Followers

Tuesday, April 2, 2013

താരതമ്യസാഹിത്യപഠനംചാത്തനാത്ത്‌ അച്യുതനുണ്ണി

ഭാഷ, സംസ്കാരം, ദേശം, രാഷ്ട്രം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തത്ത
പുലർത്തുന്ന സാഹിത്യപ്രവണതകളെയും സാഹിത്യശാഖകളെയും
സാഹിത്യപ്രസ്ഥാനങ്ങളെയും കൃതികളെയും എഴുത്തുകാരെയും
സാജാത്യവൈജാത്യങ്ങളുടെ കാഴ്ചപ്പാടിൽ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പഠനം
സാഹിത്യനിരൂപണംമാത്രമല്ല സംസ്കാരപഠനംകൂടിയാകുന്നു. സാഹിത്യം
സംസ്കാരത്തിന്റെ ഏറ്റവും ശക്തമായ വാഹകമാകയാൽ, സംസ്കാരപഠനത്തിനു കൂടുതൽ
കൂടുതൽ പ്രാധാന്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ താരതമ്യസാഹിത്യത്തിനു പ്രസക്തി വർദ്ധിച്ചിരിക്കയാണ്‌.
വ്യത്യസ്തസംസ്കാരങ്ങൾ സംഗമിക്കുന്ന അനേകം സന്ദർഭങ്ങൾക്ക്‌ ചരിത്രം
സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഗ്രീക്ക്‌-റോമൻ, പേഴ്സ്യൻ-അറബി,
ചൈനീസ്‌-ജാപ്പനീസ്‌, ഇന്ത്യൻ-യൂറോപ്യൻ എന്നീവിധം ഭിന്നസംസ്കൃതികൾ
ചരിത്രഗതിയിൽ പരസ്പരം സമ്മേളിക്കുകയും ആദാനപ്രദാനങ്ങളാൽ പലതരം
പരിണാമങ്ങൾക്കു വിധേയമാവുകയും ചെയ്തിട്ടുണ്ട്‌. ഈ പ്രക്രിയ ഇന്നും
തുടർന്നുകൊണ്ടിരിക്കയാണ്‌.


       തികച്ചും വിഭിന്നമായൊരു സാംസ്കാരികപ്രതിഭാസത്തെ അഭിമുഖീകരിക്കുമ്പോൾ
അനുകൂലവും പ്രതികൂലവുമായ രണ്ടുതരം പ്രതികരണങ്ങൾ സംഭവ്യമാണ്‌. പുതിയ
രൂപങ്ങളും ആശയധാരകളും അദ്ഭുതപ്പെടുത്തുകയും ആദരത്തിനും സ്വാധീനത്തിനും
വഴിവെയ്ക്കുകയും ചെയ്യാം. എന്നാൽ, അതേസമയം, അത്‌ അപരിച്ചതത്വംകൊണ്ടും
സ്വകീയപാരമ്പര്യത്തെ പ്രതിരോധിക്കുമെന്ന ആശങ്കകൊണ്ടും
ചെറുത്തുനിൽപ്പിന്നിരയാവുകയും ചെയ്യും. ഈ രണ്ടുമാതിരി പ്രതികരണങ്ങളുടെയും
പരസ്പര പ്രവർത്തനത്തിൽ അവയുടെ ശക്തിദൗർബല്യങ്ങൾക്കനുസൃതമായി പുതിയ
കാഴ്ചപ്പാടുകൾ ഉണർന്നുവരികയും സമീപനത്തിൽ പുതിയ മാനദണ്ഡങ്ങൾ
രൂപപ്പെടുകയും സ്വാഭാവികമാണ്‌. വിവിധസാഹിത്യങ്ങളുടെ വികാസ പരിണാമചരിത്രം
ഇക്കാര്യം തെളിയിക്കുന്നു.


       ഒരു ജനവർഗ്ഗമോ രാഷ്ട്രമോ മറ്റൊരു ജനവർഗ്ഗത്തിന്റെയോ രാഷ്ട്രത്തിന്റെയോ
മേൽ ഭരണപരമായ ആധിപത്യം സ്ഥാപിക്കുമ്പോഴാകട്ടെ, സംസ്കാരത്തിന്റെയും
സാഹിത്യത്തിന്റെയും അഭിക്രമണത്തിനു മറ്റൊരു മാനംകൂടി കൈവരാറുണ്ട്‌.
അധികാരിവർഗ്ഗത്തിന്റെ സംസ്കാരവും സാഹിത്യവും കൂടുതൽ മൂല്യമുള്ളതും
ആരാധ്യവുമാണെന്ന ധാരണ അടിമവർഗ്ഗത്തിന്മേൽ അടിച്ചേൽപ്പിക്കപ്പെടാം.
അടിമരാഷ്ട്രത്തിന്റെ സംസ്കാര-സാഹിത്യപാരമ്പര്യം നിസ്സാരവും
അപരിഷ്കൃതവുമാണെന്ന അധികാരികളുടെ ബോധപൂർവ്വമായ പ്രചരണം കുറെയൊക്കെ
വിജയിക്കാം. അതിന്റെ ഫലമായി രാഷ്ട്രീയമായി മാത്രമല്ല, ബുദ്ധിപരമായും
അടിമത്തം അംഗീകരിക്കുന്ന ജനത ക്രമേണ അധികാരിവർഗ്ഗത്തിന്റെ
സംസ്കാരധാരണകളെയും സാഹിത്യപ്രവണതകളെയും ആദരപൂർവ്വം സ്വീകരിക്കുകയും
പരമ്പരാഗതമൂല്യങ്ങളും രൂപങ്ങളും പിൻവാങ്ങുന്ന വഴികളിൽ അവയെ
പ്രതിഷ്ഠിക്കുകയും ചെയ്യും. പലപ്പോഴും പരമ്പരാഗതരൂപങ്ങളെ നവീകരിച്ച്‌
പുതിയ രൂപങ്ങൾ നിർമ്മിക്കും. ഇന്ത്യയിൽ ആര്യവർഗ്ഗത്തിന്റെ അധിനിവേശം
അതിനുമുമ്പു നിലനിന്ന സംസ്കാരധാരകളെ ശക്തമായി സ്വാധീനിച്ച്‌ ഈ വിധത്തിൽ
മാറ്റിമറിച്ചിട്ടുണ്ട്‌. അനേകം നൂറ്റാണ്ടുകളിലൂടെ സംഭവിച്ച ഈ
പരിണാമപ്രക്രിയയിൽ പ്രാഗര്യൻസംസ്കൃതിയുടെ അവശിഷ്ടങ്ങൾ പ്രാദേശികമായ
സവിശേഷതകളായി ചുരുങ്ങി. അക്കൂട്ടത്തിൽ തമിഴ്സാഹിത്യവും സംസ്കൃതിയും
മാത്രമാണ്‌ സമ്പന്നമായ ഒരു പ്രാക്തനപാരമ്പര്യത്തിന്റെ മുദ്രകൾ
നിലനിർത്തുന്നത്‌. അനാര്യസംസ്കൃതികളോടു സങ്കലനം ചെയ്യുകയും അവയുടെ ഊർജ്ജം
ഉൾക്കൊണ്ടു രൂപാന്തരപ്പെടുകയും ചെയ്ത ആര്യസംസ്കാരവും സംസ്കൃതസാഹിത്യവും
ഭാരതത്തിന്റെ മുഖ്യമായ ദേശീയപൈതൃകമായിപ്പരിണമിച്ചു. സാഹിത്യഭാഷയായ
സംസ്കൃതവും സംസാരഭാഷാഭേദങ്ങളായ പ്രാകൃതങ്ങളും അനാര്യഭാഷകൾക്കുമേൽ
പ്രബലമായ സമ്മർദ്ദം ചെലുത്തി. അതിന്റെ ഫലമായി ദക്ഷിണേന്ത്യൻ പ്രാദേശിക
ഭാഷാഭേദങ്ങളിലാണ്‌ സംസ്കൃതം ആഴത്തിൽ വേരുകളാഴ്ത്തിയത്‌. സംസ്കാരത്തിന്റെ
അടിയടരുകളോളം കടന്നുചെന്ന സുദീർഘവും സുശക്തവുമായ ഈ സ്വാധീനം
താരതമ്യസാഹിത്യപുരസ്കൃതമായ ഭാഷാപഠനവും സാഹിത്യപഠനവും കാഴ്ചവെയ്ക്കുന്ന
ചിത്രങ്ങളിൽ വ്യക്തമായിത്തെളിയുന്നുണ്ട്‌.
       പിന്നീട്‌ പലകാലത്തായി വൈദേശികമായ ഒട്ടനേകം സംസ്കാരങ്ങൾ നമ്മെ
സ്വാധീനിക്കുകയുണ്ടായി. അറബ്‌-പേർഷ്യൻ-യൂറോപ്യൻ സംസ്കാരങ്ങൾ അവയിൽ
പ്രധാനമാണ്‌. യൂറോപ്യൻ ഭരണകൂടങ്ങളുടെ ആധിപത്യം ശക്തിപ്രാപിച്ച
ആധുനികദശയിൽ കൂടുതൽ സങ്കീർണ്ണമായ സ്ഥിതി വിശേഷത്തിലേക്ക്‌ നമ്മൾ
വഴുതിവീണു. ഇന്ത്യയിലെ ഏതു ഭാഷയിലുമുള്ള എഴുത്തുകാരന്‌ സമ്പന്നമായ ഒരു
സാഹിത്യത്തിന്റെയും ദേശീയവും പ്രാദേശീകവുമായ സംസ്കാരധാരകളുടെയും
പാരമ്പര്യമവകാശപ്പെടാനുണ്ട്‌. വൈകാരികമായി അയാൾക്ക്‌ അവയോട്‌ ഗാഢമായ
പ്രതിബദ്ധതയുമുണ്ട്‌. ഇതൊരു ബാധ്യതയായി ബോധപൂർവ്വമായോ അബോധപൂർവ്വമായോ
പാശ്ചാത്യസ്വാധീനത്തെ ചെറുത്തുനിൽക്കുവാൻ അയാൾക്ക്‌ പ്രേരണ നൽകുന്നു.
എന്നാൽ, അതേ സമയം, ആധുനികവും ആകർഷകവുമായ പാശ്ചാത്യവിഭവങ്ങളുടെ മാസ്മര
പ്രഭാവലയത്തിൽ അയാൾ അകപ്പെട്ടുപോവുകയും ചെയ്യുന്നു. ഇവ തമ്മിലുള്ള
സംഘർഷമാണ്‌ അയാളുടെ വ്യക്തിസത്തയെയും എഴുത്തിനെയും രൂപപ്പെടുത്തുന്നത്‌.
ഇന്ത്യയിൽ മാത്രമല്ല, ആഫ്രിക്ക ലാറ്റിനമേരിക്ക തുടങ്ങിയ
മൂന്നാംലോകരാഷ്ട്രങ്ങളിലെല്ലാം സ്ഥിതി ഏതാണ്ട്‌ ഇതുതന്നെയാണ്‌.
താരതമ്യസാഹിത്യവിചാരം സങ്കീർണ്ണമായ ഈ സ്ഥിതിവിശേഷത്തിലെ സ്വാധീനതകളെയും
അനുകരണങ്ങളെയും അപഹാരങ്ങളെയും സമന്വയങ്ങളെയും പുനഃസൃഷ്ടികളെയും
സമാന്തരതകളെയും വ്യക്തിത്വാന്വേഷണതൃഷ്ണകളെയും രൂപാന്തരങ്ങളെയും
പ്രതിരോധങ്ങളെയുമെല്ലാം അപഗ്രഥിച്ചു മനസ്സിലാക്കാനുള്ള മാർഗ്ഗമാകുന്നു.
       വ്യത്യസ്തമായ ഭാഷകളും ആചാരങ്ങളും പ്രാദേശികതകളും ദേശീയതകളും
നിലനിൽക്കുമ്പോൾതന്നെ അടിസ്ഥാനപരമായി ലോകമെമ്പാടുമുള്ള
മനുഷ്യവർഗ്ഗത്തിന്റെ വികാരവിചാരങ്ങളും ചോദനകളുമടങ്ങുന്ന ആന്തരവ്യക്തിസത്ത
സമാനമാണെന്നും, അതുകൊണ്ട്‌ മനുഷ്യൻ എന്നും എവിടെയും
ഒന്നുതന്നെയാണെന്നുമുള്ള ഐക്യബോധം പലപ്പോഴും തെളിഞ്ഞുണർന്നിട്ടുണ്ട്‌.
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്നും "വിശ്വം ഭവത്യേകനീഡം" എന്നും "ആ നോ
ഭദ്രാഃ ക്രതവോ യന്തുവിശ്വതഃ" എന്നുംമറ്റുമുള്ള പ്രാചീനഭാരതീയരുടെ
സാർവലൗകികവീക്ഷണംതന്നെ ഇതിന്നു നിദർശനമാണ്‌. മനുഷ്യൻമാത്രമല്ല മറ്റു
ജീവജാലങ്ങളും ഈ വിശാല വീക്ഷണത്തിന്റെ പരിപ്രേക്ഷ്യത്തിൽ
അന്തർഭവിക്കുന്നുണ്ട്‌. യൂറോപ്പിലെ നവോത്ഥാന ദശയിലുണ്ടായ മാനവികതാവാദം
സാംസ്കാരികമായ ഐക്യത്തിലും സാർവലൗകികവീക്ഷണത്തിലും അധിഷ്ഠിതമായിരുന്നു.
ഒരു വിശ്വസമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി സംസ്കാരപഠനം നടത്തുകയാണ്‌
താരതമ്യസാഹിത്യത്തിന്റെ കർത്തവ്യമെന്ന്‌ യൂറോപ്പിലെങ്ങും 19-
‍ാംനൂറ്റാണ്ടിൽ പ്രബലമായ ഒരു ചിന്താഗതി പടർന്നു. 1900-ത്തിൽ ആദ്യമായി
സംഘടിപ്പിക്കപ്പെട്ട താരതമ്യഗവേഷകരുടെ ലോകസമ്മേളനത്തിൽ
മുഖ്യാതിഥിയായിരുന്ന ഗസ്തോങ്ങ്പാറി താരതമ്യസാഹിത്യത്തിന്റെ ശക്തമായ
താത്പര്യം മനുഷ്യമനസ്സിന്റെ ചരിത്രം പഠിക്കുന്നതിലാണ്‌ എന്നു
പ്രസ്താവിച്ചു (താരതമ്യ സാഹിത്യവും സാഹിത്യസിദ്ധാന്തവും' എന്ന
പുസ്തകത്തിൽ ഉൾറിച്ച്‌ വീസ്റ്റിൻ, 1968) നാടകകലയെയും സാഹിത്യത്തെയും
കുറിച്ചുള്ള പ്രഭാഷണങ്ങളിൽ (1807)യൂറോപ്യൻ സാഹിത്യങ്ങളുടെ പരസ്പരബന്ധം
തെളിച്ചുകാട്ടിയ ഔഗുസ്റ്റ്‌ വിൽഹെം ഷ്ലേഗൽ, ജർമ്മനിയെക്കുറിച്ച്‌ (1810)
കൃതിരചിച്ച മദാം ദ്‌ സ്താൽ, ഫ്രെഡ്‌റിക്‌ ഷ്ലേഗൽ, ഗീഥേ തുടങ്ങിയ
പണ്ഡിതന്മാർ ഈ സാർവ്വലൗകിക വീക്ഷണത്തിന്റെ പ്രഘോഷകരത്രേ.
"വിശ്വസാഹിത്യത്തിന്റെ യുഗം ആരംഭിച്ചുകഴിഞ്ഞു. ഏവരും അതിന്റെ ഗതിവേഗം
വർദ്ധിപ്പിക്കയാണ്‌ വേണ്ടത്‌. എന്ന്‌ 1827-ൽ ഗീഥേ പ്രഖ്യാപിച്ചു.
ദേശീയമായ ഏകപക്ഷീയതയും സങ്കുചിത മനഃസ്ഥിതിയും കൂടുതൽ കൂടുതൽ അസാധ്യമായി
വരുന്നുവേന്നും ദേശീയവും പ്രാദേശികവുമായ സാഹിത്യങ്ങളിൽനിന്ന്‌ ഒരു
വിശ്വസാഹിത്യം ഉയർന്നുവരുന്നുവേന്നും കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോവിൽ
കാറൽ മാക്സ്‌ നിരീക്ഷിച്ചു.


       ഇന്ത്യയിൽ വിശ്വസാഹിത്യത്തിന്റെ വിശാലതയിലേക്ക്‌ വിരൽചൂണ്ടിയത്‌
രവീന്ദ്രനാഥടാഗോറായിരുന്നു. 1906-ൽ യാദവ്പൂർ ജാതീയശിക്ഷാപരിഷത്‌
സമ്മേളനത്തിൽ ചെയ്ത പ്രഭാഷണത്തിൽ അദ്ദേഹം പറയുകയുണ്ടായി.
       വ്യത്യസ്ത ജനവിഭാഗങ്ങൾക്കവകാശപ്പെട്ട തുണ്ടുനിലങ്ങളുടെ ആകത്തുകയല്ല
ഭൂമി. അപ്രകാരം ഭൂമിയെ നോക്കിക്കാണുന്നത്‌ കേവലം പ്രാകൃതത്വമാണ്‌.
അതുപോലെത്തന്നെ, പല കൈകൾ രൂപംകൊടുത്ത കൃതികളുടെ വെറുമൊരു ആകത്തുകയല്ല
സാഹിത്യം. എന്നാൽ നമ്മളിൽ അധികംപേരും സാഹിത്യത്തെക്കുറിച്ച്‌ ഞാൻ
വിവരിച്ച പ്രാകൃതരീതിയിലാണ്‌ ചിന്തിക്കുന്നത്‌. സങ്കുചിതമായ
പ്രാദേശികവാദത്തിൽനിന്ന്‌ നാം സ്വയം മോചിപ്പിക്കണം. ഓരോ
എഴുത്തുകാരന്റെയും രചനയെ ഒരു സാകല്യമായും ആ സാകല്യത്തെ മനുഷ്യന്റെ
സാർവലൗകികമായ സർഗ്ഗാത്മകതയായും ആ സാർവലൗകികതയെ വിശ്വസാഹിത്യത്തിന്റെ
ആവിഷ്കരണമായും നോക്കിക്കാണാൻ ശ്രമിക്കണം. ഇപ്പോൾ അതിനു
സമയമായിരിക്കുന്നു.


       എല്ലാത്തരം സാംസ്കാരികവർണ്ണ വിവേചനങ്ങൾക്കും വിഭാഗീയ
ചിന്താഗതികൾക്കുമെതിരായി, സമന്വയാത്മകവും സർഗ്ഗാത്മകവുമായ
സാമൂഹികാവബോധത്തെ വളർത്തുകയാണ്‌ താരതമ്യസാഹിത്യത്തിന്റെ മുഖ്യലക്ഷ്യം.
അതുകൊണ്ടുതന്നെ, സ്വന്തം സാഹിത്യത്തിന്റെ തനിമകളെ സർവോൽകൃഷ്ടമായി
മാനിയ്ക്കുന്ന സങ്കുചിതവീക്ഷണത്തിന്‌ ഇതിൽസ്ഥാനമില്ല.


വിഭിന്നസാഹിത്യങ്ങളെ അവയുടെ ഉൽകർഷാപകർഷങ്ങളെക്കുറിച്ചുള്ള യാതൊരു
മുൻവിധികളുമില്ലാതെ ഒരുമിച്ചെടുത്തു പരിശോധിക്കുന്ന സാർവലൗകികസമീപനമാണ്‌
ഇതിലെ രീതിശാസ്ത്രത്തിന്റെ കാതൽ. പ്രണയം, ദുഃഖം, വിശപ്പ്‌, ഭക്ഷണം,
സ്നേഹം, വൈരം, ഭോഗം, ത്യാഗം, മരണം തുടങ്ങിയ സർവജനീനമായ
ചിരന്തനപ്രമേയങ്ങളെ വ്യത്യസ്തസംസ്കാരങ്ങളും വ്യത്യസ്തകാലഘട്ടങ്ങളും
എങ്ങനെ നോക്കിക്കാണുന്നു എന്ന വസ്തുതയിലേക്ക്‌ വെളിച്ചം വീശുവാൻ
താരതമ്യസാഹിത്യത്തിനു കഴിയുന്നു, സൊഫോക്ലിസ്സും ഹോമറും വ്യാസനും
വാല്മീകിയും ഷേക്സ്പിയറും കാളിദാസനും ടോൾസ്റ്റോയിയും ടാഗോറുമെല്ലാം
കാലദേശഭേദങ്ങളുടെയും ഭാഷാഭേദങ്ങളുടെയും സംസ്കാരധാരകളുടെയും
അതിർവരമ്പുകൾക്കപ്പുറത്ത്‌ ഒരേ മാനവികപൈതൃകത്തിന്റെ അവകാശികളായി
നിൽക്കുന്നവരാണെന്നു നാം തിരിച്ചറിയുന്നു. 

ഇന്ത്യൻ ആഖ്യാന പാരമ്പര്യങ്ങളെ ജാപ്പനീസ്‌ ചൈനീസ്‌ യൂറോപ്യൻ തുടങ്ങിയ വൈദേശികമായ ആഖ്യാനരീതികളോടും യൂറോപ്യൻ എപ്പിക്കിനെ ഭാരതീയേതിഹാസങ്ങളോടും എപ്പിക്‌ തീയേറ്ററിനെ
ക്ലാസ്സിക്കൽ സംസ്കൃതനാടകത്തോടും താരതമ്യംചെയ്യുമ്പോൾ
വ്യത്യസ്തരൂപങ്ങൾക്ക്‌ വ്യത്യസ്ത ഭാവങ്ങൾക്കുമടിയിൽ വർത്തിക്കുന്ന
മാനുഷികാവബോധങ്ങളുടെ സമാനതയാൽ ലോകം ചെറുതാവുന്നതായോ നാം വലുതാവുന്നതായോ
നമുക്കു തോന്നുന്നു. നമുക്കു നമ്മെത്തന്നെ കൂടുതൽ ആഴത്തിൽ
മനസ്സിലാക്കുവാൻ അതുസഹായകമാകുന്നു. ഉപരിപ്ലവമായ സാദൃശ്യങ്ങഇല്ല
അഗാധതയിലുള്ള സാധർമ്മ്യങ്ങളാണ്‌ സാംസ്കാരികമായ ഐക്യബോധം
അരക്കിട്ടുറപ്പിക്കുന്നത്‌. താരതമ്യസാഹിത്യപഠനത്തിൽ വിശ്വസാഹിത്യം
സാമാന്യസാഹിത്യം എന്നീ രണ്ടു സങ്കൽപനങ്ങളും ഒരുപോലെ ശ്രദ്ധേയമാകുന്നു.
       വ്യത്യസ്ത ഭാഷകളിൽ വ്യത്യസ്തരാഷ്ട്രങ്ങളിൽ എഴുതപ്പെട്ട സാഹിത്യങ്ങളുടെ
താരതമ്യമെന്ന്‌ താരതമ്യസാഹിത്യത്തെ ഫ്രഞ്ചു പദ്ധതിയിലും അമേരിക്കൻ
പദ്ധതിയിലുമുള്ള നിരൂപകന്മാർ നിർവചിച്ചിട്ടുണ്ട്‌. യൂറോപ്യൻ
സാഹിത്യങ്ങളുടെ അന്തരീക്ഷത്തിൽ ഇത്‌ മിക്കവാറും യോജിച്ചുപോകും. അവിടെ
സ്വിറ്റ്സർലന്റും ബെൽജിയവും ഒഴികെയുള്ള രാജ്യങ്ങളിലെല്ലാം
ഏകഭാഷാസാഹിത്യമേ നിലവിലുള്ളൂ. എന്നാൽ, ഇന്ത്യയിലേയും റഷ്യയിലേയും മറ്റും
സ്ഥിതി തുലോം വ്യത്യസ്തമാണ്‌. ഇന്ത്യ ഒരു രാഷ്ട്രമാണെങ്കിലും എഴുന്നൂറോളം
ഭാഷകൾ ഇവിടെ സംസാരിക്കുന്നുണ്ട്‌. അവയിൽ പതിനെട്ടു ഭാഷകളിലെങ്കിലും
വികസിതമായ സാഹിത്യസമ്പത്തുണ്ട്‌. വ്യത്യസ്തമായ സാമൂഹികപാരമ്പര്യങ്ങളും
പ്രാദേശികസ്വത്വങ്ങളും ഈ സാഹിത്യങ്ങളുടെ പരസ്പരവിഭിന്നമായ
ആവിഷ്കാരതന്ത്രങ്ങൾ നിർണ്ണയിക്കുന്നുണ്ട്‌. 

ഒരേ പ്രമേയമോ പ്രസ്ഥാനമോസാഹിത്യരൂപമോ തന്നെ ഹിന്ദിയിലും ബംഗാളിയിലും തമിഴിലും മലയാളത്തിലും മറ്റും വ്യത്യസ്തമായ അവതാരം കൈക്കൊള്ളുന്നു. പ്രാദേശികഭാഷാ സാഹിത്യങ്ങൾ
പലതും പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നു. ഇവയെ താരതമ്യപ്പെടുത്തി
പഠിക്കുന്നത്‌ രാഷ്ട്രം മാറുന്നില്ലെങ്കിലും താരതമ്യസാഹിത്യം തന്നെയാണ്‌.
ഇതുപോലെ താരതമ്യത്തിനു സാധ്യതയുള്ള ഏതുതരം സാഹിത്യപഠനവും
താരതമ്യസാഹിത്യത്തിന്റെ പരിധിയിലുൾപ്പെടുന്നുണ്ട്‌.


       പ്രാദേശികവും ദേശീയവും സാമൂഹികവും സാംസ്കാരികവും ഭാഷാപരവും മറ്റുമായ
എല്ലാ അതിർവരമ്പുകളും മാഞ്ഞുപോകുന്ന സമന്വയദർശനം മാത്രമല്ല
താരതമ്യസാഹിത്യപഠനത്തിന്റെ ലക്ഷ്യം. സാജാത്യത്തിലെന്നപോലെ വൈജാത്യത്തിലും
താരതമ്യപഠനം ഊന്നുന്നുണ്ട്‌. ഇലിയഡിനെ രാമായണവുമായോ സ്വപ്നവാസവദത്തത്തെ
ഈനക്‌ ആർഡനുമായോ ചങ്ങമ്പുഴക്കവിതയെ പാശ്ചാത്യ കാൽപനിക കവിതകളുമായോ
ജയശങ്കർപ്രസാദിന്റെ ഹിന്ദിനാടകങ്ങളെ ദ്വിജേന്ദ്രലാൽ റോയിയുടെ ബംഗാളി
നാടകങ്ങളുമായോ തുളസീദാസരാമായണത്തെ എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണം
കിളിപ്പാട്ടുമായോ പ്രേംചന്ദിന്റെ നോവലുകളെ തകഴിയുടെ നോവലുകളുമായോ
ഹാംലെറ്റിനെ ഉമ്മാച്ചുവുമായോ താരതമ്യപ്പെടുത്തുമ്പോൾ അവ ഉൾക്കൊള്ളുന്ന
സാധർമ്മ്യങ്ങളെപ്പോലെത്തന്നെ അവയുടെ തനിമ വ്യക്തമാക്കുന്ന വ്യത്യസ്തകളും
ശ്രദ്ധാവിഷയമാകുന്നു. ഒരേ സാഹിത്യരൂപമോ പ്രസ്ഥാനമോ പ്രവണതയോ പ്രമേയമോ
ഭിന്നഭാഷകളിൽ വിഭിന്നമായ സാമൂഹികരാഷ്ട്രീയസാഹചര്യങ്ങളിൽ,
ചരിത്രസന്ദർഭങ്ങളിൽ, വ്യത്യസ്തരൂപങ്ങളും മാനങ്ങളുമാർജ്ജിച്ച്‌
അവതരിക്കാവുന്നതാണ്‌. വ്യക്തിസത്തകൾക്കു മുകളിൽ സാമൂഹ്യസ്വത്വം
തെളിഞ്ഞുണരുന്ന സാഹിത്യം ഒട്ടനേകം മാനവികസംബന്ധങ്ങളുടെ സങ്കലനമാണ്‌.
ചിരസ്ഥായിത്വമാഗ്രഹിക്കുകയും എന്നാൽ പരിണമിച്ചുകൊണ്ടേയിരിക്കുകയും
ചെയ്യുന്ന 'പ്രതിജന്നഭിന്നവിചിത്രമാർഗ്ഗ'മായ മനുഷ്യാവസ്ഥയുടെ
സങ്കീർണ്ണശിൽപമാണ്‌. വൈവിധ്യമാർന്ന ഉപദേശീയതകളും പ്രാന്തവൾക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉദ്വേഗങ്ങളും ഉത്തരാധുനിക ചിന്താസരണികളും സാംസ്കാരികമായ വ്യത്യസ്തത്തകളിൽ ഇന്ന്‌ ഏറെയേറെ
ഊന്നിക്കൊണ്ടിരിക്കയാണ്‌. അതുകൊണ്ടു വാസ്തവത്തിൽ സാജാത്യത്തോടൊപ്പമോ
അതിലുമേറെയോ വൈജാത്യങ്ങളെ വിവേചിക്കുമ്പോഴാണ്‌ നാം താരതമ്യത്തിന്റെ
ഗഹനമേഖലകളിൽ എത്തിച്ചേരുന്നത്‌. അത്‌ സാംസ്കാരികത്തനിമകളുടെ
പര്യാലോചനയിലേക്ക്‌ നമ്മെ കൊണ്ടുപോകുന്നു. അറുതിയില്ലാത്ത
ഒരന്വേഷണമായിമാത്രം അതു തുടർന്നുകൊണ്ടേയിരിക്കുന്നു.