Followers

Saturday, December 12, 2009

ക്രിസ്തുവില്ലാത്ത സഭ




m k chandrasekharan

ക്രിസ്തു അഭിഷിക്തനാകുന്നത്‌ അറിവ്‌ കൊണ്ടാണ്‌. അറിവിനെ ആയുധമാക്കിക്കൊണ്ട്‌ മറ്റുള്ളവരുടെ രക്ഷകനായി മാറാനും അവന്‌ കഴിയുന്നു. അറിവ്‌ ആത്മാവിന്റെ ജ്ഞാനമാണ്‌. മതപാഠശാലകളിൽ മുമ്പ്‌ അപ്പോസ്ഥലന്മാർ സംസാരിച്ചിരുന്നത്‌ ഈ ഉൾവെളിച്ചം നേടിക്കൊണ്ടാണ്‌. അവിടെയൊക്കെ ക്രിസ്തു ലോകരക്ഷകനായി മാറുകയായിരുന്നു. വിശ്വാസികൾ ക്രിസ്തുമതത്തെ ആശ്ലേഷിച്ചതു സംരക്ഷണവും സമാധാനവും പണിയെടുക്കാനുള്ള സ്വാതന്ത്രവും ലഭിക്കുമല്ലോ എന്ന വിശ്വാസത്തിലാണ്‌. ക്രിസ്തുമതം
എന്ന ലോകമെമ്പാടും വ്യാപിച്ചതും ഈ വിശ്വാസപ്രമാണങ്ങളുടെ അടിത്തറയിലൂടെയാണ്‌. പക്ഷേ - ഇന്ന്‌ -? മനുഷ്യനെ അന്വേഷിക്കുന്ന ക്രിസ്തുവിനെ ഇന്നെവിടെയെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ? ആഴം അളക്കുന്ന നിശബ്ദത പോലുള്ള ഒരന്വേഷണം - ആ അന്വേഷണമാണ്‌ ക്രിസ്തുമതമേധാവികളിൽ നഷ്ടമായത്‌. ക്രിസ്തുമതമേധാവികൾ ഇന്ന്‌ ഏറെ ശ്രമിക്കുന്നത്‌ ഉടയാടകളിലെ വർണ്ണപ്പൊലിമയും തിളക്കവും പിന്നെ ഉന്മാദ ഭക്ഷണവും ആണ്‌. ക്രിസ്തുവിന്റെ മണവാട്ടിയായി മാറേണ്ട സഭ ക്രിസ്തുവിൽ നിന്ന്‌ ഏറെ അകലെയാണ്‌. സ്ഥാപനവത്കരിക്കപ്പെട്ട മതത്തിൽ നിന്ന്‌ വിശ്വാസികളുടെ രക്ഷകനായി മാറേണ്ട ക്രിസ്തു, സ്വന്തം സുരക്ഷ തേടി ഓടിപ്പോയിരിക്കുന്നുവേന്നതല്ലേ, സത്യം.
ബൈബിൾ പ്രവാചകരായും മതപ്രഭാഷകരായും വന്ന ആദ്യകാല ക്രിസ്തു ശിഷ്യന്മാർ മനുഷ്യരുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന ക്രിസ്തുവിനെയാണ്‌ അവതരിപ്പിച്ചതു. അവന്റെ വചനങ്ങൾ രക്തവും മാംസം ജ്ഞാനവുമാണ്‌. അത്‌ ക്രിസ്തുവിന്റെ തന്നെ രക്തവും മാംസവുമാണ്‌. അറിവുള്ളവർ പകരുന്ന അറിവ്‌ മനുഷ്യരാശിക്ക്‌ പ്രയോജനം ചെയ്യുന്നതായതുകൊണ്ടാണ്‌, ലോകമെമ്പാടും ക്രിസ്തുവിന്റെ മാർഗ്ഗത്തിലേക്ക്‌ വിശ്വാസികളായി ധാരാളം പേർ വന്നതും.
ക്രിസ്തുവിന്റെ മണവാട്ടിയായ സഭയുടെ സുവിശേഷ പ്രവർത്തകരായി രംഗപ്രവേശം ചെയ്യുന്നവരുടെ ഉദ്ദേശ്യം നേരത്തെ ക്രിസ്തുശിഷ്യർ ഉദ്ദേശിച്ചതിൽ നിന്നും ആഗ്രഹിച്ചിതിൽ നിന്നും എത്രയോ ഭിന്നമാണ്‌. "നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കി മാറ്റും" ക്രിസ്തു തന്റെ ശിഷ്യരിൽ ഒരാളായ -മുക്കുവനായ പത്രോസിനോട്‌ പറഞ്ഞത്‌ എല്ലാ ശിഷ്യരോടുമായിട്ടുള്ള ആഹ്വാനമായിരുന്നു. നിരക്ഷരും അജ്ഞാനികളും ദരിദ്രരുമായ ജനസമൂഹത്തെ, നന്മയുടെയും കാരുണ്യത്തിന്റെയും പ്രകാശരേണുക്കൾ ചൊരിഞ്ഞ്‌ അവരെ വിശ്വാസത്തിന്റെ പാതയിലേയ്ക്ക്‌ കൊണ്ടുവരുന്ന വലിയ പ്രവാചകാരാക്കി മാറ്റുമെന്നാണ്‌ ക്രിസ്തുവിന്റെ വിളംബരം. പക്ഷേ ജനസമൂഹത്തിലെ സമ്പട്‌ വ്യവസ്ഥയിൽ അത്യുന്നതങ്ങളിൽ കഴിയുന്ന 'വലിയ' വരെ കണ്ടെത്തുന്ന ജോലിയാണ്‌, സഭ ഇന്ന ചെയ്യുന്നത്‌. സമൂഹത്തിൽ ഉന്നതസ്ഥാനീയരായവർ - അവർ ധനാഢ്യരും അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുള്ളവരുമാകണം. അവരെയാണ്‌ സഭയ്ക്കാവശ്യം. അറിവോ, നന്മയുടെ അംഗങ്ങളോ കാരുണ്യപ്രവർത്തനങ്ങളോ ഉണ്ടാകണമെന്ന്‌ നിർബന്ധമില്ല, പാഠശാലകളിലും ആതുര ശുശ്രൂഷാരംഗത്തും (സഭയുടെ നിയന്ത്രണത്തിലുള്ളവ) ഇങ്ങനെയുള്ള ഉന്നത സ്ഥാനീയരെ കണ്ടെത്തി. തലപ്പത്ത്‌ കൊണ്ടിരുത്തുന്നതിന്‌ സഭയ്ക്ക്‌ ഒരൊറ്റ ഉദ്ദേശ്യമേ ഉള്ളു. ആർഭാടവും വർണ്ണപ്പൊലിമയും തിളക്കവും നിറഞ്ഞ ഉടയാടകളും, ഉപചാരങ്ങളിൽ ഉന്മാദം പകരുന്ന ഭക്ഷണവും - ഇവ നൽകാൻ കഴിയുള്ളവർ - അവരെക്കൊണ്ടാണ്‌ സഭയ്ക്ക്‌ പ്രയോജനം. അതിന്റെ പരിണിതഫലമാണ്‌ ഇന്ന്‌ സഭയുടെ നിയന്ത്രണത്തിലുള്ള കലാശാലകളിലും ആതുരശുശ്രൂഷാരംഗത്തും നടമാടുന്നത്‌. സഭയിലെ ഉത്തമവിശ്വാസിയായാലും അവന്റെ കുഞ്ഞിന്‌ കലാശാലകളിൽ നേഴ്സറി തലത്തിൽ തന്നെ പണം മുടക്കാൻ തയ്യാറായാലേ പ്രവേശനം തരപ്പെടുകയുള്ളു. പ്രോഫഷണൽ കോളേജുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷകളിൽ സ്തുതർഹ്യമായ വിജയം കരസ്ഥമാക്കിയാൽ പോലും കൂടിക്കാഴ്ചാ സമയത്ത്‌ പിന്നോക്കം തള്ളപ്പെടുന്നത്‌ സമ്പാദ്യമുള്ളവനല്ല എന്നറിയുന്നതുകൊണ്ടാണ്‌, നീതിന്യായ വ്യവസ്ഥകളെ അഭയം പ്രാപിക്കുന്നവർക്ക്‌ പരിരക്ഷ കിട്ടാൻ കാലതാമസമെടുക്കുമെന്നതിനാൽ ഇപ്രകാരം പിൻതള്ളപ്പെടുന്നു അർഹരായ വളരെ ചുരുക്കം പേരേ - അങ്ങനൊരു സാഹസത്തിനൊരുമ്പെടുകയുള്ളു. ഭീമമായ തുക മുടക്കി ആതുരശുശ്രുഷാ രംഗത്തെ ഉന്നത കലാലയങ്ങളിൽ പ്രവേശനം തരപ്പെടുത്തുന്നവർ, പിന്നീട്‌ ഭിഷഗ്വരരായി പുറത്ത്‌ വരുമ്പോൾ, ജാതിമതഭേദമെന്യേ രോഗികളായി വരുന്നവരിൽ നിന്നും മുടക്കിയ തുക ഈടാക്കാനുള്ള മാർഗ്ഗമേ നോക്കുകയുള്ളു. ഇത്‌ സഭയുടെ എന്നല്ല, സമൂഹത്തിന്റെ എല്ലാതലങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഉയർന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസവും ജനങ്ങൾക്ക്‌ ലഭിക്കാനിടയാക്കിയത്‌ അന്നത്തെ സഭയിലെ മിഷണിമാരുടെ നിസ്വാർത്ഥവും ആത്മാർത്ഥതയും നിറഞ്ഞ പ്രവർത്തനം കൊണ്ടാണ്‌. അന്നൊക്കെ ക്രിസ്തു ജനങ്ങളുടെ ഇടയിലേയ്ക്ക്‌ ഇറങ്ങിച്ചെല്ലുന്ന രക്ഷകനായിരുന്നു. വിശ്വാസികൾക്ക്‌, സഭ തുണയും സംരക്ഷണവും നൽകുന്നു വലിയൊരടിത്തറയായിരുന്നു. കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌, വിശ്വാസികളുടെ ഇടയിൽ നിന്നും സഭ അകന്നത്‌. ഈ അപചയം മറ്റു മതങ്ങളിലും പ്രകടമായിക്കാണാം. ഇതൊക്കെ കണ്ട്‌ സഹികെട്ട ഒരു സന്മാർഗ്ഗോപദേശി ഒരിക്കൽ പറഞ്ഞ വാചകം ഓർമ്മയിൽ വരുന്നു: "ഇരുത്തം വന്ന പിശാചുകൾ ബൈബിൾ വായിച്ച്‌ വിനോദിക്കാൻ തുടങ്ങിയാൽ, ദൈവം അവിടെ നിന്നൊളിച്ചോടും'. ക്രൂശിതനാവുന്നതിന്‌ മുന്നേ തന്നെ ക്രിസ്തു തന്റെ ശിഷ്യരോട്‌ പറയുന്നുണ്ട്‌. മൂന്ന്‌ ദിവസത്തിന്‌ ശേഷം ഞാൻ ഉയത്തെഴുന്നേൽക്കുമെന്ന്‌. മൂന്ന്‌ ദിവസത്തിന്‌ ശേഷമുള്ള ഉയർത്തെഴുന്നേൽപ്‌ എന്ന്‌ വ്യക്തമാകുന്നത്‌, അനുഗ്രഹം, പ്രവൃത്തി, വിരക്തി എന്നീ മൂന്ന്‌ വ്യവസ്ഥകൾ തരണം ചെയ്യുന്നതിനുള്ള അവസരം നൽകുന്നുവേന്നതാണ്‌. പക്ഷേ, ക്രിസ്തു ഉയർത്തെഴുന്നേറ്റോ എന്ന 'സംശയം' തീർത്ത 'തോമസ്‌' അന്ന്‌ ഒന്നേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല, തന്റെ തെറ്റ്‌ ബോദ്ധ്യപ്പെട്ട ആ ശിഷ്യൻ പശ്ചാത്തപിക്കുകയും ചെയ്തു. എന്നും 'സംശയം' മാത്രം കൈമുതലാക്കിയ ശിഷ്യരുടെ വേഷമണിഞ്ഞവരാണ്‌ ഇന്ന്‌ സഭയുടെ തലപ്പത്ത്‌ വിളയാടുന്നത്‌. സംശയംവേണ്ട, ഇന്ന്‌ ക്രിസ്തു അവരോടൊപ്പമില്ല.