Followers

Saturday, October 6, 2012

ഓണം - ഒരു വിമോചനസമരത്തിന്റെ ഓർമ


രാംമോഹൻ പാലിയത്ത്




ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണത്തെ അട്ടിമറിച്ചതിന്റെ ഓര്‍മയല്ലേ യഥാര്‍ത്ഥത്തില്‍ ഓണം?
ഓര്‍മകളുണ്ടായിരിക്കണം എന്ന വാക്കിന്റെ ചുരുക്കം?

ഒരു വിമോചനസമര ദൃശ്യം
ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചതിന്റെ ഓര്‍മയെയല്ലേ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഓണമെന്നു വിളിക്കുന്നത്? സഖാവ് ഈഎംഎസിന്റെ സ്ഥാനത്ത് സഖാവ് മഹാബലിയായിരുന്നെന്നു മാത്രം. മാനുഷരെല്ലാരുമൊന്നുപോലെ എന്നു പറയുന്നതല്ലേ അസ്സേ ഈ സോഷ്യലിസം? സോഷ്യലിസം മാത്രമല്ല വിമോചനസമരവും ദേവാസുരന്മാരുടെ കാലം മുതല്‍തന്നെ നമുക്ക് പരിചിതമായിരുന്നുവെന്ന് സാരം. മഹാബലിയുടെ സല്‍ഭരണത്തില്‍ സഹികെട്ട ഛോട്ടാമോട്ടാ ദേവന്മാര്‍ ദേവ(കേ)ന്ദ്രനെ കണ്ട് പരാതി ബോധിപ്പിക്കുകയും വാമനവേഷത്തില്‍ (ഭരണഘടനയുടെ 356-ആം വകുപ്പ്) ഇടപെടാന്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെടുകയും ചെയ്താണല്ലോ മഹാബലി മന്ത്രിസഭയുടെ പിരിച്ചുവിടലില്‍ കലാശിച്ചത്.
ആ അര്‍ത്ഥത്തില്‍ ഓണത്തെ ഒരു ഹൈന്ദവ ആഘോഷമായി ചുരുക്കിക്കാണേണ്ട കാര്യമില്ല. അഥവാ ഓണം ഒരു ഹൈന്ദവ വിരുദ്ധ ആഘോഷമാണ്. എന്നല്ല, ഒരു ആസുര ആഘോഷവുമാണ്. അല്ലെങ്കില്‍, ലളിതമായിപ്പറഞ്ഞാല്‍ ആര്യന്മാര്‍ക്കെതിരെയുള്ള ദ്രാവിഡത്തനിമയുടെ ഓര്‍മ പ്രതിരോധം. അധികാരത്തിനെതിരെയുള്ള മാനവികതയുടെ സമരം മറവിയ്ക്കെതിരെയുള്ള ഓര്‍മയുടെ സമരമാണെന്ന് പ്രശസ്ത മലയാളി എഴുത്തുകാരന്‍ മിലാന്‍ കുണ്ടറ പറഞ്ഞിട്ടുള്ളതും ഓര്‍ത്തേക്കുമല്ലൊ.
ഒരു പക്ഷേ ഇത് ഓര്‍ക്കാതെയാകണം ഓണത്തിനെതിരെ കെ ഇ എന്‍ കുഞ്ഞഹമ്മദിന് ഒരിക്കല്‍ ഹാലിളകിയത്. ഓണത്തിനെ സവര്‍ണര്‍ കൊള്ളയടിച്ചു കൊണ്ടുപോയി. ആചാരങ്ങള്‍ വന്നു. സര്‍ക്കാരിന്റെ ബോണസ് സീസണായി. കള്ളുകച്ചവടത്തിന്റെ പൂക്കാലമായി. തുണി, സ്വര്‍ണം, മിക്സി, ടീവി, വാഷിംഗ് മെഷീന്‍ കച്ചവടങ്ങളുടെ വിളവെടുപ്പുല്‍സവമായി. അതൊന്നും പക്ഷേ ഓണത്തിന്റെ കുറ്റമല്ലല്ലോ, നാട്ടുകാരുടേയും അവരുടെ രാഷ്ട്രീയത്തിന്റേയും കാലഘട്ടത്തിന്റേയും പ്രശ്നമല്ലേ?
കെ ഇ എൻ
കാളനെപ്പോലെ കാളയിറച്ചിക്കും സാംസ്കാരിക പ്രാതിനിധ്യം വേണമെന്ന് കെ ഇ എന്‍ വാദിക്കുകയുണ്ടായി. 56% ഹിന്ദുക്കളും ബീഫു തിന്നുന്ന കേരളത്തില്‍ത്തന്നെ വേണമായിരുന്നോ ഈ ബീഫ് വരട്ടുവാദം? കേരളത്തില്‍ത്തന്നെ എറണാകുളത്തും വടക്കോട്ടുമുള്ള ഹിന്ദുക്കളില്‍ പലര്‍ക്കും - വിശേഷിച്ചും ഈഴവര്‍ക്ക് - ഓണം, വിഷുവിന് നോണ്‍-വെജ് നിര്‍ബന്ധമാണ്. കാവ്യാ മാധവന്‍ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യം പറഞ്ഞിരുന്നു - കാസര്‍കോട്ടുകാരിയായ കാവ്യ തന്റെയൊരു ആദ്യകാല സിനിമാ ഓണത്തിന് ചിക്കനും മീനുമില്ലേ എന്ന ആശ്ചര്യപ്പെട്ടതു കേട്ട് തെക്കന്‍ മൂരാച്ചികള്‍ പരിഹസിച്ചു ചിരിച്ച കാര്യം. ഇക്കാര്യത്തില്‍ ഞാന്‍ കാവ്യാ മാധവനു വേണ്ടി വക്കാലത്തെടുക്കാം - കാരണം ഒരു ഈഴവ യുവതിയെ വിവാഹം കഴിച്ച ശേഷമുള്ള എന്റെ ആദ്യ ഓണത്തിന് തൂശനിലയില്‍ കാളനും അവിയലിനുമൊപ്പം ചെമ്മീനും ചിക്കനും തിരുതയുമുണ്ടായിരുന്നു. എന്റെ നായര്‍, പെറ്റിബൂര്‍ഷ്വാ, സവര്‍ണ, മൃദുഹൈന്ദവ കൈത്തണ്ടയില്‍ നിന്ന് ഒരു വളയും ഊരിപ്പോയില്ല. (ഏമ്പക്കങ്ങളുടെ രാഷ്ട്രീയത്തില്‍ വ്യത്യാസമുണ്ടായിരുന്നു. നോ ഹെല്‍പ്!)

ബീഫ്, പോർക്ക് കട്ടുകൾ
മറ്റൊന്നു കൂടി: ഓര്‍ത്തഡോക്സ് കൃസ്ത്യാനികളില്‍ ഭൂരിപക്ഷം പേരും ഇടതന്മാരായിരുന്ന കൂത്താട്ടുകുളം എന്നൊരു പ്രദേശമുണ്ട് - എറണാകുളത്തിന് കിഴക്ക്. അവിടത്തെ ഈഴവര്‍ക്ക് പന്നിയിറച്ചി ഇല്ലാതെ ഒരു വിഷുവില്ല എന്ന് എന്നോട് സാക്ഷ്യം പറഞ്ഞത് ഇപ്പോഴും ദുബായില്‍ കെമിസ്ട്രി എന്ന പരസ്യ ഏജന്‍സി നടത്തുന്ന ഷാജി നാരായണന്‍. കേരളത്തിന്റെ സാംസ്കാരിക ഉല്‍പ്പാദനങ്ങളെപ്പറ്റി അറിയാന്‍ ഗ്രാംഷിയേക്കാള്‍ വായിക്കേണ്ടത് കാവ്യാ മാധവനേയും ഷാജി നാരായണനേയുമാണ് എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. അഥവാ ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന പിണറായിയുടെ വീമ്പു പറച്ചിലിനു മുമ്പില്‍ മലയാളീസ് എന്നൊരു വാക്കു കൂടി കൂട്ടിച്ചേര്‍ത്തേക്കാം - സഖാവേ, ഈ മലയാളീസ് എന്ന പാര്‍ട്ടീസിനെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല.

ഇതെഴുതാനിരിക്കുന്നത് ഒരു ജൂലൈ 31-ന്. എത്ര യാദൃശ്ചികം, കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ സംസ്ഥാന മന്ത്രിസഭയെ 1959 ജൂലൈ 31-നാണ് കേന്ദ്ര ഗവണ്മെന്റ് പിരിച്ചു വിട്ടത്. വിമോചനസമരം എന്നു പേരു വീണ ഒരു നെറികെട്ട സമരത്തിന്റെ (അത് നെറികെട്ടതായിരുന്നുവെന്ന് അതില്‍ പങ്കെടുത്തവര്‍ പോലും - ജസ്റ്റിസ് കെ. ടി. തോമസ് മുതല്‍ ഫാദര്‍ വടക്കന്‍ വരെയുള്ളവര്‍ - പില്‍ക്കാലത്ത് ഏറ്റുപറഞ്ഞു) തുടര്‍ച്ചയായിരുന്നു ആ ഡിസ്മിസല്‍. തിരുക്കൊച്ചിമലബാറില്‍ നായന്മാരുടെ രണ്ടാം അധ:പതനം സംഭവിച്ചതും തിരുക്കൊച്ചിമലബാര്‍ രാഷ്ട്രീയത്തെ വര്‍ഗീയശക്തികള്‍ എന്നെന്നേയ്ക്കുമായി വിഴുങ്ങിയതും വിമോചനസമരം കാരണം തന്നെ.

പാലക്കാട്ട് തങ്ങളാവശ്യപ്പെട്ട എന്‍ജിനീയറിംഗ് കോളേജ് ലഭിച്ചില്ല എന്നതായിരുന്നു മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വിമോചനസമരത്തിനിറങ്ങാനുണ്ടായ ഇമ്മീഡിയറ്റ് കോസ്. എന്നാല്‍ സിഐഎയും ഗാന്ധിജിയെ ആദ്യകാലത്ത് അന്തിക്രിസ്തു എന്നു വിളിച്ചവരും ചില വിഷപ(ാ)ത്രങ്ങളും ചേര്‍ന്ന് മന്നനെ ചുടുചോറു വാരിപ്പിച്ചതാണ് വിമോചനസമരത്തിന്റെ മാക്രോ ചിത്രം. മാക്രോണി വെറും മൈക്രോണി. മാക്രോ ചിത്രങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ എക്കാലത്തും ഉണ്ടാകുമല്ലോ ഇത്തരം ചില മൈക്രോണികള്‍. പോരാത്തതിന് മാക്രോണിയും പാസ്തയും തിന്നുന്നവരാണല്ലോ ജ്ഞാനസ്നാനം ചെയ്യപ്പെട്ട പാര്‍ട്ടിയുടെ ഇപ്പോഴത്തെ മേലാളന്മാര്‍!

അതുകൊണ്ട് ഓണം എല്ലാ വിമോചനസമരങ്ങളുടേയും കയ്ക്കുന്ന ഓര്‍മയായിരിക്കണം. ഓര്‍മകളുണ്ടായിരിക്കണം.

സ്റ്റോപ്പ് പ്രസ്: കേരളം ഭരിച്ചിരുന്ന മഹാബലിയെയാണ് വിഷ്ണുവിന്റെ വാമനാവതാരം ചവിട്ടിത്താഴ്ത്തിയത് എന്നാണല്ലോ കഥ. വാമനന്‍ കഴിഞ്ഞിട്ടാണ് പരശുരാമാവതാരം. അപ്പോള്‍ പരശുരാമനാണ് കേരളം സൃഷ്ടിച്ചത് എന്നു പറയുന്നതോ? സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ല എന്ന് ഇടമറുക് പറയുമ്പോലെ കേരളം മഹാബലി ഭരിച്ചിട്ടില്ല എന്നോ പരശുമാരനല്ല കേരള സൃഷ്ടാവ് എന്നോ പറയേണ്ടി വരും.