Followers

Thursday, July 4, 2013

അവനും അവളും


നേരം വെളുക്കുമ്പോൾ
അവൾ സ്വന്തം കിടക്കയിൽ
പതുപതുത്ത പാവക്കുട്ടിയെ
കെട്ടിപ്പിടിച്ചു കിടക്കുകയും
അവൻ തന്റെ പായയിൽ നിന്നും
ചോര കുടിച്ചു മത്തായ മൂട്ടകളെ
പൊട്ടിച്ചു കൊല്ലുകയും
ചെയ്യുകയായിരുന്നു

നേരം വെളുത്തപ്പോൾ
പഞ്ചാരഡപ്പിയിൽ നിന്നും
കട്ടനിലേക്ക് ചാടി ആത്മഹത്യ ചെയ്ത
ഉറുമ്പിൻകുടുംബത്തെ
അവൻ പെറുക്കിയെടുക്കുകയും
ഡയറ്റിങ്ങിന്റെ ഭാഗമായി
അവൾ പാലും കോണ്‍ഫ്ലേക്സും
കഴിക്കുകയുമായിരുന്നു

അല്പം കഴിഞ്ഞപ്പോൾ
അന്നയെയും റസൂലിനെയും കണ്ട്
അവൻ കണ്ണീരണിയുകയും
സൂപ്പർമാന്റെ വരവ് കണ്ട് അവൾ
കയ്യടിക്കുകയും ചെയ്യുകയായിരുന്നു

ഉച്ച തിരിഞ്ഞപ്പോൾ
അവൾ ട്രോപ്പിക്കാനയുടെ പുത്തൻരുചി
മൊത്തിമൊത്തി നുണയുകയും
അവൻ ഓൾഡ്‌മോങ്ക് റമ്മിന്റെ
അവസാനത്തെ പെഗ്ഗ്
വെള്ളം ചേർക്കാതെ കഴിച്ച്
നെഞ്ചുതടവി കിടക്കുകയുമായിരുന്നു

സന്ധ്യ മയങ്ങുമ്പോൾ
അവൻ തന്റെ അവസാനത്തെ സ്റ്റാറ്റസ്
അപ്ഡേറ്റ് ചെയ്യുകയും
അവൾ കമന്റുകൾക്കും ലൈക്കുകൾക്കും
നന്ദി പറയുകയുമായിരുന്നു

പാതിരാനേരം
അവന്റെ അസ്ഥികൾക്ക് മുകളിലൂടെ
മറ്റൊരു രാത്രിവണ്ടി കടന്നുപോവുകയും
ഭർത്താവിന്റെ അരികിലേക്ക് പറക്കാൻ
അവൾ ബോർഡിംഗ് പാസ്സിനായി
ഊഴംകാത്തു നിൽക്കുകയുമായിരുന്നു

പാവം അവന്റെ സ്നേഹം
അവളറിഞ്ഞില്ല
പാവം അവളുടെ സ്നേഹമില്ലായ്മ
അവനുമറിഞ്ഞില്ല