Followers

Sunday, April 18, 2010

കവിതകൾ

dona mayoora
ബി-ഫ്ലാറ്റ്*
------------------

ഒരു മരം വനമാകുന്നതു വരെയുള്ള
കാത്തിരിപ്പിനൊടുവിൽ

എന്റെ പ്രണയമേ, എന്റെ പ്രണയമേ...
എന്ന വിളികേൾക്കുന്നു,
അവയ്ക്കൊപ്പം പിളർന്നു പോയൊരു
റുമാൻ പഴത്തിന്റെ അല്ലികൾ
ബി-ഫ്ലാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു.

ബിഥോവന്റെ നാലാം സിംഫണിക്കൊപ്പം
നിന്റെ മാത്രം പേരതിൽ തെളിയുന്നു,
നിന്റെ മാത്രമെന്നതു മൊഴിയുന്നു!

പറയാതെയുള്ളിലൊളിപ്പിച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
അല്‍പ്പാല്‍പ്പമായ് ആകാശമിടിഞ്ഞു
വീഴുന്നെന്നതു കാണെക്കാണെ നീ മൊഴിയുന്നു!

ആകാശത്തെ താങ്ങിനിർത്തുന്ന മരങ്ങളിലൊന്നിൽ,
ശിശിരത്തിന്റെ കൈയെത്താ ചില്ലമേലുള്ളൊരില
പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
പൊടുന്നനെ വീണുപോകുന്നു!

*a musical chord.

%%%%%%%%%%%%%%%%%%%%%%%%%%


ഉന്മീലനം
------------------

ഉപരിപ്ലവം മാത്രമാകുന്ന വിപ്ലവം.

രാഷ്ട്രീയം രാഷ്ട്രീയകാര്യ-
മെന്നതില്‍ നിന്നുമുരുത്തിരിഞ്ഞ്
രാഷ്ട്രീയക്കാരന്റേതെന്നായി.

നമ്മള്‍ വിതച്ച പാടങ്ങളിലവര്‍
കേറി റബ്ബറും തെങ്ങും വച്ചു.
പമ്പും, ബിവറേജസ് കോര്‍പ്പറേഷനുമാക്കി.

നമ്മള്‍ക്കിപ്പോള്‍ പണിയും കൂലിയും
സര്‍ക്കാര്‍ വക തൊഴിലുപോലൊരുറപ്പ്!
നൂറ് ദിവസം പണിയെടുത്തത്
ഇരുന്നൂറ് ദിവസം അപ്പോത്തിക്കിരിക്ക്.

നേതാവ് വരുമ്പോളിപ്പോഴും
കോരിത്തരിക്കും,
മുഷ്ടിചുരുട്ടി വായുവിലെറിയും,
എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍
നാല്‍ക്കവലയില്‍ മുദ്രാവാക്യം വിളിക്കും.

പ്രസംഗം കഴിഞ്ഞ്
നേതാവിനെ ഓച്ചാനിച്ചാനയിച്ച്
പോലീസകമ്പടിയോടെ
കൊടിവച്ച കാറില്‍ കയറ്റി വിടും.
തിരിച്ച് വീട്ടില്‍ വന്ന്
കൂമ്പടഞ്ഞ വാഴകണക്കെ കിടക്കും.

അണ്ടിയും തൊണ്ടും തല്ലുന്ന
കറപിടിച്ച കൈയാലെ
കെട്ട്യോള് എന്നും അത്താഴം വിളമ്പും;
അതുകൊണ്ടെന്താ
വീട്ടില്‍ പശിയില്ല, പട്ടിണിയില്ല.

രാവിലെ എണീക്കുമ്പോള്‍
മുഷ്ടി ചുരുട്ടി വായുവിലെറിഞ്ഞ
കൈത്തണ്ട കഴയ്ക്കും,
എട്ടുദിക്ക് പൊട്ടുമാറുച്ചത്തില്‍
വിളിച്ച കോരോള കോച്ചും,
ചെവിക്ക് മുകളില്‍ തെറുത്തു വച്ച
ബീഡിക്കും മുകളില്‍
തലചൊറിഞ്ഞാലോചിക്കും

വായുവില്‍ പതിഞ്ഞ മുഷ്ടിപ്പാടും
വായുവിലലിഞ്ഞ മുദ്രാവാക്യവും
കാറ്റ് കാതങ്ങളോളം
കടത്തിക്കൊണ്ടുപോയിരിക്കുമന്നേ
രം.

അവസാനം അടിയാന്‍ കുടിയാനും
കുടിയാന്‍ കുടിയനുമായി.

കള്ളിറങ്ങാതെ
കണ്ണിറങ്ങില്ലയിരുളിലേക്ക്;
ഉറക്കത്തിലേക്ക്.

ഈ കള്ളൊന്നിറങ്ങീട്ട് വേണം
തെളിച്ചത്തിനായിത്തിരി
എണ്ണയൊന്നൊഴിക്കാന്‍
അതിയാന്റെ കണ്ണിലെന്ന് കെട്ട്യോള്!

%%%%%%%%%%%%%%%%%%%%%%%%%%

വിരോധാഭാസം
---------------------------------

വാകീറിയ ദൈവത്തിന്റെ,
വായിലേക്കാണല്ലോ ദൈവമേ,
ഞാന്‍ പിറന്ന് വീണത്‌.

%%%%%%%%%%%%%%%%%%%%%%%%%%

ഡാഫോഡില്‍
----------------------------

ഈ തരിശ്ശായ
വയലേലകളിലെവിടെയോ ആണ്,
ചോള നിറമുള്ളൊരു
പെണ്‍കുട്ടി അപ്രത്യക്ഷയായത്.

ഇപ്പോളിതൊരു
ഡാഫോഡില്‍ പാടമാണ്.

വസന്തം പൊന്നുരുക്കുന്ന
നേരങ്ങളില്‍,
നിഴലുകള്‍ക്ക് നീളം വച്ച്
അവ പാടങ്ങളില്‍
നിന്നുമിറങ്ങിപ്പോകും.

ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.

കൂട് എവിടെയാണ്?

%%%%%%%%%%%%%%%%%%%%%%%%%%

രണ്ട് കവിതകൾ
---------------------------------

മുങ്ങിക്കപ്പല്‍

മുങ്ങിത്താഴുന്നുവെന്നോര്‍ത്ത്
എന്തിനാകുലപ്പെടുന്നു,
മുങ്ങുന്നക്ഷണം മുങ്ങിക്കപ്പലായി
പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!
***

കണ്ണാടി

രസത്തില്‍ നിന്നെയെന്നതു പോല്‍
ഞാനെന്നെ കാണ്മതിന്‍ രസം!

%%%%%%%%%%%%%%%%%%%%%%%%%%മൃഗം
--------

ഭ്രാന്ത് മൂക്കുമ്പോഴെല്ലാം,
ഭ്രാന്താശുപത്രിയെന്നോര്‍ത്ത്
മൃഗാശുപത്രിയിലേക്ക്
കയറിച്ചെല്ലും.

ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
സമാധാനപ്പെടുകയെന്ന്
അവിടത്തെ ഡോക്ടര്‍.

%%%%%%%%%%%%%%%%%%%%%%%%%%എല്ല്ലോ സ്റ്റിക്കി
---------------------------

You are not romantic!
ഫ്രിഡ്ജിലെ എല്ലോ സ്റ്റിക്കിയില്‍
നേര്‍പ്പാതിയുടെ കുറിപ്പ്.

How can I be,
being a forensic pathologist?
തിണര്‍ത്തുവന്നൊരാംഗലേയത്തിനു
പിന്നാലെ മനസ്സ്
പോസ്റ്റ്മോര്‍ട്ടം ടേബിളിലന്നുണ്ടായിരുന്ന
സൗരഭ്യം പടര്‍ത്തിക്കിടന്നിരുന്ന
കറുത്ത സൗന്ദര്യത്തിനടുത്തേക്കെടുത്തു ചാടി.

മരണത്തിനു മുന്നേ
തലയ്ക്കടിയേറ്റിരുന്നുവെന്ന
പ്രാഥമിക റിപ്പോര്‍ട്ട് സ്ഥിരീകരിക്കണം.

Is my mind searching for
salt and pepper shakers?
പുട്ടുകുറ്റിയില്‍ നിന്നുമുയരുന്ന
ആവിയെന്നപോലെ,
കുക്കറില്‍ നിന്നുയരുന്ന
വിസിലെന്ന പോലെ
ഉള്ളു പാകപ്പെട്ടപ്പോള്‍...

A kiss,
On your lips.
യെല്ലോ സ്റ്റിക്കിക്ക് താഴെ
കുറിച്ചിടുമ്പോള്‍
കരിഞ്ഞുപോയ ചുണ്ടുകള്‍ക്കും
മീതെ ചിരിക്കുന്നു
കരിക്കറപുരണ്ട പല്ലുകള്‍!

%%%%%%%%%%%%%%%%%%%%%%%%%%ശിശിരത്തിലൊരു വേനല്‍ക്കാഴ്ച
--------------------------------------------------------------------

മേലെ വാനത്ത് വേനലാണ്.
മൂത്തുപൊട്ടി പറക്കുന്നുണ്ട്,
നനുനനുത്തൊരുള്ളു കാട്ടി
പരുപരുത്ത പരുത്തിക്കായകള്‍.

%%%%%%%%%%%%%%%%%%%%%%%%%%ഒളിവിലെ പ്രാർത്ഥന
-----------------------------------------

ഭൂമിയില്‍ നിന്നും മുളച്ചു പൊന്തുന്നവ
അവ കരയുകയും ചിരിക്കുകയും
കലപില കൂട്ടുകയും ചെയ്തിരുന്നു.

എന്നെ കുറിച്ചും നിന്നെ കുറിച്ചും
അവരെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നു.

അവയ്ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍
നമ്മള്‍ തിരിച്ചറിയപ്പെടുമോയെന്ന്
ഭയന്നിരുന്നു.

അവറ്റകളൊന്നടങ്കമൊന്ന്
നിശ്ശബ്ദരായിരുന്നെങ്കിലെന്ന്
നമ്മള്‍ നിമിഷം‌പ്രതി ആഗ്രഹിച്ചു,
അതിനുള്ള വഴി പലയിടങ്ങളിലാരാഞ്ഞു.

ഒരിക്കല്‍ സൂര്യനൊരു ചന്ദ്രക്കലയോളം
വെള്ളത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍
ഭൂമിയില്‍ നിന്നും മുളച്ചു പൊന്തിയിരുന്നവ
അശേഷം അപ്രത്യക്ഷമായി.

ഭൂമിയില്‍ അവശേഷിച്ച നിശ്ശബ്ദത
നമ്മുടെ കാതുകള്‍ കുത്തി പൊട്ടിച്ചു,
കണ്ണുകളില്‍ ഇരുട്ടിന്റെ വിത്തെറിഞ്ഞു.

എന്തെന്നോ എങ്ങിനെയെന്നോ
എന്തിനെന്നോ ഏതിനെന്നോ അറിയാതെ
നമ്മളെല്ലാവരും ചിരിക്കുവാന്‍ പാടെ മറന്ന്
കരയുകയും കലപിലകൂട്ടുകയും ചെയ്തു.

അതു കാണുവാനോ കേള്‍ക്കുവാനോ
കഴിയുന്നവര്‍ ആരും അവശേഷിച്ചിരുന്നില്ല.

ഒരിക്കല്‍ മുളച്ചുപൊന്തുകയും
കരയുകയും ചിരിക്കുകയും കലപിലകൂട്ടുകയും
ശേഷം അപ്രത്യക്ഷമാക്കുകയും
ചെയ്തവയുടെ വിത്തുകള്‍,
തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!
ദണ്ഡനം
-----------------

ഞാന്‍ ജീവിതത്തിന്റെയാലയില്‍
പെട്ടുപോയൊരു ഇരുമ്പ് ദണ്ഡ്.

ഓരോ തവണയും
പ്രഹരമേല്‍ക്കുമ്പോള്‍,
മുന കൂര്‍ക്കുകയോ
മൂര്‍ച്ചയേറുകയോ
ചെയ്യുന്നൊരു ഇരുമ്പ് ദണ്ഡ്.

അടുക്കരുത്
വേദനിപ്പിക്കും; മുറിവേല്‍പ്പിച്ച്.