Followers

Thursday, July 4, 2013

കയ്യൊപ്പ്

ഷഫീക്ക് എസ്. കെ

എനിക്കും നിനക്കുമിടയില്‍
അവ്യക്തമായ ഒരു ചുവരുണ്ട്

സാക്ഷിയായി
ദിനരാത്രങ്ങളില്‍ എന്നോ
സത്യമെന്നെഴുതിയ കാലത്തിന്‍റെ
കയ്യൊപ്പുമുണ്ട്

തിരിച്ചറിഞ്ഞവര്‍ ഒക്കെയും
കാതങ്ങള്‍ക്കപ്പുറമിരുന്ന്
വിധിയെന്ന ശൂന്യതയെ
ക്രൂശിക്കുന്നുമുണ്ട്

അറിയാത്തവര്‍ക്ക് മുന്നില്‍
കൈവരികളില്ലാത്ത പുഴയാണ്
നമ്മള്‍

ചിറ്റോളങ്ങള്‍കണ്ട്ചിരിക്കുകയും
സ്തുതിപാടുകയും ചെയ്യുന്നവര്‍‍
ചുഴികളാണ് ചുറ്റുമെന്ന് അറിയുന്നില്ല

മഴകള്‍ എത്ര നമ്മള്‍ നനഞ്ഞു
വെയിലുകള്‍ എത്ര നമ്മള്‍ കൊണ്ടു
കുടക്കീഴില്‍ നിന്നപ്പോഴും
ചുവരുകളിലെ കയ്യൊപ്പ്‌മാത്രം
മായുന്നില്ല

നിശയിലാണ് രണ്ടു നിഴലുകള്‍
പ്രത്യക്ഷപ്പെടുന്നത്

ചുവരുകളില്‍ പുതിയ
കയ്യൊപ്പുകള്‍ പതിയുന്നതും നോക്കി
അപ്പുറവും ഇപ്പുറവുമുള്ള കനത്ത-
മൌനങ്ങള്‍ നിഴലുകളക്ക് കാവല്‍ നില്‍ക്കും

ചുവരുകള്‍ തകരും
കയ്യൊപ്പും മായും
തിരിച്ചറിഞ്ഞവര്‍
അന്ന് അടുത്തുണ്ടാകും
അന്ന്‍നിശയില്‍ ഒരു
നിഴല്‍ മാത്രം ...