Followers

Thursday, May 3, 2012

രാത്രിയെക്കുറിച്ചുള്ള വിചാരത്തില്‍


പി.എ അനിഷ്

ആടുകള്‍ കൂട്ടത്തൊടെ പോവുകയാണ്
പുകയായുയരേക്കുപാറും
പൊടിമൂടുന്നുണ്ടവയുടെ വേഗത

ആട്ടിടയന്‍ 
ഏറെ പിന്നിലാണവയുടെ
ഒപ്പം നടക്കാനേറെ പണിപ്പെടുന്നുമുണ്ടയാള്‍
കാലുകളിലെ ദീനം
വാര്‍ദ്ധക്യത്തോടൊപ്പമേറിയേറി
വരുന്നതിനെക്കുടിച്ചോര്‍ത്തയാള്
നടക്കുന്നു
നിഴലയാളുടെ കാലുകളില്‍ത്തൊട്ടു
മുന്നിലേക്കു നീണ്ടുകിടക്കുന്നു

അയാള്‍  ശ്രദ്ധിക്കുകയാണ്
അവിചാരിതമായ്
എന്തുകൊണ്ടാടുകളുടെ 
നിഴലുകള്‍ പിന്നിലേക്കു നീളുന്നു ?
വെയിലവയെ വകഞ്ഞുമാറ്റി
നിലത്തു പൊടിമണ്ണിനു മീതെ
പറ്റിക്കിടന്നുറങ്ങാന്‍
വെപ്രാളപ്പെടുന്നുണ്ടാരും കാണാതെ

പച്ചയുടെ തരിപോലുമില്ലാത്ത
അകലങ്ങള്‍
വഴിമറന്നതിനെക്കുറിച്ചുള്ള
ആശങ്കയുടെ വിത്തുകള്‍ മുളപ്പിക്കുന്നു

മഞ്ഞുള്ള
ഒരു രാത്രിയെക്കുറിച്ചുള്ള
വിചാരത്തില്‍
പൊടുന്നനെയയാള്‍
മലക്കം മറിഞ്ഞുവീഴുകയാണ്
പൊടിയിപ്പോള്‍ കൂടിക്കൂടി
കുറഞ്ഞു കുറഞ്ഞ്
അപ്രത്യക്ഷമായിരിക്കുന്നു
ആകാശമതിന്റെ കറുത്ത സ്ലേറ്റില്‍
നക്ഷത്രങ്ങളെ വരഞ്ഞു തുടങ്ങിയിരിക്കുന്നു

മലക്കം മറിഞ്ഞു
പൊടിമണ്ണിലാണ്ടുപോയ
ആട്ടിടയനെക്കുറിച്ചുള്ള വിചാരത്തില്‍
ആടുകളെല്ലാം തിരിഞ്ഞു നില്‍ക്കുകയാണ്
മുന്നിലേക്കും പിന്നിലേക്കും
നീണ്ടുകിടക്കുമോര്‍മയുടെ
നിഴലുകളില്‍ച്ചവിട്ടി
ഒരാട്ടിന്‍കുട്ടി
മുലപ്പാല്‍ നുണയുകയാണ്
അനങ്ങാതെ
ചുരത്തി നില്‍ക്കുകയാണ്
അന്നേരമാകാശം !