വി.പി.അഹമ്മദ്
ബ്ലോഗര്‍മാര്‍ ഏറെ സമയം കമ്പ്യുട്ടെര്‍ മോണിട്ടറില്‍ കണ്ണും നട്ടിരിക്കുന്നവരാണല്ലോ. അതിനാല്‍ തന്നെ അവര്‍ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് കണ്ണുകള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളും വൈകല്യങ്ങളും. പലര്‍ക്കും അനുഭവപ്പെടുന്ന കണ്ണില്‍ വെള്ളം നിറയല്‍, കാഴ്ച മങ്ങല്‍ , അക്ഷരങ്ങള്‍ ഇരട്ടിയായി കാണല്‍ എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം വിഷമതകള്‍ നമ്മുടെ ദൃശ്യാനുഭൂതിയും ദര്‍ശനേന്ദ്രിയം (കണ്ണ്) മുഖേന മനസ്സിലേക്കുള്ള രേഖാനീക്ക (data input അല്ലെങ്കില്‍ ഗ്രഹണം, ഗ്രാഹ്യത) വും കുറയ്ക്കുന്നു.
സാധാരണക്കാരനായ ഒരാളുടെ ഗ്രാഹ്യതയുടെ 90
ശതമാനവും കണ്ണ് വഴിയാണ്. അതിനാല്‍ പഞ്ചേന്ദ്രിയങ്ങളില്‍ കണ്ണിനാണ് ഒന്നാം
സ്ഥാനം. ചില നിസ്സാരമെന്നു കരുതാവുന്ന വ്യായാമങ്ങളില്‍ കൂടെ,
കണ്ണിനുണ്ടാകുന്ന പ്രസ്തുത വിഷമതകള്‍ കുറെയൊക്കെ പരിഹരിക്കാനും അതുവഴി
നമ്മുടെ ഗ്രഹണം വര്‍ദ്ധിപ്പിക്കാനും കഴിയും.
നാം ഇരിക്കുന്ന ഇരിപ്പിടത്തില്‍ നിന്ന് 2-3
മീറ്റര്‍ അകലെ ചുമരില്‍ ഒരു പത്രക്കടലാസ് നിവര്‍ത്തി തൂക്കിയിടുക.
മോണിട്ടറില്‍ നോക്കുന്നതിനിടയില്‍ ഓരോ പതിനഞ്ച് മിനുട്ടിലും പത്രത്തിലെ
ശീര്‍ഷകങ്ങള്‍ മാറി മാറി വായിക്കുക. ഈ പ്രക്രിയ ഇടക്കൊക്കെ കുറച്ചു സമയം
ചെയ്യുകയാണെങ്കില്‍ കണ്ണിനു വ്യായാമം കിട്ടും. പത്രത്തിന് പകരം സമാനമായ
മറ്റെന്തെങ്കിലും സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.
ഋജുവായ കാഴ്ച ശക്തിയുണ്ടായാല്‍,
കൂടുതല്‍ വേഗതയില്‍ കൂടുതല്‍ വസ്തുക്കള്‍ വേര്‍തിരിച്ചു ദര്‍ശിക്കാന്‍
കഴിയും. ഇതിനായി, തല ചലിപ്പിക്കാതെ കണ്ണിന്‍റെ ദൃഷ്ടികള്‍ മാത്രം
ഇടത്തോട്ടും വലത്തോട്ടും കുറെ പ്രാവശ്യം ചലിപ്പിക്കുക. വീക്ഷണ കോണിന്‍റെ
ഏറ്റവും അകലെ കിടക്കുന്ന വസ്തുക്കളില്‍ ഫോക്കസ് ചെയ്തുകൊണ്ട് വേണം ഈ ചലനം.
ഇത് മൂലം കണ്ണിന്‍റെ അതിര്‍ത്തി ഗോചരശക്തി (Peripheral Perception) ഭേദമാക്കാനും കഴിയുന്നു.
മുറിയിലിരിക്കുന്ന
പത്ത് വ്യത്യസ്ഥ വസ്തുക്കളില്‍ പത്ത് സെക്കന്റിനുള്ളില്‍ തല
ചലിപ്പിച്ചുകൊണ്ട് മാറി മാറി ദൃഷ്ടി പതിപ്പിക്കാന്‍ ശ്രമിക്കുകയും ഓരോ
വസ്തുവും ദര്‍ശിച്ച ക്രമത്തില്‍ അവയുടെ പേരുകള്‍ ഓര്‍ത്തെടുക്കുകയും
ചെയ്യുക. ഈ വ്യായാമം കണ്ണുകളുടെ കേന്ദ്രീകരണ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
വ്യത്യസ്ഥ വസ്തുക്കളെ ഏറെ വേഗതയില്‍ തിരിച്ചറിയാനുള്ള ഒരു പരിശീലനം കൂടെ
ആണിത്.
ചലിക്കുന്ന വസ്തുക്കളെയാണ് വീക്ഷിക്കുന്നതെങ്കില്‍ (ഉദാ: ഫുട്ബാള്‍) ദൃഷ്ടികളോടൊപ്പം നമ്മുടെ തലയും ശരീരവും ഒന്നായി ചലിപ്പിച്ചു കൊണ്ട് വസ്തുവിനെ അനുഗമിക്കുകയാണ് വേണ്ടത്.
* * * * *
നമ്മുടെ ശരീരത്തിലെ മറ്റു ഇന്ദ്രിയങ്ങളും ഇതേപോലെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൂര്‍ച്ച കൂട്ടാവുന്നതാണ്.
ഏറ്റവും വലിയ ഇന്ദ്രിയം ചര്‍മ്മമാണല്ലോ. സ്പര്‍ശനത്തില്‍ കൂടെയാണ് input
നടക്കുന്നത്. സ്പര്‍ശിക്കുന്ന വസ്തുവില്‍ തന്നെ മനസ്സ്
കേന്ദ്രീകരിക്കുകയും ആ വസ്തുവിന്‍റെ രൂപം മനസ്സില്‍ ഫലിപ്പിക്കുകയും
ചെയ്താല്‍ ഏറ്റവും കൂടുതല്‍ സംവേദനം (sensation) അനുഭവപ്പെടുകയും കൂടുതല്‍ ഗ്രഹണം നേടുകയും ആവാം. അതീവ ശൈത്യമുള്ള അന്തരീക്ഷത്തില്‍ കൈവിരലുകളിലെ ഞരമ്പഗ്രം (nerve endings)
നാശമാവുകയും സംവേദനം കുറയുകയും ചെയ്യും. കാലാവസ്ഥയ്ക്ക് യോചിച്ച കയ്യുറ
ഉപയോഗിച്ച് ഇത് പരിഹരിക്കാം. ഇടയ്ക്കിടെ മാത്രമുള്ള ശൈത്യ അന്തരീക്ഷം പോലും
ചര്‍മ്മത്തിലെ രക്തനീക്കം പുറം പാളികളിലേക്ക് എത്താതെ സംവേദനക്ഷമത
കുറയ്ക്കുന്നു. അതിനാല്‍ ശൈത്യ കാലത്ത് എപ്പോഴും ശരീരം മുഴുവന്‍ മറക്കുക.
വെറും
വ്യായാമം കൊണ്ട് കേള്‍വി ഭേദപ്പെടുത്താന്‍ കഴിയില്ലെങ്കിലും കേള്‍ക്കുന്ന
ശൈലിയും സ്വരവും ഭേദമാക്കാം. നമുക്ക് താല്പര്യമുള്ള ശബ്ദം മാത്രം നിര്‍ത്തി
മറ്റെല്ലാ ഗ്രഹണങ്ങളും (sensory inputs)
ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഏറ്റവും ഫലപ്രദമായ മാര്‍ഗം.
ഉദാഹരണമായി ടി. വി. യില്‍ സംഗീത പരിപാടികള്‍ കാണുമ്പോള്‍ കണ്ണടച്ച്
ശ്രവിക്കുകയാണെങ്കില്‍ സംഗീതത്തിന്‍റെ അനുഭൂദി ഏറെ കൂടുതലാണ്. കാഴ്ച ശക്തി
കുറയുമ്പോള്‍ വ്യക്തികള്‍ക്ക് മറ്റു ഇന്ദ്രിയങ്ങള്‍ (പ്രത്യേകിച്ച്
ശ്രവണെന്ദ്രിയം) കൂടുതല്‍ ഊര്‍ജ്വസ്വലമാവുന്നത് കാണാം. കണ്ണുകള്‍
അടച്ചിരിക്കുമ്പോള്‍ ചെവികള്‍ , അത്യന്തം സ്വരപ്പെട്ട (fine tuned) അവസ്ഥയിലാണ്. Head set
ഉപയോഗിച്ച് സംഗീതം ആസ്വദിക്കുമ്പോള്‍ തനിയെ കണ്ണടയുമല്ലോ. ഒരു
ഓര്‍ക്കസ്ട്രയിലെ സംഗീത ഉപകരണങ്ങള്‍ വേര്‍തിരിച്ചു ആസ്വദിക്കാന്‍
ശ്രമിക്കുകയും അത് പരിശീലിക്കുകയും ചെയ്താല്‍ സാധാരണ ശബ്ദങ്ങള്‍ കൂടുതല്‍
നന്നായി ഉള്‍കൊള്ളാന്‍ കഴിയും.
നമ്മുടെ
ഘ്രാണശക്തി ബഹുവിധമാണ്. ഗന്ധവുമായി ബന്ധപ്പെട്ടാണ് രുചിയും. മൂക്കിലൂടെ
ശക്തിയായി വായു വലിച്ചു കയറ്റുന്നത് കൊണ്ട് ഗന്ധം നന്നായി അനുഭവപ്പെടില്ല.
മെല്ലെ മെല്ലെ നേരിയ തോതില്‍ ശ്വാസം മൂക്കിലേക്ക് വലിക്കുകയാണ് വേണ്ടത്.
വായ തുറന്ന് പിടിക്കുമ്പോള്‍ കൂടുതല്‍ ഗന്ധം അനുഭവിക്കാം. ശ്വാസ തടസ്സമുള്ള
മൂക്കടപ്പോ സങ്കോചമോ ഉണ്ടെങ്കില്‍ പരിഹരിക്കുക.
രുചിയറിയുന്നത്
നാവ് കൊണ്ടാണ് എങ്കിലും നാസാരന്ധ്രങ്ങള്‍ കാര്യമായ പങ്കു വഹിക്കുന്നു. അത്
കൊണ്ടാണ് മൂക്കടപ്പ് ഉള്ളപ്പോള്‍ രുചിക്കുറവു അനുഭവപ്പെടുന്നത്. അതിനാല്‍
മൂക്ക് തുറന്ന് വേണം രുചിക്കാന്‍. നാക്കിന്‍റെ പ്രതലം ശുചിയാക്കുക,
പ്രത്യേകവും വിവിധങ്ങളുമായ ഭക്ഷണങ്ങളുടെ ഇടയില്‍ appetizer എന്തെങ്കിലും
ഉപയോഗിക്കുക, നന്നായി ചവച്ചരച്ചു കഴിക്കുക മുതലായ ശീലങ്ങള്‍ രുചി
വര്‍ധിപ്പിക്കും. നാക്കിന്‍റെ അടിയിലുള്ള ചില ഗ്രന്ഥികള്‍ രുചി
തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കുറച്ചു നേരം
നാവിനടിയില്‍ നിര്‍ത്തുകയും ആവാം.
* * * * *
* * * * *
ആറാം ഇന്ദ്രിയത്തിനും ഉണ്ടോ മൂര്‍ച്ച കൂട്ടാന്‍ ആയുധങ്ങള്‍ ! പരീക്ഷണം നടക്കുന്നുണ്ടായിരിക്കാം. ഇന്ദ്രിയങ്ങള്‍ നിശ്ചേതവും ശീഘ്രഗ്രഹണവും അല്ലെങ്കില്‍ നമ്മളും അങ്ങനെ ആകാനെ തരമുള്ളൂ, എത്ര ബുദ്ധിമാന്മാര്‍ ആയാലും.