Followers

Thursday, June 7, 2012

ഒരു തീവണ്ടി ശബ്ദം കേള്‍ക്കുന്നത്...

ശ്രീപാർവ്വതി
കുറച്ചു മാസങ്ങളായി വിശുദ്ധമായ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ട്രെയിനിന്‍റെ ഒച്ച കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇട നേരങ്ങളില്‍ ഒരു കുടു കുടു, പാളത്തിനു മുകളിലൂടെ തീവണ്ടി പായും പോലെ... പക്ഷേ അതിന്‍റെ കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അടുത്തെങ്ങും ഒരു റെയില്‍വേ സ്റ്റേഷനോ, റെയില്‍ പാളമോ ഇല്ലാതെ എങ്ങനെ ട്രെയിന്‍ പാളത്തിലോടുന്ന ശബ്ദം? പിന്നെയും മാസങ്ങള്‍ കഴിഞ്ഞിട്ടാണ്, കാരണം പിടി കിട്ടിയത്. അത് തീവണ്ടിയുടെ ഒച്ചയല്ല, ഇവിടുന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഒരു കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള ശബ്ദമാണ്. വലിയ പാറ പൊട്ടിച്ച് അതിനെ ചെറിയ മണല്‍ത്തരികളാക്കുന്ന പ്രോസസിന്‍റേതാണ്, കുടു കുടു ശബ്ദം. അധികനാളായില്ല ആ ക്വാറി അവിടെ വന്നിട്ട്, ചുറ്റുമുള്ള നൂറേക്കറോളം ഭൂമി വാങ്ങിയാണ്, ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത പ്രദേശവാസികളെ വന്‍വില കൊടുത്ത് അവരുടെ ഭൂമി ഒഴിപ്പിച്ചാണ്, ക്വാറി അധികൃതര്‍ അതിന്, പരിഹാരം കണ്ടത്. ഡ്രില്ലിങ്ങ് നടക്കുമ്പോള്‍ ഇപ്പോള്‍ അവിടെ ഭൂമി വല്ലാതെ വിറയ്ക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വിട്ടു പോകാന്‍ കഴിയാതെയുള്ള ഗ്രാമവാസികള്‍ ഈ ശബ്ദമലിനീകരണവും ഭൂമിയുടെ വിറയിലും കേട്ട് പരിഭ്രമിച്ചാണ്, ജീവിക്കുന്നത് എന്നതാണ്, സത്യം. പരാതി കൊടുത്താലും കണ്ണു തുറക്കാത്ത അധികാരികള്‍ക്ക് എന്തു കൊടുത്താലെന്താ... ബിനാമികളുടെ പേരില്‍ ഇപ്പണി കാണിച്ചിട്ട് ഇവരൊക്കെയല്ലേ നമ്മളെ നയിക്കുന്നത്... ഒരു നാട്ടുകാരന്‍റെ പരാതി.
ഈയടുത്ത് ഇതിനടുത്തു തന്നെയുള്ള മറ്റൊരു പഴയ ക്വാറി(അതിപ്പോള്‍ അതിഭയങ്കരമായൊരു പാറക്കുളമാണ്) യുടെ ഒരു ഭാഗം ഇടിഞ്ഞു വീണത്. 
ഇതെല്ലാം ഭയത്തോടെയേ കാണാനാകൂ എന്ന് ഗ്രാമവാസികള്‍ പറയുമ്പ്പോള്‍ ഇവര്‍ക്കു നേരേ കണ്ണു തുറക്കാന്‍ ആരു തയ്യാറാകും?
വികസനം അത്യാവശ്യം തന്നെ, പക്ഷേ ഭൂമിയെ തുരന്ന് നടത്തുന്ന ഇത്തരം അതിജീവനങ്ങള്‍ വരാന്‍ പോകുന്ന എത്ര വലിയ വിപത്തിന്‍റെ ബാക്കി പത്രമെന്ന് ആലോചിച്ചു നോക്കൂ.
അസ്ഥിവാരം തോണ്ടപ്പെടുന്ന പ്രകൃതി പ്രതികരിക്കുന്നത് ഏതു രൂപത്തിലാണെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിട്ടുമുണ്ട്, പക്ഷേ അധികാര വര്‍ഗ്ഗത്തിന്, രക്ഷപെടല്‍ നിസ്സാരമായിരിക്കേ വെള്ളത്തില്‍ മുങ്ങുന്നതും പാറയുടെ അടിയില്‍പെടുന്നതും സാധാരണക്കാരനും പണിയെടുക്കുന്ന വര്‍ഗ്ഗവും  മാത്രമാകുമ്പോള്‍ സമത്വമെന്നത് ചിന്തകളില്‍ പോലും എത്തേണ്ടതില്ലല്ലോ, എന്നിട്ടും കവലപ്രസംഗങ്ങള്‍ക്ക് കാതു കൊടുത്തല്‍ കേള്‍ക്കാം കയ്യില്‍ മഷി പുരട്ടി വോട്ടു കുത്തി ജയിപ്പിച്ച കഴുതകള്‍ക്കു നേരേയുള്ള ശീല്‍ക്കാരങ്ങള്‍. നാടിനെ ഉട്ടോപ്പിയ അക്കണമെന്നൊന്നും പറയുന്നില്ല, ജീവിക്കാനുള്ള അവകാശത്തെ കടമെടുന്ന മത-സാമൂഹിക നേതാക്കളുടെ ക്രൂരത പാവം ഞങ്ങളോട് കാട്ടരുതേ എന്ന അപേക്ഷയേ ഉള്ളൂ... അതൊരു പൌരന്‍റെ അവകാശമായിരിക്കുകയും ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ അവകാശം ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനവിഭാഗം ഇത് കണ്ട് പുച്ഛത്തോടെ ചിരിക്കുന്നത് കാണുന്നുണ്ട്. ശവപ്പെട്ടിയുടെ മേല്‍ അവസാന ആണി അടിച്ചു തീരുന്നതു വരെ നിങ്ങള്‍ ചിരിച്ചോളൂ... ശേഷം റെസ്റ്റ് ഇന്‍ പീസ്.