Followers

Showing posts with label girish varmma balussery. Show all posts
Showing posts with label girish varmma balussery. Show all posts

Wednesday, February 29, 2012

വന്മരങ്ങള്‍ക്കൊപ്പം ഒരു കുഞ്ഞു ചെടിയും


ഗിരീഷ് വർമ്മ ബാലുശ്ശേരി
വന്മരങ്ങള്‍ക്കേ
കൊടുങ്കാറ്റിനെ
പേടിക്കേണ്ടതുള്ളൂ....

കാറ്റിന്റെ നീണ്ട

താണ്ഡവ രാത്രികളിലൊന്നില്‍
ഇല കൊഴിഞ്ഞമര്‍ന്ന
പതുപതുപ്പുള്ള ആവരണത്തിന്നടിയില്‍
ജന്മസുകൃതത്തെയോര്‍ത്ത് ഞാന്‍ .
മുടിയഴിഞ്ഞ കാറ്റിന്റെ ഹുങ്കാരം
എന്റെ ജീവനില്‍ ഊഷ്മളതയായി.

നനവിന്റെ ഊറലിലൂടെ
കറുത്ത പശിമയുള്ള മണ്ണിലേക്ക്
ഒരു കുഞ്ഞു വേര്.
രോമരാജികള്‍ പടര്‍ന്ന കുഞ്ഞു നോവ്‌.
എന്റെ പൊട്ടിവിടരലലില്‍
ഞാനൊന്ന് വിജ്രംഭിച്ചിരുന്നു .
കാറ്റൊന്നു പരിഹസിച്ചു...
മഴയൊന്നു തൂവി തെറിപ്പിച്ചു...
ഞാന്‍ വളര്‍ന്നു തുടങ്ങി......
അന്ന് വീണ്ടും കാറ്റടിച്ചു.
ആ ഹുങ്കാരവത്തില്‍
രാവിന്റെ അന്ത്യയാമത്തിലാണത്രേ
അതെന്റെ തൊട്ടരുകിലായ് നിപതിച്ചത് .
ആ വന്മരം.
മണ്ണിലമര്‍ന്ന അതിന്റെ കൂറ്റന്‍ ചില്ലകളില്‍
തലചായ്ക്കാന്‍ അപ്പോള്‍ ഞാന്‍ വെമ്പല്‍ കൊണ്ടു.
അപ്പോഴും മുകളില്‍ കാറ്റങ്ങിനെ വീശി വീശി ...

Friday, September 30, 2011

നിന്നിലേയ്ക്ക് തന്നെ



ഗിരീഷ് വർമ്മ ബാലുശ്ശേരി


നിന്നെ ചുഴുന്ന ഗഹനതയാണെന്നെ
നിര്‍ന്നിമേഷനാക്കുന്നത്.

നിന്റെ ഏകാന്തതയിലെ
യുഗങ്ങളോളമുള്ള നിര്‍വികാരത
പൊടുന്നനെയൊരു
അട്ടഹാസമായ് മാറുന്നതും
നിന്റെ വ്യര്‍ത്ഥതയിലെ
ചരടനക്കം മാത്രം.

ഒരു പൂവില്‍ നീ പ്രതിഫലിക്കുന്നു.
ഒരു മഞ്ഞുതുള്ളിയില്‍ നീ ചിരിക്കുന്നു .
ഒരു ചോരത്തുള്ളിയില്‍ നീ പിടയുന്നു.

മന്വന്തരങ്ങളുടെ മിടിപ്പുകള്‍
നിന്റെ സിരകളില്‍,
നിന്റെ നിതാന്തമൌനത്തില്‍
പെരുമ്പറകള്‍ മുഴക്കുന്നുവോ ?

കാറ്റടിച്ചുലയുന്ന
ജീവനാളങ്ങള്‍
നിന്റെ മുന്‍പില്‍ കൈകൂപ്പി
നിന്നിലേയ്ക്ക് തന്നെ .

മണലാരണ്യവും
മുളങ്കാടുകളും
സമുദ്രങ്ങളും
സ്വച്ഛവനങ്ങളും
തരിശുനിലങ്ങളും
നിന്റെ മൃദുമര്‍മ്മരങ്ങള്‍
ഏറ്റുപറയുന്നു.

സ്വപ്നാടനങ്ങളുടെ
സ്വര്‍ണ്ണവനങ്ങളില്‍
കാറ്റേറ്റ് മയങ്ങുന്ന
നിന്റെ സന്തതികള്‍.

കടല്‍ചെരുക്കോടെ
നിശായാനത്തിന്റെ
സഞ്ചാരപഥങ്ങളില്‍
തുഴയെറിയുന്ന
എകാന്തയാത്രികനും....

ഒരിയ്ക്കല്‍ കൂടി
പിറന്നിരുന്നുവെങ്കില്‍ .
നിന്റെ നിലാകമ്പളങ്ങള്‍
വാരിപ്പുതച്ചുറങ്ങിയേനെ ഞാന്‍ ...
ഇനിയും കൊതി..
തീരാത്ത കൊതി...