Followers

Showing posts with label subaida mehdi. Show all posts
Showing posts with label subaida mehdi. Show all posts

Monday, August 3, 2009

ഇരുളിന്‍റെ ലോകത്തെ പൊന്‍വെളിച്ചം-സുബൈദ മഹ്ദി






ജനിച്ചു വീണപ്പോള്‍ ആരോഗ്യവും ചന്തവുമുള്ള ഒരു കുഞ്ഞായിരുന്നു അവള്‍.
ഓമനത്തം തുളുമ്പുന്ന ഒരു ചുണക്കുട്ടിയായി അവള്‍ വളര്‍ന്നു. വെളുത്തു
തുടുത്ത ആ കുഞ്ഞിക്കവിളുകളില്‍ വാത്സല്യപൂര്‍വ്വം ഒരുമ്മ നല്‍കാന്‍ ആരും
കൊതിച്ചുപോകും

. ആയിരത്തി എണ്ണൂറ്റി എണ്‍പതിലായിരുന്നു അവളുടെ ജനനം. അമേരിക്കയിലെ അലബാമ
സ്റ്റേറ്റില്‍


അവള്‍ക്ക്‌ രണ്ടു വയസ്സു പ്രായമായി. അമ്മയുടെ വസ്ത്രത്തില്‍ തൂങ്ങി
തൊടിയിലൊക്കെ പിച്ചവച്ചു നടക്കുമ്പോള്‍ ഒരരികില്‍ മാറിനിന്ന്‌ അവളുടെ
പിതാവ്‌ ആ കാഴ്ച കണ്ട്‌ ആനന്ദിക്കുമായിരുന്നു.

അന്നൊരു ദിവസം നേരം പുലര്‍ന്നിട്ടും അവള്‍ ഉറക്കമുണര്‍ന്നില്ല. സാധാരണ
രാവിലെ തന്നെ ഉണരുകയും അമ്മയെ തട്ടിയുണര്‍ത്തുകയുമായിരുന്നു അവളുടെ
പതിവ്‌. ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്താതെ തന്നെ ആ അമ്മ , തന്‍റെ
കുരുന്നിന്‍റെ നെറ്റിയില്‍ മെല്ലെയൊന്നു തലോടി. അവര്‍ ഞെട്ടി. പൊള്ളുന്ന
ചൂട്‌. കുലുക്കി വിളിച്ചിട്ടും ഉണരാതെ ബോധമറ്റു കിടക്കുന്നതുപോലെ.


പെട്ടെന്ന്‌ അവളെ അടുത്തുള്ള ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. അപ്പോഴും
കുഞ്ഞിന്‌ പ്രജ്ഞയുണ്ടായിരുന്നില്ല. പരിശോധനയില്‍ തെളിഞ്ഞത്‌
ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയായിരുന്നു. മെനഞ്ചെറ്റിസ്‌ - മസ്തിഷ്ക്ക
ജ്വരം.-ആണ്‌ അവള്‍ക്ക്‌ പിടിപെട്ടിരിക്കുന്നത്‌.


വിദഗ്ദ്ധ ചികിത്സ നല്‍കപ്പെട്ടു. .കുറേ ദിവസങ്ങള്‍ ആശുപത്രികിടക്കയില്‍
കഴിഞ്ഞു. ചികിത്സ കഴിഞ്ഞ്‌ രോഗം ഒട്ടൊക്കെ ഭേദമായി. അപ്പോഴാണ്‌
നടുക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം കൂടി പുറത്തു വന്നത്‌. രോഗം
ഭേദമായെങ്കിലും ആ മാരകാവസ്ഥയില്‍ നിന്നുള്ള തിരിച്ചുവരവിനിടെ കാഴ്ചയും ,
കേള്‍വിയും അവള്‍ക്കു പൂര്‍ണ്ണമായി
നഷ്‌ടപ്പെട്ടിരിക്കുന്നു..മെനെഞ്ചെറ്റിസ്‌ രോഗത്തിന്‍റെ പാര്‍ശ്വഫലം.


കാഴ്ചയില്ലാതെ ,കാതു കേള്‍ക്കാതെ , അവള്‍ വളര്‍ന്നു. അന്നു മുതല്‍
അച്ഛനമ്മമാരെ സ്വന്തം കണ്ണു കൊണ്ട്‌ കാണാനവള്‍ക്കു ഭാഗ്യമുണ്ടായില്ല.
പ്രപഞ്ചത്തിന്‍റെ സൌന്ദര്യം ഒരണുവോളം കണ്ടാസ്വദിക്കാനും അവള്‍ക്കു
കഴിഞ്ഞില്ല. എല്ലാ അര്‍ത്ഥത്തിലും അവളുടെ ലോകം ഇരുളടഞ്ഞതായി.



കണ്ണും കാതും ശൈശവാവസ്ഥയിലേ നഷ്‌ടപ്പെട്ടാല്‍ പിന്നെ സംസാരശേഷിക്കുള്ള
സാദ്ധ്യതയെവിടെ. പ്രകൃതിയുടെ ശബ്ദങ്ങളേയും വാക്കുകളേയും കണ്ടും കേട്ടും
ആണല്ലൊ നാമോരോരുത്തരും സംസാരഭാഷ പഠിക്കുന്നത്‌. കുട്ടിക്കാലത്തു തന്നെ
അന്ധ ബധിരത ബാധിക്കുന്നവര്‍ മൂകരുമായിത്തീരുന്നത്‌ അങ്ങനെയാണ്‌.
മറ്റുള്ളവരുമായി ആശയസംവേദനം നടത്താനുള്ള സാധ്യത നിശ്ശേഷം
നിഷേധിക്കപ്പെട്ട അവളുടെ കൊച്ചുജീവിതം തികച്ചും ദു:ഖപൂര്‍ണ്ണമായിരുന്നു.


വേദനയിലും നിരാശയിലുമായി ആ മാതാപിതാക്കള്‍ ജീവിതം തള്ളിനീക്കി. മകളെ
രണ്ടക്ഷരം പഠിപ്പിക്കാന്‍ കഴിയുന്നില്ല എന്നത്‌ ഇതിനകം അവരുടെ ഒരു
സ്വകാര്യദു:ഖമായി മാറിക്കഴിഞ്ഞിരുന്നു. അച്ഛനമ്മമാരുടെ മനസ്സില്‍ അതൊരു
തീക്കനലായി നീറി നിന്നു. വര്‍ഷങ്ങള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.
അവള്‍ക്കു ഏഴു വയസ്സായി. തപ്പിതടഞ്ഞ്‌ ,ചുറ്റുമുള്ള വസ്തുക്കളുടെ
സ്പര്‍ശനം കൊണ്ടുമാത്രം സ്ഥലകാല ഭേദം മനസ്സിലാക്കാനുള്ള ശ്രമവുമായി,
തികച്ചും ഒറ്റപ്പെട്ട്‌ തന്‍റേതായ ഒരു സ്വകാര്യലോകത്ത്‌ അവള്‍ ജീവിച്ചു.


ഒരിക്കല്‍ ഒരു സ്ത്രീ ആ വീട്ടിനുള്ളില്‍ കയറി വന്നു. അവരൊരു
അദ്ധ്യാപികയായിരുന്നു. അവരെത്തിയത്‌ തന്നെ പഠിപ്പിക്കാനാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു. അത്‌ മനസ്സിലാക്കാന്‍ ആ പിഞ്ചു കുഞ്ഞിന്‌
കഴിയുമായിരുന്നില്ലല്ലൊ.

തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു അതെന്ന്‌ അവള്‍
പിന്നീടറിഞ്ഞു.


ആയിരത്തി എണ്ണൂറ്റി എണ്‍പത്തേഴ്‌ മാര്‍ച്ച്‌ മാസം മൂന്നാം
തീയതിയായിരുന്നു ആ സംഭവം. ഇന്നേക്ക്‌ ഒരു നൂറ്റാണ്ടും ഇരുപത്തി രണ്ടു
വര്‍ഷവും മുമ്പ്‌.


അറിയപ്പെടാത്ത ഏതോ ചിന്തകളില്‍ മുഴുകി സാധാരണയെന്നപോലെ വീടിന്‍റെ
ഉമ്മറപ്പടിയില്‍ അവളിരിക്കുകയായിരുന്നു. ഭംഗിയുള്ള സ്വപ്നങ്ങള്‍
നെയ്‌തുകൂട്ടാന്‍ അവള്‍ക്കൊരിക്കലും ഭാഗ്യമുണ്ടായിരുന്നില്ല.
പ്രപഞ്ചത്തിലെ ഒന്നിനേപ്പറ്റിയും അവള്‍ക്കറിയില്ലല്ലൊ. ശബ്ദവും
വെളിച്ചവുമൊന്നും. പിന്നെയെങ്ങിനെ അവയെക്കുറിച്ച്‌ സ്വപ്നം കാണും.


അവിസ്മരണീയമായ ആ ദിവസത്തിന്‍റെ പ്രത്യേകത പിന്നീട്‌ പലപ്പോഴും അവള്‍
ഓര്‍മ്മയില്‍ സൂക്ഷിച്ചു വച്ചിരുന്നു. അസാധാരണമായ എന്തോ ഒന്ന്‌
സംഭവിക്കുവാന്‍ പോകുന്നുവെന്ന ചിന്ത ആ കുഞ്ഞു മനസ്സില്‍ ഒരു വെളിപാടുപോലെ
പരന്നു നിന്നു. സ്വന്തം ഭാവി എന്തെന്നുള്ള ഒരു രൂപവും അവളില്‍
അപ്പോഴുണ്ടായിരുന്നുല്ല. കൂരിരുട്ടിന്‍റേതായിരുന്നു ഓരോ നിമിഷവും. തന്‍റെ
വിധിയെ പഴിച്ച്‌ , നിര്‍ഭാഗ്യാവസ്ഥയെ ഓര്‍ത്ത്‌ മനസ്സില്‍
ഇരമ്പിക്കയറുന്ന കോപവും താപവും നിയന്ത്രിക്കാന്‍ ശ്രമിച്ച്‌ അവളിങ്ങനെ
കഴിയുമ്പോഴാണ്‌ അദ്ധ്യാപികയുടെ വരവ്‌. ഇതിനകം വൈകാരികമായ തീവ്രസംഘര്‍ഷം ആ
കുഞ്ഞു മനസ്സിന്‍റെ താളം തെറ്റിക്കാന്‍ പോന്ന തരത്തില്‍ അവളെ എത്തിച്ചു.
കഴിഞ്ഞിരുന്നു. പ്രതീക്ഷയുടെ ഒരു പിടി വള്ളിപോലെ ആ ഗുരുനാഥ അവള്‍ക്കു
മുമ്പില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.



തന്‍റെ ഇളം മനസ്സിന്‍റെ ഉള്ളറകളില്‍ അജ്ഞാതമായ ഏതോ പ്രതീക്ഷയുടെ
കിരണങ്ങള്‍ വാരി വിതറപ്പെട്ടതുപോലെ അവള്‍ക്കു തോന്നി. ആ കുരുന്നുമുത്ത്‌
ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

"ദൈവമേ! നീ എന്‍റെ ഉള്ളില്‍ വെളിച്ചം തരേണമേ. എനിക്കെന്‍റെ അച്ഛനേയും
അമ്മയേയും ഈ പ്രപഞ്ചത്തെയാകേയും പ്രകൃതിയിലെ സൌന്ദര്യമൊക്കെയും കാണാന്‍
കൊതിയാവുന്നു. അതിനു കഴിയും വിധം നീയെനിക്കു ഭാഗ്യം നല്‍കേണമെ...... "


വാക്കുകളില്ലാത്ത ആ ആത്മരോദനം ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെട്ടെന്നോണം
ആ ഗുരുനാഥ അവളുടെ കുഞ്ഞിക്കൈ പിടിച്ച്‌ അരികില്‍ ചേര്‍ത്തു നിര്‍ത്തി
ആശ്ളേഷിച്ചു. ആരുടേതാണ്‌ ആ അപരിചിത കരങ്ങളെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു. അത്‌ സ്വന്തം അമ്മയുടേതല്ലെന്നു മാത്രം
അവളറിഞ്ഞു. അമ്മയുടെ കരസ്പര്‍ശം അവള്‍ക്കു സുപരിചിതമായിരുന്നു..



ഗുരുനാഥയുടെ ആലിംഗനത്തിലൂടെ ജീവിതത്തിലാദ്യമായി അവള്‍ ഒരന്യസ്ത്രീയുടെ
സ്നേഹത്തിന്‍റെ ഊഷ്‌മളത ആസ്വദിക്കുകയായിരുന്നു. അവര്‍ സ്വന്തം
അരികിലേക്ക്‌ അണയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയമറിയാതെ അവരുടെ
അടുത്തേക്ക്‌ അവള്‍ ചേര്‍ന്നു നിന്നു.


അന്ന്‌ ആ അദ്ധ്യാപിക മടങ്ങിപ്പോയി. പിറ്റേ ദിവസം അവര്‍ വീണ്ടുമെത്തി.
അവരുടെ പക്കല്‍ ഒരു കടലാസ്സു പാക്കറ്റുണ്ടായിരുന്നു. അവരതു മെല്ലെ
തുറന്നു. ഇതൊന്നു മറിയാതെ മിഴിച്ചു നില്‍ക്കുകയായിരുന്നു തൊട്ടരികിലവള്‍.

ആ കുഞ്ഞു കരങ്ങളിലേക്ക്‌ പൊതിയഴിച്ച്‌ പുറത്തെടുത്ത വസ്തു അദ്ധ്യാപിക
വച്ചു കൊടുത്തു. അവളതിനെ തലോടി. അതിന്‍റെ രൂപം മനസ്സിലാക്കാനൊരു ശ്രമം
നടത്തി. അതെന്താണെന്ന്‌ അവള്‍ക്ക്‌ പിടി കിട്ടിയില്ല. ഇന്നോളം
അത്തരമൊന്ന്‌ കൈക്കൊണ്ട്‌ അവള്‍ തൊട്ടറിഞ്ഞിട്ടില്ല.


ഗുരുനാഥ, ആ കുരുന്നിന്‍റെ വിടര്‍ന്ന കൊച്ചു കൈത്തലത്തില്‍ തന്‍റെ
വിരല്‍ത്തുമ്പു കൊണ്ട്‌ മൂന്നക്ഷരങ്ങള്‍ എഴുതി. ഹെച്ച്‌.എ.ടി-ഹാറ്റ്‌
എന്ന്‌.. കൈവെള്ളയില്‍ ആ അദ്ധ്യാപിക കോറിയിട്ട അക്ഷരങ്ങള്‍ എന്തെന്ന്‌
അവള്‍ക്ക്‌ മനസ്സിലായില്ല. സ്പര്‍ശനത്തിലൂടെ തന്‍റെ കൈയ്യിലിരിക്കുന്ന
വസ്തുവെന്തെന്ന്‌ ഗ്രഹിക്കാന്‍ അവള്‍ ശ്രമിച്ചു. ആ ശ്രമം പലവട്ടം
ആവര്‍ത്തിച്ചപ്പോള്‍ ആ അക്ഷരങ്ങള്‍ മനസ്സില്‍ രേഖപ്പെടുത്താനും അവള്‍ക്കു
കഴിഞ്ഞു. അങ്ങിനെ തന്‍റെ കൈയ്യിലിരിക്കുന്ന വസ്തു ഒരു തൊപ്പിയാണെന്ന്‌
അവളാദ്യമായി പഠിച്ചു.ആ കുഞ്ഞു മനസ്സില്‍ ആദ്യമായി പതിഞ്ഞ വസ്തു, ഒരു
കൊച്ചു ഹാറ്റ്‌ ആയിരുന്നു.


താന്‍ പഠിച്ച ആദ്യവാക്കുകള്‍ , അവള്‍ക്കേറ്റവും അമൂല്യമായി തോന്നിയ
അറിവുമായി തന്‍റെ അമ്മയുടെ അടുക്കലേക്ക്‌ അവള്‍ നീങ്ങി. ആ അദ്ധ്യാപിക
വാത്സല്യപൂര്‍വ്വം അവളുടെ തലയില്‍ തന്നെ ഉറപ്പിച്ചുകൊടുത്ത ആ ഹാറ്റ്‌ ഒരു
കൈകൊണ്ട്‌ അമര്‍ത്തിപിടിച്ച്‌ തന്‍റെ ആദ്യവിജ്ഞാനം ആംഗ്യം
കൊണ്ടറിയിക്കാനുള്ള വെമ്പലോടെ അവള്‍ അമ്മയുടെ അടുത്തേക്ക്‌
തപ്പിതടഞ്ഞെത്തി. ആ രംഗം കണ്ട്‌ ആ അമ്മ കോരിത്തരിച്ചു നിന്നു.



അങ്ങനെ ,ഭൂമിയിലെ ഓരോ വസ്തുക്കളേയും തന്‍റെ വിരല്‍ത്തുമ്പിലൂടെ അവള്‍
പരിചയപ്പെട്ടു. അവ ഓരോന്നിനേയും പരസ്പരം വേര്‍തിരിച്ചറിയാന്‍
ശ്രമിക്കുകയും അവയുടെ പേരിന്‍റെ അക്ഷരങ്ങള്‍ കൈവെള്ളയില്‍ രേഖപ്പെടുത്തി
മനസ്സിലുറപ്പിക്കുകയും ചെയ്‌തു.

അവളെ ഏറ്റവും വിഷമിപ്പിച്ച രണ്ടു പദങ്ങള്‍ , ബാറ്റും ബോളുമായിരുന്നു.അവ
തമ്മില്‍ തിരിച്ചറിയാനായിരുന്നു അവള്‍ നന്നേ ബുദ്ധിമുട്ടിയത്‌.
അക്ഷരങ്ങളില്‍ക്കൂടി അവള്‍- ആ രണ്ടു വാക്കും പഠിച്ചുവെങ്കിലും ഏതാണ്‌
ബാറ്റ്‌ ഏതാണ്‌ ബോള്‍ എന്ന്‌ വേര്‍തിരിച്ചറിയാന്‍ അവള്‍ നന്നേ
ബുദ്ധിമുട്ടി.


ക്രമേണ ചെറിയ പദങ്ങള്‍ ഓരോന്നായി മെല്ലെ മെല്ലെ അവള്‍ ഹൃദിസ്ഥമാക്കി.
എന്നിട്ട്‌ ആ വാക്കുകള്‍ ക്ഷമാപൂര്‍വ്വം മനസ്സില്‍ രേഖപ്പെടുത്താനും
അവള്‍ ശ്രമിച്ചു.

ഇരിക്കുക, എഴുന്നേല്‍ക്കുക, നടക്കുക തുടങ്ങിയ ക്രിയാപദങ്ങളിലൂടെ അവയുടെ
പ്രവര്‍ത്തികളും അവള്‍ തന്‍റെ കുഞ്ഞുമനസ്സില്‍ കോറിയിട്ടു.


ഭൂമി എന്നൊന്നുണ്ടെന്നും , ഈ ഭൂമിയിലെ ഓരോ വസ്തുക്കള്‍ക്കും പ്രത്യേകം
പ്രത്യേകം പേരുകളുണ്ടെന്നും അവള്‍ തിരിച്ചറിഞ്ഞു. ആ അറിവ്‌ അത്തരം
നാമങ്ങളിലൂടെ ഒരു പുതിയ ചിന്തയിലേക്ക്‌ നയിച്ചു. പിതാവ്‌, മാതാവ്‌
സഹോദരന്‍ സഹോദരി. എന്നീ കുടുംബ വ്യക്തികളേയും തിരിച്ചറിയാന്‍ അവള്‍ക്കു
കഴിഞ്ഞു. പുതിയ ഒരു ലോകം ,അന്ധയും ബധിരയുമായ അവളുടെ മുമ്പില്‍
വിടരുകയായിരുന്നു. ഓരോ നിമിഷം കഴിയുന്തോറും ദിവസങ്ങളും, മാസങ്ങളും
വര്‍ഷങ്ങളും പിന്നിടുമ്പോഴും പുതിയ പുതിയ വിജ്ഞാനങ്ങള്‍ അവളില്‍
തളിര്‍ക്കുകയും പുഷ്‌പ്പിക്കുകയും ചെയ്‌തു. ഈ അവസ്ഥ ആ കുഞ്ഞുമനസ്സില്‍
സന്തോഷവും സംതൃപ്തിയും വിടര്‍ത്തി. അവളുടെ ജീവിതം പ്രകാശപൂരിതമാകുവാന്‍
തുടങ്ങി. അനല്‍പ്പമായ ശാരീരിക വൈകല്യങ്ങളില്‍ നിന്നും സ്വന്തം കഴിവും
പ്രയത്‌നവും കൊണ്ട്‌ സ്വയം ഉയിര്‍ത്തെഴുന്നേറ്റ്‌ ഇന്നോളം ലോകത്താരും
നേടാത്ത ഉയരങ്ങളിലെത്തിയ ആ മഹതി ആരാണെന്നറിയാമോ?
ലോകപ്രശസ്തയായിത്തീര്‍ന്ന 'ഹെലന്‍കെല്ലര്‍' ആയിരുന്നു അവര്‍. സ്വന്തം
ശാരീരിക ദൌര്‍ബ്ബല്യം ആ സ്ത്രീയെ ഒട്ടും തളര്‍ത്തിയില്ല. ശുഭപ്രതീക്ഷയോടെ
, അതിരു കവിഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ വിദ്യാഭ്യാസം നേടി.
പ്രസിദ്ധമായ ഒരു സര്‍വ്വകലാശാലയില്‍ നിന്നും പ്രശസ്തമായ നിലയില്‍ ബിരുദം
സമ്പാദിച്ചു. തന്‍റെ ജീവിതകാലം മുഴുവന്‍ അന്ധരേയും ബധിരരേയും
പഠിപ്പിക്കുന്നതിനും അവരുടെ ഉന്നമനത്തിനും വേണ്ടി ചിലവഴിച്ചു. അതിനായി
സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വച്ചു. ശാരീരിക പരാധീനത തെല്ലും
വകവെയ്ക്കാതെ , പരിമിതികള്‍ക്കപ്പുറത്തേക്ക്‌ കടക്കാനുള്ള ശ്രമമെന്ന
നിലയില്‍ ലോകത്തെമ്പാടും അവര്‍ സഞ്ചരിച്ചു. നിരവധി സംഘടനകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും അവര്‍ രൂപം കൊടുത്തു.



ഇന്ന്‌ നിലവിലുള്ളതില്‍ ഏറ്റവും നിഷ്‌പക്ഷവും , നീതിപൂര്‍വ്വകവുമായി
നല്‍കപ്പെടുന്ന ലോകത്തെ ഏറ്റവും ഉന്നതമായ പുരസ്ക്കാരം , നോബല്‍സമ്മാനം,
എത്രയോ പൂര്‍ണ്ണമായ നിലയില്‍ അര്‍ഹിച്ചിരുന്നിട്ടും ഹെലന്‍കെല്ലര്‍ക്ക്‌
ലഭ്യമായില്ല എന്നത്‌ ലോകം മുഴുവന്‍ ഇന്നും ഖേദത്തോടെ ഓര്‍ക്കുന്നു.
എന്നാല്‍ അവരുടെ പേരില്‍ ഇന്ന്‌ വളരെ വലിയൊരു അവാര്‍ഡ്‌
നല്‍കപ്പെടുന്നുണ്ട്‌. 'ഹെലന്‍ കെല്ലര്‍" സമ്മാനം . ഇത്‌ ലോകമൊട്ടാകെ
അന്ധ മൂക ബധിരര്‍ക്കു വേണ്ടി ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തനം- കാഴ്ച
വെക്കുന്ന സേവന നിരതര്‍ക്കാണ്‌ നല്‍കപ്പെടുന്നത്‌.



അവര്‍ ഒരിക്കല്‍ ലോകത്തോട്‌ വിളിച്ചു പറഞ്ഞു. വിജ്ഞാനം എന്നത്‌ സ്നേഹവും
വെളിച്ചവും ദര്‍ശനവുമാകുന്നു. വിധിയെ ഒരിക്കലും പഴിക്കരുതെന്നും ജീവിതം
അങ്ങിനെ വൃഥാവിലാക്കാനല്ല ശ്രമിക്കേണ്ടതെന്നും അവര്‍ നമ്മെ പഠിപ്പിച്ചു.
ഏത്‌ ഭയാനക ദു:സ്ഥിതിയേയും വിപരീതാനുഭവങ്ങളേയും സ്ഥിരോത്സാഹത്തോടെ ,
ശുഭാപ്തി വിശ്വാസത്തോടെ നേരിടണമെന്നും അവര്‍ സ്വജീവിതാനുഭവങ്ങളിലൂടെ
കാണിച്ചു തരികയും ചെയ്‌തു. സ്വന്തം ജീവിതത്തിലെ അതീവ ദൌര്‍ഭാഗ്യകരമായ
ദുരന്തഭാവത്തെ സ്വപ്രയത്‌നം കൊണ്ട്‌ കീഴടക്കി , മഹത്തായ ഒരു
വിജയഗാഥയാക്കി മാറ്റിയ ഹെലന്‍കെല്ലര്‍ മരിച്ചിട്ട്‌ നാല്‍പ്പത്താറു
വര്‍ഷം തികയുന്നു. അവര്‍ നമുക്കെന്നും അവിസ്‌മരണീയമായ പ്രചോദനമാണ്‌. ,
ഉദാത്തമാതൃകയും