Followers

Thursday, June 7, 2012

കോസ്റ്റ്യൂം ഡിസൈനിംഗ്!


ആളവന്താൻ



ആയിലാട്ടുകോണത്തെ ജയദേവന്‍ - മിന്മിനി കപ്പിള്‍സിന്‍റെ ഏക പുത്രനാണ് ജമിനി. പേരിലെ പോലെ തന്നെ കാഴ്ചയിലും പാതി അച്ഛനെയും ബാക്കി പകുതി അമ്മയെയും പകുത്ത് കിട്ടിയ രൂപം! പഠിത്തമൊക്കെ ലോവര്‍ പ്രൈമറിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ച് കുടിയിലേക്കും വലിയിലേക്കും എബോട്ടേന്‍ അടിച്ചത് കൊണ്ട്, 'പറ' എന്നെഴുതിക്കാണിച്ചാലും 'തറ' എന്നവന്‍ വായിക്കുന്നത് സ്വഭാവം അങ്ങനെയായതു കൊണ്ടല്ല എന്ന് ജമിനിയുടെ പ്രൊഡ്യൂസര്‍മാര്‍ക്കും നന്നായറിയാം! നിര്‍ത്തിയ പഠനം തുടരാന്‍ ആദ്യ കാലമൊക്കെ അവര്‍ മകനെ നിര്‍ബന്ധിച്ചിരുന്നെങ്കിലും അത് കേള്‍ക്കുമ്പോള്‍ എക്സ്പ്രസ്സ് ട്രെയിനിന്‍റെ എഞ്ചിന്‍ ഡ്രൈവര്‍ റെഡ്‌ സിഗ്നല്‍ കണ്ടപോലെയൊരു അസ്വസ്ഥഭാവം മുഖത്ത് മിന്നിച്ച് അവന്‍ രക്ഷപെട്ട് പോകുകയായിരുന്നു പതിവ്‌.! ടീനേജ് അതിന്റെ മുറ്റ് ടൈമില്‍ ആവുക കൂടി ചെയ്തതോടെ ജമിനി ഒരു പബ്ലിക്‌ നൂയിസന്‍സ്‌ ആയി മാറി. രാവിലെയും വൈകിട്ടും വീടിനടുത്തുള്ള ഇടവഴിയില്‍ പോയി നിന്ന് പഠിക്കാന്‍ പോകുന്ന പെണ്‍പിള്ളാരെ സ്ക്യാന്‍ ചെയ്ത്‌ നിര്‍വൃതിയടയലാണ് പ്രധാന ഹോബി! ആയതിനാല്‍ ജമിനിയെ ദൂരെ കാണുമ്പോഴേ ടി.ജി രവിയെ കണ്ട നായികമാരെ പോലെ പെണ്‍പിള്ളേര്‍ കവചകുണ്ഡലങ്ങള്‍ ഒക്കെ കര്‍ട്ടനിട്ട് സേഫ്റ്റി എന്‍ഷുവര്‍ ചെയ്യും!! സ്കൂള്‍ കോളേജ്‌ കുമാരികള്‍ മാത്രമല്ല അന്നാട്ടിലെ മിക്കവാറും സ്ത്രീകളും ജമിനിയുടെ കണ്ണുകള്‍ നല്ല ഒന്നാംതരം ലേഡീ ബോഡീ സ്ക്യാനറുകള്‍ ആണെന്ന് പലപ്പോഴായി അനുഭവസ്ഥരാണ്‌! ഒടുക്കം ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ജമിനിക്ക് ഇരയായവര്‍, വീട്ടുകാരുടെ സഹായത്തോടെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് ജമിനിയുടെ വീട്ടിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചു. തങ്ങള്‍ എന്നോ നടത്തിയെ ഒരു 'അറ്റംപ്റ്റ്‌' ഇങ്ങനെ ആയിപ്പോയത്തില്‍ ഖേദമുണ്ടെന്നും ഇനി മകന്റെയടുത്ത് നിന്നും ഇങ്ങനെയൊരു അറ്റംപ്റ്റ്‌ ഉണ്ടാകാതെ നോക്കിക്കൊള്ളാം എന്നും പറഞ്ഞ് ജയദേവനും മിന്മിനിയും നാട്ടുക്കൂട്ടത്തെ പിരിച്ചു വിട്ടു!

അന്ന് രാത്രി ജയദേവന്‍ ഒരു കടുത്ത തീരുമാനമെടുത്തു. മകനെ നാട് കടത്താന്‍! കേട്ടപ്പോള്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ജമിനിക്ക് മനസ്സിലായി, തന്നെ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത് വല്യച്ചന്റെ മകന്‍ ഉല്ലാസ് ആണെന്ന്. അതും സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായ അയാള്‍ക്ക്‌ സഹായത്തിന്!!! പാടത്ത്‌ പിച്ച് വെട്ടി ക്രിക്കറ്റ്‌ കളിച്ചോണ്ടിരുന്നവനെ ഐ.പി.എല്ല് കാര് വീട്ടില്‍ വന്നു കൂട്ടിക്കൊണ്ടു പോയപോലെയായി ജമിനിയുടെ കാര്യം! പിറ്റേന്ന് തന്നെ ജയദേവന്‍ ഉല്ലാസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജമിനിയെ അയാള്‍ക്ക്‌ ഹാന്‍ഡ്‌ഓവര്‍ ചെയ്തു! അപ്പോഴേക്കും ജമിനിയുടെ മനസ്സില്‍ നിന്നും, കണ്ടു പഴകിയ അയിലാട്ടുകോണം ക്വീന്‍സിന്റെ ബോഡീ പാര്‍ട്സ് മാഞ്ഞു തുടങ്ങിയിരുന്നു. പകരം, നാളെ മുതല്‍ തന്റെ കണ്ണിനെ കുളിരണിയിക്കാന്‍ തയാറായി നില്‍ക്കുന്ന താരസുന്ദരിമാരുടെ ഫിഗര്‍ ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്തു!!

അന്‍റാര്‍ട്ടിക്കയില്‍ കൊണ്ടിറക്കി വിട്ട ഒട്ടകത്തെപ്പോലെയായിരുന്നു പിറ്റേന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ ജമിനി! എങ്ങോട്ട് തിരിയണം, എന്ത് ചെയ്യണം, ആരെ നോക്കണം എന്നറിയാതെ അവന്‍ കണ്‍ഫ്യൂഷനായി.
സന്തോഷം ഓവര്‍ഫ്ലോ ചെയ്യുന്നതിനിടെയാണ് തലേന്ന് ഉല്ലാസ് തനിക്ക് നല്‍കിയ ഉപദേശം ജമിനി ഓര്‍ത്തത് - "ഡാ ജമിനീ നിന്റെ സ്വഭാവം നന്നായറിയാവുന്നത് കൊണ്ട് പറയുവാ, നീ എന്റെ അസിസ്റ്റ്ന്റ് ആണ്. അതായത് അസിസ്റ്റ്ന്റ് കോസ്റ്റ്യൂം ഡിസൈനര്‍. നമ്മള്‍ ലൊക്കേഷനിലേക്ക് പോകുന്നത് സിനിമാക്കാരെ തുണി ഉടുപ്പിക്കാനാണ്; അല്ലാതെ തുണി പറിക്കാനല്ല.!"
"ഓ... കോപ്പാ...." - ഒരാത്മഗതത്തിലൂടെ ജമിനി അതിന് മറുപടി നല്‍കി.
ബാക്ക്ഗ്രൗണ്ടില്‍ 'ആക്ഷന്‍' എന്ന് കേട്ടതും ജമിനിയുടെ റിയാക്ഷന്‍ എല്ലാം കട്ടായതും ഒരുമിച്ചായിരുന്നു. തുറന്നിരുന്ന വായ്ക്കുള്ളിലെ നാവ് മാത്രം ഒന്നനങ്ങി!-"ഇതാരാടാ ഈ കെടക്കുന്ന ഭാഗ്യവാന്‍? സെവന്‍റീസ് കളിക്കാന്‍ കട്ടയടുക്കിയ പോലല്ലേ അവന്റെ മേത്ത് പെമ്പിള്ളേര് കേറി കെടക്കണത്"!!
"ഇതാണ് നായകന്‍. പുതുമുഖമാ. സോംഗ് ഷൂട്ട്‌ ചെയ്യുവാ"
"പുതിയ മുഖമായിട്ടിവന്‍ ഇങ്ങനെ; ഇവന്റെ മുഖം ഒന്ന് പഴകി വരുമ്പോഴേക്കും എന്തായിരിക്കും ഇവന്റെയൊക്കെ ഒരു ടൈം?!!!" - ജമിനി ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
ലൊക്കേഷനിലെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ അടുത്തായുള്ള രണ്ടു തെങ്ങുകളില്‍ കയറുകൊണ്ട് കെട്ടിയിരുന്ന ഒരു ഫ്ലക്സ്‌ ബാനര്‍ ജമിനി കണ്ടു. വായിക്കാന്‍ പറ്റുന്നില്ലെങ്കിലും അതില്‍ മൂന്നിടത്തായി എന്തൊക്കെയോ എഴുതിയിരിക്കുന്നു എന്ന് ജമിനിക്ക് മനസ്സിലായി. അതിപ്രകാരമായിരുന്നു-'മുതുകാടി
ന്റെ മേജിക്‌ ഷോ.... നിങ്ങള്‍ കണ്ടിരിക്കേണ്ടത്.... ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു....'
"കോസ്റ്റ്യൂമിന്റെ പണിയൊക്കെ നടക്കുന്നത് ഈ വീട്ടിലാ" എന്നും പറഞ്ഞ് ഉല്ലാസ് വീടിന്റെ വാതില്‍ തള്ളിത്തുറന്നു.
"ഇതെന്താ സ്വര്‍ഗ്ഗത്തിന്റെ സെറ്റിട്ടിരിക്കുന്നതും ഈ വീട്ടിലാണോ?"
"ഏയ്‌.. സെറ്റിട്ടതൊന്നുമല്ല, ഇത് നമ്മുടെ പ്രൊഡ്യൂസര്‍ സിഗരറ്റ്‌ വലിക്കുന്നതാ. വലിച്ചു വലിച്ച് മൊത്തം പോകയായി!!"
വീടിനുള്ളില്‍ ഉല്ലാസിന്റെ മറ്റ് പണിക്കാര്‍ തകൃതിയായ പണിയിലാണ്. തുണിയെടുക്കുന്നു, മുറിക്കുന്നു, തയ്ക്കുന്നു. വീണ്ടും തുണിയെടുക്കുന്നു, ഇഷ്ട്ടം പോലെയങ്ങ് മുറിക്കുന്നു, ഇഷ്ട്ടം പോലെയങ്ങ് തയ്ക്കുന്നു!
"അല്ല, ഉല്ലാസേ... അപ്പൊ ഇതിന് പ്രത്യേകിച്ച് അളവൊന്നും എടുക്കണ്ടേ?"
"ഓ.. എന്തളവ്‌? അവന്മാര് ചെയ്യുന്നത് ഐറ്റം ഡാന്‍സറുടെ ഡ്രസ്സാ.. അതിലിപ്പോ ഇമ്മിണി കുറഞ്ഞാലും ആരും ഒന്നും പറയില്ല. കഴിഞ്ഞ പടത്തിലെ ഗ്ലാമര്‍ നായികയ്ക്ക് ബ്ലൗസ് അടിക്കാന്‍ വാങ്ങിയ തുണിയില് മെച്ചം പിടിച്ച് ഞാന്‍ എന്റെ കൊച്ചിന് രണ്ട് പാവാട തയ്ച്ചു, പിന്നാ....! എടാ അവറ്റകള്‍ക്ക് ബ്ലൗസ് എന്ന പേരില്‍ രണ്ട് കഷണം തുണിയും ഇത്തിരി നൂലും കൊടുത്താ മതി. ഭയങ്കര കോ-ഓപ്പറേറ്റിവാ!"
ഇതൊക്കെ കേട്ട്, എനിക്കെന്താ നേരത്തേ ഇങ്ങോട്ട് വരാന്‍ തോന്നാത്തെ എന്ന രീതിയില്‍ 'ശോ' ന്നൊരു ശബ്ദം നിരാശയും ഉമിനീരും സമം ചേര്‍ന്ന് ജമിനിയുടെ വായില്‍ നിന്നും തെറിച്ച്പുറത്തേക്ക് വീണു!
"അല്ല, അപ്പൊ എന്റെ ജോലി എന്താ?" - ജമിനി റീ ലോഡഡ്‌....
"നീ ആദ്യം തുണിയൊക്കെ തേച്ചുമിനുക്കി പഠിക്ക്" എന്നും പറഞ്ഞ് ഒരു പൊതി എടുത്ത് ഉല്ലാസ് ജമിനിയ്ക്ക് കൊടുത്തു.
"ഇത് നായികയ്ക്ക് പാട്ട് സീനിലിടാനുള്ള പാന്‍റാ..."
"ഈശ്വരാ നായികയുടെതോ? എന്നിട്ട് നായിക എവിടെ?"
"ആ കുട്ടി ഇപ്പൊ എത്തും. തമിഴത്തിയാ. അപ്പോഴേക്കും നീ സാധനം റെഡി ആക്കി വയ്ക്ക്"
"സാധനോ?"!!
"ഹാ ഡ്രസ്സ്‌ ശരിയാക്കാന്‍" - പാക്കറ്റ്‌ ജമിനിയെ ഏല്‍പ്പിച്ച് ഉല്ലാസ് ബാക്കി ജോലിക്കാരുടെ അടുത്തേക്ക്‌ പോയി.
പാക്കറ്റ്‌ തുറന്ന്, തിളങ്ങുന്ന തരം തുണിയില്‍ തയ്ച്ച കുഴല് പോലത്തെ പാന്‍റ് പുറത്തെടുത്ത്കൊണ്ട് ജമിനി അഭിമാനപൂര്‍വ്വം സ്വയം പറഞ്ഞു -"നായികയുടെ പാന്‍റ്! ഭഗവാനെ നീ വലിയവനാണെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ഇത്രേം വലിയവനായിരിക്കും എന്ന് ഞാന്‍ കരുതീല. എന്റെ കയ്യില്‍ നായികയുടെ പാന്‍റ്"!!!
ഇസ്തിരി പെട്ടിയുടെ ടു-പിന്‍ പ്ലഗ്ഗ് പോയിന്‍റുമായി ബന്ധപ്പെട്ടു. പ്ലഗ്ഗില്‍ നിന്നും കേബിള്‍ വഴി ഒഴുകിയിറങ്ങിയ പ്രോട്ടോണുകളും ഇലക്ട്രോണുകളും ചേര്‍ന്ന് ഇസ്തിരിപ്പെട്ടിയുടെ പിന്‍ ഭാഗം വല്ലാതങ്ങ് ഹോട്ടാക്കി!!! ജമിനി നായികയുടെ പാന്റിന് മുകളിലൂടെ പലവട്ടം ഇസ്തിരി ഓടിച്ചു. പെട്ടെന്നാണ് അടുത്ത മുറിയില്‍ നിന്നും ചില സ്ത്രീ ശബ്ദങ്ങള്‍ ജമിനിയുടെ ചെവിയെ ഡ്രില്ല് ചെയ്ത് കയറിയത്. ശബ്ദത്തിന്റെ പ്രക്ഷേപണ കേന്ദ്രത്തിലേക്ക് ജമിനി ഒന്ന് എത്തി നോക്കി. നേരത്തേ നായകനുമായി സെവന്‍റീസ് കളിച്ചോണ്ടിരുന്ന പീസുകള്‍ വളഞ്ഞിരുന്ന്‍ തമാശ പറയുകയാണ്‌. ജമിനിയിലെ കലാകാരന്‍ ഉണര്‍ന്നു. അവന്‍ സ്ക്യാനാര്‍ ഓണാക്കി. കൃഷ്ണമണികള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഫോക്കസ്ഡായി. കണ്ണുകളിലൂടെ ജമിനിക്ക് കിട്ടിക്കൊണ്ടിരുന്ന സുഖം ചോര്‍ത്തിക്കളഞ്ഞുകൊണ്ടാണ് മൂക്കിലൂടെ ആ രൂക്ഷഗന്ധം എത്തിയത്. ഗന്ധത്തിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തിയ ജമിനി ഞെട്ടി. തെച്ചുകൊണ്ടിരുന്ന പാന്റില്‍ നിന്നും ഇസ്തിരിപ്പെട്ടി എടുത്തു മാറ്റിയില്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന ദുഃഖസത്യം ജമിനി മനസ്സിലാക്കി. നായികയുടെ പാന്റിന്റെ രൂപം ആകെ മാറി.
"പാന്റ് പോയിട്ട് ഇനി ഇതൊരു നിക്കര്‍ ആയിട്ടുകൂടി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഉല്ലാസോ, മറ്റു പണിക്കാരോ, സിനിമാക്കാരോ ഇപ്പൊ അറിഞ്ഞാല്‍ പ്രശ്നമാണ്. ഇല്ല, ഇതിനൊരു പരിഹാരം കാണണം. എന്റെ കഴിവ് നാലാളെ അറിയിക്കാന്‍ കിട്ടിയ ഈ അവസരം പാഴാക്കിക്കൂട"
ജോലിക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയി. ജമിനിയെ മാത്രം പിന്നീട് കുറെ നേരത്തേക്ക് ആരും കണ്ടില്ല.

ഒടുവില്‍ നായികയെത്തി. ചെയ്ഞ്ച് ചെയ്യാനുള്ള ഡ്രസ്സ്‌ ചോദിച്ച് തമിഴത്തി നടിയുടെ തമിഴത്തി ഹെല്‍പ്പര്‍ എത്തി. ഉല്ലാസ് ജമിനിയെ വിളിച്ചു. ജമിനി ഒരു പാക്കറ്റ് കൊണ്ട് വന്നു തമിഴത്തിക്ക് കൊടുത്തു. എന്നിട്ട് ഉല്ലാസിനെ നോക്കി അഭിമാനവും അഹങ്കാരവും നിറഞ്ഞ ഒരു ചിരിയും പാസ്സാക്കി.

ഷോട്ട് റെഡിയാക്കി, നായിക പുറത്തു വരുന്നതും കാത്ത് നിന്ന സംവിധായകനും, ക്യാമറാമാനും, മറ്റ് ക്രൂ അംഗങ്ങളും, പ്രൊഡ്യൂസറും, ഷൂട്ടിംഗ് കാണാന്‍ വന്ന നാട്ടുകാരും, കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്മെന്റിലെ ജമിനി ഒഴികെയുള്ള ബാക്കിയുള്ളവരും പുറത്തു വന്ന നായികാ രൂപത്തെ കണ്ട് ഒരു നിമിഷം ഫ്രീസായി.! കറുത്ത് തിളക്കമുള്ള പാന്റ് വെളുത്ത പാന്‍റായി! മാത്രവുമല്ല, നടിയുടെയും പാന്റിന്റെയും മര്‍മ്മപ്രധാന ഭാഗത്ത്‌ ഒരു ഡയലോഗും! -'നിങ്ങള്‍ കണ്ടിരിക്കേണ്ടത്' തന്നെ ഇത്ര ആവേശത്തോടെ നോക്കി നില്‍ക്കുന്ന ആളുകളെ കണ്ട തമിഴത്തി നായിക തന്റെ അംഗ ലാവണ്യം എല്ലാവരെയും നന്നായി കാണിക്കാന്‍ ഒന്ന് തിരിഞ്ഞു നിന്നു. അത്ഭുതം!! പിന്നാമ്പുറത്തുമുണ്ട് ഡയലോഗ്. -'ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു' അതും കൂടി വായിച്ചു കഴിഞ്ഞതും ഉല്ലാസ് ഉറക്കെ വിളിച്ചു പറഞ്ഞു -"സതീശാ... രമേശാ... ഗണേശാ... സംഗതി കയ്യീന്ന് പോയി മക്കളേ.... കയ്യില് കിട്ടിയ സാധനങ്ങളും എടുത്തോണ്ട് ഓടിക്കോടാ...."

തന്റെ കൊളീഗ്സ് ഓടുന്നതുകണ്ട്, 'ഇവന്മാര്‍ക്കിതെന്തു പറ്റി' എന്ന മുഖഭാവത്തോടെ ജമിനിയും പുറകെ ഓടി. അപ്പോഴും ലൊക്കേഷനിലെ വീടിനോട് ചേര്‍ന്നുള്ള രണ്ടു തെങ്ങുകളില്‍ കെട്ടിയിരുന്ന നാല് പ്ലാസ്റ്റിക്‌ കയറുകളുടെ മറുതലകള്‍ കാറ്റത്താടുന്നുണ്ടായിരുന്നു!!!