Followers

Saturday, December 12, 2009

മൂന്നു കവിതകള്‍



sreedevi nair
അഗാധമായ പ്രാചീനചിന്തകള്‍
മനുഷ്യനെ സ്നേഹിക്കാന്‍ നമുക്ക് മടിയാണ്.
മലകള്‍ സഞ്ചരിച്ചുതുടങ്ങിയാലും
നാം സ്നേഹിക്കില്ല.

നമുക്ക് ഒരാള്‍ മരിക്കുമ്പോള്‍
സ്നേഹം തോന്നിയേക്കാം.
ആ സ്നേഹം എവിടെനിന്ന് വരുന്നു?
അസ്ഥികള്‍ക്കുള്ളില്‍ നിന്നോ?
മനസ്സിലെ അഗാധമായ പ്രാചീന
കാലങ്ങളില്‍ നീന്നോ?
ശരീരത്തിനുള്ളിലെ കടലെടുത്തുപോയ
പുരാതന നാഗരികതകളില്‍ നിന്നോ?
നമ്മെക്കുറിച്ച് നമുക്കൊന്നും അറിയില്ലെന്നോ?

ജീവിക്കുന്നവനെ,ജീവിക്കാന്‍ പാടുപെടുന്നവനെ
നാം വെറുപ്പുകൊണ്ട് സ്നാനം
ചെയ്ത് വീക്ഷിക്കുന്നു.

എല്ലാ മനുഷ്യാസ്തിത്വങ്ങളെയും സഹിക്കാന്‍
പറ്റാത്ത വിധം നാമോരോരുത്തരും
ചുരുങ്ങിയിരിക്കുന്നു.

മരിക്കുന്നവന്,ഏതോനന്മയുടെ പങ്ക്
നാം പെട്ടെന്ന് എത്തിച്ച് കൊടുക്കും.
മരിക്കുന്നയാള്‍ ഒന്നും എടുക്കില്ലല്ലോ?
അവന്റെ നിസ്സ്വാര്‍ത്ഥതയിലാണ്
നമ്മുടെ കണ്ണ്.

നാം എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍
സ്നേഹിക്കും?

നീ
ആ‍ത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെ കിടന്ന ഒരുതുണ്ട് ഭൂമി,
ഞാനറിയാതെ കയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാന്‍ ഞാനിന്നും
അശക്തയാണ്.


ഉടമസ്ഥാവകാശം ചോദിക്കാന്‍
ഒരിക്കലും നീ വരരുത്.
കാരണം എന്റെ ആത്മാവുപോലും
പണയപ്പെട്ടതാണ്.


എനിയ്ക്ക് സ്വന്തം ഞാന്‍ പോലുമല്ല
എന്ന അറിവെന്നെ വേട്ടയാടപ്പെടുമ്പോള്‍
നിന്നെ ഞാനെവിടെയാണ്സ്വന്ത
മാക്കി വയ്ക്കേണ്ടത്?


ഓര്‍മ്മകള്‍
ഓര്‍മ്മപുസ്തകത്തിന്റെ താളുകള്‍
നിശ്വാസക്കാറ്റില്‍ ഒന്നൊന്നായി
മറിഞ്ഞുകൊണ്ടേയിരുന്നു.

കടലാസ്സിന്റെ ഓരത്തു ഞാനെഴുതിയ
കദനങ്ങളുടെ അക്കങ്ങള്‍
കണ്ണടച്ച് അക്കങ്ങളെ മറന്നു.
കാണാനാവാത്ത വിധം കണ്ണുനീര്‍ കൊണ്ട്
വിധിയും അവയെ മറച്ചുപിടിച്ചു.

തലോടിയറിയാന്‍ ശ്രമിച്ച വിരലുകള്‍
നഖക്ഷതം കൊണ്ട് വികൃതമാക്കിയ
പ്രണയത്തെ തെരഞ്ഞുപിടിക്കാന്‍
ശ്രമിച്ചുകൊണ്ടേയിരുന്നു.