Followers

Saturday, December 12, 2009

ദുഃഖം ക്രിസ്തുവിൽ നിന്ന്‌
m. k. harikumarലോകത്തോടുള്ള അധോവ്യക്തിയുടെ മൗനം എന്താണെന്ന്‌ തിരക്കിത്തുടങ്ങുമ്പോഴാണ്‌ മനുഷ്യൻ ദുഃഖിതനാവുന്നത്‌. മൗനം വസ്തുവിന്റെയും ചലനത്തിന്റെയും എല്ലാവേഗങ്ങളെയും അതിരൂഢമായി ബന്ധപ്പിച്ചുവയ്ക്കുന്നു. മൗനം പ്രതികരണങ്ങളുടെയെല്ലാം ഉള്ളിൽ വസിക്കുകയും പ്രവർത്തനങ്ങളുടെയെല്ലാം രാജാവാകുകയും ചെയ്യുന്നു. എന്നാൽ ഹൃദയത്തിൽ, അന്വേഷണത്തിന്റെ ഹരിതാശ്വങ്ങൾ യാത്രതിരിച്ച്‌, എങ്ങും പോകാതെ മടങ്ങിയെത്തുമ്പോൾ അധോമനുഷ്യന്റെ മൗനം ദുഃഖത്തിന്റെ പ്രപഞ്ചനാദമായിത്തീരുന്നു. അത്‌ ലോകത്തോടുള്ള മൗനവും ദുഃഖവും ചേർന്ന പ്രജ്ഞാവസരമാണ്‌ സൃഷ്ടിക്കുന്നത്‌. ഇനി ഇന്ദ്രീയങ്ങളുടെ ലോകത്തേയ്ക്കു വിശ്വാസത്തിന്റെ ചുംബനം ഏറ്റുവാങ്ങിക്കൊണ്ട്‌ ഒരു യാത്ര സാധ്യമല്ലെന്ന്‌ അറിയുമ്പോൾ ദുഃഖത്തിന്റെ സവാരിക്കാരെ കയറ്റി ഹരിതാശ്വങ്ങൾ മടങ്ങിയെത്തുന്നു. എല്ലാ കലാസൃഷ്ടികളെയും മനസ്സുകളെയും അതിശയിച്ചുനിൽക്കുന്ന ക്രിസ്തുവിന്റെ വിശുദ്ധ ജീവിതമാണ്‌ ഇതിനു ഏറ്റവും വലിയ സ്ഥിരീകരണം നേടിയെടുക്കുന്നത്‌. ലോകം തുള്ളികളായി കൈക്കുമ്പിളിൽ നിന്ന്‌ ഒഴുകിയിറങ്ങുമ്പോൾ, ഏന്തോ, തനിക്ക്‌ വിശ്വാസത്തിന്റെ ഇന്ധനത്തെ മറികടക്കേണ്ടതുണ്ടെന്ന്‌ ക്രിസ്തുധ്യാനിച്ചു. വിശ്വാസം ക്രിസ്തുവിന്‌ സ്വന്തം ശരീരത്തിൽ നിന്ന്‌ വളർന്നു നിൽക്കുന്ന ഏകാഗ്രമായ പ്രാർത്ഥനപോലെയായിരുന്നു. അവയവങ്ങളോടുള്ള ഭക്തിയും ശരീരത്തോടുള്ള പ്രാർത്ഥനയും പ്രപഞ്ചത്തിന്റെ പദാർത്ഥവർണ്ണങ്ങളിൽ മെത്തിയൊഴുകാൻ മനസ്സിനെ പ്രാപ്തമാക്കുന്ന ക്രിയാമൂകതയാണ്‌ ക്രിസ്തുവിന്റെ ജീവിതം അവിടെ സംസാരം തന്നോടും ലോകത്തോടും ഒരേസമയത്തായിരുന്നു. എന്നാൽ ലോകത്തിന്റെ സംസാരത്തെ തന്റെ സംസാരം കൊണ്ട്‌ ചുംബിക്കാനും ക്രിസ്തു യത്നിച്ചു. അത്‌ ദുഃഖമായിത്തീരുകയും ചെയ്തു. പദാർത്ഥങ്ങൾ ആത്മാവിന്റെ ഏകാന്തവിശ്വാസത്തിലേയ്ക്കു വളർന്ന്‌ അന്തർധാനം ചെയ്യുന്നതിനെയാണ്‌ ദുഃഖം എന്നു പറയുന്നത്‌. എന്നാൽ ലോകത്തോടുള്ള ദുഃഖത്തിന്റെ ഹരിതാംബരമുള്ള മൗനം എന്താണെന്ന്‌ ചിന്തിക്കാൻ തുടങ്ങുമ്പോഴാണ്‌ പദാർത്ഥങ്ങളും ചേതനയും തമ്മിലുള്ള സ്പർശനവിച്ഛേദത്തെപ്പറ്റി ആഴമുള്ള തോന്നലുകൾ ഉണ്ടാകുന്നത്‌. പരീശന്മാരും, ശാസ്ത്രിമാരും ക്രിസ്തുവിനെ കറുപ്പും വെളുപ്പും കണ്ണുപൊത്തിക്കളിയ്ക്കുന്ന പ്രപഞ്ചത്തിന്റെ താഴ്‌വാരങ്ങളിൽ വച്ച്‌ അതിക്രൂരമായി കുസൃതിനൽകി സ്വീകരിച്ചു. എന്നാൽ അശ്രുപീഠങ്ങളുടെ ആപത്ത്‌ സന്ധികളിൽവച്ച്‌ യേശു തന്നിൽനിന്ന്‌ ഒഴുകിയിറങ്ങുന്ന ലോകത്തിന്റെ ഇന്ധനത്തെക്കുറിച്ച്‌ ഓർത്തു. ആ ഓർമ്മകളിൽ വദനം അലിഞ്ഞുപോകുന്ന ജീവിതാസക്തിയുടെ വനവാസങ്ങളുണ്ടായിരുന്നു. മാത്രമല്ല, ഓർമ്മകൾ ലോകത്തോടുള്ള മനസ്സിന്റെ മൗനം എന്താണെന്ന്‌ തിരക്കാൻ പഠിപ്പിയ്ക്കുകയും ചെയ്തു.
ഇന്ദ്രിയങ്ങളുടെ ലോകത്തുനിന്ന്‌ കരുണയും ദുഃഖവും നിറഞ്ഞ പ്രസാദത്തിലൂടെ ക്രിസ്തു മടങ്ങിപ്പോന്നു. പാതവക്കുകളിൽ പാദരേഖകളോടും പാദമുദ്രകളോടും പാദരക്ഷകളോടും അണിവില്ലാതെ സംസാരിച്ചു. അത്‌ സ്വയം സംസാരത്തിന്റെ ശീതാന്ധതയുള്ള മഞ്ഞ്‌ മഹർഷിയ്ക്ക്‌ നീട്ടികൊടുത്തു. ആകുലതകളുടെ മുള്ളുകളും വഹിച്ചുകൊണ്ട്‌ പാപികളുടെ നാട്ടിൽ അഭയംതേടിയെത്തിയ ഈ മനുഷ്യനിധി പ്രപഞ്ചത്തിന്റെ അനുഭവനിഷ്ഠയുടെ കാതൽ അറിഞ്ഞു എന്നാൽ സ്വയം നിർദ്ധാരണം ചെയ്യാൻ ലോകത്തിൽ നിന്ന്‌ എന്താണ്‌ കാംക്ഷിക്കാനുള്ളതെന്ന്‌ അദ്ദേഹം തുടരെത്തുടരെ ചോദിയ്ക്കുന്നുണ്ടായിരുന്നു. ലോകത്തിൽ മൃതമായിരിയ്ക്കുന്നതിലെല്ലാം തന്റെ ക്രൂരനായ രക്ഷകനെങ്കിലും കാണുമെന്നുള്ള ഈ വിശ്വാസം ക്രിസ്തുവിന്റെ പ്രജ്ഞയുടെ സ്ഥലകാലബോധത്തെ വലയം ചെയ്തു. പ്രപഞ്ചത്തിന്റെ ദുഃഖം നിറഞ്ഞ ഒരു ഭാഗം മനസ്സിനുള്ളതാണെന്ന്‌ ഉറപ്പിച്ചുകൊണ്ടുതന്നെ കരചരണങ്ങളറ്റ കാമനകളുടെ സാക്ഷ്യം പേറി നടന്നു. ലോകത്തിന്റെ ഉപേക്ഷയിൽ വേർതിരിഞ്ഞുകിട്ടുന്ന ഏകാകിയുടെ സ്വയം നിർദ്ധാരണം ഇവിടെ ജീവിതശ്വാസമായിത്തീരുന്നു. സ്വയം നിർദ്ധാരണം ഏകാകിയുടെ ആദ്ധ്യാത്മികമായ വിഷയാന്വേഷണമാണ്‌. ക്രോധത്തെയും നാശത്തെയും കരുണാദുഃഖംകൊണ്ട്‌ പ്രസാദിപ്പിച്ച യേശുവിന്‌ സ്വയം നിർദ്ധാരണത്തിന്റെ വസന്തപത്രങ്ങൾ ലോകത്തിലെവിടെയോ ആയിരുന്നു. അത്‌ മറ്റുപദാർത്ഥങ്ങളിൽ നിന്നും സ്വാംശീകരിയ്ക്കേണ്ട ആസക്തിയുടെ വേഗമായിരുന്നു. പ്രപഞ്ചത്തിന്റെ സ്വാംശീകരണത്തിനുവേണ്ടി മനസ്സും ശരീരവും അവയവങ്ങളും യേശു അഴിച്ചു നൽകി. ചിത്തത്തിന്റെ തൊങ്ങലുകളും വിപൂയങ്ങളും വിപൂതികളും ഒരു പോലെ പ്രകൃതിയുടെ കശേരുക്കളിൽ വിളക്കിചേർത്തു. ഈ സംയുക്താവസ്ഥയുടെ ദുഃഖവും കരുണയും പ്രസാദവും ത്യാഗവും മൃതിയും കൂടിച്ചേർന്ന ജീവിതവേളകളാണ്‌ മനുഷ്യനാകുവാനുള്ള പരിണാമയാത്രയ്ക്ക്‌ യേശുവിന്‌ ശക്തിപകർന്നത്‌. മനുഷ്യപുത്രനായി നിന്നുകൊണ്ട്‌ കൂടുതൽ കൂടുതൽ മനുഷ്യനാകുവാൻ ജീവിതകാലം മുഴുവൻ ധ്യാനിച്ച ഈ കരുണാമുനി, ഒടുവിൽ ക്രൂശാരോഹണം എന്ന ചിത്തപുഷ്പം വിരിയിച്ചു. ക്രൂശാരോഹണത്തെ പ്രപഞ്ചത്തിനുള്ള ഭക്തിനിറഞ്ഞ ആത്മസമർപ്പണമാക്കി മാറ്റി. കുരിശിൽ വച്ച്‌ യേശു വ്യാപ്തിയുള്ള പ്രപഞ്ച സ്വാംശീകരണത്തിന്റെയും ലോകത്തോടുള്ള അവിഭക്തമൗനത്തിന്റെയും ഭക്ഷണം കഴിച്ചു. ദുഃഖത്തോടുള്ള ഭക്തി ധാരമുറിയാതെ നിറവേറ്റി. കുരിശിന്റെ തലങ്ങൾ വ്യാമിശ്രമായി ഏറ്റുവാങ്ങലിന്റെയും ലംബതലങ്ങൾ മനുഷ്യാത്മാവും പ്രപഞ്ചവുമായുള്ള അവിരാമമായ തിരിച്ചറിവിന്റെയും രേഖകളായിത്തീരുകയും ചെയ്തു.
ഓരോ സൃഷ്ടികർത്താവും സൃഷ്ടിയുടെ പിന്നിൽ ക്രിസ്തുവിന്റെ വേദനയും മൃതിയുമാണ്‌ സാക്ഷാത്കരിയ്ക്കാൻ ശ്രമിയ്ക്കുന്നതെന്ന്‌ ഞാൻ വിശ്വസിക്കുന്നു. ഓരോ സൃഷ്ടിയും ഒറ്റപ്പെട്ട പരിണാമമോ ക്രൂശാരോഹണമോ ആണ്‌. കലാകാരൻ രചനയുടെ വേളയിൽ ലോകത്തോടുള്ള ഹൃദയത്തിന്റെ മൗനം തിരക്കുന്നു. ലോകം തന്നിൽ ഏൽപ്പിച്ചിരിയ്ക്കുന്ന പദാർത്ഥങ്ങളും ചലനങ്ങളും ആത്മാവുമായി എങ്ങനെ സമരസപ്പെട്ടിരിയ്ക്കുന്നുവേന്ന്‌ അന്വേഷിക്കുന്നു. അറിവിന്റെ പീതാംബരമുള്ള ദുഃഖം പ്രപഞ്ചത്തിൽ നിന്ന്‌ സ്വീകരിച്ചുകൊണ്ടും ചിത്തത്തെ പ്രപഞ്ചത്തിന്‌ പുഷ്പിക്കാൻ നൽകിക്കൊണ്ടും ജീവിയ്ക്കുന്നതിലെ കാരുണ്യവും ത്യാഗവും എന്താണെന്ന്‌ ചോദിയ്ക്കുന്നു. സത്യത്തിൽ ഇത്തരം അന്വേഷണങ്ങൾ കലാകാരനെ, ക്രിസ്തുവിനെപ്പോലെ സ്വന്തം നിർദ്ധാരണത്തിനുവേണ്ടി ലോകത്തിന്റെ ഇന്ദ്രിയഗൃഹങ്ങളിലേയ്ക്കു യാത്രചെയ്യുന്നവനാക്കി മാറ്റുകയാണ്‌. അതായത്‌ ക്രമപ്പെടുത്തുന്നതിൽ നിന്ന്‌ മാറിനിൽക്കുന്ന ലോകാവസ്ഥയുടെ ഇരുമ്പും തീയ്യും സ്വന്തം പരിണാമത്തിനുള്ള ഇന്ധനമാക്കി മാറ്റുന്ന ആത്മീയ പ്രശ്ന നിർവ്വഹണത്തിന്റെ ആലാപനങ്ങളിലേയ്ക്കുള്ള പ്രയാണം മനുഷ്യനാകുവാനുള്ള പിൻശക്തിയായിത്തീരു ന്നു. അയാൾ വസ്തുക്കളുടെ ബാഹ്യവേഷങ്ങളിൽ ആവേശത്തോടെ പങ്കെടുക്കാതെ വസ്തുക്കളുൾക്കൊള്ളുന്ന ജഗത്തിന്റെ ക്രിയാശേഷിയെ ചിത്തത്തിന്റെ മോചനത്തിനുള്ള സ്വത്താക്കിമാറ്റുകയാണ്‌. കലയെ പരിണാമത്തിനുള്ള പ്രധാന മാർഗ്ഗമാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. ഒരു വസ്തുവിനെക്കുറിച്ചുള്ള ശരിയായ കാഴ്ചയും തെറ്റായ ധാരണയും പരസ്പരം ഒഴിവാക്കുന്നില്ലെന്ന്‌ കാഫ്കി രേഖപ്പെടുത്തിന്നുണ്ട്‌. വസ്തുക്കളിൽ കലാകാരന്‌ വേഷങ്ങൾ പോലെ ധാരണകൾ ആവശ്യമില്ലെന്നും വസ്തുക്കളെ സ്വന്തം ചിത്തപരിതഃസ്ഥിതിയിലെ നല്ലവരായ ഘാതകരാക്കി മാറ്റുകയാണ്‌ ചെയ്യേണ്ടതെന്നും കാഫ്ക മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ്‌ കരിങ്കല്ലുകളിൽ നിന്ന്‌ അരുവികൾ തേടി മുഖമടച്ചുകളഞ്ഞ കാഫ്ക പ്രപഞ്ചത്തെ ആത്മാവിന്റെ ദുഃഖാവസരങ്ങളെ കഴുകിക്കളയാൻ ഉപയോഗിയ്ക്കാമെന്ന്‌ വിശ്വസിച്ചതു. ലോകത്തിന്റെ അവയവങ്ങളെ അതിവാചാലതയോടെയും ദുഃഖത്തോടെയും മനസ്സ്‌ ഇറുത്തെടുക്കുന്നു. അവയവങ്ങൾക്കെല്ലാം തേന്മാവുപോലെ തളിർക്കുന്ന സ്നേഹവും ഇലപ്പുറങ്ങളിൽ മഴപോലെ തിളയ്ക്കുന്ന ആസ്ക്തിയും നൽകുന്നു. പ്രകൃതി മുളപ്പിച്ച ഓരോ അംഗങ്ങളും ചിത്ത സൂനങ്ങളുടെ സമൃദ്ധിയിൽ സാന്ത്വനം നൽകുന്നു. ഇവിടെ ആസക്തി ലോകത്തോടുള്ള മൗനവും ദുഃഖത്തിലൂടെയുള്ള പ്രയാണവുമാണ്‌. വസ്തുക്കളുടെ ശരീരസുഭഗതയെ ചുംബിച്ചുലയ്ക്കുന്ന ചിത്തശലഭം അവയിൽ നിന്ന്‌ അനാദിയായ മോക്ഷവും ഭക്തി പൂർണ്ണമായ വിഷാദവും കൊയ്തെടുക്കുകയാണ്‌ ചെയ്യുന്നത്‌. മനുഷ്യസ്പർശനമേൽക്കാത്ത, പൗരാണികമായ അടുപ്പുകളും അടർന്നുലഞ്ഞുപോയ മൊട്ടുകളും ആത്മാവിൽ നട്ടുവളർത്തിയ കാഫ്കയുടെ ഈ പരിണാമം വിറ്റ്മാനും അനുഭവിയ്ക്കുന്നുണ്ട്‌. വിറ്റ്മാൻ ശവകുടീരങ്ങളിലെ പുഷ്പങ്ങളെയും അശ്രുക്കളെയും ഭൂമിയുടെ ദിവ്യദാനവും വാത്സല്യവുമായി കണ്ട്‌ ചുംബിച്ചു. ഉല്ലാസത്തോടെ പ്രസവിയ്ക്കുന്ന മാതാവ്‌ വറ്റിയ നദിയുടെ അരുമയായ പ്രസാദവും വസന്തത്തിന്റെ ധാന്യവും പുലരിയുമാണെന്ന്‌ അദ്ദേഹം അറിഞ്ഞു. ലോകത്തിന്റെ മുത്തുകളെല്ലാം തനിയ്ക്കു ചുറ്റും നിരത്തി അവയുടെ ഹിംസാത്മകമായ ചെരിവുകളും കോണുകളും അനുഭവിച്ചുകൊണ്ട്‌ ചിത്ത കുസുമത്തിൽ നിന്നുള്ള ജീവിതവേളയുടെ സാകല്യമായ പ്രണാമം നേടിയെടുത്ത ക്രിസ്തുവിന്റെ അന്തരംഗം തന്നെയാണ്‌ മനുഷ്യനാകാൻ പുറപ്പെട്ട വിറ്റ്മാനിലും നാം കാണുന്നത്‌. പ്രപഞ്ചത്തിന്റെ വസ്തു സാഗരത്തിലെ ആന്തരസംഗീതം തന്നിലുണ്ടാക്കിയ മാന്ത്രികമായ വിളിയെക്കുറിച്ച്‌ അദ്ദേഹം പാടുന്നുണ്ട്‌.
'These carols sung to cheer my passage through the world I see. For completion I dedicate to the invisible world'
മൗനം ദുഃഖത്തിലേയ്ക്കും ദുഃഖം മൗനത്തിലേയ്ക്കും വളർന്ന്‌ അത്‌ പ്രപഞ്ചത്തോടുള്ള ഭക്തിയും ആസക്തിയുമായിത്തീരുന്നത്‌ നാം കേൾക്കുന്നു.
1. Kafka : The Trial, 1971
2. Walt Whitman : "Songs of parting"
Leaves of Grass - 1950