Followers

Thursday, June 7, 2012

മനുഷ്യനാവുക ഒരു കലയാണ്‌ !!

കണ്ണൂരാൻ


"ഇതാ ഇവിടുന്നാ അവന്‍ കാലിട്ടടിക്കുന്നത്. നിന്നെപ്പോലെ കുരുത്തംകെട്ടവനെന്നാ തോന്നുന്നേ..."
ചിലപ്പോള്‍ ഇടതു ഭാഗം... മറ്റുചിലപ്പോള്‍ വലതു ഭാഗത്ത്‌..
വീര്‍ത്ത വയറിലേക്ക് എന്റെ കയ്യെത്തിച്ചു അവള്‍ പറയുമ്പോള്‍ ഞാനത് തിരുത്തും.

"അവനല്ല.. അവളാ.."
അതെന്റെ അവകാശമാണ്. എനിക്ക് വേണ്ടത് പെണ്‍കുട്ടിയെയാണ്.
അന്നും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഒരു പെണ്‍കുട്ടിയെ ആയിരുന്നു.
അന്നത്തെ ഓണ്‍ലൈന്‍ ഫ്രെണ്ട്സിനോടൊക്കെ അവരവരുടെ രാജ്യത്തെ മുസ്‌ലിം പെണ്‍കുട്ടികളുടെ പേരുകള്‍ ചോദിക്കുമായിരുന്നു.
അനേകം പേരുകള്‍ ഒരുക്കൂട്ടിവെച്ചു.
മോള്‍ടെ മുടി കെട്ടിക്കൊടുക്കുന്നതും ഉടുപ്പുകളണിയിക്കുന്നതും സ്വപ്നം കണ്ടു.
അതുവരെയില്ലാത്ത ഒരനിര്‍വചനീയ സുഖം തോന്നിപ്പിക്കുന്ന ഒരായിരം സ്വപ്‌നങ്ങള്‍ !
പക്ഷെ ഹംദു വന്നപ്പോള്‍ സങ്കടം തോന്നി. ശരിക്കും ദേഷ്യമാണുണ്ടായത്.
അല്ലാഹു എന്റെ പ്രാര്‍ത്ഥന കേട്ടില്ലല്ലോ എന്നൊക്കെയുള്ള നിഷേധ ചിന്തകള്‍ !
പെണ്‍കുട്ടി പിറക്കുന്നത് ഇഷ്ടപ്പെടാത്ത ലോകമാണ് നമ്മുടേത്.
അതായിരുന്നു ഒരു പെണ്‍കുട്ടിയെ ആഗ്രഹിക്കാനുള്ള പ്രധാന കാരണമായി അന്നെന്റെ മനസ് പറഞ്ഞിരുന്നത്.
ഗര്‍ഭപാത്രത്തിനകത്തെ അമ്നിയോട്ടിക്‌ ഫ്ലൂയിഡില്‍ നീന്തിത്തുടിച്ച് കൈകാലിട്ടടിക്കുന്ന ഒരിളം പൈതലിന്റെ കരച്ചിലിനായി ഇന്ന് വീണ്ടും കാതോര്‍ക്കുമ്പോള്‍ പ്രാര്‍ഥനകള്‍ക്ക് വ്യതാസമില്ല.
ദുബായ് ഹോസ്പിറ്റലിലെ ഡോക്ടര്‍ മിസിസ്. മാജിദാ അല്‍ ഹസ്സാനി "അല്ലാഹ് മ-ആക് " - ദൈവം നിന്റെ കൂടെയുണ്ട് - എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമെങ്കിലും തിരിച്ചുപോരുമ്പോള്‍ ഗര്‍ഭപാത്രത്തിനകത്തെ ഇളം ചൂടില്‍ എന്റെമോള്‍ സുരക്ഷിതയാണോ എന്ന് വേവലാതിപ്പെടും. അവളുടെ സ്മൃതിതേടിയ ജൈവഭാവത്തെ അടുത്തറിയാന്‍ മനസ് വെമ്പും...

പിന്നെ, ദയാരഹിതമായ സൂചികുത്തുകളെല്ലാം ജീവിച്ചിരിക്കേയുള്ള കുഞ്ഞുങ്ങളുടെ കുരിശുമരണങ്ങളിലേക്ക് നിമിത്തമാകുന്ന, അഥവാ ഭ്രുണഹത്യ ചെയ്യപ്പെടുന്ന പുതുലോക ക്രമത്തിന്റെ ക്രൂരതകളോര്‍ത്തു ഞാനെന്റെ കണ്ണുകള്‍ അമര്‍ത്തിത്തുടക്കും..!

ഓര്‍മ്മയുണ്ട്!
കോളേജുവിട്ടു വരുമ്പോള്‍ വീട്ടിലേക്കുള്ള സാധനം വാങ്ങുന്നതിനിടയില്‍ എന്റെ നേര്‍ക്ക്‌ വന്ന ആ നിഷ്കളങ്ക ബാല്യത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല.
അവള്‍ക്കു വേണ്ടി ആപ്പിള്‍ തൂക്കിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഫ്രൂട്ട് ഷോപ്പിലെ പിശാച് അത് നിഷേധിച്ചു. അയാളുമായി വഴക്കിട്ടു. അവളുടെ കയ്യും പിടിച്ച് അടുത്ത ഷോപ്പിലേക്ക് നീങ്ങുമ്പോള്‍ ആ നാടോടിക്കുട്ടിയെ അയാള്‍ പ്രാകുന്നുണ്ടായിരുന്നു.

വിശപ്പടക്കാന്‍ പാടുപെടുന്നതിനിടയില്‍ ഒരു ആറുവയസുകാരിയുടെ പുഞ്ചിരിക്കു മറ്റെന്തിനെക്കാളും സൌന്ദര്യമുണ്ടെന്ന് അന്നാദ്യമായി ഞാന്‍ മനസിലാക്കി.
"അവറ്റകള്‍ക്കൊന്നും ഒരു സാധനവും വാങ്ങിച്ചു കൊടുക്കരുതെ"ന്ന അതിദാരുണ കല്പനകള്‍ പിന്നെയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
നന്മ ചെയ്യാനല്ല അതിനെ തടയാന്‍ എന്തൊരുത്സാഹമാണ് നമുക്കൊക്കെ..!

ഓരോ വര്‍ഷവും പോഷകാഹാരം കിട്ടാതെ എത്ര കുഞ്ഞുങ്ങള്‍ മരിക്കുന്നു.
ഓരോ രാജ്യത്തും എത്ര ഭ്രുണങ്ങള്‍ കരിഞ്ഞുണങ്ങുന്നു.
എത്ര എളുപ്പത്തിലാണ് ഓരോ പാല്പുഞ്ചിരിയും മാഞ്ഞുപോകുന്നത് .
പട്ടിണിയാല്‍ , അവിഹിത ഗര്‍ഭം കാരണം, പെണ്‍കുട്ടി ആയതിന്റെ പേരില്‍ ..!

നമുക്കിടയില്‍ പറയപ്പെടാത്ത മൊഴികളുടെ അകലത്തില്‍ എന്തൊക്കെയോ നഷ്ടമായിട്ടുണ്ട്. അപരാധിത്തത്തിന്റെ നിഴല്‍വഴികളാണ്‌ നമ്മെ വലയം ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ദയനീയ നിലവിളികള്‍ നമ്മെയിപ്പോള്‍ അസ്വസ്ഥരാക്കുന്നില്ല. അവരെ കൂടുതല്‍ കരയിക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു. അകാരണമായി അടിക്കുന്നു. വഴക്കിടുന്നു. ദ്രോഹിക്കുന്നു. പീഡിപ്പിക്കുന്നു. കൊല്ലുന്നു..!

അല്ലെങ്കില്‍ അഫ്രീന്റെ ചേതനയറ്റ കുഞ്ഞുമുഖം നമുക്ക് കാണേണ്ടി വരില്ലായിരുന്നു. ഫലകിനെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നു. ചോരക്കുഞ്ഞുങ്ങളെ കുഴിച്ചുമൂടില്ലായിരുന്നു. നടുക്കുന്ന വാര്‍ത്തകള്‍ കേട്ട് ഭൂമി വിറക്കില്ലായിരുന്നു..!

ഓര്‍മ്മയുണ്ടോ ആരോമല്‍ എന്ന പൊന്നുമോനെ?

ഇടുക്കി ജില്ലയില്‍ ചങ്ങലയുടെ ഒരറ്റത്ത് പട്ടിയേയും മറ്റേ അറ്റത്ത് മകനേയും ബന്ധിച്ചു പീഡിപ്പിച്ചത് സ്വന്തം മാതാപിതാക്കളായിരുന്നു. അച്ഛന്‍ സിഗരറ്റ് കുത്തിക്കെടുത്തിയിരുന്നത് തന്റെ ദേഹത്തായിരുന്നുവെന്ന് പറയുന്ന ഒരു മൂന്നുവയസുകാരനെ ആലോചിച്ച് ദിവസങ്ങളോളം എനിക്ക് ഭ്രാന്ത് പിടിച്ചിരുന്നു. സ്വന്തം മാതാപിതാക്കളാല്‍ അസഹ്യമായ വേദന ഭക്ഷിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയോര്‍ത്തു മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആരോമല്‍ ആവശ്യപ്പെട്ടത് "എനിക്കെന്റെ പട്ടിയെ കാണണം" എന്നായിരുന്നുവത്രേ!

ഫെയിസ്ബുക്കില്‍ കയറുമ്പോഴേ നെഞ്ചുരുക്കുന്ന കാഴ്ചകള്‍ കണ്ട് മനസ് അസ്വസ്ഥമാവും. കുഞ്ഞുങ്ങളുടെ ദയനീയ മുഖം കാണല്ലേ എന്ന് പ്രാര്‍ഥിച്ചാലും അത്തരം കാഴ്ചകള്‍ വന്നു കണ്ണിനെ മൂടും. ഒരു കുട്ടിയെ കാറിടിച്ചു കൊല്ലുന്ന വീഡിയോ ഇട്ട ഒരു സ്നേഹിതനെ അര്‍ദ്ധരാത്രി വിളിച്ചു ചീത്ത പറയേണ്ടിവന്നു. ആ ദൃശ്യം കണ്ട് മറ്റുള്ളവര്‍ കുട്ടികളെ കെയര്‍ ചെയ്യട്ടെ എന്നായിരിക്കാം അതിടുന്നവര്‍ ഉദ്ദേശിക്കുന്നത്. എന്നാലും കുട്ടികളുടെ നിലവിളി കേള്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടുക.?

മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി കരയുന്നു. പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!