌ സാൻഡേഴ്സ്‌. അദ്ദേഹം അറിയപ്പെടുന്ന ഒരു പാചകവിദഗ്ധനായിരുന്നു. 1956ൽ തന്റെ പാചകവൈദഗ്ധ്യം പൊതുജനങ്ങൾക്കായി കാഴ്ചവെച്ചുകൊണ്ട്‌, പൊരിച്ച കോഴിയിലൂടെ അദ്ദേഹം ആരംഭിച്ച ബിസ്സിനസ്സാണ്‌ കെന്റക്കി ഫ്രൈഡ്‌ ചിക്കൻ. കോഴിയിറച്ചി പൊരിക്കുവാൻ സാൻഡേഴ്സ്‌ ഒരു പ്രത്യേക രീതി കണ്ടുപിടിച്ചു. അന്നദ്ദേഹം അതിനു പേറ്റന്റും എടുത്തു. ഇന്നു ലഭ്യമായതിൽ ഏറ്റവും രുചികരമായ കോഴിപൊരിച്ചതു, കെന്റക്കി ചിക്കണാണെന്ന്‌ ലോകം വിധിയെഴുതിക്കഴിഞ്ഞിരിക്കുന്നു. ഏതായാലും ചെറിയ തോതിൽ ആരംഭിച്ച ആ ബിസിനസ്സ്‌ വളർന്ന്‌, ഇന്നു ലോകവ്യാപകമായിത്തീർന്നിരിക്കുകയാണ്‌. ലോകത്തെവിടെ, ഏത്‌ വലിയ നഗരത്തിൽ ചെന്നാലും, കെ.എഫ്‌.സി. സ്ഥാപനങ്ങൾ കാണാൻ കഴിയും; ഇൻഡ്യയിൽ ബാംഗ്ലൂർ നഗരത്തിൽ മാത്രമേ കെ.എഫ്‌.സി സ്റ്റാൾ പ്രവർത്തിക്കുന്നുള്ളു.
കോഴി പൊരിക്കുന്ന രീതി പരമരഹസ്യമായി കെന്റക്കി കമ്പനി ഇന്നും സൂക്ഷിക്കുന്നു; കൊക്കക്കോളയുടെ ഫോർമുല പോലെ. 1964ൽ കേണൽ സാൻഡേഴ്സ്‌ തന്റെ നിർമ്മാണാവകാശം ഒരു വൻതുക കൈപ്പറ്റിക്കൊണ്ട്‌, ഹ്യൂബ്ലിൽ എന്ന കമ്പനിക്ക്‌ വിറ്റു. പക്ഷേ, ഇന്നും സാൻഡേഴ്സിന്റെ ചിത്രം പതിച്ച മനോഹരമായ പാക്കറ്റുകളിലാണ്‌ കെന്റക്കി ഫ്രൈഡ്‌ ചിക്കൻ വിൽക്കപ്പെടുന്നത്‌. അതീവ രുചികരമായ ആ കോഴിക്കഷണങ്ങൾ തിന്നുന്ന ആരും, ടേബിൾ മാനേഴ്സൊക്കെ മറന്ന്‌, അറിയാതെ കൈനക്കിപ്പോകും.
ഭക്ഷണം കഴിച്ച്‌ കെ.എഫ്‌.സിയിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി. ലോകത്തെ ഏറ്റവും വലിയ നഗരത്തിലെ ടൗൺ സ്ക്വയറിലാണ്‌ ഞങ്ങളിപ്പോൾ നിൽക്കുന്നത്‌. ന്യൂയോർക്കിന്‌ രാത്രിയും പകളും തമ്മിൽ വ്യത്യാസമില്ല, രാത്രിയാണ്‌ ഏറെ മനോഹരം. ഇരുവശവുമുള്ള വ്യാപാരശാലകളിലെ നിയോൺ വിളക്കുകളുടെ ഭംഗി ആസ്വദിച്ച്‌ ഞങ്ങൾ ഹോട്ടലിലേയ്ക്ക്‌ നടന്നു. ഹോട്ടലിനടുത്തെത്തിയപ്പോൾ നമ്മുടെ ബസ്സ്‌ എത്തിയിരിക്കുന്നു. ആൾക്കാർ ഇറങ്ങിത്തുടങ്ങുന്നതേയുള്ളൂ.
കൈയ്യിൽ രണ്ടുമൂന്ന്‌ പ്ലാസ്സ്റ്റിക്‌ ക്യാരി ബാഗുകളും തൂക്കി ആഷിക്‌ നിൽക്കുന്നു. അയാളുടെ വഴക്കു കേൾക്കാൻ തയ്യാറെടുത്തുതന്നെ ഞങ്ങൾ അരികിലെത്തി. അയാൾ അധികമൊന്നും പറയാതെ തന്റെ കൈയ്യിലിരുന്ന സഞ്ചികൾ ഞങ്ങൾക്കു നേരെ നീട്ടി.
" ഒരു മണിക്കൂർ ഞങ്ങളവിടെ കാത്തുനിന്നു, എന്നിട്ടാണ്‌ മടങ്ങിയത്‌. നിങ്ങൾ എവിടെപോയിരുന്നു, എങ്ങനെ എത്തി ഇവിടെ? ഇതാ നിങ്ങൾ നാലുപേർക്കുമുള്ള ഭക്ഷണം ഞാൻ പാക്​‍്​‍്‌ ചെയ്ത്‌ കൊണ്ടുവന്നിട്ടുണ്ട്‌..........."
ഞങ്ങളുടെ വിശദീകരണമൊന്നും കേൾക്കാൻ നിൽക്കാതെ അയാൾ ഹോട്ടലിനുള്ളിലേയ്ക്ക്‌ കയറിപ്പോയി.
ആഷിക്കിനോട്‌ നന്ദിയും കടപ്പാടും തോന്നി, എനിക്ക്‌. ഒന്നുമില്ലെങ്കിലും, മറ്റു സഹയാത്രികരുടെ മുമ്പിൽ വച്ച്‌ ഞങ്ങളെ വഴക്കുപറയാൻ അയാൾ മുതിർന്നില്ലല്ലോ. ബസ്സ്‌ ഒരൽപ്പംകൂടി നേരത്തേ എത്തിയിരുന്നെങ്കിൽ രാത്രിഭക്ഷണത്തിന്‌ കൊടുക്കേണ്ടിവന്ന 2800 രൂപ ലാഭിക്കാമായിരുന്നു; 62 ഡോളറായിരുന്നു ഞങ്ങളുടെ അന്നത്തെ അത്താഴബിൽ.
ഒരു രാത്രികൂടി കടന്നുപോകുന്നു
സുഖകരമായ കാലാവസ്ഥയാണ്‌. തണുപ്പ്‌ അധികം ഉണ്ടാവില്ലെന്ന്‌ മുൻകൂട്ടി അറിഞ്ഞിരുന്നിട്ടും ഒരു ധൈര്യത്തിനു യാത്രയിൽ കരുത്തിയ സ്വൈറ്ററുകൾ ഒരധികപ്പറ്റാവുമോ. സാരമില്ല ഇനിയുമുണ്ടല്ലോ പത്തുപതിനാറ്‌ ദിവസങ്ങൾ.
ന്യൂയോർക്കിലെ മൂന്നാം ദിവസം. ഉച്ചവരെ സിറ്റി ടൂറിന്റെ ഭാഗമായി നഗരസന്ദർശനത്തിന്റെ ബാക്കിതീർക്കലാണ്‌. അതു കഴിഞ്ഞ്‌ നേരേ വാഷിങ്ങ്ടണിലേയ്ക്കാണു പോകുന്നത്‌, അമേരിക്കയുടെ തലസ്ഥാനത്തേയ്ക്ക്‌ .
സിറ്റി ടൂറിന്റെ ആദ്യഭാഗമായി പ്രസിദ്ധപ്പെട്ട ബാറ്ററി പാർക്കിലേയ്ക്കാണ്‌ പോയത്‌. അവിടെനിന്നും ഒരു ബോട്ടുവഴി STATUE OF LIBERTY കാണാനും. ഈ സ്വാതന്ത്ര്യകായപ്രതിമ അത്ഭുതകരമായ ഒരു കാഴ്ചയാണ്‌, മനോഹരവും. അമേരിക്കയുടെ ഒരു ലാൻഡ്മാർക്കായി ഇതറിയപ്പെടുന്നു. തടാകമദ്ധ്യത്തിലുള്ള ചെറിയൊരു ദ്വീപിലാണ്‌ ഇതു സ്ഥാപിച്ചിരിക്കുന്നത്‌. ദ്വീപിന്‌ 'ലിബർട്ടി ഐലൻഡ്‌' എന്നാണ്‌ പറയുക. ഒരു ഫ്രഞ്ച്കാരനാണ്‌ ഈ പ്രതിമയുടെ ശിൽപ്പി. പ്രതിമയുടെ ചുവട്ടിലിരുന്ന്‌ ഞങ്ങൾ ചില ഫോട്ടോഗ്രാഫുകളെടുത്തു. തൊട്ടടുത്ത സുവനീർ ഷോപ്പിൽ നിന്നും പച്ചമാർബിളിൽ കൊത്തിയെടുത്ത പ്രതിമയുടെ ചെറിയൊരു രൂപം വിലയ്ക്കു വാങ്ങി.
അടുത്തത്‌ ലിബർട്ടി ദ്വീപിന്‌ ചുറ്റുമുള്ള മനോഹരമായ തടാകത്തിലൂടെ ഒരു ഹൈസ്പീഡ്‌ ബോട്ട്‌ യാത്രയാണ്‌. അതൊരു സാഹസിക യാത്രതന്നെ. ഏകദേശം 100 പേരെയും വഹിച്ചുകൊണ്ട്‌ മരണവേഗത്തിലാണ്‌ ബോട്ടിന്റെ സഞ്ചാരം. ചീറിപ്പാഞ്ഞുകൊണ്ട്‌ ജലപ്പരപ്പിലൂടെ അതു തെന്നിനീങ്ങുമ്പോൾ മുകൾത്തട്ടില്ലാത്ത ആ തുറന്ന ജലയാനത്തിനുള്ളിലേയ്ക്ക്‌ പുറത്തുനിന്നും ശക്തിയായി തടാകജലം തെറിച്ചുവീണ്‌ ഒക്കെപ്പേരും ഏറെക്കുറെ നനഞ്ഞുപോയിരുന്നു. പാട്ടും ആരവവുമായി ആ ജലവാഹനം രണ്ട്‌ മണിക്കൂർ നേരം ന്യൂയോർക്ക്‌ നഗരത്തിലെ പടുകൂറ്റൻ ബഹുനില മന്ദിരങ്ങളുടെ പശ്ചാത്തലത്തിലൂടെ നീങ്ങി, പ്രതിമയെ വലംവച്ച്‌ മടങ്ങിയെത്തി. കയറുംമുമ്പ്‌ ഓരോ ദമ്പതികളെയും പ്രത്യേകം നിർത്തി അവരുടെ ഓരോ ഫോട്ടോ, ബോട്ടിന്റെ പ്രവേശനകവാടത്തിനു മുമ്പിൽ വച്ചുതന്നെ, ഈ ഫെറിസർവ്വീസുകാരുടെ ക്യാമറാടീം എടുക്കുന്നുണ്ടായിരുന്നു. ജലയാത്രകഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ തൊട്ടടുത്ത ഹാളിൽ നേരത്തേ എടുത്ത ഫോട്ടോയുടെ പ്രിന്റുകൾ പ്രദർശിപ്പിച്ചിരുന്നു. ഇഷ്ടപ്പെട്ടാൽ, ആവശ്യമെങ്കിൽ മാത്രം ഫോട്ടോകൾ വാങ്ങാം, വേണ്ടെങ്കിൽ അവഗണിക്കാം, ഒരു നിബന്ധനയുമില്ല.
വില അൽപ്പം കൂടുതൽ തന്നെ, ഒരു കോപ്പിക്ക്‌ 20 യു.എസ്സ്‌.ഡോളർ, ഏകദേശം 900 രൂപ. ഇത്ര വിലയേറിയാലും ഫോട്ടോ കണ്ടാൽ അധികപേരും വാങ്ങിപ്പോകും; അത്രകണ്ട്‌ തെളിച്ചവും നിലവാരവുമുണ്ട്‌ പ്രിന്റുകൾക്ക്‌. ഞങ്ങളും വാങ്ങി ബാഗിലിട്ടു.
ഇതിനിടെ നിരവധി ഷോപ്പിങ്ങ്‌ സെന്ററുകളും തെരുവുകളും പിന്നിട്ട്‌ ബസ്സ്‌ മുന്നോട്ട്‌ നീങ്ങി. ന്യൂയോർക്ക്‌ ഇന്റർനാഷണൽ എയർ പോർട്ടിനടുത്തു കൂടെയും ബസ്സ്‌ സഞ്ചരിച്ചു. വിമാനമിറങ്ങിയപ്പോൾ എയർപോർട്ട്‌ ശരിക്കും കാണാനവസരം ഉണ്ടായില്ല.
എത്ര വിശാലമാണീ വിമാനത്താവളം. ലോകത്തെ ഏറ്റവും തിരക്കുള്ള എയർപോർട്ടുകളിൽ ഒന്ന്‌. ഓരോ മിനിറ്റിലും രണ്ട്‌ വിമാനങ്ങൾ വന്നിറങ്ങുകയും, അത്രയും തന്നെ ടേക്ക്‌ ഓഫ്‌ ചെയ്യുകയും ചെയ്യുന്നുണ്ടിവിടെ. നാൽപ്പതിനായിരം അടിമുതൽ താഴോട്ട്‌ ഓരോ ആയിരം അടിയിലും ഓരോ വിമാനം വീതം ചുറ്റിക്കറങ്ങുകയോ, പറന്നുപൊങ്ങുകയോ, ലാൻഡ്‌ ചെയ്യുകയോ, ചെയ്യുന്നുണ്ടാവും ഇവിടെ. അവ തമ്മിൽ കൂട്ടിമുട്ടുകയോ അപകടകരമാംവിധം അടുത്തു വരികയോ ചെയ്യുന്നില്ല.
ബസ്സ്‌ വീണ്ടും നീങ്ങി, നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി ഓടിച്ച്‌ അതൊരിടത്ത്‌ അൽപ്പം വേഗത കുറച്ചു. വശത്തേയ്ക്ക്‌ കൈചൂണ്ടി ആഷിക്‌ പറഞ്ഞു, "നോക്കൂ, അവിടെയായിരുന്നു 2001-ൽ തീവ്രവാദികളുടെ ആക്രമണത്തിൽ പൂർണ്ണമായും തകർന്നടിഞ്ഞ ട്വിൻ ടവറുകൾ നിലനിന്നിരുന്നത്‌............"
എല്ലാ കണ്ണുകളും അവിടേയ്ക്ക്‌ ഇഴഞ്ഞുചെന്നു. ഒരുനിമിഷം എല്ലാവരും ഉൽകണ്ഠയോടെ ആ സ്ഥലം നോക്കിക്കണ്ടു. ഇവിടെ പാർക്കിങ്ങിന്‌ അനുവാദമില്ല, വണ്ടി നീങ്ങി.
തീവ്രവാദികളുടെ ക്രൂരവിനോദത്തിനിരയായി നിരവധി മനുഷ്യജീവനുകളോടൊപ്പം തകർന്നടിഞ്ഞു നിലംപൊത്തിയ ഈ ഇരട്ട ടവറുകൾ, അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായിരുന്നു. ഈ അംബരചുംബികൾ, 1972 ലാണ്‌ പൂർത്തിയാക്കപ്പെട്ടത്‌. 110 നിലകളും 1368 അടി ഉയരവുമുണ്ടായിരുന്നു ഈ ഇരട്ടകൾക്ക്‌. 29 വർഷക്കാലം ജീവിച്ചിരിക്കുവാനുള്ള ഭാഗ്യമേ ഈ ബഹുനിലമന്ദിരങ്ങൾക്കുണ്ടായുള്ളൂ.
ഒരുനിമിഷം ബസ്സിനുള്ളിൽ ശോകാർദ്രമായ നിശബ്ദത. പലരും കണ്ണടച്ചിരുന്നു പ്രാർത്ഥിക്കുന്നതുപോലെ തോന്നി. 'വേൾഡ്‌ ട്രേഡ്‌ സെന്റർ' എന്ന അത്ഭുതകരമായ ആ ഇരട്ടകൾ നിന്നിരുന്ന സ്ഥലത്ത്‌ പുതിയൊരു മന്ദിരത്തിന്റെ പണി ആരംഭിക്കുകയാണ്‌. 'ഫ്രീഡം ടവർ' എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ വൻബഹുനിലമന്ദിരം 2009ൽ പൂർത്തിയാക്കാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഈ വമ്പന്‌ 1776 അടി ഉയരമാണുണ്ടാവുക. തകർക്കപ്പെട്ട മുൻഗാമിയെക്കാൾ 336 അടി കൂടുതൽ. ഇവയെക്കാളൊക്കെ തലയെടുപ്പുള്ള, ലോകത്തെ ഏറ്റവും ഉയരമുള്ള ഒരു ബഹുനിലമന്ദിരത്തിന്റെ നിർമ്മാണം ദുബായിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബർജ്‌ ദുബായിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഈ അംബരചുംബിയുടെ ഉയരം 705 മീറ്റർ അഥവാ 2313 അടിയാണ്‌. മറ്റൊരു പടുകൂറ്റൻ കെട്ടിടത്തിന്റെ നിർമ്മാണത്തിനും തുടക്കമിടപ്പെട്ടിട്ടുണ്ട്‌. 2008ൽ പൂർത്തിയാകുമെന്ന്‌ അവകാശപ്പെടുന്ന ഈ വമ്പൻമന്ദിരത്തിന്‌ 224 നിലകളാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌, 2222 അടി ഉയരവും. അത്‌ മറ്റെങ്ങുമല്ല, ഇൻഡ്യയിൽ തന്നെയാണ്‌. ഭാരതത്തിന്റെ ഒത്ത മദ്ധ്യത്തിൽ. മദ്ധ്യപ്രദേശിനടുത്തുള്ള ജബൽപ്പൂരിൽ കടാങ്ങി (KATANGI) എന്ന ഗ്രാമത്തിലാണ്‌ ഈ വൻമന്ദിരം ഉയരുവാൻ പോകുന്നത്‌. മദ്ധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപാലിൽ നിന്നും 265 ക.മീറ്റർ കിഴക്കുമാറിയാണ്‌ ജബൽപ്പൂർ. ഇതിന്റെ നിർമ്മാണയത്നം പൂർത്തിയാവുകയാണെങ്കിൽ ഇതാവും ഇന്നോളം പ്രഖ്യാപിക്കപ്പെട്ടവയിൽ ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ മന്ദിരം.
ബഹുനില കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന ന്യൂയോർക്കിലെ മിക്ക എല്ലാ റോഡുകളും താരതമ്യേന അത്ര വീതിയുള്ളവയല്ല; കഷ്ടിച്ച്‌ രണ്ടു വാഹനങ്ങൾക്ക്‌ നിരയായി കടന്നു പോകാം, അത്ര തന്നെ. ഞങ്ങൾ താമസിച്ച ഹോട്ടൽ കെട്ടിടം സ്ഥിചെയ്യുന്ന west 47th റോഡും അങ്ങിനെ തന്നെ. ഞങ്ങളുടെ ഹോട്ടലിന്‌ തൊട്ടുമുമ്പിൽ ഒരു ബഹുനിലമന്ദിരമുണ്ട്‌. ആ കെട്ടിടത്തിനുള്ളിലെ എല്ലാ നിലകളിലും വെളിച്ചം നിറഞ്ഞുനിന്ന ആ രാത്രിയിൽ അതിന്റെ, മേൽനിലകൾ ഒരു കൗതുകത്തിനായി ഞാനെണ്ണിനോക്കി, 60 നിലകൾ. ഇത്ര ഇടുങ്ങിയ തെരുവിൽ ഇത്രപോന്ന കെട്ടിടങ്ങൾ എങ്ങിനെ പണിയാൻ കഴിയുന്നു? കെട്ടിട നിർമ്മാണരംഗത്തെ അത്യുന്നത സാങ്കേതികവിദ്യ തന്നെയാവും അതിന്റെ പിന്നിലെ രഹസ്യം.
ബസ്സ്‌ അടുത്ത താവളത്തിലേയ്ക്ക്‌ നീങ്ങി. വാഷിങ്ങ്ടൺ ആണ്‌ ലക്ഷ്യം, അമേരിക്കയുടെ തലസ്ഥാനം. ന്യൂയോർക്കിനോടു ഞങ്ങൾ വിടപറഞ്ഞു.
അമേരിക്കയിലെ ട്രാൻസ്പോർട്ട്‌ വാഹനങ്ങളെപ്പറ്റി പറയാതെവയ്യ. പ്രത്യേകിച്ച്‌ ടൂറിസ്റ്റ്‌ വാഹനങ്ങൾ. പബ്ലിക്‌ വാഹനങ്ങളും അതേ. ഞങ്ങളിപ്പോൾ സഞ്ചരിക്കുന്ന ഈ ടൂറിസ്റ്റ്‌ ബസ്സ്‌ ആകട്ടെ, യാത്രയ്ക്ക്‌ ഒരു വിമാനത്തോളംപോന്ന സുഖസൗകര്യങ്ങളുള്ളതാൺ​‍്‌. 55 പേർക്ക്‌ സുഖമായി സഞ്ചരിക്കാവുന്ന ഈ ബസ്സിലെ സീറ്റുകൾ എങ്ങിനെ വേണമെങ്കിലും അഡ്ജസ്റ്റ്‌ ചെയ്യാം. സൈഡിലെ വിശാലമായ ഓരോ ഗ്ലാസ്സ്‌ വിന്റോയും ' Emergency Exit' ആണ്‌; അപകടം സംഭവിച്ചാൽ (അപകടങ്ങൾ അപൂർവ്വമാണ്‌) ഓരോ യാത്രക്കാരനും ഒരു പ്രത്യേക ലിവർ അമർത്തി ഗ്ലാസ്സ്‌ അനായാസം തുറന്നു പുറത്തു ചാടാം. ബസ്സിന്റെ പിൻഭാഗത്തുള്ള Emergency Toilet അത്യാവശ്യസമയങ്ങളിൽ യാത്രക്കാർക്ക്‌ ഉപയോഗിക്കാനുള്ളതാണ്‌.
ബസ്സിനുള്ളിലെ ടോയ്‌ലറ്റ്‌ സൗകര്യം സാധാരണഗതിയിൽ ഉപയോഗിക്കാൻ ആർക്കും ആവശ്യം വരാറില്ല. ദീർഘദൂരം താണ്ടുന്നതിനിടയിൽ ബസ്സ്‌ ഇടത്താവളങ്ങളിൽ വിശ്രമത്തിനായി നിർത്തിയിടാറുണ്ട്‌; അധികവും ഗ്യാസ്‌ സ്റ്റേഷനുകളിലാണത്‌. പെട്രോൾ ബങ്കിന്‌ പാശ്ചാത്യ ദേശങ്ങളിൽ പറയുന്ന പേരാണ്‌ ഗ്യാസ്‌ സ്റ്റേഷൻ. ഈ ഗ്യാസ്‌ സ്റ്റേഷനിലോ, തൊട്ടടുത്തുള്ള റസ്റ്ററന്റിലോ യാത്രക്കാർക്ക്‌ ടോയ്‌ലറ്റ്‌ സൗകര്യം ഒരുക്കിയിട്ടുണ്ടാവും. ഈ സഥലങ്ങളിലൊക്കെ ആധുനിക ഷോപ്പിങ്ങ്‌ സെന്ററുകളും പ്രവർത്തിക്കുന്നുണ്ടാവും.
എന്നാൽ, കഴിഞ്ഞ യൂറോപ്പ്‌ യാത്രയ്ക്കിടെ, ഇങ്ങിനെ ബസ്സ്‌ നിർത്തിയ സ്ഥലങ്ങളിലെ ടോയ്‌ലറ്റുകളൊക്കെ പൈസ നൽകി ഉപയോഗിക്കേണ്ടവയായിരുന്നു. റസ്റ്ററന്റുമായി ചേർന്ന ടോയ്‌ലറ്റുകളിലും യൂറോപ്പിൽ നാം ചെറിയൊരു തുക കൊടുക്കേണ്ടി വന്നിരുന്നു. ഒരിക്കൽ മാത്രം പാരീസിലെ ഒരു ഹൈവേയ്ക്കരികിലെ ഇത്തരമൊരു ടോയ്‌ലറ്റിൽ കയറിയപ്പോൾ എനിക്കും ഭാര്യയ്ക്കും കൂടി ഒന്നരയൂറോ കൊടുക്കേണ്ടി വന്നു. 80 രൂപയോളം വരുമായിരുന്നു ഈ തുക. എന്നാൽ അമേരിക്കയിലുടനീളം യാത്ര ചെയ്തിട്ടും, എവിടെയും ഈ ടോയ്‌ലറ്റ്‌ സൗജന്യമായിരുന്നു.
ഞാൻ, നമ്മുടെ നാട്ടിലെ പൊതുടോയ്‌ലറ്റ്‌ സമ്പ്രദായങ്ങളെപ്പറ്റി ഖേദപൂർവ്വം ഓർത്തുപോയി. മൂക്കുപൊത്തിയാൽപോലും കയറാനാവാത്തവിധം ദുർഗന്ധപൂരിതവും, വൃത്തിഹീനവുമാണ്‌, ഇവിടെ നമ്മുടെ ബസ്‌ സ്റ്റാന്റുകളിലും, റെയിൽവേസ്റ്റേഷനുകളിലും, പട്ടണത്തിന്റെ വിവിധഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ള പൊതു ടോയ്‌ലറ്റുകൾ. ഈ വിഷയത്തിൽ ആർക്കും ഒരു ശ്രദ്ധയും, താൽപര്യവുമില്ല. പല മേഖലകളിലും അസാധാരണപുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്‌ നമ്മുടേത്‌. നമ്മുടെ രാജ്യത്തെ അടിസ്ഥാനപരമായ പൊതുകാര്യങ്ങളിൽ ഏറ്റവും അനിർവാര്യമായ ഒന്ന്‌, ഈ ടോയ്‌ലറ്റ്‌ സമ്പ്രദായം പരിഷ്കരിക്കുക എന്നതാണ്‌. വിദേശസഞ്ചാരികൾക്ക്‌ നമ്മോടും നമ്മുടെ സമ്പ്രദായങ്ങളോടും വെറുപ്പും അവജ്ഞയും ഉളവാക്കുന്ന അപൂർവ്വഘടകങ്ങളിൽ ഒന്നാണിതെന്ന്‌ പറയാതെവയ്യ.
ഈ അപാകതകൾക്ക്‌ സർക്കാരിനെ മാത്രം പഴിച്ചിട്ടു കാര്യമില്ല. വൃത്തിയും വെടിപ്പും പാലിക്കുന്ന വിഷയത്തിൽ നമ്മുടെ പൗരബോധവും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. മൂത്രശങ്ക തോന്നിയാൽ അതെവിടെവച്ചായാലും അൽപ്പം ഒഴിഞ്ഞ ഒരു സ്ഥലം കണ്ടെത്തിയാൽ പരിസരംകൂടി ശ്രദ്ധിക്കാതെ അവിടെ കാര്യം നടത്താൻ നമ്മിൽ പലർക്കും മടിയില്ല. ഇത്‌ പാശ്ചാത്യരാജ്യങ്ങളിൽ, ഇൻഡ്യ ഒഴിച്ചുള്ള പല ഏഷ്യൻ രാജ്യങ്ങളിൽ പോലും ആരും ചെയ്യുകയില്ല, അനുവദിക്കപ്പെടുകയുമില്ല. അതിനാൽ പൈസ നൽകി ഉപയോഗിക്കേണ്ട ശൗചാലയങ്ങളായാലും (PAY TOILET) അവ, നമ്മുടെ നാട്ടിലെ എല്ലാ പൊതുസ്ഥലങ്ങളിലും സ്ഥാപിക്കപ്പെടേണ്ടതാണ്‌.
ബസ്സ്‌ ഇ.സി യാണെങ്കിലും ഉള്ളിൽ ഹീറ്റർ സൗകര്യവുമുണ്ടായിരുന്നു; തണുപ്പുകാലത്തുപയോഗിക്കാൻ. ഇതിലെ ഡ്രൈവറെ പെയിലറ്റ്‌ എന്നു വിളിക്കാനാണ്‌ ടൂർ മാനേജർ മി.ആഷിക്‌ ഞങ്ങളെ പഠിപ്പിച്ചതു. പെയിലറ്റിന്റെ ജോലി ചെറുതൊന്നുമല്ല. എല്ലാ ഓരോ യാത്രക്കാരുടെയും ലഗ്ഗേജുകൾ ബസ്സിന്റെ അടിഭാഗത്തുള്ള ലഗ്ഗേജ്‌ കമ്പാർട്ട്‌മന്റിൽ സുരക്ഷിതമായി അടുക്കിവയ്ക്കേണ്ടത്‌ അയാളാണ്‌. തിരികെ ഇറക്കിത്തരേണ്ടതും അയാൾതന്നെ. ഓരോ പെട്ടിയുടെ വലിപ്പവും ഭാരവും മോശമല്ല. 40 യാത്രക്കാർക്ക്‌ ഒക്കെക്കൂടി നൂറിലധികം ബാഗ്ഗേജുകൾ ഉണ്ടാവും. അവ മുഴുവൻ പെറുക്കി അടുക്കി അകത്തു വയ്ക്കാൻ ആരോഗ്യമുള്ള ആൾക്കാരായിരുന്നു ഞങ്ങളുടെ ഓരോ ബസ്സിലേയും ഡ്രൈവർമാർ. ഓരോ ദിവസവും ഹോട്ടലിൽ ബസ്സ്‌ എത്തുമ്പോഴും, പിന്നീട്‌ ഹോട്ടൽ മുറി വിട്ട്‌ ഇറങ്ങുമ്പോഴും പെയിലറ്റിന്റെ ഈ ജോലി ആവർത്തിക്കപ്പെട്ടിരുന്നു.