Followers

Thursday, May 3, 2012

സൂഫിസം

എം.കെ.ഖരീം


‘എന്‍റെ അധരങ്ങളില്‍ പ്രണയിയുടെ
ചുംബനം ലഭിച്ചാല്‍ ഞാനുമൊരു
പുല്ലാങ്കുഴലായി മാറും .’

———————————– റൂമി
എന്നാല്‍ പ്രാണപ്രിയനില്‍നിന്ന് വേര്‍പ്പെടുന്നതോടെ മൂകനായ്‌ മാറുകയും. പനിനീര്‍പ്പൂവ് കൊഴിയുകയും പൂന്തോപ്പ്‌ വാടുകയും ചെയ്‌താല്‍ വാനമ്പാടി പാട്ടു നിര്‍ത്താതിരിക്കുന്നത് എങ്ങനെ. ഭൂമിയില്‍ പ്രണയം നിറയുമ്പോഴാണല്ലോ പരാശക്തിയുടെ പൂങ്കാവനം വസന്തം കൊണ്ട് നിറയുക. പൂങ്കാവനം ഒരുക്കേണ്ടവര്‍ കപട ഭക്തിയുടയൂം ആള്‍ ദൈവങ്ങളുടെയും പുറകെ പാഞ്ഞു നരകം പണിയുന്നു. എന്താണ് ഭക്തിയെന്നു പോലും അറിയാതെ.. പള്ളിയിലേക്കോ അമ്പലത്തിലേക്കോ വച്ചുപിടിച്ചാല്‍ പരാശക്തിക്ക് പ്രിയങ്കരരായി തീരുമെന്നോ? ഏതു പരാശക്തി? ഉള്ളിലുള്ളതിനെ വെടിഞ്ഞുകൊണ്ട് മനുഷ്യ നിര്‍മിതിയുടെ നിഴലില്‍ കഴിയുന്ന ശക്തിയോ? അങ്ങനെ ഒന്നുണ്ടെന്നോ?
ഒരായുസ്സ് മുഴുവന്‍ ആരെയൊക്കെയോ ബോധിപ്പിക്കാന്‍ എന്തൊക്കൊയോ ചെയ്തു കൂട്ടലായി മാറുന്നു. ഞാന്‍ എന്തൊക്കെയോ ആണെന്ന് ബോധിപ്പിക്കുക. ആ നിഴലില്‍ ചുരുങ്ങി കാലം പോക്കുക. അവിടെ ഞാന്‍ ഇല്ലാതെയാവുന്നു. അല്ലെങ്കില്‍ ഞാന്‍ അടിച്ചമര്‍ത്തപ്പെടുന്നു. ഞാന്‍ ആരാണ്, എന്തിനാണ്, എന്ന ചോദ്യം നഷ്ടപ്പെടുകയും.
എന്തിന് എന്തിന് എന്ന് ചോദിക്കാന്‍ ശിക്ഷ്യനോ പറഞ്ഞു കൊടുക്കാന്‍ ഗുരുവോ ഇല്ലാത്ത പാതകളില്‍ ഇരുട്ട് മേയുന്നു.
അലസന്റെ ഹൃദയം ചെകുത്താന്റെ ആലയം. എങ്കില്‍ അമ്പലത്തിനും പള്ളിക്കും വേണ്ടി മുറവിളി കൂട്ടുന്നവരുടെ, മനുഷ്യനെ കൊന്നൊടുക്കുന്നവരുടെ അവസ്ഥയെന്ത്. അവരൊക്കെ ചെകുത്താന്റെ ആലയമല്ലാതെ മറ്റെന്ത്…
ബാബറി പള്ളിയുടെ, അയോധ്യയുടെ പരിസരങ്ങളില്‍ ചെകുത്താന്റെ ചിരി. എത്രമേല്‍ ചോര ലഭിച്ചിട്ടും മതിവരാതെ. അവര്‍ പള്ളിക്ക് വേണ്ടിയും അമ്പലത്തിനു വേണ്ടിയും ഒച്ചവയ്ക്കുന്നു. ഒച്ചകള്‍ ഭക്തിക്കു അന്യമായ ഭാഷ.
പ്രണയം ഒച്ചകളെ ഭയക്കുന്നു. വെറുക്കുന്നു. ശൂലമോ വാളോ കൂട്ടി മുട്ടുമ്പോള്‍ പ്രണയം അസ്വസ്ഥതയോടെ ഓടി മറയുന്നു.
ചീന്തുന്ന ചോര ഹിന്ദുവിന്റെയോ മുസല്മാന്റെയോ… നിറം ഒന്നുതന്നെ. പുറപ്പെട്ട ഇടങ്ങളില്‍ മാത്രം വ്യത്യാസം. പക്ഷെ ആ ഇടങ്ങളെ നിലനിര്‍ത്തിയത് എന്തോ അത് ഒന്ന് തന്നെ. പരാശക്തിയല്ലാതെ മറ്റെന്ത്. കൊല്ലപ്പെട്ടവന്റെയും കൊന്നവന്റെയും ഉടലുകളില്‍ ഒരേ ശക്തി. നാമോ തിരിച്ചറിയാതെയും. സ്വയമറിയാത്ത നാമെങ്ങനെ മറ്റൊന്നിനെ അറിയും?
മൌനം ചൂടി മഞ്ഞു മലയായി നിന്ന പ്രണയം. പുല്ലാങ്കുഴല്‍ നാദത്തില്‍ ഉരുകിയതും താഴ്വരയിലൂടെ ഒഴുകി യമുനയായി മാറിയതും. പ്രണയ വസന്തങ്ങളുടെ യമുന കപട ഭക്തരെകൊണ്ട് മലിനമായിരിക്കുന്നു. കണ്ണനോ കദംബ വൃക്ഷത്തിലിരുന്നു പുല്ലാങ്കുഴല്‍ വായിച്ചു പരമമായ പ്രണയത്തിലേക്ക് ക്ഷണിക്കുകയും.
കണ്ണന്‍ ഹൃദയങ്ങള്‍ തേടുന്നു. ഒന്നിരിക്കാന്‍ , വിശ്രമിക്കാന്‍ ..
സ്നേഹം നഷ്ടപ്പെട്ടവന്‍ ചിറകൊടിഞ്ഞപക്ഷിയായ്‌ മാറുമെന്നു റൂമി പ്രവചിക്കുന്നു.. വാക്കുകള്‍ക്ക് അര്‍ത്ഥവും ഗുണവും കിട്ടാന്‍ ആസ്വദിക്കുവാനുള്ള ഹൃദയം വേണം. റൂമി തുടര്‍ന്ന് ചൊല്ലുന്നു, പ്രതിഛായ ഉണ്ടാവില്ലെങ്കില്‍ പിന്നെ കണ്ണാടിയെന്തിന്!
കളങ്കിത ഹൃദയത്തില്‍ പ്രണയം പാറില്ല. ഒട്ടുമേല്‍ ഈര്‍പ്പമില്ലാത്ത വരണ്ട നിലത്ത് എങ്ങനെയാണ് വിത്ത്‌ മുളക്കുക. അത് പോലെ പൊടിയാല്‍ മറഞ്ഞിരിക്കുന്ന ഹൃദയത്തില്‍ പ്രണയവും.. സ്നേഹത്തിന്റെ ചെറുകാറ്റുപോലും കിട്ടാത്ത ഇടങ്ങളിലൂടെ വെറും ആത്മാവില്ലാത്ത ഉടലുകളിലേക്ക് ചുരുങ്ങുന്നു മനുഷ്യന്‍ ..
ഉപനിഷത്തും കുര്‍ആനും ഒന്നായി അനുഭവിക്കണമെങ്കില്‍ ചട്ടകൂടുകള്‍ ഉപേക്ഷിക്കണം. കുര്‍ ആനെ സമീപിക്കുന്നവന്‍ ആദ്യമായി കാണുന്നതോ മുസല്‍മാന്റെ താടി. ഉപനിഷത്തിനരികെ എത്തുമ്പോള്‍ കാവിയും.
അല്ലയോ മനുഷ്യാത്മാവേ ബിംബങ്ങളില്‍ നിന്നും മുഖം തിരിക്കുക. മുന്‍ വിധികളോട് രാജിയായി കുര്‍ ആനേയും ഉപനിഷത്തിനെയും ഗ്രന്തങ്ങളായി കാണുക. കലത്തിലെത്തിയ അന്നം ഹിന്ദുവിന്റെയോ മുസല്മാന്റെയോ എന്ന് തിരയാതെ കുടിക്കുന്ന പശുവില്‍ നിന്നും പഠിക്കുക.
നീയെന്തിനാണിങ്ങനെ ചട്ടക്കൂടുകളില്‍ നിന്നെ ഹോമിക്കുന്നത്. ചട്ടക്കൂടുകള്‍ക്കൊരു മന്ത്രമേയുള്ളൂ , എന്റേത് മാത്രം ശരി, നിന്റേതു തെറ്റ്…
ആത്മാവ് ഉടലിന്റെ തടവില്‍ പെടുന്നത് പോലെ മനുഷ്യന്‍ പൂര്‍ണമായും മതങ്ങളുടെ തടവില്‍ … തടവില്‍ പെടുന്നതോടെ കാഴ്ച്ചക്ക് പരിതി നിശ്ചയിക്കപ്പെടുന്നു. ആത്മാവോ പരിതിയില്ലാത്ത ആകാശം തേടുകയും. ആത്മാവ് എന്താണോ കൊതിക്കുന്നത് അതല്ല ബോധ മനുഷ്യന്‍ തേടുക. ആത്മാവോ വിശന്നു വലയുകയും.. എത്രമേല്‍ കിട്ടിയിട്ടും ആഗ്രഹമൊഴിയാതെ..
ആത്മാവിനെ സത്തയുടെ അകക്കാമ്പെന്ന് അടയാളപ്പെടുത്തട്ടെ.
ഉള്ളിലേക്കുള്ള സഞ്ചാരത്തെ ഉള്ളിയുടെ തോടുകള്‍ പിഴുത് ആ അകക്കാംബില്‍ എത്തുന്നതായി കുറിക്കട്ടെ.
എങ്കില്‍ നാം നമ്മെ ഉരിഞ്ഞുരിഞ്ഞ് ചെല്ലുക.
അവിടെ ഒറ്റപ്പെട്ടൊരു ദ്വീപില്‍ മുനിഞ്ഞു കത്തുന്ന വിളക്ക് പോലെ ആത്മാവ്.
നീയെന്നില്‍ ആവേശിച്ച നാളില്‍ ഞാന്‍ എങ്ങനെയാണോ ആളി കത്തിയത് അത് പോലെ ആ നാളവും.
പിന്നെയെങ്ങും വെളിച്ചമയമല്ലോ!
പ്രണയത്തിലാവുന്നതോടെ ഒരുവേള ആത്മാവ് ആത്മാവോട് ചോദിക്കുന്നുണ്ടാവില്ലേ.. പ്രണയം, ആളുന്ന തീയിലേക്ക് ചാടി മറഞ്ഞ പ്രാണിയോ, തിളച്ചു മറിയുന്ന എണ്ണയില്‍ മാഞ്ഞു പോയ ഈച്ചയോ…
എന്റെ അരികെ എത്തുന്നതോടെ ഭക്ഷണത്തിനരികെ എത്തിയ ഉറുമ്പിന്റെ സംശയം നിനക്ക്.. ഏതാനും നിമിഷം നീ മടിച്ചു നില്‍ക്കുകയും.. ഒരു വരി കുറിക്കാന്‍ ഒരായിരം വരിയുടെ ആലോചന.
ഹല്ലാജിന്റെ വെളിപാടിനു കുര്‍ ആന്‍ സാക്ഷ്യമാണ്.
” നീ നിന്നെ അറിഞ്ഞാല്‍ എന്നെ അറിഞ്ഞു പിന്നെ നീ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഞാനാകുന്നു.”
ഞാന്‍ എന്ന് ഉദേശിക്കുന്നത് പരാശക്തിയെ. യാതോരാള്‍ പരാശക്തിയെ അന്വേഷിക്കുന്നുവോ ആ ആള്‍ ആദ്യം സ്വയം അറിയണം. ഉടല്‍ എന്ന നിലക്കല്ലാതെ ആ ആള്‍ ആരെന്നു അറിയുക. ഉദാഹരണത്തിന്‌ ഉള്ളിയുടെ തോട് ഉരിഞ്ഞു ആ അകക്കാംബിലേക്ക്‌ എത്തുന്നത് പോലെ. ഉള്ളിയുടെ സത്യം ആ കാമ്പ് എന്ന പോലെ നമ്മുടെ സത്യം നമ്മില്‍ ഉള്ള ആ കാമ്പ് തന്നെ. ആ കാംബിന്റെ ലിങ്ക് പരാശക്തിയുമായി ബന്ധിച്ചിരിക്കുകയാണ്‌. കുര്‍ ആനിലൂടെ പരാശക്തി പറയുന്നു , അവന്റെ ആത്മാവിന്റെ ഒരംശം നമ്മില്‍ ഊതിയെന്ന്. അപ്പോള്‍ ആ അംശത്തെ നമുക്ക് ജ്വലിപ്പിചെടുക്കാം . വീട്ടില്‍ കത്തുന്ന ബള്‍ബിലെ കരണ്ട് ഇടുക്കിയില്‍ ഉല്പാദിപ്പിക്കുന്ന ജനരെട്ടരില്‍ നിന്നും വരുന്നത് പോലെ. പരമമായ ഊര്‍ജത്തിന്റെ ഒരു രേഖയിലാണ് സര്‍വ ചരാചരങ്ങളും. അവിടെ മനുഷ്യനെന്നോ മൃഗമെന്നോ സസ്യങ്ങള്‍ എന്നോ വേര്‍തിരിവില്ല. കരുവാന്‍ ഇരുമ്പ് ആലയില്‍ വച്ച് പഴുപ്പിച്ചു തല്ലിയെടുക്കുന്നത് പോലെ നമുക്ക് നമ്മുടെ ആ കാമ്പിനെ ഊതി കാച്ചിയെടുക്കാം. അപ്പോള്‍ പരാശക്തിയുമായുള്ള ബന്ധം ദൃഡമാകുന്നു .
റൂമി പുല്ലാങ്കുഴലിലൂടെ നമ്മെ അവതരിപ്പിക്കുന്നു. മുളന്തണ്ട് എന്തെന്ന് അറിയണം എങ്കില്‍ മുളങ്കാടിനെ അറിയണം. അങ്ങനെ അറിവിന്റെ പാതയിലേക്ക് തിരിക്കണം എങ്കില്‍ ആദ്യം അടിമത്തം വലിച്ചെറിയണം. റൂമി പറയുന്നതും അങ്ങനെ, മകനെ, നിന്റെ ചങ്ങലകള്‍ പൊട്ടിചെറിയൂ. ഇനിയുമെത്ര നാള്‍ നീ പൊന്നിന്റെയും വെള്ളിയുടെയും ദാസനായി കഴിയും…


ലോകം പരാശക്തിയില്‍ നിന്നുമകന്ന ഇരുണ്ട കാലഘട്ടത്തിലാണ് സൂഫിസം പുഷ്പ്പിക്കുന്നത്. യാതൊരു സുഖഭോഗങ്ങള്‍ക്കും അതീതമായ സുഖം പരാശക്തിയുടെ സാമീപ്യമെന്നു സൂഫികള്‍ പ്രഖ്യാപിച്ചു. പതിമൂന്നാം നൂറ്റാണ്ടു ക്രൂരതയുടെത് ആയിരുന്നു. മംഗോള്‍ ആക്രമണത്തില്‍ ആ പ്രദേശം പാടെ തകര്‍ന്നു. ധര്‍മവും സത്യവും നഷ്ടപ്പെട്ടു ഭീകരമായൊരു തകര്‍ച്ചയുടെ വക്കിലായിരുന്നു അക്കാലത്തെ ഇസ്ലാം. ആ ഇരുട്ടില്‍ റൂമിയും റൂമിയുടെ രചനകളും പ്രകാശമായി മാറുകയായിരുന്നു. അതേ വരള്‍ച്ച, അക്രമം, ക്രൂരത ഏറെക്കുറെ ഇക്കാലത്തും പ്രകടമാണ്. അതിനു കാരണം ഹല്ലാജുമ് റൂമിയും യോഗികളും നമുക്ക് അപരിചിതര്‍ ആയി എന്നിടത്താണ്. ഇന്ന് ഇസ്ലാമില്‍ മാത്രമല്ല അപചയം മറ്റു മതങ്ങളിലും വ്യാപിച്ചിരിക്കുന്നു . മത ഇസ്ലാം, രാഷ്ട്രീയ ഇസ്ലാം എന്ന തലത്തിലേക്ക് ഇസ്ലാമിനെ കൊണ്ട് പോയിരിക്കുന്നു. അതുതന്നെയാണ് ഇതര മതങ്ങളിലും കാണുന്നത്. മനുഷ്യന്‍ ഭൌതീകതയുടെ ക്രൂരമായ തലത്തില്‍ ധര്‍മവും നീതിയും നഷ്ടപ്പെട്ടു ഉഴറി നടക്കുന്നു. ഭൌതീകത മാത്രം സത്യമെന്നും അതില്‍ രമിച്ചും ആന്തരീകമായ തലത്തില്‍ നിന്നും ബഹിഷ്ക്രുതര്‍ ആകുകയും ചെയ്തിരിക്കുന്നു. പുതു സാമ്പത്തീക ആധിപത്യമെന്നാല്‍ നവ കൊളോണലിസം തന്നെ. സാമ്രാജ്യത്വം നേരിട്ട് ഭരിക്കാതെ അവരുടെ ദല്ലാള്‍ വഴി നാലാം ലോകത്തെ കാല്കീഴെ നിര്‍ത്തുന്നു. ഏറ്റവും അപകടകരമായി നമ്മെ സാമ്പത്തീക കെണിയില്‍ പെടുത്തിയിരിക്കുന്നു.ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ അധിനിവേശത്തിനു ചുവടുറപ്പിക്കണം എങ്കില്‍ ഇവിടത്തെ ധര്‍മം നീതി ഒക്കെ നശിക്കെണ്ടതുണ്ട്. അതായത് ഇന്ത്യ ഒരിക്കലും ഒരു വന്‍ ശക്തിയായി വളരാതിരിക്കാന്‍, നമ്മുടെ നാനാത്വത്തില്‍ ഏകത്വം എന്ന ജീവന്‍ തകര്‍ക്കുന്നു.

അതിനു കണ്ടെത്തിയ മാര്‍ഗമാണ് ജാതി മത വിദ്വേഷം, മത വര്‍ഗീയത, ഭീകരത…. ഒരു ജനത പരസ്പരം പൊരുതുകയും, സംശയത്തിലെക്കും ഭീതിയിലെക്കും കൂപ്പു കുത്തുമ്പോള്‍ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുന്നു. അതിനുള്ള മാര്‍ഗം എന്ന നിലക്കാണ് ആദ്യം അക്ഷരങ്ങളെ നമ്മില്‍ നിന്നും അടര്‍ത്തി മാറ്റി ടെലിവിഷന്‍ പോലുള്ള കാഴ്ച്ചയുടെ ലോകത്ത് എത്തിച്ചു മസ്തിഷ്കം തകര്‍ക്കുന്നത്. ഏറെക്കുറെ അവര്‍ അതില്‍ വിജയിച്ചിരിക്കുന്നു. ഇവിടെയാണ്‌ സൂഫിസത്തിന്റെ പ്രസക്തി. പക്ഷെ ലോകം സൂഫിസത്തെ അംഗീകരിക്കുന്നില്ല. ഒരാള്‍ സൂഫിയുടെ പാതയിലേക്ക് നീങ്ങുന്നിടത്തു നിരാസമുണ്ട്. ആദ്യം പുസ്തകങ്ങളെ നിരസിക്കുക, അത് പൌരോഹിത്യത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.