Followers

Showing posts with label reeni mambalam. Show all posts
Showing posts with label reeni mambalam. Show all posts

Sunday, January 2, 2011

കറുത്ത കുപ്പായക്കാരന്‍



reeni mambalam




"എന്നെയും കൂടി കൊണ്ടുപോകില്ലേ?"

എന്റെ ചോദ്യം ഗൗനിക്കാതെ നടന്നകന്ന അവന്‍ കറുത്തനിറമുള്ള കുപ്പായം ധരിച്ചിരുന്നു. കയ്യിലുണ്ടായിരുന്ന റാന്തല്‍ വിളക്കിന്‌ കറുത്തനിറമായിരുന്നു. ഇരുട്ടിനെ നക്കുന്ന തീനാളത്തില്‍നിന്നും പുളഞ്ഞുയരുന്ന കറുത്തപുക. ഞാന്‍ ഈയിടെയായി അവനെ കൂടുതല്‍ ശ്രദ്ധിക്കുന്നു.

പട്ടികള്‍ ഓലിയിടുന്ന ശബ്ദം.

ഹൃദയം നീറുന്നു, കൂര്‍ത്തനഖങ്ങള്‍കൊണ്ട്‌ ആരോ മാന്തിയതുപോലെ. ഇളം മനസ്സിന്റെ വാക്കുകള്‍ ഇത്രയും പൊള്ളലേല്‍പ്പിക്കുമെന്ന് അറിഞ്ഞിരുന്നില്ല. ഇത്‌ അമേരിക്കയാണ്‌. ഇവിടെ വാക്കുകളില്‍ സ്നേഹം വിളക്കുകൊളുത്തുന്നതിലേറെ അമ്പുകളായി വേദനിപ്പിക്കുകയാണ്‌.

മുന്നില്‍, മാറിനടക്കുവാന്‍ കൈവഴികളില്ലാത്ത അടഞ്ഞപാത. വായിച്ചുമടുത്തൊരു പുസ്തകമായി എന്റെ ജീവിതം വഴിയോരത്ത്‌ കമഴ്‌ന്നുകിടക്കുന്നു, കാറ്റിനുപോലും താളുകള്‍ മറിക്കുവാനാവാതെ..

കാര്‍മേഘങ്ങള്‍ മാറി ചന്ദ്രക്കലതെളിഞ്ഞപ്പോള്‍ ഞാന്‍ വിളക്കണച്ച്‌ കിടന്നു. എന്നെ ഉറക്കുവാന്‍ അമ്മ പറഞ്ഞുതന്ന അമ്പിളിയമ്മാവനെക്കുറിച്ചുള്ള രാക്കഥകള്‍ ഓര്‍ത്തു. എന്നോടൊരു ആശ്വാസവാക്കുപോലും പറയാതെ, ഏതോ അപരിചിതമായൊരു ലോകത്തേക്ക്‌ പോയ അമ്മയെക്കുറിച്ച്‌ ചിന്തിച്ചുറങ്ങി.

" എമേര്‍ജെന്‍സിറൂമിലേക്ക്‌ വേഗമൊന്നു വരുമോ, ഉണ്ണി ആള്‍മോസ്റ്റ്‌ ...." പ്രിയപ്പെട്ടസുഹൃത്തിന്റെ തേങ്ങലില്‍ പൊട്ടിപ്പിളര്‍ന്ന ശബ്ദം ഫോണിലൂടെ.

മുഴുമിക്കാനാവാഞ്ഞവാക്കുകള്‍ ഉറക്കത്തെ മുറിച്ചു.

എമേര്‍ജെന്‍സിറൂമില്‍ താളംതെറ്റിയഹൃദയമിടിപ്പുമായി ജീവന്‍വാര്‍ന്നുപോവുന്ന ശരീരം മനസ്സില്‍ കണ്ടു.

കാര്‍ ഹൈവേയില്‍ കയറിയപ്പോള്‍ ഇരുപത്തിനാലുമണിക്കൂറും തുറന്നിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ വിളക്കുകാലിനരുകില്‍ അവനെ നോക്കി. അശ്രദ്ധമായി ഓടിക്കുന്ന കാറുകളിലെത്തുന്ന ഇരകളെത്തേടി അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. അവനെ കണ്ടില്ല. കാറിന്റെ ഗ്ലാസ്സുകള്‍ പൊങ്ങിയിരുന്നിട്ടും മരണത്തിന്റെ മണം വന്നുനിറയുന്നു. ഓര്‍മ്മകളില്‍ അതിന്‌ കുന്തിരുക്കത്തിന്റെയും റീത്തുകളിലെ പൂക്കളുടെയും മണമായിരുന്നു, അമേരിക്കയിലെ ശീതീകരിച്ച ഫ്യൂണറല്‍ഹോമുകളില്‍ ഈ മണങ്ങള്‍ അന്യമാണെങ്കിലും.

ആശുപത്രിച്ചുവരുകളുടെ പുറകിലൊളിച്ച്‌ അവന്‍ നില്‍പ്പുണ്ടോയെന്ന് നോക്കി. ദൂരെ നിലാവെളിച്ചത്തില്‍ കറുത്ത കുപ്പായം കണ്ടു. വിളക്കിലെ തിരി കെട്ടിരുന്നു. വിശ്രമിക്കുകയാവും. എന്റെ മനസ്സ്‌ തണുത്തു.

സുഹൃത്ത്‌ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. " അപകടസ്ഥിതി കഴിഞ്ഞുവെന്ന് ഡോക്ടേര്‍സ്‌ പറയുന്നു."

വഴുവഴുത്തനിമിഷങ്ങള്‍ പുറന്തോടിനുള്ളിലെ ഒച്ചുകളെപ്പോലെ ആലസ്യത്തോടെ ചുരുണ്ടിരുന്നു.

"കാണണമെങ്കില്‍ അകത്തേക്ക്‌ കയറാം. ഇപ്പോള്‍ സ്റ്റെബിലൈസ്‌ ചെയ്തു. മരുന്നുകള്‍ കൊടുത്ത്‌ മയക്കിയിട്ടിരിക്കുന്നു." ഡോക്ടര്‍ വെളിയില്‍ വന്നുപറഞ്ഞു.

ജീവിതവും മരണവും ഒരുമിച്ചുകഴിയുന്ന വഴിയമ്പലമായി ആറാംനിലയിലെ എമേര്‍ജെന്‍സിറൂം. അവിടെ രോഗികളുടെ തലയില്‍ വിധി കുത്തിക്കുറിച്ചതെന്തെന്നറിയാതെ പ്രയത്നിക്കുന്ന മെഡിക്കല്‍റ്റീം. അവരുടെ ചിന്തകളെ പാളിച്ച്‌, കൈകളെ പിഴപ്പിച്ച്‌ മരണം കാത്തിരിക്കുന്നു.

കൈകള്‍ മയക്കത്തിലും ആരെയോ പരതി. നാഡിസ്പന്ദനങ്ങളീലൂടെ അവ പറഞ്ഞു.

-എന്നെ അവന്‌ വിട്ടുകൊടുക്കരുതേ-

നിസ്സഹായതയോടെ ഞാനെഴുന്നേറ്റു മാറി.

അമ്മക്കോഴി അടയിരിക്കുന്നപോലെ ചൂടുനല്‍കിക്കൊണ്ട്‌, ഭര്‍ത്താവിന്റെ തണുത്ത കൈകള്‍ സുഹൃത്ത്‌ സ്വന്തം കൈക്കുള്ളിലാക്കി.

ഹൃദയത്തിന്റെ ഭാഷ കരങ്ങളിലൂടെ ഒഴുകിവരുന്നത്‌ കേള്‍ക്കാമായിരുന്നു.

-എനിക്കിനിയും ജീവിക്കണം, പലതും ചെയ്തുതീര്‍ക്കുവാനുണ്ട്‌. കുട്ടികളെ സ്നേഹിച്ച്‌ തീര്‍ന്നിട്ടില്ല, പേരക്കുട്ടികളോടൊപ്പം കളിച്ച്‌ മതിവന്നിട്ടില്ല-

അവര്‍ ഭര്‍ത്താവിന്റെ വിരലുകളില്‍ അമര്‍ത്തിപ്പിടിച്ചു.

-എനിക്കൊരു കൂട്ടായി എന്നും എന്നോടൊപ്പമുണ്ടാവണം, കണ്ടുകൊണ്ടിരിക്കാമല്ലോ-

എനിക്ക്‌ ദു:ഖം വന്നു. സ്നേഹിച്ചവരെല്ലാം എന്നെ വേദനിപ്പിച്ചിട്ടേയുള്ളു.

തിരികെ വരും വഴി ആശുപത്രിയുടെ സമീപമുള്ള ശ്മശാനത്തില്‍ അവനിരുന്ന് ഉറങ്ങുന്നതുകണ്ടു. ഇന്നത്തെ ജോലി കഴിഞ്ഞിരിക്കും. ശബ്ദമുണ്ടാക്കാതെ ഞാന്‍ അകത്തുകടന്നു. വളപ്പിനുള്ളിലെ നിശ്ശബ്ദതയും സമാധാനവും എനിക്ക്‌ ഉന്മാദം പകര്‍ന്നു. മറ്റൊരുലോകം കൈകാട്ടിവിളിച്ചു. അവിടെ ബന്ധങ്ങള്‍ക്ക്‌ പ്രസക്തിയില്ല. കുടുംബങ്ങള്‍ക്ക്‌ സ്ഥാനമില്ല.

"നിങ്ങളോടെനിക്ക്‌ ദേഷ്യമാണ്‌. നിങ്ങളെന്നെ വേദനിപ്പിച്ചിട്ടേയുള്ളു."

ശരിയും തെറ്റും തിരിച്ചറിയാനാവാതെ, സങ്കരസംസ്കാരത്തിന്റെ ചുഴിയിലകപ്പെട്ട യുവമനസ്സിന്റെ വാക്കുകള്‍.

പ്രസവവേദന ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങിനിന്ന ഞാന്‍ നടുങ്ങി. എവിടെയാണു തെറ്റിയത്‌? എന്തു തെറ്റാണു ചെയ്തത്‌? അറിഞ്ഞുകൊണ്ടുചെയ്തതെറ്റുകള്‍ വിരലിലെണ്ണാവുന്നത്‌. നന്മക്കെന്ന് കരുതിചെയ്തവയെല്ലാം തലമുറകളുടെ വിടവ്‌ തെറ്റായിക്കാണിക്കുന്നു.

അമ്മയായിട്ടല്ലല്ലോ ഞാനി ഭൂമിയില്‍ പിറന്നത്‌. ബാലപാഠം പറഞ്ഞുതന്നതും പഠിപ്പിച്ചതും നീ തന്നെയല്ലേ? ഒരു ആയുഷ്ക്കാലം മുഴുവന്‍ പഠിച്ചാലും തീരാത്ത മാതൃപാഠങ്ങള്‍ക്കായി കുറച്ചുകൂടിസമയം അനുവദിച്ചുതരൂ.

ഞാന്‍ കറുത്തകുപ്പായക്കാരന്റെ അടുക്കലേക്ക്‌ നടന്ന് അവനെ തട്ടിയുണര്‍ത്തി.

"എന്നെയും നിന്റെ ലോകത്തിലേക്ക്‌ കൊണ്ടുപോകു. എങ്കില്‍ നിനക്കിപ്പോള്‍ വിരസനായി ഉറങ്ങേണ്ടതില്ല."

നിര്‍ജ്ജീവമായ കണ്ണൂകളാല്‍ എന്നെ നോക്കിയപ്പോള്‍ വിളിച്ചുണര്‍ത്തിയതിന്റെ അലോസരം മുഖത്തുണ്ടായിരുന്നു. അവനും വിശ്രമംവേണമോയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

അവന്റെ മുഖത്തൊരു ചെറുപുഞ്ചിരി പടര്‍ന്നു.

"ഇതാണ്‌ ജീവിതം. നിന്നെ നോവിക്കാനായി പാലുകുടിച്ച കുപ്പികളുടച്ച്‌ അവര്‍ നിന്റെ വഴിയില്‍ വിതറും. എത്രയോ അമ്പുകള്‍ ഇനിയും നിനക്കുനേരെ തൊടുത്തുവിടുവാനുണ്ട്‌, എത്രയോ ആണികള്‍ നിന്നില്‍ തറയ്ക്കുവാനുണ്ട്‌. നിന്നെ സൃഷ്ടിച്ച ദൈവം നിനക്കായി ഒരു തുരുത്തിയില്‍ കണ്ണുനീര്‍ കരുതിവച്ചിരിക്കുന്നു. അതുമുഴുവന്‍ ഒഴുക്കിത്തീര്‍ക്കാതെ ഈ ജന്മം അവസാനിപ്പിക്കുവാനാവില്ല."

അവനെന്നെ സ്നേഹത്തോടെ തലോടി. കണ്ണുകളില്‍ സഹതാപം നിഴലിച്ചിരുന്നു.

"പിടിച്ചുനില്‍ക്കുവാന്‍ ശ്രമിക്കു. സ്നേഹംകൊണ്ടവരെ കീഴടക്കു. നീ ചുമക്കുന്ന മരക്കുരിശ്‌ എത്രയോ ചെറുതാണ്‌."

എന്നില്‍നിന്ന്‌ ഓടിയകലാന്‍ ശ്രമിക്കുംപോലെ അവന്‍ ധ്രുതിയില്‍ നടന്നുമറഞ്ഞു.


*reenimambalam@gmail.com