Followers

Saturday, October 6, 2012

നിങ്ങളുടെ വിലയെത്ര ?

വി.പി. അഹമ്മദ്


രെ കണ്ടാലും പ്രദമദൃഷ്ടിയാല്‍ തന്നെ അവരെ വിലയിരുത്താന്‍ തല്‍പരരും ഔല്‍സുഖ്യം കാണിക്കുന്നവരുമാണല്ലോ നാം. എന്താണീ വിലയിരുത്തല്‍  എന്നായിരിക്കും ചിന്ത. അല്ലെങ്കില്‍ എങ്ങനെയാണു വിലയിരുത്തുക ? സാമാന്യമായി പറയുകയാണെങ്കില്‍ വില  നിശ്ചയിക്കുക തന്നെയാണ്  വിലയിരുത്തല്‍ .

വിലയെന്ന് കേള്‍ക്കുമ്പോള്‍ അങ്ങാടിയില്‍ കാണുന്ന സാധനങ്ങളുടെ നാണയത്തിലുള്ള വിലയായിരിക്കും ആദ്യമായി മനസ്സില്‍ വരിക. എങ്കില്‍ തന്നെ ഒരു സാധനത്തിന്‍റെ വില നിശ്ചയിക്കുന്നത് ധാരാളം അനുബന്ധ കാര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും. അതിന്റെ നിര്‍മ്മാണത്തിന്നായി ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ വില, നിര്‍മ്മാണ ചെലവു, നിര്‍മ്മാതാവിന്റെ ലാഭം, ഉപഭോക്താവിന്‍റെ കയ്യിലെത്തുന്നത് വരെയുള്ള മറ്റു ചെലവുകള്‍ , അതിന്‍റെ ഗുണം, ഉപയോഗം, ലഭ്യത എന്നിങ്ങനെ ധാരാളം  കാര്യങ്ങള്‍ ഉദാഹരണങ്ങളായി നിരത്താം.

ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നതും ഒരുപക്ഷെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതേ പോലെ തന്നെയാണെന്ന് പറയാം.  എന്നാല്‍ നാണയത്തിന്റെ തോതിലല്ലാത്ത ഈ വിലയിടല്‍ അത്ര എളുപ്പമായ ഒരു ഉദ്യമമല്ല. വളരെയധികം സങ്കീര്‍ണ്ണമായ പല കാര്യങ്ങളും കണക്കിലെടുത്ത് മാത്രമേ ഒരു വ്യക്തിയെ വിലയിരുത്താന്‍ പറ്റൂ. ബാഹ്യമായ ഗുണങ്ങളും അവസ്ഥകളും മാത്രം പോരാ, ആന്തരികവും മാനസികവുമായ ധാരാളം കാര്യങ്ങള്‍ കൂടെ മാനദണ്ഡമായി കണക്കിലെടുക്കേണ്ടി വരും എന്നത് തന്നെ കാരണം. ഒരു വ്യക്തിയുടെ ആന്തരികമായ ഗുണങ്ങളും ദോഷങ്ങളും മറ്റൊരാള്‍ക്ക്‌ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരിക്കലും കഴിയില്ല എന്നത് ഒരു വലിയ വാസ്തവമായി എന്നും അവശേഷിക്കുന്നു. അതിനാല്‍ ഒരു വ്യക്തിയെ നൂറു ശതമാനം കൃത്യമായി വിലയിരുത്തുക എന്നത് അസാദ്ധ്യമാണ്.

ഒരു ശ്രമമെന്ന നിലക്ക് ആദ്യമായി വ്യക്തിയുടെ ബാഹ്യമായ പദാര്‍ത്ഥപരമായ കൈമുതലുകള്‍  (സൌന്ദര്യം, ജോലി, ധനം, സ്വത്ത്, ദാമ്പത്യം, വീട് എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കുക. ഇവ ഏതൊരു വ്യക്തിയുടെ കാര്യത്തിലും പല വിധത്തിലും മാറ്റങ്ങള്‍ക്കു വിധേയമാണെന്ന് മറക്കുന്നില്ല. അടുത്തതായി അയാളുടെ സ്വഭാവ വിശേഷങ്ങള്‍ (മറ്റുള്ളവരോടുള്ള പെരുമാറ്റം, സ്നേഹം, ദയ, അനുകമ്പ, ബുദ്ധി, ആത്മസംയമനം, സത്യസന്ധത, സ്വാഭിമാനം എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കാം. ഈ സ്വഭാവ വിശേഷങ്ങള്‍ തന്നെ ചിലതെങ്കിലും ചിലപ്പോള്‍ അയാളുടെ തനതായിരിക്കണമെന്നില്ല. മറ്റുള്ളവരുടെ മുമ്പിലുള്ള പ്രകടനമാകാം. മാത്രമല്ല പ്രസ്തുത സ്വഭാവങ്ങളുടെ സ്രോതസ്സായ മനസ്സ് (ചിന്ത) സാഹചര്യത്തിന്‍റെ പ്രേരണയാല്‍ മാറാനും അങ്ങനെ സ്വഭാവങ്ങള്‍ തന്നെ മാറാനും സാദ്ധ്യതയുണ്ട്.

ഈ രണ്ടു പരിഗണനകളിലും വ്യക്തമാവുന്നത് അയാളുടെ ബാഹ്യമായ അവസ്ഥാഗുണങ്ങള്‍ ആയിരിക്കെ ഒരു വിലയിരുത്തലിനു ഇവ മതിയാകുന്നില്ല. എങ്കിലും ആന്തരികമായ ഗുണവിശേഷങ്ങളുടെ പ്രതിഫലനമെന്ന നിലയില്‍ ഏറെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ഒരു വേള അയാളെ വിലയിരുത്താന്‍ കുറെയെങ്കിലും ഈ പരിഗണനകള്‍ ഉചിതമാവും. ബൃഹത്തായ നിര്‍വചനവും വിവരണവും കൊണ്ട് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ജീവിതവിജയം തന്നെയാണ് ഒരു വ്യക്തിയുടെ പരമമായ വില.

പിറന്നു വീണ ഉടനെയുള്ള ഒരു കുട്ടിയെ അച്ഛനമ്മമാരും ബന്ധുക്കളും ഏറെ സന്തോഷത്തോടെ വാരിയെടുക്കുന്നു, ഉമ്മവെക്കുന്നു, സ്നേഹിക്കുന്നു. ആ കുട്ടി അവര്‍ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്തത് കൊണ്ടോ, ഏറ്റവും സുന്ദരനോ, ബുദ്ധിമാനോ, വിജയിയോ, നന്നായി വസ്ത്രം ധരിച്ചവനോ ആയതു കൊണ്ടോ അല്ല ഈ സ്നേഹം. പൂര്‍ണ്ണമായും നിസ്സഹായന്‍ , സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവന്‍ , എല്ലാറ്റിനും പരസഹായം വേണ്ടവന്‍ - ഇങ്ങനെയൊക്കെ ആണെങ്കിലും നിശ്ചയിക്കാന്‍ വയ്യാത്ത ഏറെ വലിയ വിലയുണ്ട് ആ കുട്ടിക്ക്. ഇവിടെ ഏതു പരിഗണനയാണ് മാനദണ്ഡം ! 

മറ്റൊരാളെ വിലയിരുത്താന്‍ മുതിരുന്നതിനു മുമ്പായി സ്വയം വിലയിരുത്തുന്നത് ഏറെ സഹായകമാവും. സ്വയം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിതം വേണ്ട വിധത്തില്‍ ക്രമപ്പെടുത്താനും ആത്മാഭിമാനം നേടാനും ഇതാവശ്യമാണ്.  ആത്മാഭിമാനം കുറയുമ്പോള്‍ സ്വയം നാശത്തിലേക്കാണ്‌ വഴി തുറക്കുക. കൂടുതല്‍  അദ്ധ്വാനിക്കുവാനും പരാജയത്തെ മറികടന്നു ഏറ്റവും നല്ലതിലേക്ക് ഉയരാനും സ്വയം വിലയിരുത്തല്‍ കൊണ്ട് കഴിയും. നമ്മെ നാമായി കാണുന്നതാണ് ഈ വിലയിരുത്തല്‍ ; ഒരിക്കലും വേറൊരാള്‍ നമ്മെ കാണുന്നതിനെ ആശ്രയിച്ചല്ല അത്. ജീവിതത്തിന്റെ തുടക്കം മുതല്‍ ഇത് വരെ പല വിധത്തിലായി ശേഖരിച്ച എല്ലാറ്റിന്റെയും ആകത്തുകയാണ് ഇന്ന് കാണുന്ന നാം ഓരോരുത്തരും. ഇതിലേക്ക് വീണ്ടും പലതും കൂട്ടിച്ചേര്‍ക്കുകയാണ് ഇനിയും ചെയ്യുന്നതും ചെയ്യേണ്ടതും.
           
   *         *         *         *         *
             
ചരിത്രപ്രസിദ്ധമായ ഒരു വിലയിരുത്തല്‍ കേള്‍ക്കണോ? പതിനാലാം നൂറ്റാണ്ടില്‍ നിര്‍ദ്ദയനായ മംഗോളിയന്‍ രാജാവ്‌ ടൈമൂര്‍ , തുര്‍ക്കി അടങ്ങുന്ന അനറ്റോലിയ സാമ്രാജ്യം കീഴടക്കിയ കാലം. അന്ന് ജീവിച്ചിരുന്ന മുല്ല നാസിറുദ്ദീനോട് രാജാവ്‌ ഒരിക്കല്‍ ചോദിച്ചു: 
"എന്‍റെ യഥാര്‍ത്ഥ വില എന്താണ്?"
"ഇരുപത് വെള്ളിപ്പണം." മുല്ല ആലോചിച്ചു ഉത്തരം നല്‍കി.
രാജാവിന്‌ വിശ്വസിക്കാനായില്ല, അദ്ദേഹം മുല്ലയെ തുറിച്ചു നോക്കി: "എന്‍റെ അരപ്പട്ടക്ക് ഇരുപത് വെള്ളിപ്പണം വിലയുണ്ടല്ലോ?"
"അത് കൂടെ ഉള്‍പ്പെടുത്തിയാണ് ഞാന്‍ വില പറഞ്ഞത്." മുല്ലക്ക് ആലോചിക്കേണ്ടി വന്നില്ല.