Followers

Thursday, May 3, 2012

ശാദ്വല ഭൂമികളെ സ്വപ്നം കണ്ടവര്‍

എൻ.എസ് സരിജ

ജാലകങ്ങള്‍ക്കപ്പുറത്ത്‌ പുഴ കടല്‍ വെള്ളം കയറി നിറയാന്‍ തുടങ്ങിയിരിക്കുന്നു. വേലിയേറ്റമാണ്‌. ചിലപ്പോള്‍ തോന്നും ഈ പുഴ പോലെയാണ്‌ എന്‍റെ മോഹങ്ങളെന്ന്‌. തീരങ്ങള്‍ കവിഞ്ഞ്‌ , അതിര്‍ത്തികള്‍ ലംഘിച്ച്‌ നിറഞ്ഞൊഴുകും . പിന്നെ തിരിച്ചറിവു വന്നിട്ടെന്ന പോലെ പുറകോട്ടൊഴുകും. വന്നിടത്തേക്കു തന്നെ മടങ്ങിപ്പോകും.

നിറഞ്ഞു വരുന്ന പുഴയിലൂടെ ഒഴുകിപ്പോകുന്ന കൊച്ചു കൊച്ച്‌ പുല്‍ത്തുരുത്തുകള്‍. അകലെ ഒരു ശീലാന്തി മരം വെള്ളത്തിലേക്ക്‌ ചാഞ്ഞു കിടക്കുന്നു. എവിടെയൊ തടഞ്ഞു നിന്ന ഒരു കൊച്ച്‌ പുല്‍ത്തുരുത്ത്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പുഴയ്ക്കു നടുവില്‍ പുല്‍ത്തുരുത്തുകളുടെ ഒരു ദ്വീപ്‌ സൃഷ്ടിച്ചു. എങ്ങനെയാണാവോ ഇനിയും മണ്ണടര്‍ന്നു പോകാത്ത ഈ പുല്ലിന്‍കട്ടകള്‍ ഒഴുക്കില്‍പ്പെട്ടത്‌? ചിന്തിച്ച്‌ കഴിയും മുന്‍പെ മണല്‍ നിറച്ചു വന്ന ഒരു വഞ്ചി പുല്‍ദ്വീപിനെ ചിതറിച്ചു കൊണ്ട്‌ കടന്നു പോയി. പച്ചപ്പിന്‍റെ കൊച്ചു തുരുത്തുകള്‍ വീണ്ടും അവയുടെ ഏകാന്തയാത്ര തുടര്‍ന്നു. ഇനിയെവിടെയെങ്കിലും വീണ്ടും അവയൊരുമിക്കുമോ?

പുറത്ത്‌ ഉരുകിത്തിളയ്ക്കുന്ന വെയില്‍. ഓര്‍മ്മകള്‍ക്ക്‌ നനഞ്ഞ ഭസ്മത്തിന്‍റെ ഗന്ധമാണ്. എന്ന്‌ മുതലാണ്‌ ഞാന്‍ ഉറക്കത്തില്‍ കരഞ്ഞു തുടങ്ങിയത്‌? ഒത്തിരി ചിരിക്കുന്ന മനസ്സ്‌ ഉറക്കത്തിലെപ്പോഴോ ഉണര്‍ന്നു കരയുന്നു, ഞാനറിയാതെ. ഇന്നത്തെ ഉറക്കത്തിലും ഞാന്‍ കരയുമോ?

ഇന്നലെ പുല്ലാന്തിക്കാടുകളില്‍ വീശുന്ന കാറ്റ്‌ എന്നെ തേടി വന്നു. മടക്കയാത്രയ്ക്കു സമയമായെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍. എങ്ങോട്ടോ ഒഴുകുന്ന ജീവിതത്തെ ഞാന്‍ വെട്ടിയൊരുക്കിയ വഴിയിലേക്ക്‌ തിരിക്കാനുള്ള സമയമാണിത്‌. ഗ്രാമത്തിന്‍റെ ഇടവഴികള്‍ കടന്നു പോരുമ്പോള്‍ മനസ്സ്‌ നിശബ്ദം ഒന്നു തേങ്ങി. ഈ മണ്‍തരികളില്‍ എന്‍റെ ഓര്‍മ്മകള്‍ വീണു കിടക്കുന്നു. എന്‍റെ കണ്ണീരുണങ്ങിക്കിടക്കുന്നു. മനസ്സു പറഞ്ഞു “ഇല്ല, ഇനിയീ വഴികളിലൂടെ ഒരു യാത്രയില്ല. ഇനിയുള്ള എന്‍റെ യാത്രകളിലേക്കുള്ള വഴി ഇതല്ല“.

നഗരത്തിന്‍റെ ഗന്ധം എന്നെ അസ്വസ്ഥയാക്കുന്നു. കണ്ണുകളടച്ച്‌ ചൌരസ്യയുടെ പുല്ലാങ്കുഴലിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചു നോക്കി. ജീവിതം പരിഹാസത്തോടെ എന്നെ നോക്കിച്ചിരിച്ചു. അസ്ഥിരതകളില്‍ സ്ഥിരതയെ തേടുന്ന വിഡ്ഡി വേഷം , അത്‌ ഞാനഴിച്ച്‌ വയ്ക്കുന്നു. സ്വയം പകര്‍ന്നാടാന്‍ ഇനിയൊന്നുമില്ല. കാതില്‍ വല്ലാത്ത ഇരമ്പല്‍... ഇരുളില്‍ നിന്നൊരു വണ്ടി തീക്കണ്ണുകള്‍ തുറന്ന്‌ വച്ച്‌ പാഞ്ഞു വരുന്നു. മരുഭൂവിലിരുന്ന്‌ ശാദ്വല ഭൂമികളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവരാണ്‌ അതിലെ യാത്രക്കാര്‍. എന്‍റെ ഹൃദയത്തിലേക്കു നടന്ന്‌ കയറിയ ചിലര്‍, അവര്‍ക്കായുള്ള എന്‍റെ യാത്രാമൊഴിയാണിത്. എഴുതിയവസാനിപ്പിക്കാന്‍ എവിടെയോ വായിച്ച വാക്കുകള്‍ കടമെടുക്കുന്നു. " മരണം ഒരു തരം ഭ്രാന്താണ്‌, പ്രണയം പോലെ സുഖമുള്ള ഒന്ന്‌"