ഹരിശങ്കർ അശോകൻ
കപ്പലുകളില്ലാത്ത കടൽ വ്യർത്ഥമാണെന്ന് കാലം പറയില്ല.
കപ്പലോട്ടക്കാരൻ മുഖം വീർപ്പിച്ചു തീരത്തിരിക്കുന്നു.
കാലമേ, നിന്നോട് പിണക്കമാണത്രെ.
കാലം കാറ്റായ്,
കടലിലോളമായ് തിരയായ്...
അവന്റെ കാലുകൾ നനഞ്ഞു.
നിഷ്കളങ്കനായ കപ്പലോട്ടക്കാരൻ കടലിനോട് സ്നേഹത്തോടെ എന്തൊക്കെയോ പറഞ്ഞു, പാവം!
കൂട്ടുകൂടിയെങ്കിലും തന്നെ തിരിച്ചറിയാതെ പോയതിൽ നിരാശനാകാതെ കാലം തന്റെ തിരക്കിട്ട പണിയിലേക്ക് തിരികെ പോകെ
കാരുണ്യമെന്ന ആനന്ദാനുഭൂതിയെ പറ്റിയോർത്തു, പകച്ചു.
തന്റെ ആത്മഹത്യാപരമായ വൃത്തിയോർത്തു ചിരിച്ചു.
