cyriac
എം.കെ.ഹരികുമാറിന്റെ 'മനുഷ്യാംബരാന്തങ്ങൾ' എന്ന പുസ്തകമാണ് ഇപ്പോൾ എന്റെ മുൻപിലിരിക്കുന്നത്. ഈ പുസ്തകം നമ്മുടെ പഴയ ശീലങ്ങൾക്കെതിരെയുള്ള ഒരു ചാട്ടുളിയാണ്. ഇതിന്റെ ഇതിവൃത്തത്തിലും ഭാഷയിലും ശൈലിയിലും വിമർശനരീതിയിലും ഈ കലാപബോധം നമുക്ക് ബോദ്ധ്യപ്പെടാൻ കഴിയുന്നതാണ്. വിമർശനം സർഗ്ഗാത്മകമായ പുനരാവിഷ്കാരം തേടുമ്പോഴാണ് ഇതുപോലുള്ള കൃതികൾ ജനിക്കുന്നത്. കവിയുടെ ഭാവനയും ചിന്തകന്റെ ബുദ്ധിയും ഇവിടെ സമ്മേളിക്കുന്നു. മനുഷ്യന്റെ അംബരാന്തത്തെക്കുറിച്ചുള്ള ഭാവനയും ചിന്തയുമാണിതിൽ. അതായത് മനുഷ്യാത്മാവിന്റെ ചാരമ്യം തേടിയുള്ള യാത്ര.
മൂന്ന് ഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യവസാനം ഇതിവൃത്തപരമായ തുടർച്ചയുള്ളതായി കാണാം. ആദ്യഭാഗം ചരിത്രം. മനുഷ്യാത്മാവ്, ലൈംഗീകത, കല, ഉന്മാദം, കലാപം, സൗന്ദര്യശാസ്ത്രം, തത്വചിന്ത തുടങ്ങിയ വിഷയങ്ങളുടെ പാരസ്പര്യത്തെക്കുറിച്ചാണ്. പെഡ്രോപരാമയുടേയും കമ്യുവിന്റേയും നിഷിൻസ്കിയുടേയും ജെർമെയ്നി ഗ്രിയറുടെയും ഹസ്റ്റൺ സ്മിത്തിന്റെയും രചനയുടെ ആദ്ധ്യാത്മികമാനങ്ങൾ ഇവിടെ കണ്ടെത്തുന്നു. രണ്ടാം ഭാഗം വ്യത്യസ്തരായ എഴുത്തുകാരെക്കുറിച്ചുള്ള രചനകളാണ്. ഇതിൽ സാൽമൻ റഷ്ദിയും ഇറിസ്മുർഡോക്കും ബർനാഡ്‌വളമൂറും എം.മുകുന്ദനും ഉൾപ്പെടുന്നു. അടുത്ത ഭാഗത്തിൽ ജിദു കൃഷ്ണമൂർത്തിയും ഡോംമൊറെയ്സും റൂത്ത്പ്രാവർ ജബ്പാലയും ചർച്ച ചെയ്യപ്പെടുന്നു.
മനുഷ്യാംബരാന്തങ്ങളുടെ ഭാഷ കലാപൂർണ്ണമാണ്. വിവിധ അറിവുകെളെ, അറിവുകളുടെ ശാസ്ത്രങ്ങളെ സമന്വയിപ്പിക്കുകയാണ് ഈ വിമർശകൻ. ഭാഷ മനസ്സിലാകുന്നില്ലായെന്ന് ഇന്നും നാം പറയുന്നുണ്ടെങ്കിൽ അതിൽ സാഹിത്യപരമായ സിനിസിസം മാത്രമാണുള്ളത്. സാഹിത്യത്തോട് യഥാർത്ഥമായ പ്രണയം ബാധിച്ചവർക്ക് ഇതിലെ ഭാഷ ആത്മാനന്ദത്തിലേക്കുള്ള വഴി തുറന്നിട്ടു തരും. ചില പ്രയോഗങ്ങൾ അർത്ഥത്തിന്റെ പുനരുൽപാദനം സാധിക്കുന്നു. ഭാഷയുടെ ഏറ്റവും നവ്യമായ മുഖമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. യാഥാർത്ഥ്യത്തിന്റെ അതീന്ദ്രീയമായ വിശദീകരണക്കുറിപ്പാണിത്. ലൈംഗീകതയുടെ നാഗരികാവശിഷ്ടങ്ങൾ, നദീതടത്തിന്റെ സസ്യാത്മകത, സസ്യശ്യാമളമായ ദുഃഖം, ദരിദ്രമായ ദിവ്യാസക്തികൾ തുടങ്ങിയ പ്രയോഗങ്ങൾ ഇത് തെളിയിക്കുന്നുണ്ട്.
ഇതിന്റെ ശൈലി യാഥാർത്ഥ്യത്തെ അതേപടി പകർത്തുന്ന കലയല്ല. യാഥാർത്ഥ്യത്തിന്റെ പ്രതീതി നമ്മിലുണ്ടാക്കുന്നത് പ്രാഥമികകർത്തവ്യം. എന്നാൽ യാഥാർത്ഥ്യത്തിന്റെ അതിരുകൾ കാണാനും അതിന്റെ ഏറ്റവും വലിയ സമഗ്രത അറിയാനുമാണ് എം.കെ.ഹരികുമാർ ശ്രമിക്കുന്നത്. ഇത് ഹരികുമാറിന്റെ രണ്ടാമത്തെ പുസ്തകമാണ്. ആദ്യ പുസ്തകം 'ആത്മായനങ്ങളുടെ ഖസാക്ക്' കണ്ടെത്തിയ ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ് പുതിയ കൃതി. 'ആത്മായനങ്ങളുടെ ഖസാക്ക്' ഏകാന്തത്തയുടെ രോദനവും സൗന്ദര്യവുമായിരുന്നു. 'മനുഷ്യാംബരാന്തങ്ങൾ' മനുഷ്യചരിത്രത്തിന്റെ ദുഃഖവും ആത്മാവിന്റെ ഗൃഹാതുരത്വവും ആവിഷ്കരിക്കുന്നു.
സാധാരണ വിമർശനത്തിന്റെ താത്വികത മനുഷ്യാംബരാന്തങ്ങളിലുണ്ടെന്ന് നാം ഓർമ്മിക്കണം. പഴയ വിമർശകന്റെ ബുദ്ധിയും പുതിയകാലത്തിന്റെ തീക്ഷണമായ ആദ്ധ്യാത്മികതയും ഈ വിമർശകനിൽ ജീവൻ നേടുന്നു. ജീവന്റെ പ്രാഥമികമായ ഇച്ഛ, ചരിത്രത്തിന്റെ അന്തഃകരണം തേടുന്ന ഏകാകിയുടെ ഹൃദയപരത, മനുഷ്യാവസ്ഥയുടെ ഇന്നത്തെ ഉത്തംഗമായ ശാസ്ത്രസാങ്കേതിക ജ്ഞാനത്തിനൊപ്പം വളർന്നു വരേണ്ട ഹൃദയവിസ്മയങ്ങളുടെ സവേദനശീലം ഇവയെല്ലാം 'മനുഷ്യാംബരാന്തങ്ങളി'ലുണ്ട്. ഹരികുമാർ മതാത്മകബോധത്തിന്റെ സംജ്ഞയും പ്രത്യയശാസ്ത്രകാരന്റെ ഋജുത്വവും കൂട്ടിച്ചേർത്ത് പുതിയ കാരുണ്യം അന്വേഷിക്കുകയാണ്. കലാപത്തിന്റെ പുത്തൻ പ്രമേയം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. ഐന്ദ്രിയലോകത്തിനപ്പുറത്തേയ്ക്കുള്ള സകല തൃഷ്ണകളെയും തൃപ്തിപ്പെടുത്താൻ ഒരു വിമർശന കൃതി ശ്രമിക്കുന്നു എന്നതാണ് വാസ്തവം. ഹരികുമാർ കൃതിയുടെ കഥ വിസ്തരിച്ച് പറയുന്ന പ്രകൃതക്കാരനല്ല; മറിച്ച് കൃതിയുടെ സവിശേഷഘട്ടങ്ങളിലെ ചായം ആത്മാവുകൊണ്ട് തൊട്ടറിഞ്ഞ് അവയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ അനുരണനങ്ങൾ കേൾപ്പിക്കുന്നു. ആനന്ദും സച്ചിദാനന്ദനും വിമർശിക്കപ്പെടുന്നുണ്ട് ഈ കൃതിയിൽ, അവരുടെ ചരിത്രവീക്ഷണത്തിന്റെ പേരിൽ. വെട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റമുണ്ട് വിമർശകന്. മുകുന്ദന്റെ 'മയ്യഴിപുഴയുടെ തീരങ്ങളിൽ' എന്ന നോവലിന്റെ വിമർശനം അതീവ ഹൃദ്യമെന്നുവേണം പറയാൻ. ആ നോവൽ ഒരു ക്രൈസ്തവ നോവലാണെന്ന് വിമർശകൻ സ്ഥാപിക്കുന്നു. അതിലെ ചരിത്രപരതയ്ക്കൊപ്പം ആദ്ധ്യാത്മിക ശക്തികളുടെ ഘടകങ്ങൾ പരിശോധിക്കപ്പെടുന്നു. ഓരോ വസ്തുവിന്റേയും ഭിന്ന പാർശ്വങ്ങൾ ശ്രദ്ധിക്കുകയാണ് ഇവിടെ. അതുപോലെ തന്നെ ചങ്ങമ്പുഴ സാഡിസ്റ്റായിരുന്നുവേന്ന നിഗമനവും ശ്രദ്ധേയമാണ്. വികസ്വരമായ രീതിയും ഭാഷയുമാണ് ഹരികുമാറിന്റേത്. അങ്ങനെ വിമർശനത്തിന്റെ ഭാഷയും രീതിയും ഒന്നാകുന്നു. അതായത് രൂപവും ഉള്ളടക്കവും ഒന്നാകുന്നു. ഈ വിമർശകന്റെ തനിമ മനസ്സിലാക്കാൻ ചില വരികൾ കുറിക്കട്ടെ.
'മൃദുലവും നനവൂറുന്നതുമായ പദാർത്ഥങ്ങളുടെ പ്രത്യുത്പാദനമേഖല നരനെ സത്യാത്മകമായ നോവലുകളിലേക്ക് ത്വരിപ്പിക്കുന്നത് ആ തന്മാത്രകളുടെ സംഘാതമാണ്. ഉയർന്നുയർന്നു പോകുകയാണ് പ്രാണഘർഷങ്ങളുടെ വെള്ളരി പ്രാവുകൾ, വിഹായസ്സിൽ അവ വരച്ചിടുന്ന ക്ഷണികങ്ങളായ സാർപ്പിക ക്ഷേത്ര ഗണിത സങ്കൽപങ്ങൾ നമ്മെ ദുഃഖങ്ങളുടെ മീതെ വസിക്കാൻ പ്രത്യാശ നൽകുന്നു. അത്യാത്മ നൊമ്പരത്തിന്റെ ശിരസ്സ് മനുഷ്യശരീരത്തിനപ്പുറത്തേക്ക് വീണു കിടക്കുന്നു". ഈ വിവരണ കല ഹരികുമാറിനൊപ്പം വരുംകാലങ്ങളുടെ വിമർശനരീതിയ്ക്ക് ഹരികുമാറിന് നൽകാൻ കഴിയുന്ന സംഭാവന വളരെയേറെയായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.
book review:
cyriac
express daily
1989 july