Followers

Saturday, December 12, 2009

കവിതകള്‍





brinda


അവധി
ഇന്ന്‌
ഞായർ
പ്രണയത്തിന്‌ അവധി!
വീട്ടിൽ
ഭാര്യ കാണും.
എന്തേ ഒരു
മിസ്ഡ്‌ കോൾ പോലും?
ചോദിക്കരുത്‌
കാമുകൻ ചീറും.
അയാൾ ഗൃഹസ്ഥനാണ്‌!

രഹസ്യം
ബൃന്ദ
ഞാൻ
നിവർന്നു നിൽക്കുമ്പോഴൊക്കെ
പിന്നിൽ നീ
എന്നാണ്‌ വയ്പ്‌.
അപ്പോഴൊക്കെ
എനിക്ക്‌
വെളിപാടുണ്ടാകാറുണ്ട്‌.
എന്റെ നട്ടെല്ലെടുത്താകണം
നിന്നെയുണ്ടാക്കിയിരിക്കുന്നത്‌ എന്ന്‌.
അതുകൊണ്ടല്ലേ
ഒരാപ്പിളെടുത്തു നീട്ടിയപ്പോൾ
എല്ലാമറിഞ്ഞിട്ടും
നടുവു വളച്ചുനിന്ന്‌
ഞാൻ കടിച്ചുതിന്നത്‌ !

തുല്യം
ബൃന്ദ
പ്രിയനേ
നിനക്കു പനിയോ പ്രണയമോ
ആശുപത്രിയിലെന്നാൽ പനി
നിന്റെയടുത്തെങ്കിൽ പ്രണയം.
തെർമോമീറ്ററിൽ
രണ്ടളവും തുല്യം.

മറവ്‌
ബൃന്ദ
നിന്റെ കണ്ണുകൾ
അപകടകരങ്ങളാണ്‌
അതിനൊരു
മൂർച്ചയുണ്ട്‌.
അതെപ്പൊഴും
എന്നെ
തുളച്ചുകൊണ്ടിരിക്കുന്നു.
അതിനാൽ
എനിക്ക്‌
നിന്നെ നോക്കാൻ ഭയം
പ്രിയപ്പെട്ടവനേ
എന്റെ കണ്ണുകളുടെ
കാഴ്ചശക്തി
മങ്ങിയിരിക്കുന്നു.
ഞാനിപ്പോൾ
കണ്ണട വച്ചിട്ടുണ്ട്‌.
സാരമില്ല
ഒരു മറവ്‌
ഏതിനും നല്ലതാണ്‌!